ബംഗ്ലാദേശില്‍ ഈദ് നമസ്‌കാരത്തിനിടെ നാലുപേർ കൊല്ലപ്പെട്ടു; വലിയ സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഐഎസ് ഭീഷണി

ഈദ് നമസ്‌കാരം നടക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ നാലു പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടത് പൊലീസുകാരനാണെന്നാണ് സൂചന. നമസ്‌കാരത്തിന് എത്തിയ ആള്‍ക്കൂട്ടത്തിന് നേരെ അജ്ഞാതര്‍ ബോംബ് എറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ബംഗ്ലാദേശില്‍ ഈദ് നമസ്‌കാരത്തിനിടെ നാലുപേർ കൊല്ലപ്പെട്ടു; വലിയ സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഐഎസ് ഭീഷണി

ധാക്ക: ബംഗ്ലാദേശിലെ കിഷോർഗഞ്ചിൽ ഈദ് നമസ്‌കാരം നടക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പൊലീസുകർ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നമസ്‌കാരത്തിന് എത്തിയ ആള്‍ക്കൂട്ടത്തിന് നേരെ അജ്ഞാതര്‍ ബോംബ് എറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രദേശം പൊലീസിന്റേയും സുരക്ഷാ സേനയുടേയും നിയന്ത്രണത്തിലാണ്.  രണ്ട് ലക്ഷത്തിൽ അധികം ആളുകൾ ഈദ് നമസ്കാരത്തിന് എത്തിയിരുന്നു.

ധാക്കയിലെ റസ്‌റ്റോറന്റില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തിയിരുന്നു. ധാക്കയിലേത് ഒരു സൂചന മാത്രമാണെന്നും ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്നും ഭീഷണി മുഴക്കി ഐഎസ് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശം പുറത്ത് വിട്ടിരുന്നു. ലോകത്ത് ശരിഅത്ത് നിയമം പ്രാബല്യത്തില്‍വരും വരെ ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും സന്ദേശത്തില്‍ പറയുന്നു.


ISISI

അഞ്ച് മിനിറ്റ് അന്‍പത്തിഅഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബംഗാളിയും ഇംഗ്ലീഷും സംസാരിക്കുന്ന മൂന്ന് ഐഎസ് തീവ്രവാദികളാണ് പ്രത്യക്ഷപ്പെട്ടത്. ധാക്ക ആക്രണമത്തിന് തൊട്ടടുത്ത ദിവസം ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നാണ് നിഗമനം.  തിരക്കേറിയ റോഡിന്റെ അരികില്‍ നിന്നാണ് ചിത്രീകരിച്ചിട്ടുള്ളത്. '' ഇന്നലെ ബംഗ്ലാദേശില്‍ കണ്ടത് വെറും സൂചന മാത്രമാണ്. ഇത്തരം സൂചനകള്‍ തുടര്‍ന്ന് കൊണ്ടിരിക്കും. വിജയം ഞങ്ങള്‍ക്കൊപ്പമാണെന്ന് ഉറപ്പ് വരുവരെ തുടര്‍ന്നുകൊണ്ടിരിക്കും. ലോകം മുഴുവന്‍ ശരിഅത്ത് നിയമം പ്രാബല്യത്തില്‍ വരും വരെ ഇത് തുടരും. ഇതില്‍ നിന്നും ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല'' ആദ്യ സന്ദേശത്തില്‍ പറയുന്നു. നല്ല ഒഴുക്കുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഐഎസ് തീവ്രവാദിയാണ് ഈ സന്ദേശത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ബംഗ്ലാദേശ് സര്‍ക്കാരിനുള്ള പ്രത്യേക സന്ദേശവും വീഡിയോയിലുണ്ട്. '' ജിഹാദികള്‍ ബംഗ്ലാദേശില്‍ എത്തിക്കഴിഞ്ഞു. അതിനാണ് ബംഗ്ലാദേശ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ബംഗ്ലാദേശ് മുന്‍പ് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് തടയാന്‍ ബംഗ്ലാദേശ് സര്‍ക്കാരിന് കഴിയില്ല. അവിശ്വാസികളായ ബംഗ്ലാദേശ് സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരോട് ഒരു ചോദ്യം- ജനാധിപത്യത്തെ പിന്തുണയ്ക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു ? ബംഗാളിയിലാണ് ഈ സന്ദേശം.

അറബിയിലുള്ള ശബ്ദ സന്ദേശത്തോടെ ആണ് വീഡിയോ ആരംഭിക്കുന്നത്. ഇതിന് ബംഗാളി സബ്‌ടൈറ്റിലും നല്‍കിയിട്ടുണ്ട്. സിറിയയിലോ ഇറാഖിലോ വന്ന് ഐഎസിന്റെ ഭാഗമാവാന്‍ കഴിയാത്തവര്‍ സ്വന്തം രാജ്യത്ത് തന്നെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് അറബിയിലുള്ള സന്ദേശം പറയുന്നത്.

ധാക്കയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് കൃതജ്ഞത അര്‍പ്പിച്ചാണ് വീഡിയോ അവസാനിക്കുന്നത്. ''ബംഗ്ലാദേശില്‍ നിങ്ങള്‍ കുറിച്ചത് ചരിത്രമാണ്. നിങ്ങളുടെ രക്തസാക്ഷിത്വം അള്ളാ അംഗീകരിക്കട്ടെ. നിങ്ങള്‍ റസ്‌റ്റോറന്റില്‍ നടത്തിയ ആക്രമണം ജിഹാദികളെ ഏറെ പ്രചോദിപ്പിക്കുന്നതാണ്'' .ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് തീവ്രവാദികളെ നിങ്ങളെ കൊണ്ട് ആകും വിധം സഹായിക്കണമെന്നും വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.