സഭയില്‍ ഉറങ്ങിയ എംഎല്‍എയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു ബിബിസി

ജനപ്രീതി നേടുന്ന ശ്രദ്ധേയമായ വിഷയങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ബിബിസിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ബിബിസി ട്രെന്‍ഡിങ്ങിലാണ്" ഉറങ്ങുന്ന രാഷ്ട്രീയക്കാരെ കള്ളം പറയാന്‍ അനുവദിക്കൂ" എന്ന തലക്കെട്ടോടെ വാര്‍ത്ത പുറത്തുവിട്ടത്

സഭയില്‍ ഉറങ്ങിയ എംഎല്‍എയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു ബിബിസി

ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഉറങ്ങിയ എല്‍ദോസ് കുന്നപ്പള്ളിയെ വി ടി ബല്‍റാം വിളിച്ചുണര്‍ത്തുന്ന ചിത്രം കഴിഞ്ഞ ദിവസം നവ മാധ്യമങ്ങളിലെ കടുത്ത ട്രോളുകള്‍ക്ക് ആധാരമായിരുന്നു. എന്നാല്‍ ഈ സംഭവം കേരളം കടന്നു അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടി എന്നതാണ് രസകരമായ വാര്‍ത്ത.

സഭയില്‍ ഉറങ്ങിയ എല്‍ദോസ് കുന്നപ്പള്ളിയുടെയും അദ്ദേഹത്തെ വിളിച്ചുണര്‍ത്തിയ വി ടി ബല്‍റാമിന്‍റെയും ചിത്രം അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിയില്‍ സംപ്രേഷണം ചെയ്തു. ജനപ്രീതി നേടുന്ന ശ്രദ്ധേയമായ വിഷയങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ബിബിസിയുടെ ഓണ്‍ലൈന്‍  പ്ലാറ്റ്ഫോമായ ബിബിസി ട്രെന്‍ഡിങ്ങിലാണ് ഈ സംഭവം പ്രസിദ്ധീകരിച്ചത്. " ഉറങ്ങുന്ന രാഷ്ട്രീയക്കാരെ കള്ളം പറയാന്‍ അനുവദിക്കൂ" എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ട്രോളുകളിലൂടെ വൈറലായ ചിത്രങ്ങളോടെയാണ് ബിബിസി വാര്‍ത്ത. ട്രോളുകള്‍ക്ക് മറുപടിയുമായി വി ടി ബല്‍റാം രംഗത്തെത്തിയിരുന്നു. തലേ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കു ശേഷം ക്ഷീണിതരായി രാവിലെ സഭയില്‍ എത്തിയ എംഎല്‍എമാര്‍ ഇടക്കൊന്നു കണ്ണടക്കുന്നത് മനുഷ്യസഹജമാണ്. കൂടാതെ കുന്നപ്പള്ളി രാവിലെ എത്തിയപ്പോള്‍ തന്നെ തലവേദനയുണ്ടെന്നു സൂചിപ്പിച്ചിരുന്നുവെന്നും രണ്ടു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ അദ്ദേഹം ഒന്ന് കണ്ണടച്ച് പോയതില്‍ ആക്ഷേപിക്കാന്‍ ഒന്നുമില്ല എന്നുമായിരുന്നു വിടി ബല്‍റാമിന്‍റെ വിശദീകരണം. ഈ വിശദീകരണവും ബിബിസി വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ട്ണ്ട്. ഇതാദ്യമായല്ല സഭയില്‍ ഉറങ്ങുന്ന എംഎല്‍എമാരെ ബിബിസി വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. മുന്പ് പിസി ജോര്‍ജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അബ്ദുറബ്, ആര്യാടന്‍ മുഹമ്മദ്, ഷിബു ബേബി ജോണ്‍, എംഎം മണി, തോമസ് ഐസക്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരെയും ബിബിസി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.


Read More >>