ഇന്ത്യൻ ദേശീയത: ബോളിവുഡ് മൗനവും ഖാൻമാരുടെ ചിത്രങ്ങളും

വളർന്ന് വരുന്ന വ്യാജദേശീയതയെ അടിവരയിട്ട് പറയാനും അതിൽ ഹിന്ദുത്വ ചിഹ്നങ്ങൾക്കുള്ള സ്ഥാനം ഊട്ടിയുറപ്പിക്കാനും ബോളിവുഡ് വ്യവസായം കൃത്യമായും ശ്രമിക്കുന്നുണ്ട്. എൺപതുകളിലെ ആർട്ട് ഹൗസ് സിനിമകൾ എടുത്തിരുന്ന രാഷ്ട്രീയ വിമർശനം പോലും സാങ്കേതികമായി വളർന്ന ഇക്കാലത്ത് സിനിമകൾക്ക് ഏറ്റെടുക്കാൻ കഴിയുന്നില്ല. മൂന്ന് ഖാന്മാരുടെയും ചിത്രങ്ങളും പൊതുബോധത്തിലെ ദേശീയതയും- ജോണി എംഎൽ എഴുതുന്നു.

ഇന്ത്യൻ ദേശീയത: ബോളിവുഡ് മൗനവും ഖാൻമാരുടെ ചിത്രങ്ങളും

ജോണി എം എൽ

ഇന്ത്യക്കാരുടെ ദേശീയത ഒരുപുതിയ വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. വലതുപക്ഷം തീവ്രസ്വഭാവം വച്ചു പുലർത്തുന്ന ഭരണകക്ഷിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ എല്ലാ വീക്ഷണങ്ങളും ആശയങ്ങളും ദേശീയതാവിരുദ്ധവും ദേശദ്രോഹവുമായി എണ്ണപ്പെടുന്ന ദിവസങ്ങൾ സംജാതവും സംഗതവും ആയിക്കഴിഞ്ഞിരിക്കുന്നു. ഒരുവന്റെ ദേശീയതാബോധം അവന്റെ അല്ലെങ്കിൽ അവരുടെ ദേശസ്‌നേഹവുമായി അർത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം വച്ചുമാറ്റിക്കൊണ്ട്, ഭരണപക്ഷത്തിന്റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായതെല്ലാം ദേശദ്രോഹമാണ് എന്ന് വിശ്വസിപ്പിക്കുന്ന ഒരു കാലത്തിൽ നാം എത്തിച്ചേർന്നിരിക്കുന്നു.


ഗോമാതാവിനോടുള്ള സ്‌നേഹം മുതൽ കാശ്മീർ പ്രശ്‌നത്തിൽ ഒരു വ്യക്തി എടുക്കുന്ന നിലപാടുവരെ ഒരാളിൻരെ ദേശീയതാബോധത്തേയും ദേശസ്‌നേഹത്തേയും അളക്കാനുള്ള മാപിനികൾ ആയിരിക്കുന്നു. ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ വ്യവഹാരം എന്നത് ദേശസ്‌നേഹികളും ദേശദ്രോഹികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഊന്നി ആയിരിക്കുന്നു. മുൻപ് ഒ വി വിജയൻ പറഞ്ഞിട്ടുള്ളത് പോലെ ഒരു ജനതയെ പിരിച്ചുവിട്ട് പുതിയൊരു ജനതയെ തിരഞ്ഞെടുക്കുന്ന അവസ്ഥയിലായിരിക്കുന്നു കാര്യങ്ങൾ. ഇന്ത്യ ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്ന പരമാവധികാര വ്യവസ്ഥയെ എതിർക്കുന്നവരെല്ലാം പാക്കിസ്ഥാനിലേക്ക് പോകണം എന്ന് ആവശ്യപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. പുതിയൊരു ജനതയെ തെരഞ്ഞെടുക്കാനുള്ള വെമ്പലിലാണ് ഇന്ത്യൻ ഭരണകൂടം. വിചിത്രമെന്ന് പറയട്ടെ ഇന്ത്യക്കാരുടെ പൊതുജീവിത വീക്ഷണത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന മുഖ്യധാര ബോളിവുഡ് സിനിമാരംഗം പക്ഷേ രാജ്യം ഇന്ന് ഈ പ്രശ്‌നത്തെ നേരിട്ട് അഭിമുഖീകരിക്കാതെ, മേൽക്കൈയുള്ള നായകസ്വത്വത്തെ ഊട്ടി ഉറപ്പിച്ചുകൊണ്ട് മുന്നേറുന്നു. ശൂന്യമായ ഒരു രാഷ്ട്രീയ ഇടത്തിൽ നിന്നുകൊണ്ട് ഈ സിനിമകൾ കോടികൾ കൊയ്യുന്നു. വൈരുദ്ധ്യാത്മകമായ ഈ സാംസ്‌കാരിക- രാഷ്ട്രീയ- സാമ്പത്തിക അവസ്ഥകളെ വിശകലനം ചെയ്യുകയാണ് ഈ ലേഖനം.

