ഉദ്യോഗസ്ഥരായ അമ്മമാരെ കുറിച്ച് നമ്മള്‍ അറിയില്ലെന്ന് നടിക്കുന്ന 5 കാര്യങ്ങള്‍

ഉദ്യോഗത്തിലെ ഏറ്റവും നല്ല പദവിയിലാണെങ്കില്‍ കൂടിയും സ്ത്രീ മനസ്സ് പല കാര്യങ്ങള്‍ കൊണ്ടും അസ്വസ്ഥമാണ്.

ഉദ്യോഗസ്ഥരായ അമ്മമാരെ കുറിച്ച് നമ്മള്‍ അറിയില്ലെന്ന് നടിക്കുന്ന 5 കാര്യങ്ങള്‍

ഉദ്യോഗസ്ഥരായ അമ്മമാരുടെ എണ്ണം ലോകമെമ്പാടും ദിവസം പ്രതി വര്‍ധിച്ചു വരികയാണ്. സ്ത്രീകള്‍ ഗൃഹപരിപാലനത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു കാലത്തില്‍ നിന്നും, ഗൃഹഭരണത്തിലേക്ക് കടക്കുവാന്‍ അവരുടെ സാമ്പത്തികസ്ഥിതി അവരെ അനുവദിച്ചിട്ടുണ്ട് എന്നുള്ളത് സത്യം. എങ്കിലും ചില കാര്യങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. അല്ലെങ്കില്‍, ചില കാര്യങ്ങളില്‍ അവള്‍ പോലും അറിയാതെ സ്വയം ഉള്‍വലിയാന്‍ കാരണമാകുന്ന പലതുമുണ്ട്.

ഉദ്യോഗത്തിലെ ഏറ്റവും നല്ല പദവിയിലാണെങ്കില്‍ കൂടിയും സ്ത്രീ മനസ്സ് പല കാര്യങ്ങള്‍ കൊണ്ടും അസ്വസ്ഥമാണ്. പദവികള്‍ എല്ലാം ഓഫീസിലും, വീട്ടിലെത്തിയാല്‍ ഒരു സാധാരണ വീട്ടമ്മ ആയിട്ടുള്ള ഭാവങ്ങളില്‍ ഒതുങ്ങി പോകുന്ന പല നിരാശകളും ഭീതികളും പെണ്‍ മനസ്സിനുണ്ട്.

അവരെ നിയന്ത്രിക്കുന്ന അങ്ങനെയുള്ള ചില കാര്യങ്ങള്‍ ( ഒരുപക്ഷെ നിങ്ങള്‍ക്കും അറിവുള്ളതായിരിക്കും..)

അവരുടെ ഉത്തരവാദിത്തങ്ങള്‍ നിരന്തരം അവരെ വേട്ടയാടുന്നു

കുടംബം, കുട്ടികള്‍...ഈ മനോഭാവത്തിലാണ് ഭാരതീയ സംസ്കാരത്തില്‍ പെണ്‍ക്കുട്ടികളെ വളര്‍ത്തിയെടുക്കുന്നത്. അതുക്കൊണ്ടാണ് ഓഫീസില്‍ എത്ര പ്രധാനപ്പെട്ട മീറ്റിംഗ് നടക്കുമ്പോഴും, മക്കള്‍ക്ക്‌ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതായിരിക്കും അവളെ മറ്റെന്തിനെക്കാളും കൂടുതല്‍ അലട്ടുക. ഓഫീസ് വിട്ട് വീട്ടിലെത്തുന്ന ഭര്‍ത്താവും തന്നോടായിരിക്കും മക്കളുടെ അസ്വസ്ഥകളെ ചൊല്ലി വഴക്കിടുക എന്ന് അവള്‍ക്കറിയാം. കുടുംബവും കുട്ടികളും സ്ത്രീയുടെ പ്രഥമ ഉത്തരവാദിത്തം ആയിരിക്കണം എന്ന ചിന്തയില്‍ അവള്‍ അബലയാകുന്നതില്‍ എങ്ങനെ തെറ്റ് പറയാന്‍ കഴിയും?

