ഹോട്ടലുകളിലെ കൊള്ളയടി നിയന്ത്രിക്കാന്‍ ഏർപ്പെടുത്തിയ ഭക്ഷണ വില ക്രമീകരണ നിയമം യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല

നിയമ ലംഘനം നടത്തുന്ന ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്. രജിസ്റ്റര്‍ ചെയ്യാതെ നടത്തുന്നതും അമിത വില ഈടാക്കുന്നതുമായ ഹോട്ടലുകള്‍ക്ക് 5000 രൂപ പിഴയിടാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതോറിറ്റിയുടെ ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ല. എന്നാല്‍ ആവശ്യം വന്നാല്‍ ഹോട്ടല്‍ ഉടമകള്‍ക്ക് സംസ്ഥാന ഫുഡ് കമ്മീഷനില്‍ അപ്പീല്‍ നല്‍കാം.

ഹോട്ടലുകളിലെ കൊള്ളയടി നിയന്ത്രിക്കാന്‍ ഏർപ്പെടുത്തിയ  ഭക്ഷണ വില ക്രമീകരണ നിയമം യു ഡി എഫ്  സര്‍ക്കാര്‍  നടപ്പാക്കിയില്ല

തൃശൂര്‍: ഹോട്ടലുകളിലെ ഭക്ഷണ വിലയിലെ കൊള്ളയടി നിയന്ത്രിക്കാന്‍ യു ഡി എഫ്  സര്‍ക്കാര്‍ കൊണ്ടു വന്ന കേരള ഹോട്ടല്‍സ് (ഭക്ഷണ വിലക്രമീകരണം) നിയമം അതെ സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു. ബില്‍ പാസ്സായാലും നടപ്പിലാക്കാനാവുമോ എന്ന ആശങ്കയുണ്ടായിരുന്ന നിയമമാണ് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ പോയത്. കഴിഞ്ഞ നവംബറില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമായെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്  അസോസിയേഷന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ മുട്ടുമടക്കി യുഡിഎഫ് സര്‍ക്കാര്‍ തന്നെ ഇത് നടപ്പിലാക്കുന്നതില്‍ നിന്ന് പിന്‍മാറി. ഈ നിയമം നടപ്പിലാക്കുന്നതില്‍ എല്‍ഡിഎഫ്  സര്‍ക്കാരും നയപരമായ ഒരു തീരുമാനവും എടുത്തിട്ടില്ല. ഇതോടെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ വില ഏകീകരണമെന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് നടപ്പിലാക്കാതെ പോയത്.


ബില്ലിലെ വ്യവസ്ഥയനുസരിച്ച് ഭക്ഷണ വില ക്രമീകരണ അതോറിറ്റി രൂപികരിക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. ഹോട്ടലുകളിലെ രജിസ്ട്രേഷന്‍,  ആഹാര പദാര്‍ത്ഥങ്ങളുടെ വില നിയന്ത്രണം തുടങ്ങിയവ അതോറിറ്റിയുടെ ചുമതലയില്‍പെടും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയാകാനുള്ള യോഗ്യതയുള്ള ആളോ ആയിരിക്കണം ചെയര്‍മാന്‍. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ആറ് അനൗദോഗിക അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് അതോറിറ്റി. അതോറിറ്റി അംഗീകരിച്ച് പുറത്തിറക്കുന്ന വില വിവര പട്ടിക അനുസരിച്ച് മാത്രമേ ഹോട്ടലുകള്‍ക്ക് ഭക്ഷണം വില്‍ക്കാന്‍ കഴിയു. ഹോട്ടല്‍ ഉടമകള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെങ്കില്‍ അതോറിറ്റിക്ക് മുന്‍കൂര്‍ അപേക്ഷ നല്‍കേണ്ടതാണ്. ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുക്കുന്ന വിധത്തിലാണ് ക്രമീകരണം.

നിയമ ലംഘനം നടത്തുന്ന ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്. രജിസ്റ്റര്‍ ചെയ്യാതെ നടത്തുന്നതും അമിത വില ഈടാക്കുന്നതുമായ  ഹോട്ടലുകള്‍ക്ക് 5000 രൂപ പിഴയിടാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതോറിറ്റിയുടെ ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ല. എന്നാല്‍ ആവശ്യം വന്നാല്‍ ഹോട്ടല്‍ ഉടമകള്‍ക്ക് സംസ്ഥാന ഫുഡ് കമ്മീഷനില്‍ അപ്പീല്‍ നല്‍കാം. കമ്മീഷന്റെ തീരുമാനം പ്രതികൂലമായാല്‍ ഉടമകള്‍ക്ക് സര്‍ക്കാറിന് അപ്പീല്‍ നല്‍കാനും കഴിയും.

ബേക്കറികള്‍, തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവയും ഹോട്ടലുകളുടെ പരിധിയില്‍ വരും. സ്റ്റാര്‍ ഹോട്ടലുകളും ഹെറിറ്റേജ് വിഭാഗങ്ങളും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയോ, കമ്പനികളുടേയോ ജീവനക്കാര്‍ക്കു വേണ്ടി നടത്തുന്ന ഹോസ്റ്റലുകളും കാന്റീനുകളും ഹോട്ടലുകളും ഈ പരിധിയില്‍ വരില്ല. കേരളത്തില്‍ പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, അരി മുതലായവക്ക് വില ഏകീകരണം നടപ്പിലാകാതെ ഹോട്ടലുകളില്‍ കൊള്ളയടി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന കേരള ഹോട്ടല്‍സ് (ഭക്ഷണ വിലക്രമീകരണം) നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അന്നു തന്നെ  ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റേറന്റ്സ ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

ബില്ലിനെതിരെ സമരം സംഘടിപ്പിക്കാനും നടപ്പിലാക്കുന്നത് തടയാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റോറന്റ്  അസോസിയേഷനും അന്ന് ശ്രമിച്ചിരുന്നു. എന്നാല്‍ ഒരേ നഗരത്തില്‍, ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പോലും രണ്ടു തരം വിലയാണ് ഹോട്ടലുകാര്‍ ഈടാക്കുന്നത്. പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, അരി, ഇറച്ചി, പാല്‍ എല്ലാം ഒരേ വിലയ്ക്ക് കിട്ടിയിട്ട് പോലും ഹോട്ടലിലെ വലിപ്പത്തിന്റേയും സൗകര്യത്തിന്റേയും പേരില്‍ വില കൂട്ടുന്നത് തടയാന്‍ നിയമം വഴി കഴിയുമായിരുന്നു. ഭക്ഷണ സാധനങ്ങളുടെ വില  ഹോട്ടല്‍ ഉടമസ്ഥന്‍ തന്നെ നിശ്ചയിച്ച് ഈടാക്കുന്ന അവസ്ഥക്ക് മാറ്റം കൊണ്ടു വരാനായി കൊണ്ടു വന്ന ബില്ലാണ് പിന്നീട് നടപ്പിലാകാതെ പോയത്.

Read More >>