ഭക്ഷണവും വെള്ളവും നല്‍കാതെ കണ്ണില്‍ മുളക് തേച്ച് കന്നുകാലികളോട് കച്ചവടക്കാരുടെ ക്രൂരത; രോഗം ബാധിച്ച് ചത്തവയേയും ഇറച്ചിയായി വിൽക്കുന്നു

ഭക്ഷണവും വെള്ളവുമില്ലാതെ കന്നുകാലികള്‍ ക്ഷീണിച്ച് കിടക്കാതിരിക്കാനും, ഉറങ്ങാതിരിക്കാനും ചെയ്യുന്ന ഒരു പ്രയോഗമാണ് കണ്ണില്‍ പച്ചമുളക് പൊട്ടിച്ച് തേക്കല്‍. മുളകിന്റെ എരിവില്‍ പ്രാണവേദന അനുഭവിക്കുന്ന കന്നുകാലികള്‍ പിന്നെ കിടക്കാനും നടക്കാനും നടക്കാനും പറ്റാത്ത അവസ്ഥയാകും

ഭക്ഷണവും വെള്ളവും നല്‍കാതെ കണ്ണില്‍ മുളക് തേച്ച് കന്നുകാലികളോട് കച്ചവടക്കാരുടെ ക്രൂരത; രോഗം ബാധിച്ച് ചത്തവയേയും ഇറച്ചിയായി വിൽക്കുന്നു

പാലക്കാട്: ലോറിയില്‍ കയറ്റിയാല്‍ കച്ചവടക്കാര്‍ക്ക് കന്നുകാലികള്‍ പിന്നെ വില്‍പ്പന ചരക്കുകള്‍ മാത്രമാണ്. വില്‍പ്പന നടക്കുന്നത് വരെ ഇവ ഒരു ചന്തയില്‍ നിന്ന് മറ്റൊരു ചന്തയിലേക്കുള്ള യാത്രയില്‍ ആവും. പൊള്ളാച്ചി ചന്തയില്‍ നിന്ന് യാത്ര തുടങ്ങിയാല്‍ പിന്നെ കുഴല്‍മന്ദം, വാണിയംകുളം, പെരുമ്പിലാവ് തുടങ്ങിയ ചന്തകളിലൂടെ കന്നുകാലികളുടെ യാത്ര തുടങ്ങുകയായി. ഏതെങ്കിലും ചന്തയില്‍ ഒരു അറവുകാരന്‍ വാങ്ങിയാല്‍ അവര്‍ ഇറച്ചിക്കായി അറുക്കുന്നത് വരെയെങ്കിലും പേരിന് വെള്ളവും തീറ്റയും കിട്ടും. അല്ലെങ്കില്‍ ഒരാഴ്ച്ചയിലധികം ലോറികള്‍ മാറ്റി കയറ്റി ഇവ ഭക്ഷണമില്ലാതെ ക്രൂര പീഡനത്തിന് ഇരയാകും..


ചന്തകളില്‍ കന്നുകാലികള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സംവിധാനം ഒരിടത്തുമില്ല.  ചന്ത തുടങ്ങുന്നതിന് മുമ്പ തലേന്നു തന്നെ ചന്തയില്‍ ഇറക്കപ്പെടുന്ന കാലികള്‍ അടുത്ത ദിവസത്തെ ചന്തയില്‍ വില്‍പ്പന നടന്നില്ലെങ്കില്‍ നേരെ അതിനടുത്ത ചന്തയിലേക്കായി ലോറിയില്‍ കയറ്റപ്പെടും. ഇങ്ങിനെ ഒരാഴ്ച്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ ചത്ത് വീഴുന്നവയുടെ എണ്ണം കൂടുതലാണ്.

ഭക്ഷണവും വെള്ളവുമില്ലാതെ കന്നുകാലികള്‍ ക്ഷീണിച്ച് കിടക്കാതിരിക്കാനും, ഉറങ്ങാതിരിക്കാനും ചെയ്യുന്ന ഒരു പ്രയോഗമാണ് കണ്ണില്‍ പച്ചമുളക് പൊട്ടിച്ച് തേക്കല്‍. മുളകിന്റെ എരിവില്‍ പ്രാണവേദന അനുഭവിക്കുന്ന കന്നുകാലികള്‍ പിന്നെ കിടക്കാനും നടക്കാനും നടക്കാനും പറ്റാത്ത അവസ്ഥയാകും. ലോറികളില്‍ നിന്ന് മറ്റും ഇറങ്ങി ഓടുകയുമില്ല.