ഇനി കുട്ടികളെ ഏതെങ്കിലും ഡേ കെയര്‍ സെന്ററില്‍ ആക്കിയാലും താന്‍ എന്തോ തെറ്റ് ചെയ്യുന്നു എന്ന മനോഭാവമാണ് പലര്‍ക്കും. കുട്ടികളുടെ ബാല്യം, താന്‍ മൂലം വര്‍ണ്ണങ്ങള്‍ ഇല്ലാതാകുന്നു എന്ന കുറ്റബോധം അവരെ നിരന്തരം അലട്ടും. വിവാഹിതയായ ഒരു സ്ത്രീ എങ്ങനെ ജീവിക്കണം എന്ന് നമ്മള്‍ നിശ്ചയിച്ചിട്ടുണ്ട് എന്നുള്ളതാണ് ഇതിനൊക്കെ കാരണമാകുന്നത് എന്നുള്ളതാണ് സത്യം. ഈ നിയമങ്ങല്‍ക്കപ്പുറം നടക്കുവാന്‍ ശ്രമിക്കുന്നവളെ നമ്മള്‍ 'ധിക്കാരി' എന്നും 'അഹങ്കാരി' എന്നും മുദ്രകുത്തുന്നു. ചട്ടങ്ങളെ മാറ്റുവാന്‍ അധികാരമില്ലാത്ത ജന്മമാണ് പല സ്ത്രീകളും! കാരണം, അവര്‍ മാനസിക അടിമത്വത്തിലാണ്.

ആനുകൂല്യങ്ങള്‍ക്ക് കടമ്പകള്‍ ഏറെയാണ്‌

എത്ര കഠിനമായി അധ്വാനിക്കാന്‍ തയ്യാറായാലും കാര്യമില്ല, സ്ത്രീകള്‍ മിക്കപ്പോഴും പുരുഷന്‍റെ നിഴലായി കണക്കാക്കുന്നതാണ് പൊതുവേയുള്ള സാമൂഹിക മനോഭാവം. ഉദ്യോഗത്തില്‍ സ്ത്രീകള്‍ക്ക് പ്രധാനസ്ഥാനം നല്‍കുന്നതില്‍ പലപ്പോഴും രണ്ടാമതൊരു ചിന്ത ഉണ്ടാകുന്നുണ്ട്. ഇതിനും കാരണം മറ്റൊന്നുമല്ല, വീടും വീട്ടുകാര്യങ്ങള്‍ക്കും ശേഷം ഉള്ള സമയത്തെ മാത്രമേ ഇവര്‍ സ്ത്രീകളുടെ അധ്വാനശേഷിയായി കണക്കാക്കുന്നുള്ളൂ എന്നതാണ്.

രാത്രി വൈകിയ മീറ്റിംഗ്, ദൂരയാത്രകള്‍ എന്നിവയിലെല്ലാം അവള്‍ പുരുഷനൊപ്പം എത്താന്‍ കഴിയില്ല എന്ന മനോഭാവവും ഇതിനു പിന്നിലുണ്ട്. തെറ്റ് പറയാനും കഴിയില്ല, ഈ ധാരണകള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാകണമെങ്കില്‍ സമൂഹത്തില്‍ സ്ത്രീകള്‍ തുല്യനീതിയുള്ളവരായി പരിഗണിക്കപ്പെടണം. അത് കേള്‍ക്കാന്‍ ഇമ്പമുള്ള വാക്ക് മാത്രമാകുമ്പോള്‍, സ്ത്രീ സ്വാതന്ത്ര്യം അപഹസ്യകരമായ വസ്തുതയാണ്.

ഇനി ഈ കടമ്പകളെ അതിജീവിച്ചും കരിയറില്‍ വിജയിച്ച സ്ത്രീകളെ നോക്കിയാല്‍, എല്ലാ പ്രതിസന്ധിക്കും അപ്പുറം അവള്‍ക്കൊപ്പം നിന്ന നല്ലൊരു സമൂഹം ഉണ്ടെന്നു മനസിലാക്കാം. ഇല്ലെങ്കിലോ, എല്ലാവരെയും പോലെ ഒന്ന് എന്ന ചിന്തയില്‍ അവള്‍ സ്വയം ഒതുങ്ങും. അല്ലെങ്കില്‍ കരിയര്‍ തന്നെ അവസാനിപ്പിച്ച്‌ ഗൃഹസ്ഥാശ്രമ ജീവിതത്തില്‍ നിശബ്ദയാകും.

സ്ത്രീകളോ? അവര്‍ക്ക് വീട്ടിലിരുന്നു ചെയ്യാവുന്ന ജോലിയല്ലേ നല്ലത്?

women_time_forward_image

ഉദ്യോഗസ്ഥരായ സ്ത്രീകള്‍ ഒരിക്കല്‍ എങ്കിലും ഈ ചോദ്യത്തെ നേരിട്ടിട്ടുണ്ടാവാതിരിക്കില്ല. പുറത്തിറങ്ങി ജോലി ചെയ്യുന്നതില്‍ അവര്‍ സുരക്ഷിതരല്ല എന്നും, സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും എന്നതിനാലും വീടിന്‍റെ ചുവരുകള്‍ക്കുള്ളില്‍ കനത്ത ശമ്പളം നല്‍കുന്ന ജോലി ലഭിക്കുമെങ്കില്‍ അതാണ്‌ ഏറ്റവും നല്ലത്. വീട്ടിലെ കാര്യങ്ങളും നടക്കുമെല്ലോ?..ഈ ചിന്ത ഇന്നും ശക്തമാണ് എന്നുള്ളത് യാതാര്‍ത്ഥ്യമാണ്.