എന്താണ് ദേശീയത എന്ന ചോദ്യത്തെ ഇതിന് ആമുഖമായി നമുക്ക് നേരിടേണ്ടതുണ്ട്. ചരിത്രത്തെ നിഷേധിച്ച് കൊണ്ടും പാരമ്പര്യം എന്ന ബോധത്തെ സ്വീകരിച്ചുകൊണ്ടും ഒരു രാജ്യത്തേയോ ദേശത്തെയോ ചൊല്ലി ഉടലെടുക്കുന്ന മായികമായ ഒരു അഭിമാനബോധമാണ് ദേശീയത. ഗതകാല സംഭവങ്ങളെ ശാസ്ത്രീയമായ വിശകലന രീതികളിലൂടെയും പുരാവസ്തുക്കളുടെയും അതത് കാലത്തെ സാഹിത്യരേഖകളിലൂടെയും വിമർശനാത്മകമായ താരതമ്യങ്ങളിലൂടെയും രേഖപ്പെടുത്തുകയും അതിനെ മനുഷ്യരാശിയുടെ ഗതികോർജ്ജമായും അവബോധമായും പരിവർത്തിപ്പിക്കുകയും ചെയ്യുന്ന വിജ്ഞാശാഖയആണ് ചരിത്രം.

മനുഷ്യന്റെ ശരിയായ സ്വത്വബോധനിർണ്ണത്തിനും അവർക്ക് ലോകവുമായുള്ള ബന്ധത്തിന്റെ പുരോഗതിയ്ക്കും ചരിത്രബോധം അവശ്യമാണ്. എന്നാൽ പാരമ്പര്യം സ്വത്വബോധ നിർണ്ണയത്ിതന് അത്യാവശ്യമായിരിക്കവേ തന്നെ അത് ശാസ്ത്രീയമായ എല്ലാ വിശകലനങ്ങളെയും വിമർശനാത്മകമായ സമീപനങ്ങളെയും നിഷേധിയ്ക്കുന്നു. ചരിത്രം ചലനാത്മകമായിരിക്കെ പാരമ്പര്യം നിശ്ചലാവസ്ഥയിലാരിക്കുന്നുു. നിശ്ചയമായെതെന്തും കുറെനാൾ കഴിയുമ്പോൾ ദുഷിക്കും. പാരമ്പര്യം ദുഷിക്കുന്നത് അത് ചരിത്രത്തെ നിഷേധിച്ച് നിലകൊള്ളുന്നത് കൊണ്ടാണ്. ദേശീയത എന്നത് ചരിത്രബോധവുമായി ബന്ധപ്പെട്ടുള്ള ഒന്നാണ്.

