ഇന്ത്യയെ പിടിച്ച് കുലുക്കിയ 'ബംഗാൾ'

ഇന്ത്യയുടെ ദേശീയപ്രബുദ്ധതയിൽ ബംഗാൾ നിർവഹിച്ച ധർമം നിസ്തർക്കമാണ്. ദേശീയബോധം അകതാരിൽ നീറിപ്പിടിക്കുന്നതു പ്രാഥമികമായി ബംഗാളിൽ നിന്നാണ്. പാശ്ചാത്യ നാടുകളിൽ നിന്നു പുതുവാണിഭം തേടിയെത്തിയ കപ്പലുകൾ നങ്കൂരമിടുന്നതും വ്യവസായച്ചരക്കുകൾ ഇറക്കി വയ്ക്കുന്നതും കൊൽക്കത്തയിലെ തുറമുഖത്താണ്. പടിഞ്ഞാറൻ ജനതയുടെ കടാക്ഷ വിക്ഷേപങ്ങൾ ആദ്യം പതിഞ്ഞത് കേരളത്തിലായിരുന്നെങ്കിലും അതു ഗാഢമായ പരിരംഭണമായി പര്യവസാനിച്ചത് ബംഗാളിൽ വച്ചായിരുന്നു. സമദ് കുന്നക്കാവ് എഴുതുന്നു.

ഇന്ത്യയെ പിടിച്ച് കുലുക്കിയ

സമദ് കുന്നക്കാവ്

ഇന്ത്യൻ ജനതയെ മതസമൂഹങ്ങളായി വേർതിരിച്ചു നിർവചിക്കുക എന്നത് കൊളോണിയൽ ഭരണാധികാരികളുടെ ഗൂഢതന്ത്രമായിരുന്നു. ഇന്ത്യക്കാർ എക്കാലത്തും മതങ്ങളുടെ കൊടിക്കൂറകൾക്കു കീഴിൽ ചേരിതിരിഞ്ഞ് ആർത്തിരമ്പി നിന്ന ആൾക്കൂട്ടമായിരുന്നു എന്ന പ്രതീതിയാണ് ഇംഗ്ലീഷുകാർ സൃഷ്ടിച്ചെടുത്തത്. ഇന്ത്യൻ ജനതയുടെ ഐക്യം തകർക്കുക, ഒപ്പം ചൂഷണം സുഗമമാക്കുക എന്ന ഇരട്ടലക്ഷ്യമാണ് ഇത്തരമൊരു ചരിത്രമിഥ്യക്കു രൂപം കൊടുക്കാൻ അവരെ പ്രേരിപ്പിച്ചത്. ഇതിലൂടെ തമസ്‌കരിക്കപ്പെട്ടുപോയത് സാംസ്‌കാരിക വൈവിധ്യങ്ങളുടെ പാരസ്പര്യരേഖകളായിരുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ഇവിടെ ജീവിച്ചുമരിച്ച മനുഷ്യപരമ്പരകൾ മുഴുവൻ ഈ നാടിന്റെ അവകാശികളാണെന്ന യാഥാർഥ്യമാണു പിൽക്കാല സന്തതികൾക്ക് കൈമോശം വന്നത്.


ഏകാത്മകമായൊരു രാഷ്ട്രസത്തയെ ജീവിത വ്യവഹാരങ്ങളുടെ ബഹുത്വത്തിൽ നിന്നു കണ്ടെടുത്ത് അതിനെ ദേശമെന്ന ആത്മബോധത്തിന്റെ അടിത്തറയാക്കിയ സമൂഹമെന്നതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ നേർചരിത്രം. ഇന്ത്യയിലെ ആദിമനിവാസികളുടെ ആരാധനാസമ്പ്രദായങ്ങളൊഴികെ ആര്യമതങ്ങളടക്കമുള്ള മറ്റെല്ലാ വിശ്വാസരീതികളും പുറത്തുനിന്നു വന്നവയാണെങ്കിലും ഈയൊരു ഭാവവ്യത്യാസമില്ലാതെ ഇന്ത്യൻ മണ്ണിനോടനുബന്ധിക്കപ്പെട്ടവരായിക്കൊണ്ടാണ് അവർ നിലനിന്നത്. വിശ്വാസ പ്രമാണങ്ങൾക്കും അധികാരരൂപങ്ങൾക്കും അതീതമായി ഇന്ത്യയുടെ മണ്ണിൽ അതിന്റെ ചരിത്രത്തിനും സംസ്‌കാരത്തിനും അടിയിൽ പ്രവർത്തിച്ച ഇത്തരമൊരു മനുഷ്യഘട്ടത്തെയാണ് ബ്രിട്ടീഷ് ചരിത്രവീക്ഷണം കാണാതെപോയത്.1

