ബാങ്ക് ലയനത്തിലെ ആശങ്കകൾ സത്യമാകുന്നു; ആദ്യഘട്ടത്തിൽ താത്ക്കാലിക ജീവനക്കാർക്ക് ജോലി നഷ്ടമാകും

ലയനം പൂർണ്ണമായും കോർപ്പറേറ്റ് താത്പര്യങ്ങളെ സംരക്ഷിക്കാനുള്ളതാണെന്ന ആരോപണം സത്യമാണെന്നാണ് ലയനം പ്രഖ്യാപിച്ച ഉടനെയുള്ള തീരുമാനങ്ങൾ വ്യക്തമാക്കുന്നത്. ലയനതീരുമാനം വന്നതിന് പിന്നാലെ എസ്ബിടിയിലെ താത്ക്കാലിക ജീവനക്കാരനെ പിരിച്ചുവിടാനുള്ള തീരുമാനമാണ് അച്ച് ആർ മാനേജർ എടുത്തിരിക്കുന്നത്.

ബാങ്ക് ലയനത്തിലെ ആശങ്കകൾ സത്യമാകുന്നു; ആദ്യഘട്ടത്തിൽ താത്ക്കാലിക ജീവനക്കാർക്ക് ജോലി നഷ്ടമാകും

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാൻൻകൂർ അടക്കമുള്ള അഞ്ച് അസോയിയേറ്റ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിലെ ആശങ്കകൾ സത്യമാകുന്നു. ലയനം പൂർണ്ണമായും കോർപ്പറേറ്റ് താത്പര്യങ്ങളെ സംരക്ഷിക്കാനുള്ളതാണെന്ന ആരോപണം സത്യമാണെന്നാണ് ലയനം പ്രഖ്യാപിച്ച ഉടനെയുള്ള തീരുമാനങ്ങൾ വ്യക്തമാക്കുന്നത്. ലയനതീരുമാനം വന്നതിന് പിന്നാലെ എസ്ബിടിയിലെ താത്ക്കാലിക ജീവനക്കാരനെ പിരിച്ചുവിടാനുള്ള തീരുമാനമാണ് എച്ച് ആർ മാനേജർ എടുത്തിരിക്കുന്നത്.


ബാങ്കുകളിൽ താത്ക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അങ്ങനെ ജോലി ചെയ്യുന്നുണ്ടെങ്കിൽ പിരിച്ചുവിടണമെന്നുമാണ് നിർദ്ദേശം. ഇതോടെ ആയിരത്തോളം താത്ക്കാലിക ജീവനക്കാർക്കാണ് തൊഴിൽ ഇല്ലാതാകുന്നത്.

ബാങ്ക് എംപ്ലോയ്‌സ് യൂണിയൻ അടക്കമുള്ള തൊഴിലാളി സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നും നാളെയും (ജൂലൈ 12,13) തീയതികളിൽ അഖിലേന്ത്യാ ബാങ്ക് പണി മുടക്ക് നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ പണിമുടക്ക് വിലക്കിയ ഡൽഹി ഹൈക്കോടതി വിധിയെത്തുടർന്ന് തത്ക്കാലം പണിമുടക്ക് പിൻവലിച്ചെങ്കിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം.

ബാങ്ക് ലയനത്തിലൂടെ ലോകത്തിലെ ഒന്നാംകിട ബാങ്കുകളോട് മത്സരിക്കാൻ സാധിക്കുന്ന വലിയ ബാങ്കുകളിലൊന്നായി എസ്ബിഐയെ മാറ്റാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വാദം. എന്നാൽ ബാങ്ക് ലയനത്തിലൂടെ കോർപ്പറേറ്റ് വത്കരണമാണ് മോഡി സർക്കാർ ഉന്നം വെയ്ക്കുന്നതെന്നാണ് ബാങ്ക് തൊഴിലാളി യൂണിയനുകളുടെ വാദം. ലയനതീരുമാനം വന്നതിന് പിന്നാലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനെടുത്ത തീരുമാനം തങ്ങളുടെ വാദത്തെ സാധൂകരിക്കുന്നുണ്ടെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.

വൻ കോർപ്പറേറ്റുകൾക്ക് പൊതുജനങ്ങളുടെ നിക്ഷേപം യഥേഷ്ടം ലഭ്യമാക്കാനുളള ഉദാരീകരണ സാമ്പത്തിക നയത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് സേവ് എസ്ബിടി എന്ന പേരിൽ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തുടങ്ങിയ വെബ്‌സൈറ്റിലെ വാർത്തയിൽ ആരോപിക്കുന്നു.

