ജനാധിപത്യത്തിൽ കളക്ടർക്ക് ട്രോളാൻ അധികാരം ഇല്ല ബ്രോ

ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ മുഖ്യമന്ത്രിക്കെതിരെ, മന്ത്രിമാർക്കെതിരെ പല രൂപത്തിലും ഭാവത്തിലും നേരിട്ടും അല്ലാതെയും 'ട്രോൾ' ചെയ്ത ആളാണ് ജേക്കബ് തോമസ് ഐ പി എസ്. അന്ന് ജേക്കബ് തോമസിന് അനുവദിച്ചു കിട്ടിയ ആ ആനുകൂല്യം എന്തുകൊണ്ട് ഇപ്പോൾ കോഴിക്കോട് കലക്ടർക്ക് കിട്ടുന്നില്ലെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നില്ല.

ജനാധിപത്യത്തിൽ കളക്ടർക്ക് ട്രോളാൻ അധികാരം ഇല്ല ബ്രോ

എൻ പ്രശാന്ത് എന്ന കോഴിക്കോട്ടെ കലക്ടർ ബ്രോയും എം കെ രാഘവൻ എന്ന ജനപ്രതിനിധിയുമാണു കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ചാനലുകൾ സോഷ്യൽ മീഡിയ എന്നിവിടങ്ങളിലെ പൊതു ചർച്ച. രണ്ടു പേരും തമ്മിൽ നടക്കുന്നു എന്ന് പറയുന്ന വാക് പോര് തന്നെ കാരണം.  ബില്ലുകൾ വൈകിപ്പിക്കുന്നതിന്റെ പ്രധാന കാരണം കലക്ടർ പ്രശാന്താണ് അതിനു അയാൾ മാപ്പ് പറയണം എന്ന് എം പി കോഴിക്കോട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതാണു ഇപ്പോൾ നടക്കുന്ന 'മാപ്പ് ' വിപ്ലവത്തിന് തുടക്കം.


ഇതിന്റെ ചരിത്രം തേടി പിറകോട്ട് പോയി നോക്കാം. എംപി ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുമ്പോൾ അതിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്, കടമയാണ്, ജോലിയാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളിൽ കളക്ടർക്ക് പരിശോധന നടത്താൻ അധികാരമുണ്ട്. പണം അനുവദിക്കുമ്പോൾ നിലവാരം ഉറപ്പാക്കണം എന്നതാണ് ചട്ടം. പക്ഷെ കലക്ടർ ഇത്തരം പരിശോധന നടത്തേണ്ട കാര്യമില്ലെന്നും താൻ പണം അനുവദിച്ചാൽ ആ തുകയെല്ലാം കരാറുകാരന് കൈമാറണമെന്നുമാണ് എംപിയുടെ നിലപാട്. കരാറുകാരൻ എഴുതി തരുന്ന ബിൽ അതേ പടി അംഗീകരിക്കണം എന്നർത്ഥം. കലക്ടർ റബ്ബർ സ്റ്റാമ്പ് ആയാൽ മതി എന്ന് ചുരുക്കം.

നമുക്കറിയാവുന്ന പോലെ കോഴിക്കോട്ടെ കളക്ടർ റബ്ബർ സ്റ്റാമ്പല്ല. അതാണ് ഇവിടെ സംഭവിച്ച ഏകപ്രശ്‌നം. ജോസഫ് അലക്‌സ് സിൻഡ്രോം എന്നൊക്കെ പറഞ്ഞാണ് കളക്ടറെ പലരും ചോദ്യം ചെയ്തത്. ജനാധിപത്യ വ്യവസ്ഥയിൽ എല്ലാ അധികാരങ്ങളും ജനപ്രതിനിധികളിൽ കേന്ദ്രീകരിച്ചതാണ്. അവർക്കാണ് എല്ലാത്തിനും അധികാരം, അവകാശം. അതുകൊണ്ടാണ് രാഷ്ട്രീയക്കാർ ചെയ്ത് കൂട്ടുന്നതിനെല്ലാം ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നത്. അതിപ്പോ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും. എതിർക്കാൻ നോക്കുന്നവനെ രാഷ്ട്രീയ നേതാവും ശിങ്കിടികളും ബുദ്ധിജീവികളും ജനാധിപത്യവാദികളും കൂടി ഒതുക്കി വീട്ടിലിരുത്തും. അതാണ് പ്രശാന്ത് നായരുടെ കാര്യത്തിലും സംഭവിച്ചത്.