ഉത്തരേന്ത്യയിൽ അലക്‌സാണ്ടറുടെ കാലം മുതൽ പടയോട്ടക്കാർ കടന്നുവന്നിട്ടുണ്ട്. ചരിത്രപഥങ്ങളുടെ ഈ താവഴിയിൽ തന്നെയാണ് ഗസ്‌നിയും തിമൂറും ഗോറിയും അടക്കം എല്ലാവരും കടന്നുവന്നത്. രാജ്യങ്ങൾ വെട്ടിപ്പിടിക്കുക എന്നത് അക്കാലത്തെ ലോകരാഷ്ട്രീയത്തിന്റെ പൊതുവികാരമാണെന്നിരിക്കെ അവരുടെ ചിന്തകളെയും ഈ അധികാരത്വരകൾ സ്വാധീനിച്ചിരുന്നു. എന്നാൽ കൊളോണിയൽ ചരിത്രാഖ്യായികാകാരന്മാർ ഇവർക്ക് വെട്ടിപ്പിടിത്തക്കാർ എന്ന പ്രതിസ്ഥാനത്തിനു പകരം മുസ്‌ലിം ആക്രമണകാരികൾ എന്ന പരിവേഷം ചാർത്തിക്കൊടുത്തു. ആക്രമണകാരികളായി വന്നവരുടെ മതം രണ്ടാമതായി പരിഗണിക്കപ്പെടേണ്ട വസ്തുതയായിരുന്നു. ഒന്നാമതായി അവർ ആക്രമണകാരികളായിരുന്നു. മുസ്‌ലിംകളായതുകൊണ്ടല്ല അവർ ആക്രമികളായത്. മറിച്ച് ആക്രമണകാരികളായവർ മുസ്‌ലിം നാമധാരികളായിരുന്നു എന്നുമാത്രം. ചരിത്രത്തിലെ ഈ യാദൃച്ഛിക വസ്തുതയ്ക്കു കൊളോണിയൽ പഠിതാക്കൾ പ്രഥമസ്ഥാനം കൊടുത്തപ്പോൾ മുസ്‌ലിംകളായതുകൊണ്ടാണ് അവർ ഹിംസാലുക്കളായതെന്ന കാഴ്ചപ്പാടിലേക്ക് അതു വികസിക്കപ്പെട്ടു. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങളെ ക്രിസ്ത്യൻ ആക്രമണമെന്നു വിശേഷിപ്പിച്ചാൽ യാഥാർഥ്യത്തിൽ നിന്നും എത്രമാത്രം അകലമുണ്ടാകും? അതേ തോതിൽ ത്തന്നെ മുസ്‌ലിം ആക്രമണങ്ങളെക്കുറിച്ചു പറയുന്നതിലും വസ്തുതകളില്ല എന്നതാണ് സത്യം.2

ഇവിടെയാണു കൊളോണിയലിസത്തിന്റെ ചരിത്രപാഠങ്ങളിലുള്ള വൈരുധ്യം മറനീക്കപ്പെടുന്നത്. മതപരമായ അടിസ്ഥാനത്തിൽ ഇന്ത്യാചരിത്രത്തെ വിഭജിക്കുകയും ഹിന്ദുഘട്ടം, മുസ്‌ലിംഘട്ടം, ബ്രിട്ടീഷ് ഘട്ടം എന്നു വർഗീകരിക്കുകയും ചെയ്ത യൂട്ടിലിറ്റേറിയന്മാർ ഇതിലൂടെ ഇന്ത്യൻ സമൂഹത്തിന്റെയും ജീവിതത്തിന്റെയും മതാത്മക വ്യാഖ്യാനങ്ങൾക്കു നാന്ദികുറിക്കുകയായിരുന്നു. എന്നാൽ ഒന്നും രണ്ടും ഘട്ടങ്ങൾക്കു മതാത്മകമായ നാമങ്ങൾ നൽകിയ കൊളോണിയൽ ചരിത്രകാരന്മാർ മൂന്നാംഘട്ടത്തെ ക്രിസ്ത്യൻ ഘട്ടമെന്നു വിളിക്കാതെ ബ്രിട്ടീഷ് ഘട്ടമെന്നു വ്യഖ്യാനിച്ചെടുക്കുകയായിരുന്നു. ബ്രിട്ടീഷ് ഭരണം മതാത്മക പരിഗണനകൾക്ക് അതീതവും പുരോഗമനപരവും യുക്തിസഹവും ശാസ്ത്രീയവുമാണെന്നും അതിനുമുമ്പുള്ള ഇന്ത്യൻ ജീവിതം തീർത്തും മതാത്മകവും വിശ്വാസാധിഷ്ഠിതവും യുക്തിഹീനവുമാണെന്ന കാഴ്ചപ്പാട് ഇതിലൂടെ രൂപംകൊണ്ടു. (പി. സുനിൽ ഇളയിടം). ഒരേസമയം ക്രൈസ്തവതയുടെ സാംസ്‌കാരിക അധിനിവേശങ്ങളെ മറച്ചുപിടിക്കാനും കൊളോണിയൽ പൂർവ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്‌കാരിക ബഹുത്വങ്ങളെ തകർക്കാനും ഇതിലൂടെ യൂട്ടിലിറ്റേറിയന്മാർക്ക് സാധിച്ചു. ബ്രിട്ടീഷ ് കൊളോണിയലിസത്തോടു നിവർന്നുനിന്നു പോരാടാൻ തുനിഞ്ഞ ബങ്കിംചന്ദ്രൻ തന്റെ ചരിത്രാഖ്യായികകളിലേക്കു സ്വാംശീകരിച്ചത് കൊളോണിയലിസത്തിന്റെ ഈ കാഴ്ചപ്പാടുകളായിരുന്നു. ബ്രിട്ടീഷുകാർക്ക് മറുപടി നൽകാൻ ഭൂതകാലത്തിലേക്കു യാത്രചെയ്ത ബങ്കിം ചന്ദ്രന് വഴികാട്ടിയായി പൗരസ്ത്യവാദം കൂട്ടിനുണ്ടായിരുന്നു. എന്നാൽ ഭൂതകാലത്തിൽ എത്ര ഖനനം നടത്തിയിട്ടും സുവർണനാളുകൾ കണെ്ടത്താൻ കഴിയാത്ത അദ്ദേഹത്തിനു വെറും കൈയോടെ മടങ്ങിവരാൻ സാധിക്കുമായിരുന്നില്ല. അതിനാൽ സങ്കൽപ്പത്തിൽ നിന്നൊരു വിധ്വംസകശക്തിയെ അദ്ദേഹം കണെ്ടടുത്തു. സാമ്രാജ്യ ചരിത്രകാരന്മാരുടെ ആവനാഴിയിൽ നിന്നുമാണ് ഇസ്‌ലാമിക അധിനിവേശങ്ങളുടെ ഇരുണ്ട യുഗമെന്ന ശരം അദ്ദേഹം കടംകൊണ്ടത്. തന്മൂലം അദ്ദേഹത്തിന്റെ രചനകൾ ഒരേസമയം ബ്രിട്ടീഷ് പക്ഷപാതിത്വവും മുസ്‌ലിം വിരുദ്ധവും എന്ന ദ്വന്ദ്വ സ്വഭാവങ്ങളിലേക്ക് വേഷം പകർന്നു സഞ്ചരിച്ചു.