രാജ്യത്തെ കർഷകർ, ചെറുകിട വ്യവസായികൾ, വ്യാപാരികൾ, സ്വയം തൊഴിൽ സംരംഭകർ, വിദ്യാർഥികൾ, വനിതകൾ എന്നിവർക്ക് താരതമ്യേന ആശ്രയിക്കാവുന്ന ബാങ്കുകളാണ് എസ്ബിഐയിൽ ലയിക്കപ്പെടുന്ന അസോസിയേറ്റ് ബാങ്കുകൾ, മറ്റ് പൊതുമേഖലാ ബാങ്കുകളെക്കൂടി ലയിപ്പിച്ച് വിരലിലെണ്ണാവുന്ന ഏതാനും വമ്പൻ ബാങ്കുകൾ സംഘടിപ്പിക്കുക എന്നത് കോർപ്പറേറ്റ് കൊള്ളയ്ക്ക് അനിവാര്യമാണ്. താരതമ്യേന സുരക്ഷിതവും സുതാര്യവുമായ കൺസോർഷ്യങ്ങളെപ്പോലും കബളിപ്പിച്ച് ആയിരക്കണക്കിന് കോടി രൂപ കൊള്ള നടത്തിയ വിജയ് മല്യയെപ്പോലുളള കോർപ്പറേറ്റ് ഭീമൻമാർക്ക് കൂടുതൽ സുഗമമായ വഴിയൊരുക്കുകയാണ് മോഡിജെയ്റ്റ്‌ലി പ്രഭൃതികളുടെ ലക്ഷ്യമെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.

1945-ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ എസ്ബിടി പിന്നീട് കേന്ദ്രസർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായെങ്കിലും സംസ്ഥാനത്തിന്റെ ബാങ്ക് എന്ന പേര് നിലനിർത്തിയാണ് പ്രവർത്തിച്ചിരുന്നത്. ഇതിനെയാണ് എസ്ബിഐയിൽ ലയിപ്പിക്കാൻ പോകുന്നത്.

രാജ്യമെമ്പാടും വ്യാപിച്ചും കോർ ബാങ്കിംഗ് അടക്കമുള്ള ആധുനിക സമ്പ്രദായങ്ങൾ സ്വാംശീകരിച്ചും ജനകീയ ബാങ്കിംഗ് സേവനസപര്യ തുടരുന്ന ബാങ്കിനെ എസ്ബിഐയിൽ ലയിപ്പിക്കരുതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എംപ്ലോയീസ് യൂണിയൻ കേന്ദ്ര സർക്കാരിന് മെമ്മോറാണ്ടത്തിൽ വ്യക്തമാക്കുന്നു.

പ്രവാസികളടക്കം എല്ലാ മലയാളികളുടേയും പ്രിയപ്പെട്ട എസ്.ബി.ടി. ഏഴു പതിറ്റാണ്ടോളം പ്രോജ്വലമായി നിലകൊള്ളുന്ന എസ്.ബി.ടി.ക്ക് ഇന്ന് രാജ്യവ്യാപകമായി ആയിരത്തിഇരുന്നൂറോളം ശാഖകളും ഒന്നര ലക്ഷം കോടി രൂപയിലധികം ബിസിനസ്സുമുണ്ട്. കേരള സംസ്ഥാനത്തെ ബാങ്കിംഗ് ബിസിനസ്സിന്റെ നാലിലൊന്നു ഭാഗം എസ്.ബി.ടി.യാണ് കൈകാര്യം ചെയ്യുന്നത്. പ്രാദേശിക വികസന പ്രക്രിയയിൽ സംസ്ഥാനത്തിനു പുറത്തും ഗണ്യമായ പങ്കാളിത്തത്തോടെ നിലകൊള്ളുന്ന എസ്.ബി.ടി. കൃഷിക്കാർ, ചെറുകിട വ്യവസായികൾ, വ്യാപാരികൾ, സ്വയം തൊഴിലെടുക്കുന്നവർ തുടങ്ങിയ ജനവിഭാഗങ്ങൾക്ക് വിപുലമായ വായ്പാ സഹായങ്ങൾ നൽകിവരുന്നു. ഭവന-വിദ്യാഭ്യാസ-സ്വർണപണയ വായ്പകൾ നൽകുന്നതിലും സർക്കാർ വായ്പാ പദ്ധതികൾ നടപ്പാക്കുന്നതിലും ഈ ബാങ്ക് മുൻപന്തിയിൽ തന്നെ. ഏറ്റവും കൂടുതൽ കൃഷി - ചെറുകിട വ്യവസായ - വാണിജ്യ - വിദ്യാഭ്യാസ വായ്പകൾ സംസ്ഥാനത്ത് നൽകിയിട്ടുള്ളത് എസ്.ബി.ടി.യാണ്. സംസ്ഥാനത്തെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എസ്.ബി.ടി.യുടെ വായ്പാസഹായങ്ങൾ വളരെയേറെയാണ്. സേവനമേഖലയിൽ ഇത്രയൊക്കെ കാര്യങ്ങൾ ചെയ്യുന്ന എസ്ബിടിഐയെ എസ്ബിഐയിൽ ലയിപ്പിക്കരുതെന്നാണ് മെമ്മോറാണ്ടിലെ ആവശ്യം.