ആർഷഭാരതം, അഖണ്ഡഭാരതം എന്നൊക്കെ അറിയപ്പെടുന്ന ഒരു വിശാലമായ ഉപഭൂഖണ്ഡപ്രദേശം പല രാജ്യങ്ങളായി മാറിക്കഴിഞ്ഞിട്ടും, തങ്ങൾ വിശ്വസിക്കുന്ന ദേശീയതയുടെ ഭൂപടമായി അഖണ്ഡഭാരതം എന്ന വിശ്വാസത്തിന്റെ ചിത്രം ഉയർത്തിപ്പിടിക്കുന്നവർ സത്യത്തിൽ ചരിത്രത്തിനെ അപ്പാടെ നിഷേധിച്ച് പാരമ്പര്യത്തിന്റെ വഴി തേടുന്നവരാണ്. ഇന്ത്യൻ ദേശീയത കൊളോണിയൽ വിരുദ്ധതയുമായി ഉണ്ടായ ഒരു ആശയപരമായ ഉപകരണമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞിട്ടും ആ ഉപകരണത്തെ അതേപടി നിലനിറുത്തുകയും പാരമ്പര്യം ഉപയോഗിച്ച് അതിനെ പൗരണികമായ ഒരു കാലത്തിന്റെ ഉപകരണമെന്ന് വാദിക്കുകയും ചെയ്യുകയാണ് അഖണ്ഡഭാരതം എന്ന ആശയവുമായി നടക്കുന്ന ദേശീയവാദികൾ ചെയ്യുന്നത്.

ഈ ദേശീയത ബോധം/വാദം തെറ്റാണെന്ന് പറയുന്നവരെ എളുപ്പത്തിൽ ദേശദ്രോഹികളായി ചിത്രീകരിക്കാം. ദേശദ്രോഹം നമ്മുടെ കാലത്ത് സമൂഹത്തിൽ വ്യഖ്യാനിക്കപ്പെടുന്നത് രാഷ്ട്രീയമായ ഒരു നിലപാട് എന്ന നിലയിലല്ല. മറിച്ച് മാനസികമായ ഒരു രോഗം എന്ന നിലയിലാണ്. രാമായണവും മഹാഭാരതവും പാരമ്പര്യത്തിന്റെ ഘടകങ്ങളാണെന്നും അത് ചരിത്രം എന്ന നിലയിൽ സ്വീകരിക്കപ്പെടരുത് എന്നും വരിക്കുന്നവരെ രാജ്യദ്രോഹികളായി കാണുകയും സോഷ്യൽ മീഡിയയിൽ ട്രോളുകൾ ചെയ്യുന്നത് അതുകൊണ്ടാണ്. കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനം ആണെന്ന് പറയുമ്പോൾ അത് പറയുന്നർ ദേശദ്രോഹികൾ ആകുന്നത് ചരിത്രത്തെ നിഷേധിക്കുകയും പാരമ്പര്യത്തെ ചരിത്രബോധമെന്ന നിലയിൽ സമീപിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. ദേശീയതയ്ക്ക് നിലനിൽക്കാൻ ആ ദേശീയതയെ ചെറുക്കുന്ന ഒരു അപരസ്വത്വത്തെ നിർമ്മിക്കേണ്ടതുണ്ട്. ഇന്ന് അത് മുസ്ലീങ്ങളാണ്. ആഗോളതലത്തിൽ ഇസ്ലാമിക ഭീകരവാദവും ഇന്ത്യയിലെ മുസ്ലീങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ലെങ്കിൽപ്പോലും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക ചരിത്രത്തെ ആർഷഭാരതത്തിന്റെ മിത്തുകൾക്കെതിരെ നിറുത്തി, ബ്രിട്ടീഷുകാരുടെ കുത്സിത താത്പര്യങ്ങൾക്ക് വിരുദ്ധരായിക്കൊണ്ട് ഇന്ത്യയിലെ ഹൈന്ദവ സംഘടനകൾ ഒരു മുസ്ലിം അപരസ്വത്വത്തെ സൃഷ്ടിച്ചെടുക്കുകയാണുണ്ടായത്. അങ്ങനെ വിഘടിക്കപ്പെട്ട ആ മുസ്ലീം സ്വത്വത്തെ ആഗോള മുസ്ലീം തീവ്രവാദവുമായി ബന്ധിപ്പിക്കാൻ അധികം പ്രയാസമൊന്നുമില്ല.