പുകിലുകൾക്ക് അവസാനം കളക്ടർ ബ്രോ മാപ്പ് പറഞ്ഞിരിക്കുകയാണ്. നല്ല പത്തരമാറ്റ് മാപ്പാണ് കളക്ടർ പറഞ്ഞിരിക്കുന്നത്. കുന്നംകുളം മാപ്പിന്റെ കേടുതീർക്കുന്ന മാപ്പ്.

തിരഞ്ഞെടുപ്പിനു മുന്നേ തന്നെ എം പി യും കോഴിക്കോട് കളക്ടറും തമ്മിൽ പോര് തുടങ്ങിയിരുന്നു. അതിൽ ചാവേർ ആയി ഉണ്ടായിരുന്നത് കെ സി അബു ആയിരുന്നു. തുറന്ന പോരിനു ശേഷം അബു പിന്മാറി, തിരഞ്ഞെടുപ്പിനു ശേഷം അത് എം പി നേരിട്ട് തന്നെ നടത്തി. ഇതുവരെ പ്രശാന്ത് എംപിക്കെതിരെ എന്തേലും പരസ്യമായി പ്രസ്താവന നടത്തുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. എംപി തന്നെ പ്രകോപനപരമായി പല രീതിയിൽ പത്രസമ്മേളനം നടത്തിയെങ്കിലും എല്ലാം കലക്ടർ ഒരു ട്രോളിൽ ഒതുക്കി. ചുരുക്കി പറഞ്ഞാൽ എംപി പത്രസമ്മേളനം നടത്തി ജനത്തിനോടു കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഒന്നും മിണ്ടാൻ കഴിയാതെ ബ്യൂറോക്രാറ്റ് ഡമോക്രാറ്റിനെ താണ് വണങ്ങി നിന്നു. പക്ഷെ അവസരം കിട്ടിയപ്പോൾ എംപിക്കെതിരെ ഒരു ട്രോളിട്ടു. അതും ഒഫീഷ്യൽ ഫെയിസ്ബുക്ക് പേജിൽ അല്ല, സ്വന്തം അക്കൗണ്ടിൽ ആണെന്ന് മാത്രം. ബ്യൂറോക്രാറ്റിന് എന്ത് ഓഫിഷ്യലും പേഴ്‌സണലും!

കോഴിക്കോട് കളക്ടർ ഇതുവരെ എം പി തിരിമറി നടത്തിയെന്നോ, കരാറുകാർ അഴിമതി നടത്തിയെന്നോ ബില്ലുകൾ തെറ്റാണെന്നോ പറഞ്ഞിട്ടില്ല. ഖജനാവിലെ പണം പാഴായി പോകുന്നില്ലെന്ന് ഉറപ്പാക്കാൻ എംപി ഫണ്ടുകളുടെ വിനിയോഗത്തിൽ ശ്രദ്ധിക്കേണ്ടത് കളക്ടറുടെ ഉത്തരവാദിത്തമാണ്, അത് കളക്ടർ ചെയ്യുന്നു. കരാറുകാർ കൊണ്ടു വരുന്ന ബിൽ അതേ പോലെ അംഗീകരിക്കില്ലെന്ന് മാത്രമാണ് കളക്ടറുടെ നിലപാട് അത് തന്നെയാണു ഉദ്യോഗസ്ഥർ ചെയ്യേണ്ടതും. അതായതു സ്വന്തം ജോലി കോഴിക്കോട് കളക്ടർ ചെയ്യുന്നു എന്നതിൽ തർക്കമില്ല.

ജനാധിപത്യത്തിൽ കലക്ടർക്ക് എത്രയോ മേലയാണ് എം പി എന്നതിൽ ആർക്കും സംശയമില്ല. കാരണം ജനം തിരഞ്ഞെടുക്കുന്ന ആളാണ് എം പി. അതേപോലെ ജനത്തിന് വേണ്ടി ജോലിചെയ്യുന്ന ആളാണ് ഉദ്യോഗസ്ഥവൃന്ദം. ബ്യൂറോക്രാറ്റും ഡമോക്രാറ്റും എന്നതിൽ ഇഴകീറി പരിശോധിച്ച് ആളന്നുനോക്കിയാൽ ഡമോക്രാറ്റു തന്നെയാണു ഒരു പണത്തൂക്കം മുന്നിൽ നിൽക്കുക, നിൽക്കേണ്ടത് എന്നതിലും സംശയമില്ല. ജനാധിപത്യ വ്യവസ്ഥിതിയിൽ എല്ലാവർക്കും അവരവരുടെ വ്യക്തി സ്വാതന്ത്ര്യം ഉണ്ട്. ബ്യൂറോക്രാറ്റ് ആയതുകൊണ്ട് അത് പാടില്ല എന്നത് നടപ്പില്ല. ഇന്ത്യൻ രാഷ്ട്രപത്രി, പ്രധാനമന്ത്രി, കേരളത്തിലെ സകല രാഷ്ട്രീയ നേതാക്കൾ അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത സകലരെയും പല രൂപത്തിലും ഭാവത്തിലും ട്രോൾ ചെയ്യുന്ന ജനം കോഴിക്കോട് കലക്ടർ എംപിയെ ട്രോൾ ചെയ്തപ്പോൾ കാണിക്കുന്ന അസഹിഷ്ണുത എന്നത് അയാൾക്ക് അത്തരം അധികാരം വേണ്ട എന്നത് തന്നെയാണ്. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ഞാൻ തിരഞ്ഞടുത്ത എംപി തന്നെയാണ് എനിക്ക് വലുത്, താൻ അയാൾക്ക് കീഴ്‌പെട്ടു നിന്നാൽ മതി എന്നുള്ള ബോധം ആണ് എന്നു പറയാതെ വയ്യ.