ഇന്ത്യയുടെ ദേശീയപ്രബുദ്ധതയിൽ ബംഗാൾ നിർവഹിച്ച ധർമം നിസ്തർക്കമാണ്. ദേശീയബോധം അകതാരിൽ നീറിപ്പിടിക്കുന്നതു പ്രാഥമികമായി ബംഗാളിൽ നിന്നാണ്. പാശ്ചാത്യ നാടുകളിൽ നിന്നു പുതുവാണിഭം തേടിയെത്തിയ കപ്പലുകൾ നങ്കൂരമിടുന്നതും വ്യവസായച്ചരക്കുകൾ ഇറക്കി വയ്ക്കുന്നതും കൊൽക്കത്തയിലെ തുറമുഖത്താണ്. പടിഞ്ഞാറൻ ജനതയുടെ കടാക്ഷ വിക്ഷേപങ്ങൾ ആദ്യം പതിഞ്ഞത് കേരളത്തിലായിരുന്നെങ്കിലും അതു ഗാഢമായ പരിരംഭണമായി പര്യവസാനിച്ചത് ബംഗാളിൽ വച്ചായിരുന്നു. ഫ്യൂഡൽ വ്യവസ്ഥയിൽ നൂറ്റാണ്ടുകളായി മുഴുകിക്കിടന്ന ഇന്ത്യയിൽ അങ്ങനെ ആദ്യമായി മുതലാളിത്തത്തിന്റെ ബീജധാനം സംഭവിച്ചു. അതോടെ ഒരു പുതുയുഗം രാജ്യത്തിൽ ഉദയം കൊള്ളുകയും ചെയ്തു.3 ഈ പുതുയുഗപ്പിറവി വ്യത്യസ്ത ഭാഗങ്ങളിലേക്കു സംക്രമിക്കുന്നതിന്റെ ഭാഗമായി സാഹിത്യത്തിലേക്കും ഇഴഞ്ഞു കയറി. തൽഫലമായി പത്തൊമ്പതാംനൂറ്റാണ്ട് ആവുമ്പോഴേക്കും ബംഗാളിന്റെ ആന്തരമായ ചൈതന്യവും സാഹിത്യവും പാരമ്പര്യത്തിന്റെ ബന്ധനത്തിൽ നിന്നും മോചനം നേടിക്കഴിഞ്ഞിരുന്നു. അതുവഴി അദ്ഭുതകരമാംവിധം ചൈതന്യവത്തായ ഒരു സാഹിത്യ സമ്പത്ത് ആദ്യം കൈവന്നതു ബംഗാളിനായിരുന്നു(തായാട്ട് ശങ്കരൻ).

