യുവതിയെ കടന്നു പിടിച്ച സംഭവം: കേസ് സ്റ്റേ ചെയ്യണമെന്ന പ്ലീഡറുടെ ഹര്‍ജി തള്ളി

പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് കാണിച്ചാണ് ധനേഷ് മാത്യു ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയെ കടന്നു പിടിച്ച സംഭവം: കേസ് സ്റ്റേ ചെയ്യണമെന്ന പ്ലീഡറുടെ ഹര്‍ജി തള്ളി

കൊച്ചി: യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ കേസ് സ്റ്റേ ചെയ്യണമെന്ന ഗവണ്‍മെന്റ് പ്ലീഡറുടെ ഹര്‍ജി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരെയാണ് കേസ്.

പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് കാണിച്ചാണ് ധനേഷ് മാത്യു ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ യുവതി ഫോണ്‍ വഴി ആവശ്യപ്പെട്ടത് പ്രകാരമാണ് പോലീസ് കേസെടുത്തതെന്നും അതിനാല്‍ പോലീസ് നടപടി ദുരുദ്ദേശപരമെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.


ജസ്റ്റിസ് സുനില്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം നടക്കുന്നത്. രാത്രി എറണാകുളം ഉണ്ണിയാട്ടില്‍ ലെയിനില്‍വെച്ച് ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ കടന്നുപിടിച്ചു എന്നാണ് കേസ്.

കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ കാനന്‍ഷെഡ് റോഡില്‍ വെച്ച് ധനേഷിനെ പോലീസ് പിടികൂടിയെങ്കിലും ആളുമാറിയാണ് പരാതി നല്‍കിയതെന്ന് യുവതി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.

ഇതിന് പിന്നാലെ, പോലീസ് കള്ളക്കേസില്‍ കുടിക്കിയെന്നാരോപിച്ച് ധനേഷും കേരള ഹൈകോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷനും രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അഡ്വക്കറ്റ് ജനറലിന്റെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിഷേധ പരിപാടി മാറ്റിവെച്ചു.

അതേസമയം, സര്‍ക്കാര്‍ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരിയെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി ജില്ലാ പോലീസ് മേധാവിയും രംഗത്തെത്തി.

സംഭവത്തില്‍ യുവതിയുടെ രഹസ്യ മൊഴി തിങ്കളാഴ്ച്ച കോടതി രേഖപ്പെടുത്തിയിരുന്നു.

കേസിന്റെ വിശദമായ വാദം കേള്‍ക്കല്‍ വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

Story by