പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത് ചട്ടം ലംഘിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്

ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് പിഴവ് പറ്റി എന്നും സിഎജി കണ്ടെത്തി. 14.40 സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇത് തടയാന്‍ കോര്‍പ്പറേഷന് കഴിഞ്ഞില്ല. 21 വ്യവസ്ഥകള്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ലംഘിക്കപ്പെട്ടു എന്നും സിഎജി കണ്ടെത്തി

പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത് ചട്ടം ലംഘിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പാറ്റൂർ ഭൂമി ഇടപാടിൽ  തിരുവനന്തപുരം കോര്‍പ്പറേഷന് പിഴവ് പറ്റി എന്ന്  സിഎജി . സ്ഥലത്ത് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചത് ചട്ടം ലംഘിച്ചാണെന്നും സിഎജി റിപ്പോര്‍ട്ട്.  14.40 സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇത് തടയാന്‍ കോര്‍പ്പറേഷന് കഴിഞ്ഞില്ല. 21 വ്യവസ്ഥകള്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ലംഘിക്കപ്പെട്ടു എന്നും സിഎജി കണ്ടെത്തി.

ഹൈക്കോടതി ഇടപെട്ടിട്ടും കയ്യേറ്റം അവസാനിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തീരദേശ സംരക്ഷണ നിയമവും വ്യാപകമായി ലംഘിക്കപ്പെട്ടതായി സിഎജി കണ്ടെത്തി. ബിജു രമേശിന് എതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കോര്‍പ്പറേഷന്റെ അനുമതി ഇല്ലാതെ ആണ് 12 നില കെട്ടിടം ബിജു രമേശ് നിര്‍മ്മിച്ചത്. ഇത് തടയാന്‍ കോര്‍പ്പറേഷന് കഴിഞ്ഞില്ലെന്നും സിഎജി കുറ്റപ്പെടുത്തി.


സെക്രട്ടറിയേറ്റിലെ അനക്‌സിന്റെ നിര്‍മ്മാണത്തില്‍ പോലും ചട്ടങ്ങള്‍ ലംഘിച്ചു എന്നും സിഎജി കണ്ടെത്തി. സുരക്ഷാ വ്യവസ്ഥകള്‍ പോലും ലംഘിച്ചാണ് അനക്‌സ് നിര്‍മ്മിച്ചത് എന്നും സിഎജി കണ്ടെത്തി. തിരുവനന്തപുരം കിംസ് ആശുപത്രി റോഡിന് ഇരുവശത്തുമുള്ള കെട്ടിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് മേല്‍പ്പാലം നിര്‍മ്മിച്ചത് അനുമതി വാങ്ങാതെ ആണെന്നും സിഎജി കണ്ടെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും വേളിയിലും അനധികൃത കെട്ടിട നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്‍ ഒത്താശ ചെയ്‌തെന്നും സിഎജി കണ്ടെത്തി. തൃശൂര്‍ നഗരസഭയ്ക്ക് എതിരേയും സിഎജി റിപ്പോര്‍ട്ടുണ്ട്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അടക്കമുള്ള കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്നും സിഎജി കണ്ടെത്തി.