കൊളോണിയൽ ആധുനികതയെ ശുഭപ്രതീക്ഷയോടെ സമീപിക്കുന്ന സാഹിത്യ ഉദ്യമങ്ങൾക്കു സ്വാഭാവികമായിത്തന്നെ ശക്തിയായ പ്രതികരണങ്ങളുമുണ്ടായി. ഇന്ത്യയിലെ പൂർവകാല സംസ്‌കരണത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന മറ്റൊരു സമാന്തര പ്രസ്ഥാനം ബംഗാളിൽ ഉടലെടുത്തു. ബംഗാൾ പ്രവിശ്യയിലെ ബ്രിട്ടീഷ് ജഡ്ജിയായിരുന്ന വില്യം ജോൺസിന്റെ നേതൃത്വത്തിൽ സംസ്‌കൃതവും ഇന്ത്യയിലെ നിയമ സിദ്ധാന്തങ്ങളും പഠിക്കാനാരംഭിക്കുന്നത് ഇക്കാലത്താണ്. സംസ്‌കൃത പഠനവും ഭാഷാ വിജ്ഞാനീയ മേഖലയിലെ അന്വേഷണങ്ങളും അദ്ദേഹത്തെ പൊതുവായ ഒരു ഇൻഡോ -യൂറോപ്യൻ ഭാഷാ കുടുംബം എന്ന ആശയത്തിലേക്കെത്തിച്ചു. ഇന്ത്യയുടെ പൗരാണിക സംസ്‌കാരവും യൂറോപ്യൻ പാരമ്പര്യവുമായി ഈ സാഹോദര്യം പിൽക്കാലത്തു വളർന്നു. സംസ്‌കാര സമ്പന്നവും സമൃദ്ധവുമായ ഒരു ഭൂതകാലം ഇന്ത്യക്കും യൂറോപ്പിനും പൊതുവായുണെ്ടന്ന വിശ്വാസം പിൽക്കാലത്ത് പൗരസ്ത്യ വാദികളുടെ പ്രധാന പരിഗണനകളിലൊന്നായി.

പതിനെട്ടാം ശതകത്തിൽ യൂറോപ്പിന്റെ സാമൂഹികജീവിതത്തിൽ അരങ്ങേറിയ സങ്കീർണതകൾ ഇൻഡോളജിസ്റ്റുകളുടെ നിഗമനങ്ങൾക്ക് പുതിയൊരു ഉണർവ് സമ്മാനിക്കുന്നുണ്ട്. വ്യവസായ വിപ്ലവവും യന്ത്രവൽക്കരണവും കൂടിച്ചേർന്നുണ്ടാക്കിയ കലങ്ങിമറിയലുകൾ യൂറോപ്പിന്റെ സ്വച്ഛന്ദതയെ തകർത്തു കളഞ്ഞിരുന്നു. നാടുവാഴിത്തത്തിന്റെ പ്രശാന്തതയിൽ അഭിരമിച്ച യൂറോപ്യൻ കുലീന പ്രഭുക്കൾ സ്വസ്ഥതയുടെ പുതിയ താവളങ്ങൾ തേടിയുള്ള ബൗദ്ധിക സഞ്ചാരങ്ങൾ നടത്താൻ നിർബന്ധിതരായി. അപരിചിതവും വിചിത്രവുമായ കിഴക്കിന്റെ ലോകം ഇവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നഷ്ടസ്വപ്നങ്ങൾക്കു ചേക്കേറാനുതകുന്ന ഏറ്റവും നല്ല താവളങ്ങളിലൊന്നാക്കി.4 ഗൃഹാതുരമായ കാൽപ്പനികാവേശത്തോടെ പൗരസ്ത്യ ലോകത്തിന്റെ അപദാനങ്ങൾ വാഴ്ത്താൻ അവർ തയ്യാറാവുകയും ചെയ്തു. സംസ്‌കൃത പ്രണയിയായ മാക്‌സ്മുള്ളർ തന്റെ പേര് സംസ്‌കൃതീകരിച്ച് മോക്ഷമൂലർ എന്ന് ഉപയോഗിക്കുകവരെ ചെയ്തു (റൊമീല ഥാപ്പർ).

