ഹനുമാനെ മോശമായി ചിത്രീകരിച്ചെന്ന വിശദീകരണം; ജയന്‍ ചെറിയാന്റെ 'ക ബോഡിസ്‌കേപ്പിന്' സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു

ഇതുകൂടാതെ, ചിത്രത്തിലെ സ്വയംഭോഗ ചിത്രീകരണം, സ്വവര്‍ഗ ലൈംഗികതയെ കുറിച്ചുള്ള പോസ്റ്ററുകള്‍ എന്നിവ സെന്‍സര്‍ ബോര്‍ഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ഹനുമാനെ മോശമായി ചിത്രീകരിച്ചെന്ന വിശദീകരണം; ജയന്‍ ചെറിയാന്റെ

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ക ബോഡിസ്‌കേപ്പിന് അനുമതി നിഷേധിച്ച് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ്. ഹിന്ദു മതത്തെയും ഹിന്ദു ദൈവമായ ഹനുമാനേയും മോശമായി ചിത്രീകരിച്ചു എന്ന കാരണം കാണിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ഇതുകൂടാതെ, ചിത്രത്തിലെ സ്വയംഭോഗ ചിത്രീകരണം, സ്വവര്‍ഗ ലൈംഗികതയെ കുറിച്ചുള്ള പോസ്റ്ററുകള്‍ എന്നിവ സെന്‍സര്‍ ബോര്‍ഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.


സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചതിനെതിരെ സംവിധായകന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തി.ബിഎഫ്‌ഐ ഫ്ളെയര്‍ ലണ്ടന്‍ എല്‍ജിബിടി ഫിലിം ഫെസ്റ്റിവല്‍ അടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ക ബോഡിസ്‌കേപ്.

പാപ്പിലിയോ ബുദ്ധയ്ക്ക് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക ബോഡിസ്‌കേപ്.

സ്വവര്‍ഗാനുരാഗികളായ ഹാരിസ്, വിഷ്ണു, മുസ്ലീം പശ്ചാത്തലത്തില്‍ വളര്‍ന്ന സിയ എന്ന പെണ്‍കുട്ടി എന്നിവരിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജെയ്സണ്‍ ചാക്കോ, കണ്ണന്‍ രാജേഷ്, നസീറ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ നളിനി ജമീല, ശീതള്‍, സരിത കുക്കു, അരുന്ധതി, ഹരീഷ് പേരാടി, ജയപ്രകാശ് കുളൂര്‍, നിലമ്പൂര്‍ ആയിഷ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കേരളത്തിലെ ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന സാമൂഹ്യമനുഷ്യാവകാശ പ്രവര്‍ത്തകരും ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നുണ്ട്.

ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരേയുള്ള ശക്തമായ വിമര്‍ശനമാണ് സിനിമ മുന്നോട്ട് വെക്കുന്നത്. സമൂഹത്തിലെ സ്ത്രീവിരുദ്ധതയേയും സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടും ചിത്രം വിശകലനം ചെയ്യുന്നു. ശരീര സ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ സമൂഹത്തിന് മേല്‍ യുവതീയുവാക്കള്‍ നടത്തുന്ന ഇടപെടലുകളും ചര്‍ച്ചയാകുന്നു. കേരളത്തിലെ സമകാലിക സമരങ്ങളും സിനിമയില്‍ വിശകലനം ചെയ്യുന്നുണ്ട്.