കുറച്ചു മാസം പിറകിലോട്ട് പോയാൽ മേൽ പറഞ്ഞ രീതികൾ ഒന്നും കൂടി ഓർത്തു നോക്കിയാൽ, ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ മുഖ്യമന്ത്രിക്കെതിരെ, മന്ത്രിമാർക്കെതിരെ പല രൂപത്തിലും ഭാവത്തിലും നേരിട്ടും അല്ലാതെയും 'ട്രോൾ' ചെയ്ത ആളാണ് ജേക്കബ് തോമസ് ഐ പി എസ്. അന്ന് ജേക്കബ് തോമസിന് അനുവദിച്ചു കിട്ടിയ ആ ആനുകൂല്യം എന്ത് കൊണ്ട് ഇപ്പോൾ കോഴിക്കോട് കലക്ടർക്ക് കിട്ടുന്നില്ല എന്ന ചോദ്യം മുന്നിൽ ഉണ്ടാവണം. അതും ജനാധിപത്യ സർക്കാർ ആയിരുന്നില്ലേ? ബ്യൂറോക്രാറ്റിന് മുഖ്യമന്തിയെ ആക്ഷേപിക്കാൻ എന്തധികാരം ഉണ്ടായിരുന്നു എന്നൊന്നും ആരും ചോദിച്ചില്ല. ഇതുവരെയുള്ള അറിവുകൾ വച്ച് എൻ പ്രശാന്ത് ഒരു വാക്കോ വാചകമോ എംപിയെ പരസ്യമായി പറഞ്ഞിട്ടില്ല. ഒരു കുന്നംകുളം മാപ്പ് സ്വന്തം സോഷ്യൽ മീഡിയ ഐഡി യിൽ പോസ്റ്റ് ചെയ്തു എന്ന് മാത്രം. എം പി ആണേൽ പലതവണ പ്രകോപനപരമായ രീതിയിൽ ആക്ഷേപിക്കയും ചെയ്തു. 03 ജൂലൈ 2016 രാവിലെ ടീ വിയിൽ കണ്ടത് 'അപക്വമതിയും അവിവേകിയും അധാർമികനുമാണ് കലക്ടർ' എന്ന് എംപി പറയുന്നതാണ്. എംപിക്ക് ധാർമീകരോഷം തിളയ്ക്കാൻ ഇതിനും മാത്രം എന്താണുണ്ടായത് എന്ന് നമുക്ക് ആലോചിക്കേണ്ടി വരും.

എൻ പ്രശാന്തിന്റെ ഭൂതകാലം ചികഞ്ഞു പോയാൽ നല്ല ട്രാക്ക് റെക്കോർഡ് ഉള്ളതായി കാണാം. അഴിമതിക്കെതിരെ കൃത്യമായി നിലപാടുകൾ എടുക്കുകയും നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്ത കലക്ടർ കോഴിക്കോട് എംപിക്ക് അനഭിമതൻ ആവാൻ എന്താണ് കാരണം എന്നറിയാൻ പൊതുജനത്തിന് താൽപ്പര്യമുണ്ട്.