സംസ്‌കൃതവും ഇതര യൂറോപ്യൻ ഭാഷകളുമായുള്ള ബന്ധം കണെ്ടത്തുവാൻ കഴിഞ്ഞതാണ് പൗരസ്ത്യ വാദികൾക്ക് ഏറ്റവുമധികം ആവേശജനകമായി അനുഭവപ്പെട്ടത്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിന് യൂറോപ്പിൽ ലഭിച്ച സ്വീകരണം ഈ പ്രതിഭാസത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും. മഹാഭാരതത്തിലെ ശകുന്തള തന്റെ ലൈംഗികതയെ ഇഛാശക്തികൊണ്ട് നിയന്ത്രിക്കുകയും അധികാരത്തിന്റെ ഭാഗമായി അതിനെ തിരിച്ചറിയുകയും ചെയ്യുന്നു. പക്ഷേ, കാളിദാസന്റെ ശകുന്തള മധ്യവർഗ മൂല്യങ്ങൾ അനുസരിക്കുന്ന ദുഷ്യന്തനാൽ പരിത്യക്തയായതിനു ശേഷവും അദ്ദേഹത്തെ കുറ്റപ്പെടുത്താത്ത ആദർശ ഹിന്ദു സ്ത്രീയായി ഇക്കാലത്തു പ്രതിഷ്ഠാപനം ചെയ്യപ്പെടുന്നു. അങ്ങനെ ഇന്ത്യൻ പാരമ്പര്യത്തെ പുരുഷാധിപത്യത്തിലധിഷ്ഠിതമായ ദേശീയതയുടെ വരേണ്യ വ്യവഹാരങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കാൻ ശാകുന്തളം പ്രയോജനപ്പെടുന്നു.5 ഇത്തരത്തിൽ ഒരു ഇന്തോ- യൂറോപ്യൻ പിതൃഭാഷയെക്കുറിച്ചുള്ള സങ്കൽപം ഇന്ത്യയിൽ വേരുറച്ചു വന്നു. സംസ്‌കൃതം, ഗ്രീക്ക്, ലാറ്റിൻ, കെൽട്രിക്ക് ഭാഷകളെല്ലാം ഈ പിതൃഭാഷയിൽ നിന്നും ഉരുവായതാണെന്നും കരുതപ്പെട്ടു. വൈദിക സാഹിത്യത്തിന്റെ ഉടമകളായ ആര്യ•ാർക്ക് യൂറോപ്പുമായുള്ള ബൗദ്ധിക സാഹോദര്യം അംഗീകരിക്കപ്പെടുകയും ഇന്തോ-യൂറോപ്യൻ ഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്നവർ ആര്യ വംശജരാണെന്നു പരിഗണിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഭാഷ, വംശം, സംസ്‌കാരം എന്നിവയൊക്കെ കൂട്ടിയിണക്കിക്കൊണ്ട് ആര്യവംശ സിദ്ധാന്തം പണിതെടുക്കപ്പെട്ടു.(സുനിൽ പി. ഇളയിടം)

രാജാറാം മോഹൻ റായിയുടെ ഇംഗ്ലണ്ട് സന്ദർശനത്തെക്കുറിച്ചെഴുതിയപ്പോൾ മാക്‌സ്മുള്ളർ, റാം മോഹൻ ആര്യൻ ഭാഷ സംസാരിക്കുന്നയാളും ആര്യ വംശത്തിന്റെ തെക്കുകിഴക്കൻ ശാഖയിലുൾപ്പെട്ടയാളും ആണെന്നു വിശദീകരിക്കുകയുണ്ടായി. തുടർന്നു റാം മോഹന്റെ ഇംഗ്ലണ്ടിലേക്കുള്ള വരവ് ഏറെക്കാലം മുമ്പു വഴിപിരിഞ്ഞുപോയ ആര്യ വംശത്തിന്റെ രണ്ടു ശാഖകളുടെ മഹത്തായ പുന:സമാഗമം ആണെന്നും മാക്‌സ് മുള്ളർ എഴുതി. ഇത്തരത്തിൽ ആര്യ-അനാര്യ വേർതിരിവു വ്യാപകവുന്നതും വംശീയ അതിർവരമ്പുകൾ കൃത്യമായി നിർണയിക്കപ്പെടുന്നതും ഇതിനോടനുബന്ധിച്ചാണ്. ദ്രാവിഡനും ഗോത്ര വർഗക്കാരും കീഴ്ജാതികളും അനാര്യന്മാരുമായി പരിഗണിക്കപ്പെടുകയും ആര്യ-ദ്രാവിഡ സംഘർഷത്തിന്റെ സിദ്ധാന്തം അംഗീകൃതമായിത്തീരുകയും ചെയ്തു. ഇങ്ങനെ യൂറോപ്പിന്റെയും ഇന്ത്യയുടേയും പിൽക്കാല ജീവിതത്തെ മഹാദുരന്തങ്ങളിലേക്കാനയിച്ച ആര്യവംശ സിദ്ധാന്തം ഭാഷയെയും വംശത്തെയും ഒന്നായി പരിഗണിക്കുക എന്ന അബദ്ധത്തിന്റെ ഫലമായാണ് സംഭവിച്ചത് (സുനിൽ പി. ഇളയിടം). ഒരിക്കലും യോജിക്കാനാവാത്ത, നിത്യമായ ശത്രുത അന്യോനം പുലർത്തുന്ന വംശീയ വിഭാഗങ്ങളായാണ് ഹിന്ദുക്കളും മുസ്‌ലിംകളും എന്നു വിവരിക്കപ്പെടുകയും ഇന്ത്യയുടെ സുവർണ ദശയുടെ തകർച്ചയ്ക്കു കാരണം മുസ്‌ലിം ആക്രമണങ്ങളാണെന്ന ധാരണ രൂഢമൂലമാവുകയും ചെയ്തു.