അതിനാലാണ് ബംഗ്ലാദേശിലും ഫ്രാൻസിലും നടക്കുന്ന ഇസ്ലാമിക തീവ്രവാദ ആക്രമണത്തിനുള്ള പ്രചോദനം മുംബൈയിൽ ജീവിക്കുന്ന സാക്കിർ നായിക് എന്ന ടെലിവിഷൻ മതപ്രഭാഷകന്റെ തലയിൽ കെട്ടിവെച്ച് കൊടുക്കാൻ കഴിയുന്നത്. ഇതിനിടയിൽ ഹിന്ദുക്കൾ ഹിന്ദുക്കളോട് തന്നെയും മുസ്ലീങ്ങളോടും എല്ലാ അനീതികളും മറയ്ക്കപ്പെടുകയും മറക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യൻ സൈന്യത്തിന് നേരെ കല്ലെറിയുന്ന കാശ്മീരിലെ മുസ്ലീം ചെറുപ്പക്കാരെ മാത്രമല്ല, അവിടെ നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്ന് പറയുന്നവരെയും ഇതിലൂടെ തീവ്രവാദികളും ദേശസ്‌നേഹികളും ആക്കാൻ കഴിയുന്നു.

ഈ പശ്ചാത്തലത്തിലാണ് നാം മുഖ്യധാര ബോളിവുഡ് സിനിമകളെ, അവയുടെ പ്രവർത്തനരീതികളെ ഒന്ന് പരിശോധിച്ച് നോക്കുന്നത്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അമീർഖാൻ എന്നിവരുടെ ഖാൻ-ത്രിത്വമാണ് ബോളിവുഡ് സിനിമയുടെ മിക്കവാറും വൻകിട ബിസ്‌നസുകളെ നിയന്ത്രിക്കുന്നത്. പലഘട്ടങ്ങളിലും ഈ ഖാൻമാരുടെ നിലപാടുകൾ വിവാദമായിട്ടുണ്ട്. ഇന്ത്യയിൽ വർദ്ധിച്ച് വരുന്ന രാഷ്ട്രീയ- സാംസ്‌കാരിക- മത അസഹിഷ്ണുതകളെക്കുറിച്ച് സംസാരിച്ചപ്പോഴെല്ലാം ഷാരൂഖ് ഖാനും അമീർഖാനും കൊടിയ വിമർശനങ്ങൾക്കു, രൂക്ഷമായ അപമാനത്തിനും മനുഷ്യത്വരഹിതമായ ട്രോളുകൽക്കും കഠിനമായ മാധ്യമ വിചാരണകൾക്കും പാത്രമായിട്ടുണ്ട്.

അവരോട് ഇന്ത്യവിട്ട് പോകണം എന്നുപോലും പല രാഷ്ട്രീയനേതാക്കളും പറയുകയുണ്ടായി. ചിലയിടത്ത് നിന്നെങ്കിലും ഖാൻമാരുടെ സിനിമകൾക്ക് വിലക്കേർപ്പെടുത്തണമെന്നോ അവരുടെ സിനിമകൾ ബഹിഷ്‌കരിക്കണമെന്നോ ആവശ്യമുയർന്നിട്ടുണ്ട്. പ്രധാനമന്ത്രിയോ ധനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സാംസ്‌കാരിക വകുപ്പ് മന്ത്രിയോ മാനവവിഭവശേഷി വകുപ്പ് മന്ത്രിയോ പക്ഷേ ഇത്തരം ഒരു ആവസ്യം ഉന്നയിച്ചിട്ടില്ല, ഉന്നയിക്കുകയുമില്ല. കാരണം കോടിക്കണക്കിന് രൂപയാണ് ഈ മൂന്ന് ഖാൻമാരുടെയും സിനിമകൾ സൃഷ്ടിക്കുന്നത്. ബോളിവുഡ് ഇൻഡസ്ട്രിയുടെ നിലനിൽപ്പ് തന്നെ ഇവരുടെ സിനിമകളെ ആശ്രയിച്ചാണിരിക്കുന്നത്. ഈ അടുത്തിടെ റിലീസ് ചെയ്യപ്പെട്ട സൽമാൻ ഖാൻ ചിത്രമായ സുൽത്താൻ ഇരുന്നൂറ് കോടി രൂപയാണ് ആദ്യവാരത്തിൽത്തന്നെ ലാഭമുണ്ടാക്കിയത്.