രാജ്യാന്തര കോർപറേറ്റ് ബാങ്കിംഗ് ബിസിനസ് നടത്തുന്ന വൻകിട ബാങ്കുകളാക്കി മാറ്റുവാൻ പൊതുമേഖലാ ബാങ്കുകളെ തമ്മിൽ ലയിപ്പിക്കണമെന്നതാണ് തങ്ങളുടെ നയമെന്ന് കേന്ദ്രഗവണ്മെന്റ്/ബാങ്ക് അധികൃതർ പറയുന്നുണ്ട്. വൻകിട കോർപറേറ്റുകൾക്ക് വിദേശ വിപണികളിൽ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കാൻ ഫണ്ട് വേണം. ഭീമമായ തുക ഇത്തരം കോർപറേറ്റുകൾക്ക് വായ്പകളായി നൽകാൻ ബാങ്കിനെ പ്രാപ്തമാക്കുകയാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു വൻകിട കോർപ്പറേറ്റിന് ഒരു വലിയ വായ്പ നൽകി അത് കിട്ടാക്കടമായി, തിരിച്ചുപിടിക്കാൻ കഴിയാതെ നട്ടം തിരിയുന്ന കാഴ്ച നമ്മുടെ മുമ്പിൽ ഇപ്പോഴുണ്ട്. ഇത്തരം ഭീമൻ വായ്പ കുടിശികയായാലുള്ള അപകടം കുറയ്ക്കാനാണ് (Diversification of Risk) പല ബാങ്കുകൾ ചേർന്നുള്ള കൺസോർഷ്യം വഴി വലിയ വായ്പകൾ കൊടുക്കുന്നത്.

വിവിധ ബാങ്കുകളുടെ ജാഗ്രതയും പരിശോധനയും മേൽനോട്ടവും ഒരേ സമയം ഉറപ്പാക്കാനാവുമെന്നതിനാൽ കൺസോർഷ്യം വായ്പകൾക്ക് കൂടുതൽ സുരക്ഷിതത്വമുണ്ട്, സുതാര്യതയും. ജനകോടികളുടെ വിലപ്പെട്ട സമ്പാദ്യം സുരക്ഷിതമായി വിനിയോഗിക്കേണ്ട ഉത്തരവാദിത്വമുള്ള ബാങ്കുകൾക്ക് ഇത്തരം റിസ്‌ക് കുറയ്ക്കൽ സ്ട്രാറ്റജി അത്യന്താപേക്ഷിതമാണ്. കോർപ്പറേറ്റ് വത്കരണത്തിന് ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമാണ് ലയനമെന്ന് തൊഴിലാളി യൂണിയനുകളും ആരോപിക്കുന്നു.

ശാഖകൾ അടച്ചുപൂട്ടിയും ചെറുകിട ഇടപാടുകാരെ ഒഴിവാക്കിയും സമ്പൂർണ്ണ കോർപ്പറേറ്റ് വത്കരണം തന്നെയാണ് എസ്ബിഐ ലക്ഷ്യമിടുന്നതെന്ന് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ചൂണ്ടിക്കാണിച്ച് തൊഴിലാളികൾ ആരോപിക്കുന്നു. ആഗോള വിപണി ലക്ഷ്യമിടുമ്പോൾ ബാങ്ക് കൂടുതൽ മത്സരക്ഷമമാകേണ്ടതുണ്ട്. അതിനായി ലാഭകരമല്ലാത്ത ബിസ്‌നസുകൾ ഒഴിവാക്കേണ്ടിവരുമെന്നും വിദ്യാഭ്യാസ, കാർഷിക ലോണുകൾ ഇതോടെ പൂർണ്ണമായും ഇല്ലാതാകുമെന്നും തൊഴിലാളികൾ ആശങ്കപ്പെടുന്നു.

Read More >>