വിധ്വംസകമായ ഈ അന്തർലോകം സാഹിത്യത്തിന്റെ വ്യവഹാരങ്ങളിൽ മാത്രമല്ല ഭാഷയുടെ ഘടനയിൽ തന്നെ അഴിച്ചുപണികൾ നടത്തുന്നുണ്ട്. വിശാലമായ ഗംഗാ സമതലത്തിലെ സാധാരണ ജനങ്ങളുടെ ഭാഷ ഹിന്ദുസ്ഥാനി, ഉറുദു, ഹിന്ദി എന്നീ പേരുകളിൽ അറിയപ്പെട്ട ഒരു പൊതുഭാഷയായിരുന്നു. ജനകീയ പങ്കാളിത്തമുള്ള നൂറ്റാണ്ടുകളുടെ ആശയവിനിമയത്തിന്റെ പൈതൃകമുള്ള ഈ പൊതുഭാഷ ഇന്ന് ഹിന്ദിയെന്നും ഉറുദുവെന്നും അറിയപ്പെടുന്ന രണ്ടു വ്യത്യസ്ത ഭാഷകളായി പിരിഞ്ഞിരിക്കുന്നു. സംസ്‌കൃത വൽക്കരിക്കപ്പെട്ട ഹിന്ദി ഇന്നു ഭരണകൂടത്തിന്റെ ദേശ-രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയായി പ്രതിഷ്ഠാപനം ചെയ്യപ്പെട്ടു. സംസ്‌കാരത്തിന്റെ അധികാരം എങ്ങനെ അധികാരത്തിന്റെ സംസ്‌കാരമായി മാറുന്നുവെന്നതിന്റെ നല്ലൊരുദാഹരണമാണിത് (ഇ.വി. രാമകൃഷ്ണൻ).

ബംഗാൾ മണ്ണിലുൾച്ചേർന്ന മുസ്‌ലിം വിരുദ്ധതയുടെ കനലുകൾ ചുട്ടുപഴുത്തത് സാഹിത്യമുൾപ്പടെയുള്ള കലാമേഖലകളേക്കാൾ ചിത്രകലയിലായിരുന്നു. ബംഗാളിലെ ശാന്തിനികേതൻ ചിത്രകലാ സ്‌കൂളിനെ നിയന്ത്രിച്ചിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ വക്താക്കളുടെ കരവിരുതിൽ രൂപം കൊണ്ട ദൃശ്യങ്ങൾ തീർത്തും പൗരസ്ത്യ പാഠങ്ങളുടെ ദൃശ്യവൽക്കരണമായിരുന്നു. ആദ്യകാല ബംഗാൾ ചിത്രകാരൻമാരിൽ പ്രധാനിയും ദേശീയവാദ പ്രസ്ഥാനങ്ങളോട് കൂറു പുലർത്തുകയും ചെയ്തിരുന്ന അബനീന്ദ്രനാഥ ടാഗോറിന്റെ മുഗൾ മിനിയേച്ചർ പെയിന്റിങ്ങുകളുമായും ശൈലിയുമായുള്ള ബന്ധം ഇന്നു പഠന വിധേയമാണ്. തന്റെ കൈയെത്തും ദൂരത്തിലുള്ള മുഗൾ 'ചരിത്ര'ത്തിൽ നിന്നും കൗശലമാർന്ന തിരഞ്ഞെടുപ്പുകളിലൂടെ ഓറിയന്റൽ പാഠങ്ങൾക്കനുസൃതമായി വരയ്ക്കുകയാണ് അബനീന്ദ്രനാഥ് ചെയ്തത്.6

ഇത്തരത്തിൽ സാഹിത്യത്തിലും ഭാഷയിലും ചരിത്രത്തിലും ചിത്രകലയിലും എല്ലാം കലർന്നുവന്ന പൗരസ്ത്യവാദങ്ങൾ ഒരുവശത്ത്, ബ്രിട്ടീഷ് ലിബറലിസത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ സമുദായത്തെ ശാസ്ത്രയുഗത്തിന് അനുയോജ്യമായ നിലയിൽ പുന:സംവിധാനം ചെയ്യുമെന്ന് അഭിലഷിച്ചവർ മറുവശത്ത്. ആദ്യത്തെ വിഭാഗം രാജ്യത്തെക്കുറിച്ചുള്ള പൊതുവായ അഭിമാനബോധം ഉണർത്തുതിനാണു ശ്രമിച്ചത്. ഇന്ത്യയുടെ പൗരാണികാചാരങ്ങളിന്മേലും സംസ്‌കാരത്തിന്മേലും ബ്രിട്ടൻ കൈവയ്ക്കുകയും വൈദേശിക സംസ്‌കാരം അടിച്ചേൽപ്പിക്കുന്നതിന് ഉദ്യമിക്കുകയും ചെയ്യുന്നുവെന്നായിരുന്നു അവരുടെ ആവലാതി. ഈ ചിന്താധാരയിൽ നിന്നാണു ദേശീയ പ്രസ്ഥാനം രൂപം കൊണ്ടത്.

ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരശക്തിയായി അതു ക്രമേണ രൂപം പ്രാപിക്കുകയും ചെയ്തു. രണ്ടാമത്തെ ധാരയാകട്ടെ സാമൂഹ്യ പരിഷ്‌കർത്താക്കളുടെ ഒരു പരമ്പരയെ തന്നെ ഇന്ത്യയിൽ സൃഷ്ടിച്ചു. അവർ ബ്രിട്ടീഷ് ഭരണത്തെ ഏറക്കുറെ അനുകൂലിക്കുകയാണ് ചെയ്തത്. ബ്രിട്ടന്റെ ഭരണരീതി യാഥാസ്ഥിതികമായ അനാചാരങ്ങളെ നിഷേധിക്കുന്നുവെന്നും ആധുനിക വീക്ഷണത്തിനിണങ്ങിയ വിധം ശാസ്ത്രീയമാണെന്നും അവർ കരുതി. പൗരോഹിത്യത്തിനെതിരേ മനുഷ്യന്റെ മൗലികാവകാശങ്ങളെ ബ്രിട്ടീഷ്ഭരണം ഉയർത്തിപ്പിടിക്കുന്നതായി അവർ കണ്ടു. ഈ രണ്ടു ചിന്താധാരകളും പിൽക്കാലത്തുള്ള സാഹിത്യകാരന്മാർ വിവേചനത്തോടും വിവേചനരഹിതമായും ഏറ്റെടുക്കുന്നത് കാണാൻ കഴിയും. ഈ രണ്ടു ധാരകളും ഒരുപോലെ ഏറ്റെടുത്ത വ്യക്തിയായിരുന്നു ബങ്കിംചന്ദ്ര ചാറ്റർജി.

പൗരസ്ത്യ വാദങ്ങളുടെ ഏറ്റെടുക്കലാണ് വള്ളത്തോൾ രചനകളിൽ നാം കണ്ടത്. 'കാട്ടെലിയുടെ കത്ത്' എന്ന കവിതയിലടങ്ങിയ ആശയം അദ്ദേഹം കടംകൊണ്ടത് ആധുനിക ബംഗാൾ ഭൂമികയിൽ നിന്നാണെന്നു മനസ്സിലാക്കാൻ കഴിയും. കുമാരനാശാനിലാകട്ടെ, ഏറിയതോതിൽ സ്വാധീനം ചെലുത്തിയത് കൊളോണിയൽ ആധുനികതയുടെ മൂല്യങ്ങളായിരുന്നു. ദുരവസ്ഥ എഴുതിയ കുമാരനാശാനിൽ ബ്രിട്ടീഷ് ചരിത്രകാരന്മാർ പ്രചരിപ്പിച്ച മുസ്‌ലിംവിരുദ്ധത കടന്നുകൂടിയതായി ഇ.എം.എസ്. നിരീക്ഷിക്കുന്നുണ്ട്.7

ഹിന്ദു വിരുദ്ധമെന്നു പറയപ്പെടുന്ന ഒരു ലഹളയുടെ നാട്ടിൽ ആക്രമിക്കപ്പെടുന്ന ഒരു നമ്പൂതിരി ജന്മിയുടെ ഭവനത്തിനടുത്തു തന്നെ പുലയജാതിയിൽപ്പെട്ട ഒരു ഹിന്ദു യാതൊരാപച്ഛങ്കയും കൂടാതെ ജീവിക്കുന്നുവെന്നും അവിടെയാണ് ഉന്നതകുല ജാതയായ നായിക അഭയം തേടുന്നതെന്നും നിരീക്ഷിക്കുന്ന ഇ.എം.എസ് ഇതിൽ ലഹളയുടെ ലക്ഷ്യം ഇല്ലങ്ങളായിരുന്നുവെന്നും അതാകട്ടെ ജന്മി വിരുദ്ധതയുടെ ഭാഗമായിരുന്നുവെന്നും കൂട്ടിച്ചേർക്കുന്നു. ആധുനികതയുടെ ഈ മൂല്യങ്ങളോടൊപ്പം തന്നെ പൗരസ്ത്യ ധാരകളും ആശാനിൽ കുടിയേറിയതായി രചനകളിൽ കാണാൻ കഴിയും. അതിന്റെ കാരണം അദ്ദേഹത്തിന്റെ ബംഗാൾ ജീവിത ഘട്ടമാണ്.