ഇന്ത്യയിലെ ജനതയെ ഹിന്ദുവെന്നും (ദേശസ്‌നേഹികൾ) മുസ്ലീം എന്നും (ദേശദ്രോഹികൾ) രണ്ടായി പകുത്ത ഭരണാധികാരികൾ പക്ഷേ എന്തുകൊണ്ട് ഈ മുസ്ലീം വിരുദ്ധത, മുസ്ലീം നായകന്മാർ അഭിനയിക്കുന്ന സിനിമകളുടെ നേർക്ക് തിരിച്ചുവിടുന്നില്ല എന്നിടത്താണ് സാംസ്‌കാരത്തിന് രാഷ്ട്രീയ സങ്കുചിതത്വത്തെ എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും എന്ന് തെളിയുന്നത്. അതി ഹൈന്ദവികത അഥവാ ഹിന്ദുത്വയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ ഏറെപങ്കും അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടുള്ള അന്ധവും ലജ്ജാകരവുമായ വിധേയത്വം ഒഴിച്ചാൽ, പൂർണ്ണമായും വിവേചന ബുദ്ധി കുറഞ്ഞവരാണ്. ഹിന്ദുത്വ അജണ്ട ആണ് ശരി എന്ന് വിശ്വസിക്കുന്ന ഇവർതന്നെ അനുരാഗ് കശ്യപിന്റെയും രാംഗോപാൽ വർമ്മയുടെയും സിനിമകളെ കൂവിയിരുത്തും. അതേസമയം കബീർ ഖാൻ സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ സിനിമകളെയും ഫർഹാൻ അക്തറും സൽമാൻ ഖാനും ഇമ്രാൻ ഖാനും ഇമ്രാൻ ഹഷ്മിയും ഫവാദ്ഖാനും ആമീർ ഖാനും ഇർഫാൻ ഖാനും ഒക്കെ അഭിനയിക്കുന്ന സിനിമകളെ വിജയമാക്കും. അവർ അതിഫ് അസ്ലത്തേയും രഹത്ത് ഫത്തേ അലിഖാനെയും മൂളിക്കൊണ്ട് നടക്കും. ഇപ്പറഞ്ഞതിനർത്ഥം ഹിന്ദുത്വയുടെ പ്രചാരകർ ഇതിനെയൊക്കെ എതിർക്കണം എന്നല്ല, മറിച്ച് അവർ വിവേചന ബുദ്ധി കുറഞ്ഞവരും പ്രത്യയശാസ്ത്രത്തിന്റെ അടിമകളാണ് എന്നതുമാണ്. വീട്ടിലെ ഫ്രിഡ്ജിൽപ്പോലും ബീഫ് വെച്ചിരുന്നാൽ ആൾക്കൂട്ടം വളഞ്ഞ് തല്ലിക്കൊല്ലുന്ന ഈ നാട്ടിലാണ് സൽമാൻഖാൻ മദ്യവും മാസവും കഴിച്ച് മുന്നീ ബദ്‌നാം ഹുയി, അംഗ്ടായ് യാം ലേത്തെ ഹുവെ എന്നീ ഗാനങ്ങൾ ആടിപാടി ആസ്വദിക്കുന്നത. ഈ അടുത്തിടെ ഹിന്ദി സിനിമാരംഗത്തെ അട്ടിമറിച്ച് വമ്പിച്ച നടത്തിയ മറാത്തി സിനിമയാണ് നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്ത സായ്‌രാത്. ഇതേ സംവിധായകന്റെ മറ്റൊരു ഹിറ്റ് മറാത്തി ചിത്രമാണ് ഫാൻഡ്രി. ദളിതനായ സംവിധായകൻ ദളിതരുടെ കഥ പറയുകയാണ് ഈ രണ്ട് സിനിമകളിലും. എന്നാൽ ഈ സിനിമകളെ വിജയിപ്പിച്ചത് ദളിതരായ പ്രേക്ഷകർ മാത്രമാണ് എന്ന് കരുതാൻ വയ്യ. പ്രത്യേകിച്ചും ദളിത്-ബ്രാഹ്മണവിരോധം ശക്തമായിരിക്കുന്ന മഹാരാഷ്ട്രയിൽ. അഥിനർത്ഥം കൈയിൽ ചരടുകെട്ടി, നെറ്റിയിൽ കുറിയിട്ട്, നിക്കറിട്ട് മുളവടി പിടിച്ച ഹിന്ദുത്വ ചെറുപ്പക്കാരും ഈ സിനിമകൾ അഹമഹമികായ കണ്ട് വിജയപ്പിച്ചതാകണം.

