പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകൻ പെൺകുട്ടികളെ ലൈംഗിക കയ്യേറ്റം ചെയ്തു; സംഭവത്തെ ലഘൂകരിച്ച് ഒതുക്കി തീർക്കാൻ ശ്രമം

164 വകുപ്പ് പെൺകുട്ടികളുടെ മൊഴി പ്രകാരം രേഖപ്പെടുത്താനുള്ള നടപടികൾ പട്ടാമ്പി മജിസ്ട്രേറ്റ് കോടതി. സംഭവത്തെ ലഘൂകരിച്ച് ഒതുക്കി തീർക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നതായി വിവരാവകാശ പ്രവർത്തകൻ.

പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകൻ പെൺകുട്ടികളെ ലൈംഗിക കയ്യേറ്റം ചെയ്തു; സംഭവത്തെ ലഘൂകരിച്ച് ഒതുക്കി തീർക്കാൻ ശ്രമം

പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകൻ പെൺകുട്ടികളെ ലൈംഗിക കയ്യേറ്റം ചെയ്തതായി പരാതി. സ്‌കൂളിലെ യു പി വിഭാഗം അധ്യാപകനായ കൃഷ്ണാ അർജുനൻ (49) അഞ്ചാം ക്ലാസിലെ ഇരുപതോളം കുട്ടികളെ സ്ഥിരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണു പരാതി. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടികളുടെ മൊഴി 164-ാം വകുപ്പ് പ്രകാരം രേഖപ്പെടുത്താനുള്ള നടപടികൾ പട്ടാമ്പി മജിസ്ട്രേറ്റ് കോടതി ആരംഭിച്ചു. ഇതിനായി കുട്ടികളുടെ രക്ഷിതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു തുടങ്ങി.


ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള പോക്സോ നിയമപ്രകാരം സെഷൻസ് കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട കേസായതിനാലാണ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്നത്. മലയാളം അധ്യാപകനായ ഇയാൾ കുട്ടികളെ മലയാളം ക്ലാസ്സ് എടുക്കുന്നതിനായി കമ്പ്യൂട്ടർ ലാബിനായി പണി കഴിപ്പിച്ച കമ്പ്യൂട്ടറൊന്നും ഇല്ലാത്ത അധികം വെളിച്ചമില്ലാത്ത മുറിയിൽ വച്ച് അതിക്രമം നടത്തിയതായാണ് പരാതി. ക്ലാസ്സിലെ അറബി ഓപ്ഷനലായ കുട്ടികൾക്കു ക്ലാസ് നടക്കുമ്പോഴാണ് മലയാളം കുട്ടികളെ കമ്പ്യൂട്ടർ റൂമിലേക്കു കൊണ്ടുപോകുന്നത്.

2015 ഡിസംബറിലും അതിനു മുമ്പായിട്ടുമാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. അധ്യാപകനെതിരെ ആ സമയത്ത് കുട്ടികൾ ബോർഡിലും ജനലിലുമെല്ലാം പരാതി എഴുതി വച്ചിരുന്നെങ്കിലും സ്‌കൂൾ അധിക്യതർ അത് അവഗണിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒരു രക്ഷിതാവ് ഫോണിലും മറ്റൊരു രക്ഷിതാവ് നേരിട്ടും പരാതി നൽകിയിരുന്നു. പ്രധാന അധ്യാപകന്റെ മുറി അടച്ചിട്ടിരുന്നതിനാൽ പരാതി എഴുതി വാതിലിന്റെ വിടവിൽ വച്ചു പോകുകയായിരുന്നുവത്രെ.

പിറ്റേന്ന് പരാതി കിട്ടിയ ക്ലർക്ക് പരാതി പ്രധാന അധ്യാപികക്ക് കൈമാറിയെങ്കിലും അധ്യാപകനെതിരെ വ്യാജ പരാതിയാണ് എന്ന നിലപാടാണത്രെ അവർ കൈക്കൊണ്ടത്. പരാതി എഴുതിയെന്നു പറയുന്ന രക്ഷിതാവ് താനല്ല പരാതി എഴുതിയതെന്ന നിലപാടിലാണിപ്പോൾ.  സംഭവം പുറത്തറിഞ്ഞാൽ സ്‌കൂളിനും കുട്ടികൾക്കും നാണക്കേടാകും എന്ന നിലപാടിലാണ്, അവർ.

