ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി

ഭാരതീയ വിചാരകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറി ടി.ജി.മോഹന്‍ദാസിന് ആര്‍എസ്എസ് അനുഭാവമുള്ള 'ജനം' ചാനലില്‍ വെച്ചു നല്‍കിയ അഭിമുഖത്തിലാണ് ഭയ്യാജി ജോഷി ആര്‍എസ്എസിന്റെ നിലപാടു പരസ്യപ്പെടുത്തിയത്. സംഘ്പരിവാറിലുള്‍പ്പെട്ട ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവര്‍ ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരായ നിലപാടാണു സ്വീകരിച്ചിരുന്നത്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആര്‍എസ്എസ് കേന്ദ്രനേതൃത്വം. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ കേരളത്തിലെ ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങളുടെ നിലപാട് തള്ളിക്കൊണ്ടാണ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ലെന്ന ആര്‍എസ്എസ്-ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സമീപനത്തോടു യോജിപ്പില്ലെന്നു വ്യക്തമാക്കിയ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് എവിടെവരെ പ്രവേശനം നല്‍കുന്നുണ്ടോ അവിടെവരെ സ്ത്രീകളെയും അനുവദിക്കണമെന്നതാണ് ആര്‍എസ്എസ് നിലപാടെന്നും പറഞ്ഞു.

ആര്‍എസ്എസ് ജയ്പൂര്‍ സമ്മേളനത്തില്‍ ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി പാസാക്കിയ നിലപാട് മഹാരാഷ്ട്രയിലെ ശനിക്ഷേത്രത്തിലെ സ്ത്രീപ്രവേശന പ്രക്ഷോഭവുമായി മാത്രം ബന്ധപ്പെട്ടതാണെന്നാണ് സംസ്ഥാന ആര്‍എസ്എസ്- ബിജെപി നേതൃത്വം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. ആ നിലപാടില്‍ ശബരിമല ഉള്‍പ്പെടില്ലെന്ന വാദമാണ് ഭയ്യാജി ജോഷി തള്ളിയത്.

ഭാരതീയ വിചാരകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറി ടി.ജി.മോഹന്‍ദാസിന് ആര്‍എസ്എസ് അനുഭാവമുള്ള 'ജനം' ചാനലില്‍ വെച്ചു നല്‍കിയ അഭിമുഖത്തിലാണ് ഭയ്യാജി ജോഷി ആര്‍എസ്എസിന്റെ നിലപാടു പരസ്യപ്പെടുത്തിയത്. സംഘ്പരിവാറിലുള്‍പ്പെട്ട ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവര്‍ ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരായ നിലപാടാണു സ്വീകരിച്ചിരുന്നത്.

ആയിരംവര്‍ഷമായി പിന്‍തുടരുന്ന ആചാരങ്ങളാണെന്ന പേരില്‍ പോലും സ്ത്രീകള്‍ക്കു വിലക്കുകല്‍പിക്കുന്നതു യുക്തിസഹമല്ലെന്നു ഭയ്യാജി ജോഷി പറഞ്ഞു. ക്ഷേത്രാചാരങ്ങള്‍ക്കു ശാസ്ത്രീയമായി എന്തെങ്കിലും പിന്‍ബലമുണ്ടോയെന്നു പരിശോധിക്കാനും പിന്‍ബലമില്ലെന്നു വ്യക്തമായാല്‍ അനാചാരങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറാകണമെന്നും ഭയ്യാജി അഭ്യര്‍ഥിച്ചു. ഭയ്യാജി ജോഷിയുടെ പരാമര്‍ശം ആര്‍എസ്എസ്- ബിജെപി സംസ്ഥാന നേതൃത്വങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ആലുവയില്‍ ആര്‍എസ്എസ് സ്ഥാപിച്ച തന്ത്രവിദ്യാപീഠത്തില്‍ കഴിഞ്ഞമാസം സംഘടിപ്പിച്ച ആചാര്യയോഗം ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്നു നിലപാടെടുത്തിരുന്നു. തന്ത്രവിദ്യാപീഠം രക്ഷാധികാരിയായ ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോനായിരുന്നു അന്ന് യോഗം ഉദ്ഘാടനം ചെയ്തത്. കേരള ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസും യോഗത്തില്‍ പങ്കെടുത്തു.

ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുക മാത്രമല്ല, കേരളത്തില്‍ വിഎച്ച്പി സംഘടിപ്പിക്കുന്ന ഘര്‍ വാപസി പരിപാടിക്കുള്ള പിന്തുണയും ഭയ്യാജി ജോഷി പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തനത്തിലൂടെ അറുപതിനായിരത്തോളം പേരെ ഹിന്ദുമതത്തിലേക്കു തിരിച്ചെത്തിച്ചതായും ഭയ്യാജി വെളിപ്പെടുത്തി. മതപരിവര്‍ത്തനത്തെയും പുനര്‍മത പരിവര്‍ത്തനത്തെയും വേറിട്ടു കാണണമെന്നും മതപരിവര്‍ത്തനം നിരോധിക്കാന്‍ നിയമം കൊണ്ടു വരണമെന്നാണ് ആര്‍എസ്എസിന്റെ പ്രത്യക്ഷ നിലപാടെന്നും ഭയ്യാജി ജോഷി വ്യക്തമാക്കി.

Read More >>