സംസ്‌കാരവും സാമ്പത്തികവും മുന്നോട്ട് വരുമ്പോൾ രാഷ്ട്രീയവും സാമൂഹികവുമായ പരിഗണനകൾ പിന്നോട്ട് പോകുന്നു എന്നതു തന്നെയാണ് ഇതിനർത്ഥം. പ്രത്യേകിച്ച് വമ്പിച്ച മുതൽമുടക്കുള്ള ബോളിവുഡ് സംസ്‌കാരത്തിന്റെ കാര്യത്തിൽ ഇത് ഏറെ ശരിയായിരിക്കുന്നു. പക്ഷേ ഈസിനിമ വ്യവസായത്തെ നയിക്കുന്ന ഖാൻമാർ സത്യത്തിൽ അവരുടെ സിനിമകളെ അരാഷ്ട്രീയമാക്കുകയോ ആഗോളരാഷ്ട്രീയത്തെ തങ്ങളുടെ സിനിമകളുടെ വിഷയമാക്കുകയോ അതുമല്ലെങ്കിൽ കപടമായ മതമൈത്രിയെ ഉയർത്തിക്കാട്ടുകയോ, പ്രാദേശികമായ ചില റോബിൻഹുഡ് വിഷയങ്ങളിൽ ഇടപെടുകയോ ആണ് ചെയ്യുന്നത്. ആഗോലതലത്തിൽ ഇസ്ലാമിക അപരത്വം സൃഷ്ടിക്കപ്പെടുന്ന വേളയിലാണ് ഷാരൂഖ് ഖാൻ 'മൈ നെയിം ഈസ് ഖാൻ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഒബാമയെക്കൊണ്ട് എന്റെ പേര് ഖാൻ എന്നാണ്, ഞാനൊരു തീവ്രവാദി അല്ല എന്ന പറയുന്നതാണ് കഥ. പക്ഷേ ഇന്ത്യയിലെ മുസ്ലീം അപരത്വത്തെ ഈ സിനിമ സ്പർശിക്കുന്നതേയില്ല. അതിന് തൊട്ട് മുന്നിൽ ചെയ്ത സിനിമയായ ബില്ലു ബാർബറിൽ (2009) ഷാരൂഖ് ഖാൻ എന്ന സിനിമാ നടൻ ബില്ലു എന്ന ബാർബറുടെ ദളിത സ്വത്വത്തെ വിഴുങ്ങിക്കളയുന്നു. വളരെയധികം വിമർശക സ്വീകാര്യത നേടിയിട്ടുള്ള അമീർഖാന്റെ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിലെ ചിത്രങ്ങളെല്ലാം സമൂഹജീവി എന്ന നിലയിൽ മനുഷ്യൻ നേരിടുന്ന അസ്തിത്വ പ്രശ്‌നങ്ങളെ എടുത്ത് കാട്ടുന്നവയാണ്. ഗജ്ജിനി (2008), ത്രീ ഇഡിയറ്റ്‌സ് (2009), പികെ (2014) എന്നീ സിനിമകൾ ഈ വീക്ഷണത്തെ എടുത്ത് കാട്ടുന്നു. മംഗൾ പാണ്ഡെ, ലഗാൻ, രംഗ് ദേ ബസന്തി തുടങ്ങിയ സിനിമകൾ ഒരു സെക്കുലർ ദേശീയതാ ബോധത്തിൽ ഊന്നി നിന്നുകൊണ്ടുള്ള സിനിമകളാണ്. സൽമാൻ ഖാനാകട്ടെ ഒരു ഉത്തരേന്ത്യൻ ഹിന്ദു അഹങ്കാരിയുടെ എല്ലാ സ്വഭാവങ്ങളും എടുത്ത് കാട്ടുന്ന സിനിമകളാണ് ഈ അടുത്തകാലത്ത് ചെയ്തത് (ദബംഗ്, ബജ്‌റംഗ് ഭായ്ജാൻ, സുൽത്താൻ, ഏക്ഥാ ടൈഗർ).

