ആറളത്ത് ആദിവാസി വിദ്യാർത്ഥികള്‍ കൂട്ടമായി പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുന്നു

പഠനം ഉപേക്ഷിച്ച കുട്ടികളില്‍ 50 പേര്‍ 'പണിയ' വിഭാഗത്തില്‍ പെടുന്നവരാണ്. ഇനിയും നിരവധിപേര്‍ പഠനം നിര്‍ത്താന്‍ ഇടയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. 3314 ആദിവാസി കുടുംബങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഹയര്‍ സെക്കണ്ടറി ബാച്ച് അനുവദിക്കുന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. എസ്എസ്എല്‍സി വിജയിച്ചവര്‍ തുടര്‍പഠനം നടത്താന്‍ അവസരം ഇല്ലാതെ പഠനമുപേക്ഷിക്കുന്ന സാഹചര്യമുണ്ട്

ആറളത്ത് ആദിവാസി വിദ്യാർത്ഥികള്‍ കൂട്ടമായി പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുന്നു

കണ്ണൂര്‍: ആറളം ഫാം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും വ്യാപകമായി ആദിവാസി വിഭാഗത്തിൽ പെടുന്ന വിദ്യാത്ഥികൾ പഠനം നിര്‍ത്തി കൊഴിഞ്ഞു പോകുന്നു. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ഈ വിദ്യാലയത്തില്‍ നിന്നും ഈ അധ്യയന വര്‍ഷത്തില്‍ ഇതുവരെയായി 55 കുട്ടികള്‍ ആണ് പഠനം ഉപേക്ഷിച്ചത്. 34 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളും ആണ് കൊഴിഞ്ഞു പോയിരിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം തുടര്‍ച്ചയായി എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം കൈവരിക്കുന്ന വിദ്യാലയത്തിനാണ് ഇങ്ങനെ ഒരു ദുര്‍ഗതി വന്നിരിക്കുന്നത്.


പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന നിരവധി ആദിവാസി കുട്ടികളാണ് മേഖലയില്‍ ഉള്ളതെന്ന് ഫാമിലെ അംഗന്‍വാടി അധ്യാപികയായ അനിത നാരദന്യൂസിനോട് പറഞ്ഞു. കുട്ടികള്‍കളില്‍ ഭൂരിപക്ഷം പേര്‍ക്കും പഠിച്ചതുകൊണ്ടുള്ള  ഗുണം എന്താണെന്നതിനെ കുറിച്ച്  അറിയില്ല. രക്ഷിതാക്കൾക്കളും ഇക്കാര്യത്തിൽ അജ്ഞരാണ്. അതിനാൽ തന്നെ  അവരും കുട്ടികളെ സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും അനിത പറയുന്നു. അനിതയും സഹപ്രവർത്തകരും പരമാവധി കുട്ടികളെ വിദ്യാഭ്യാസം തുടരാൻ നിര്‍ബന്ധിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനോടൊപ്പം തുടര്‍പഠനത്തിനുള്ള സാഹചര്യം കൂടി ഒരുക്കണമെന്നാണ് ഫാമുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്.

പഠനം ഉപേക്ഷിച്ച കുട്ടികളില്‍ 50 പേര്‍ 'പണിയ' വിഭാഗത്തില്‍ പെടുന്നവരാണ്. ഇനിയും നിരവധിപേര്‍ പഠനം നിര്‍ത്താന്‍ ഇടയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. 3314 ആദിവാസി കുടുംബങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഹയര്‍ സെക്കണ്ടറി ബാച്ച് അനുവദിക്കുന്നതുള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. എസ്എസ്എല്‍സി വിജയിച്ചവര്‍ തുടര്‍പഠനം നടത്താന്‍ അവസരം ഇല്ലാതെ പഠനമുപേക്ഷിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

സ്‌കൂളുകളില്‍ നിന്നു കൊഴിഞ്ഞു പോകുന്ന കുട്ടികള്‍ മദ്യം, പുകയില എന്നിവയുടെ അടിമകള്‍ ആകുകയും പലരും നേരത്തെ വിവാഹിതരാവേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. സാഹചര്യത്തെക്കുറിച്ച് വിശദമായി പഠിച്ച് വേഗത്തില്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഗുരുതരമായ അവസ്ഥയാകും ഉണ്ടാവുക.

Read More >>