എന്നാൽ സ്‌കൂളിന് കൈമാറിയ പരാതിയുടെ കോപ്പികൾ തന്നെ ചൈൽഡ് ലൈനിനും മറ്റും ലഭിച്ചതോടെയാണ് മാസങ്ങൾക്ക് മുമ്പ് കേസിൽ അന്വേഷണം തുടങ്ങുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫിസറും മറ്റും സ്‌കൂളിലെത്തി അന്വേഷണം നടത്തി. ആ സമയത്ത് സാമൂഹ്യനീതി വകുപ്പിലെ കൗൺസിലർ കുട്ടികളിൽ നിന്ന് അവരോട് അധ്യാപകൻ എന്താണ് ചെയ്തതെന്ന് എഴുതി വാങ്ങിയിരുന്നു. നടന്ന കാര്യങ്ങളെല്ലാം കുട്ടികൾ സ്വന്തം കൈപ്പടയിൽ എഴുതി ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഡിസ്ട്രിക്റ്റ് ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും രണ്ടു പേർ സ്‌കൂളിൽ അന്വേഷണം നടത്തി.

തുടർന്നാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ട് പോലീസിന് പരാതി കൈമാറിയത്. പോലീസിന് ബാലാവകാശ കമ്മീഷനിൽ നിന്ന് മാത്രമാണ് പരാതി കിട്ടിയിട്ടുള്ളത്. സ്‌കൂൾ അധികൃതരോ , അധ്യാപകരോ, രക്ഷിതാക്കളോ പരാതി നൽകിയിട്ടില്ലെന്നും അതു കൊണ്ട് പരാതി വ്യാജമാണെന്നുമാണ് സ്‌കൂൾ അധികൃതരുടെ നിലപാട്. കേസെടുത്തതിനെ തുടർന്ന് ജൂൺ മാസത്തിൽ പോലീസ് സ്‌കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാരദ ന്യൂസ് ഇന്നലെ പട്ടാമ്പി സ്‌കൂളിലെത്തിയപ്പോഴും വനിതാ പോലീസ് അവിടെ അന്വേഷണത്തിനായി എത്തിയിരുന്നു.

സംഭവത്തെ കുറിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും ചിലരൊക്കെ ഇക്കാര്യം അന്വേഷിക്കാൻ സ്‌കൂളിലെത്തിയപ്പോഴാണ് താനിത് അറിയുന്നതെന്നും ഇന്നലെ സ്‌കൂളിലുണ്ടായിരുന്ന ഡപ്യൂട്ടി ഹെഡ്മാസ്റ്റർ കസ്തൂർബ നാരദാ ന്യൂസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് ഒന്നും പറയില്ല എന്നും എഫ്ഐആർ ഇട്ട് അന്വേഷണം നടക്കുന്നതായും പട്ടാമ്പി എസ് ഐ പറഞ്ഞു. അതേ സമയം സംഭവം ലഘൂകരിക്കാനും സംഭവത്തിൽ ഉൾപ്പെട്ട അധ്യാപകനെ രക്ഷിക്കാനും ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

സംഭവം നടന്ന സമയത്ത് വിദ്യാഭ്യാസ വകുപ്പിന് കിട്ടിയ പരാതിയിൽ അധ്യാപകന്റെ ലൈംഗിക അതിക്രമത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. ക്ലാസ്സിലെ കുട്ടികൾക്ക് അധ്യാപകനെ ഇഷ്ടമല്ലെന്നും പ്രധാന അധ്യാപകൻ താക്കീത് നൽകിയിട്ടുണ്ട് എന്നുമുള്ള റിപ്പോർട്ടാണ് വിദ്യാഭ്യാസ വകുപ്പ് ആ സമയത്ത് ഉന്നതാധികാരികൾക്ക് നൽകിയിരുന്നതെന്ന് ഒറ്റപ്പാലം ഡി ഇ ഓ വനജകുമാരി നാരദ ന്യൂസിനോട് പറഞ്ഞു.

പത്തനംതിട്ടയിൽ നിന്ന് ഇക്കഴിഞ്ഞ ജൂലായ് 11 നാണ് ഒറ്റപ്പാലത്ത് ചുമതലയേറ്റെടുത്തതെന്നും സംഭവത്തെ കുറിച്ച് പഠിക്കുന്നതേയുള്ളുവെന്നും അവർ പറഞ്ഞു. അതേ സമയം ഇത് സംഘടനകൾ തമ്മിലുള്ള പ്രശ്നമാണ് എന്ന നിലയിലാണ് പോലീസ് മുന്നോട്ടു പോകുന്നതെന്നും സൂചനയുണ്ട്. കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാണിച്ച് വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയൻ ബാലാവകാശ കമ്മീഷന് പരാതി സമർപ്പിച്ചിട്ടുണ്ട്.

pattambi-school-01

pattambi-school-02