ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് എതിരെ വഞ്ചനാ കേസ്; ഡിജിപിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം

മഞ്ചേരി ശ്രീധരന്‍ നായര്‍ക്ക് എതിരായ ഹര്‍ജി പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പദവിയില്‍ ഇരിക്കാന്‍ ശ്രീധരന്‍ നായര്‍ അര്‍ഹനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഡിജിപിയെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തി. വായ്പാ അപേക്ഷയില്‍ ഒപ്പിട്ട ഏഴ് പേരില്‍ ഒരാള്‍ മാത്രമാണ് ശ്രീധരന്‍ നായര്‍ എന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് എതിരെ വഞ്ചനാ കേസ്; ഡിജിപിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ക്ക് എതിരെ വഞ്ചനാ കുറ്റത്തിന് ഹര്‍ജി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് അഞ്ച് കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചു എന്നാണ് കേസ്. നിലമ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്റെ ആധാരം ഈട് നല്‍കിയാണ് വായ്പ എടുത്തത്. പിന്നീട് വായ്പ തിരിച്ചടയ്ക്കാതെ വീഴ്ച വരുത്തി . സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ഡോ. കെ ആര്‍ വാസുദേവനാണ് ഹര്‍ജി നല്‍കിയത്. കോഴിക്കോട് മൂന്നാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശ്രീധരനെ രണ്ടാം പ്രതിയാക്കിയാണ് ഹര്‍ജി.


സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് ഷരീഫ്, വായ്പ എടുത്ത ശിഹാബുദ്ദീന്‍ എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികള്‍. വായ്പ മുടങ്ങിയതോടെ ജപ്തി നടപടി ആരംഭിക്കാന്‍ കെഎഫ്‌സി തയ്യാറെടുത്തതോടെ ആണ് പരാതിക്കാരന്‍ ലോണിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്നാണ് നിയമ നടപടി സ്വീകരിച്ചത്. വഞ്ചനാ കുറ്റത്തിന് പുറമെ കൃത്രിമ രേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

അതിനിടെ മഞ്ചേരി ശ്രീധരന്‍ നായര്‍ക്ക് എതിരായ ഹര്‍ജി പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പദവിയില്‍ ഇരിക്കാന്‍ ശ്രീധരന്‍ നായര്‍ അര്‍ഹനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഡിജിപിയെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തി. വായ്പാ അപേക്ഷയില്‍ ഒപ്പിട്ട ഏഴ് പേരില്‍ ഒരാള്‍ മാത്രമാണ്  ശ്രീധരന്‍ നായര്‍ എന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.