ലോറികളില്‍ കാലികളെ കയറ്റുന്നതും ഇപ്പോള്‍ പുതിയ രീതിയിലാണ്. അടച്ചിട്ട കാബിനകത്ത് കുത്തി നിറച്ച് അതി ക്രൂരമായാണ് ഇപ്പോള്‍ മൃഗക്കടത്ത്. സാധാരണ ലോറികളില്‍ കയറ്റുന്നതിന്റെ ഇരട്ടി കന്നുകാലികളെ ഈ രീതിയില്‍ കുത്തി നിറക്കാമെന്നാണ് കച്ചവടക്കാര്‍ കാണുന്ന മെച്ചം. മാത്രമല്ല കന്നുകാലികളുടെ കഴുത്ത് ഒടിഞ്ഞു തൂങ്ങുന്നതും മറ്റും പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. മൃതപ്രായമായി കിടക്കുന്ന കന്നുകാലികളുടെ പുറത്ത് മറ്റ് കന്നുകാലികളെ കയറ്റി നിര്‍ത്താം. കിലോമീറ്ററുകളും മണിക്കൂറുകളും ഈ കൂട്ടില്‍ കിടന്നാണ് യാത്ര.

വലിയ ലോറികളില്‍ നാലു ഭാഗത്തും മുകളിലും ടാര്‍പ്പായ കൊണ്ട മറച്ച് കെട്ടി മുറുക്കി മറച്ച ലോറികളിലാണ് ഇപ്പോള്‍ കടത്ത്. ഒറ്റ നോട്ടത്തില്‍ മഴയോ, വെയിലോ, കാറ്റോ ഏല്‍ക്കാതെ കൊണ്ട് പോകേണ്ട വസ്തുക്കളാണ് എന്നേ തോന്നൂ. വണ്ടി നിര്‍ത്തി പരിശോധിക്കാതെ കന്നുകാലികളാണ് എന്ന് തിരിച്ചറിയാന്‍ കഴിയില്ല.ആരോഗ്യമുള്ള കന്നുകാലികള്‍ക്കൊപ്പം രോഗം വന്ന് ചാവാറായ കന്നുകാലികളേയുമാണ്  അതിര്‍ത്തി കടത്തി കൊണ്ട്   വരുന്നത്. വാളയാറും മറ്റു ചെക്ക് പോസ്റ്റുകളും കടന്ന് കേരളത്തിലേക്ക് വരുന്ന കന്നുകാലികള്‍ക്ക് യാതൊരു വിധ പരിശോധനയും നടത്തുന്നില്ല.  കുളമ്പ് രോഗം പോലുള്ള രോഗങ്ങള്‍ പടരുന്നു എന്ന വാര്‍ത്തകള്‍ വരുമ്പോള്‍ മാത്രമാണ് പേരിന് പരിശോധന നടത്തുന്നത്.

ഇങ്ങനെ രോഗം വന്നോ കൊടിയ പീഡനം മൂലമോ യാത്രാ മദ്ധ്യേ ചാകുന്ന കന്നുകാലികളെ കച്ചവടക്കാര്‍ ഇറച്ചി ഇറച്ചി മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് പതിവ്. ചത്ത കന്നുകാലികളെ ചന്തയില്‍ നിന്ന് വൈക്കോല്‍ നിറച്ച ലോറിയില്‍ അതീവ രഹസ്യമായാണ് കയറ്റി കൊണ്ടു പോകുന്നത്. ഈ ലോറികല്‍ കണ്ടാല്‍ വൈക്കോല്‍ കടത്തുന്ന ലോറികളാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളൂ. തൃശൂര്‍ അടക്കമുള്ള പ്രമുഖ ഇറച്ചി മാര്‍ക്കറ്റുകളിലാണ് ഇത്തരത്തില്‍ ചത്ത മാടുകളുടെ ഇറച്ചി എത്തിക്കുന്നത്.

ചത്ത കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നതിലും കച്ചവടക്കാര്‍ ലാഭം കാണുന്നുണ്ട്. ചത്തവയെ പകുതി വിലയ്ക്ക് വാങ്ങി  ഇതിന്റെ ഇറച്ചി സാധാരണ വിലക്ക് വില്‍ക്കാന്‍ കഴിയുമെന്നതാണ് പ്രധാന ലാഭം. ആഴ്ച്ചയില്‍ ആയിരകണക്കിന് കന്നുകാലികളെ കച്ചവടം ചെയ്യുന്ന വാണിയംകുളം, കുഴല്‍മന്ദം, പെരുമ്പിലാവ് തുടങ്ങിയ ചന്തകളിലേക്ക് പേരിനു പോലും മ്യഗ സംരക്ഷണ വകുപ്പ് തിരിഞ്ഞു നോക്കാറില്ല.

Story by