ഒരു കാര്യത്തിൽ ഈ മൂന്ന് ഖാന്മാരും മൽസരിക്കുന്നുണ്ട്. അവരുടെ മുസ്ലീം സ്വത്വം അവരുടെ സാംസ്‌കാരിക- സാമൂഹിക- രാഷ്ട്രീയ ജീവിതത്തിന്റെ മാപിനി അല്ല എന്ന് വരുത്തിത്തീർക്കാനുള്ള- ശ്രമമാണത്. അതിനായി അവർ അത്തരം സിനിമകൾ പോലും തെരഞ്ഞെടുക്കുന്നു (ചക് ദേ ഇന്ത്യ, ജബ് തക് ഹെജാൻ- ഷാരൂഖ് ഖാൻ, ബജ്‌റംഗ് ഭായ്ജാൻ, സുൽത്താൻ- സൽമാൻ ഖാൻ, പി കെ, ദംഗൽ- അമീർ ഖാൻ)

വളർന്ന് വരുന്ന വ്യാജദേശീയതയെ അടിവരയിട്ട് പറയാനും അതിൽ ഹിന്ദുത്വ ചിഹ്നങ്ങൾക്കുള്ള സ്ഥാനം ഊട്ടിയുറപ്പിക്കാനും ബോളിവുഡ് വ്യവസായം കൃത്യമായും ശ്രമിക്കുന്നുണ്ട്. (മുസ്ലീം) തീവ്രവാദികളുടെ ശല്യം സഹിക്കാതെ വരുമ്പോൾ സാധാരണക്കാരൻ ആയുധം എടുക്കുകയാണ് (വെനസ് ഡേ) മുംബൈ ആക്രമത്തിലെ പാക്കിസ്ഥാൻ പങ്കാളികളെ പോലീസുകാരൻ നേരിടുകയാണ് (26/11) ദൈവങ്ങൾ നീതി നടപ്പിലാക്കുന്നു ( ഒ, മൈ ഗോഡ്) പോലീസ് ഇൻസ്‌പെക്ടർ സിംഹമാകുന്നു (സിംഗം 1,2) ധീരനായ പട്ടാളക്കാരൻ (എയർലിഫ്റ്റ്, റുസ്തം- അക്ഷയ്കുമാർ ചിത്രങ്ങൾ) അങ്ങനെ പുതിയ ദേശീയ ചിഹ്നങ്ങളുടെ ഒരു നിര സിനിമകളിൽ സൃഷ്ടിക്കപ്പെടുന്നു. ഇതിനെ വിമർശിച്ചുകൊണ്ട് ഒരു ചിത്രവും ബോളിവുഡിൽ നിർമ്മിക്കപ്പെടുന്നില്ല എന്നത് നാം കടന്ന് പോകുന്ന കഠിനകാലത്തിന്റെ സവിശേഷത കൂടിയാണ്. എൺപതുകളിലെ ആർട്ട് ഹൗസ് സിനിമകൾ എടുത്തിരുന്ന രാഷ്ട്രീയ വിമർശനം പോലും സാങ്കേതികമായി വളർന്ന ഇക്കാലത്ത് സിനിമകൾക്ക് ഏറ്റെടുക്കാൻ കഴിയുന്നില്ല. പ്രാദേശിക സിനിമകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ മുഖ്യധാര സിനിമ ഒരു പൊളിച്ചെഴുത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ദേശീയതയുടെ വിമർശനവും മുസ്ലീം അപരത്വത്തിന്റെ സൃഷ്ടിയെ വിമർശിക്കലും സിനിമയ്ക്ക് അന്യമായിത്തന്നെ നിൽക്കുന്നു. ഇത് നാം കടന്നുപോകുന്ന പരമാവധികാര രാഷ്ട്രീയത്തിന്റെ പ്രതിഫലനം കൂടിയാണ്.