2015 ഫെബ്രുവരിയിലാണ് എൻ. പ്രശാന്ത് കോഴിക്കോട് കളക്ടർ പദവി ഏറ്റെടുക്കുന്നത്. അന്നു മുതൽ സാധാരണക്കാരായ ജനങ്ങൾക്ക് പ്രധാന്യം നൽകിക്കൊണ്ട് നിരവധി പദ്ധതികളാണ് അദ്ദേഹം ജില്ലയിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ഓപ്പറേഷൻ സുലൈമാനി, കംപാഷനേറ്റ് കോഴിക്കോട് തുടങ്ങി ജനപ്രിയ പദ്ധതികളിലൂടെ എൻ. പ്രശാന്ത് ജനകീയ പരിവേഷം നേടിയെടുത്തിരിക്കുന്നു. അതുകൊണ്ട് കിംഗ് സിനിമയിൽ ജോസഫ് അലക്‌സിനു വാക്ക് കസർത്ത് കൊണ്ട് കിട്ടിയ 'ഫാൻസ്' ജനകീയ പ്രവർത്തനം നടത്തിയും ഇടപെടൽ നടത്തിയും എൻ പ്രശാന്തിനു കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ മിടുക്ക്. പക്ഷെ കലക്ടർ ജനകീയനായി ജനകീയ പ്രവർത്തനം നടത്തുമ്പോൾ അയാൾ ജോസഫ് അല്കസവുന്നു എന്ന് പറയുന്നവരോട് ജോസഫ് അലക്‌സ് എങ്ങിനെ സിനിമയിൽ താരമായെന്നും എൻ. പ്രശാന്ത് കലക്ടർ എന്നതിൽ ഉപരി കലക്ടർ ബ്രോ ആയി എന്നും ആലോചിക്കണം എന്നേ പറയാനുള്ളു.

കേരള മുഖ്യമന്ത്രി സ്വന്തം രാഷ്ട്രീയം പറയാൻ ഒരു ഫെയിസ്ബുക്ക് ഐഡിയും കേരള സംസ്ഥാന ഭരണ വിഷയങ്ങൾ പറയാൻ വേറെ ഒരു ഐഡിയും കൊണ്ട് നടക്കുന്നുവെങ്കിൽ അതെ ഒരു അധികാരം അവകാശം ബ്യൂറോക്രാറ്റ് പ്രശാന്തിനും കിട്ടണം. ബ്യൂറോക്രാറ്റ് ആയിപ്പോയി എന്നത് കൊണ്ട് സ്വന്തം അവകാശം ആരുടെയെങ്കിലും മുന്നിൽ അടിയറവയ്ക്കണം എന്ന് പറഞ്ഞാൽ നടപ്പില്ല സാർ, ഇത് കാലം കുറേമാറി...

എംപി. ജനപ്രതിനിധിയാണ്, എം.പി. യെ ട്രോളാൻ പാടില്ല. ട്രോളിയാൽ അത് ജനങ്ങളെ ട്രോളുന്നതിന് തുല്യമാണെന്നതിനോട് യോജിക്കാൻ കഴിയില്ല. അത്തരം പ്രിവിലെജുകൾ ജനത്തിന് ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. കൊണ്ടും കൊടുത്തും ട്രോളുകൾ ഉണ്ടാവട്ടെ. അധിക്ഷേപം അല്ല നടത്തിയിരിക്കുന്നത്. പത്രസമ്മേളനം വിളിച്ച് പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തന്നെ അപമാനിക്കുന്ന ജനപ്രതിനിധിയുടെ നടപടിക്കെതിരെ ഒരുദ്യോഗസ്ഥന് സ്വന്തം ഐഡിയിൽ സോഷ്യൽ മീഡിയ ട്രോൾ ചെയ്യാൻ കൂടി അവകാശം ഇല്ലെങ്കിൽ, പിന്നെ നിങ്ങളീ പറയുന്ന ജനാധിപത്യം എംപി ക്ക് വോട്ട് ചെയ്ത ജനത്തിനു മാത്രം ഉള്ളതാണോ? ബ്യൂറോക്രാറ്റ് എന്നയാൾക്ക് അതിനു അർഹതിയില്ലേ?

സർക്കാരുദ്യോഗസ്ഥനായ കലക്ടർ കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതിനെതിരെ വഴികൾ പലതുമുണ്ട്. ജനപ്രതിനിധികൾക്കും ജനങ്ങൾക്കും അതുപയോഗിക്കാൻ കഴിയും. എന്നാൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥൻ പരസ്യമായി മാപ്പ് പറയണമെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്? ഏതു വ്യവസ്ഥയിൽ ആണുള്ളത്? എംപിയെ ട്രോളിയാൽ ഇടിഞ്ഞു വീഴുന്ന ജനധിപത്യവ്യവസ്ഥയാണ് ഇന്ത്യയിൽ ഉള്ളത് എങ്കിൽ അതങ്ങ് ഇടിഞ്ഞു വീഴട്ടെ എന്ന് കരുതകയെ നിവർത്തിയുള്ളൂ!