പ്രായത്തിനനുസരിച്ച് പെരുമാറണം

മനസ്സില്‍ പഴയകാലത്തെ ഊര്‍ജ്ജസ്വലത അവശേഷിക്കുന്നുണ്ട് എങ്കിലും സ്ത്രീകള്‍ ഒരു പ്രായം കഴിഞ്ഞാല്‍ പക്വതയോടെ പെരുമാറണം എന്ന ചിന്ത പോലും അവള്‍ക്ക് നല്‍കുന്ന സമ്മര്‍ദം ചെറുതല്ല. ഉദാഹരണത്തിനു ഒരു അദ്ധ്യാപിക ചുരിദാര്‍ ഇട്ടു പഠിപ്പിക്കാന്‍ എത്തിയാല്‍ സഹപ്രവര്‍ത്തകരുടെ പോലും പ്രതികരണം ഇങ്ങനെയായിരിക്കും. "പുറത്തു പോകുമ്പോള്‍ എന്തു വേണെമെങ്കിലും ആയിക്കോ, പക്ഷെ ജോലി സമയത്ത് സാരി തന്നെയാണ് നല്ലത്": വേഷത്തിലും, രൂപത്തിലും സമൂഹത്തിന്‍റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നവള്‍ ആയിരിക്കണം ഉത്തമ സ്ത്രീ.


ശരീരഘടന പരിപാലിക്കാത്തവരോടുള്ള നമ്മുടെ മനോഭാവം എടുത്തു പറയേണ്ടതുണ്ടോ? ഇരട്ട പേരുകളില്‍ അറിയപ്പെടെണ്ടി സ്ത്രീകളുടെ മാനസികനില വിവരണാതീതമാണ്. ഒരു കാലത്ത് നമ്മളെ പഠിപ്പിച്ച വനിതാ അധ്യാപകരെ പോലും ഇരട്ട പേരില്‍ അല്ലാതെ ഓര്‍മ്മിക്കുവാന്‍ കഴിയുന്നവര്‍ വിരളം ആയിരിക്കും.

അവള്‍ ഒരു സൂപ്പര്‍ ലേഡി ആയിരിക്കണം

വിജയിച്ച കരിയര്‍ ഉള്ള ഒരു സ്ത്രീയെ കണ്ടുമുട്ടുമ്പോള്‍ ഉറപ്പിക്കുക, അവര്‍ ഒരു സൂപ്പര്‍ ലേഡി തന്നെയാണ്. വീട്ടിലെ കാര്യങ്ങള്‍, മക്കളുടെ പി.ടി.എ മീറ്റിംഗ്, കുടുംബത്തില്‍ നടക്കുന്ന ചടങ്ങുകള്‍ (കല്യാണം,മരണം, ജനനം, ഇത്യാദി..) എന്നിവയിലെല്ലാം അവള്‍ നിറ സാന്നിധ്യം ആയിരിക്കും. ഏതെങ്കിലും ഒരെണ്ണത്തിനെങ്കിലും അവള്‍ക്കു പങ്കെടുക്കുവാന്‍ സാധിച്ചില്ലെങ്കില്‍, കുടുംബത്തില്‍ ഉള്ളവര്‍ തന്നെ അവളെ 'ഉദ്യോഗം ഉള്ള സ്ത്രീ'യുടെ അഹങ്കാരം ആയി ചിത്രീകരിക്കും.

ലോകത്തിലേറ്റവും മാനസിക സമ്മർദ്ദത്തിനടിമപ്പെടുന്നവർ ഇന്ത്യൻ സ്ത്രീകളാണെന്ന് നീൽസൺ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തിയിരുന്നു. സർവ്വേ നടത്തിയതിൽ നിന്നും ഭാരതീയ സ്ത്രീകളിൽ ഏകദേശം 87% കഠിനമായ മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ടവരാണെന്നും, 82% സ്ത്രീകൾക്ക് വിശ്രമിക്കുവാൻ പോലും സമയം ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അമ്മയും,സഹോദരിയായും,മകളായും, സുഹൃത്തായും,ഭാര്യയായും, കാമുകിമാരായും നമ്മള്‍ അവരെ സ്നേഹിക്കുന്നു. ഇവരില്ലാതെ ഒരു ജീവിതം നമ്മള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കൂടി  കഴിയാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് ഇനിയും പിന്തുണ ആവശ്യമെന്ന് അര്‍ത്ഥം