1898 മുതൽ 1900 വരെയുള്ള രണ്ടു വർഷം ബംഗാളിൽ നിന്ന് അദ്ദേഹം സ്വാംശീകരിച്ച കാഴ്ചപ്പാടുകളിൽ പൗരസ്ത്യ പാഠങ്ങളുമുണ്ടായിരുന്നു. കുമാരനാശാൻ വിവർത്തനം ചെയ്ത നോവലുകളിലെ ദൈവികമായ പ്രതികാരം പൗരസ്ത്യ പഠനങ്ങളുടെ നിശ്വാസങ്ങളും ശുഭ്രപ്രതീക്ഷയും ഘനീഭവിച്ചതാണ്. മഹാരാഷ്ട്ര ചരിത്രത്തെ മുൻനിർത്തി ഒരു യൂറോപ്യൻ സൈനികോദ്യോഗസ്ഥൻ രചിച്ച താരാ എന്ന വലിയ ആഖ്യായികയുടെ ഒരു ഭാഗത്തിന്റെ സംഗ്രഹമാണിത്. ശിവജിയുടെ അച്ഛനായ ഷാജിയെ ബിജാപൂരിലെ മുഹമ്മദിയ്യാ മഹാരാജാവ് പിടിച്ചു തടവിൽ പാർപ്പിക്കുകയും തുടർന്നു ആക്രമണത്തിനായി വന്ന അദ്ദേഹത്തിന്റെ സൈന്യ നായകനായ അഫ്‌സൽഖാനെ സൗഹാർദ സംഭാഷണത്തിനായി ശിവജി സ്വന്തം സങ്കേതത്തിലേക്കു ക്ഷണിക്കുകയും നിരായുധനായ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയാണെന്ന മട്ടിൽ കെട്ടിപ്പിടിച്ച് ഒളിച്ചുവച്ചിരുന്ന മാരകായുധം കൊണ്ട് മാറു പിളർന്ന് വധിക്കുകയും ചെയ്യുന്നതാണ് ഇതിലെ കഥ.

സുവർണ ഭൂതകാലവും മുസ്‌ലിം ആക്രമണവും സമ്മിശ്രീകരിക്കപ്പെട്ട ഈ ആഖ്യാനം ആശാൻ കണെ്ടടുത്തത് പൗരസ്ത്യ പാഠങ്ങളോടുള്ള അദ്ദേഹത്തിന്റെ വിധേയത്വത്തെ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം വരികൾ മലയാള കാവ്യങ്ങളിൽ മാത്രമല്ല മലയാള നോവലുകളിലേക്കും താമസിയാതെ പടർന്നു പിടിക്കുന്നു. മലയാളത്തിന്റെ ലക്ഷണമൊത്ത നോവലുകളിലൊന്നായി തൊട്ടു കാട്ടപ്പെടുന്ന ഇന്ദുലേഖ രചിക്കപ്പെട്ടപ്പോൾ അതിൽ ഷേർ അലിഖാൻ എന്ന തസ്‌കരനും ക്രൂരനുമായ കഥാപാത്രത്തിന്റെ ആവശ്യകത ഒ. ചന്തുമേനോൻ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ താവഴി ശീലങ്ങളിലൂടെയാണ് മലയാള നോവലിസ്റ്റുകളിൽ മിക്കപേരും യാത്ര ചെയ്തത്.

തൽഫലമായി മുസ്‌ലിം അപരമെന്ന യാഥാർഥ്യം ഇന്ത്യൻ ദേശ സീമക്കുള്ളിൽ പ്രതിഷ്ഠിക്കപ്പെട്ടു. അരിക് ചേർക്കപ്പെട്ട ഈ സ്വത്വങ്ങളുടെ നിലവിളികൾ മലയാള സാഹിത്യത്തിന്റെ പുറമ്പോക്കുകളിൽ അമർന്നു ചേരുന്നു. ആരും കേൾക്കാതെ, ആരും പരിഗണിക്കാതെ.

പരാമർശിത രചനകൾ

1. വാക്കുകളും വസ്തുക്കളും -ബി. രാജീവൻ -ഡി. സി. ബുക്‌സ് -2009, പേജ് -342
2. അതേ പുസ്തകം, പേജ് -344.
3. തായാട്ട് ശങ്കരൻ. ആശാൻ : നവോത്ഥാനത്തിന്റെ കവി. നാഷണൽ ബുക്സ്റ്റാൾ 2000, പേജ്-38
4. സുനിൽ പി. ഇളയിടം. ചരിത്രം- പാഠരൂപങ്ങളും പ്രത്യയശാസ്ത്രങ്ങളും. മാതൃഭൂമി ബുക്‌സ് 2004, പേജ് 58
5. ഇ വി രാമകൃഷ്ണൻ. ദേശീയതകളും സാഹിത്യവും - ഡി സി ബുക്‌സ് 2001, പേജ് 93.
6. ആധുനികത്വത്തിന്റെയും ദേശീയതയുടേയും അശാന്തി നികേതനങ്ങൾ - ലേഖനം.
എസ് സന്തോഷ്. പുസ്തകം . ആഖ്യാനത്തിലെ അപരസ്ഥലികൾ- എഡിറ്റർ: അരുൺ എ സബ്ജക്റ്റ് ആന്റ് ലാംഗ്വേജ് പ്രസ്സ്, കോട്ടയം -2008
7. ഇ.എം.എസ് നമ്പൂതിപ്പാട്- തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ. കേരള സാഹിത്യ അക്കാദമി തൃശൂർ - 1990, പേജ് 99 samadkunnakkavu@gmail.com