യെച്ചൂരിക്ക് തിരിച്ചടി;  വി കെ രാമചന്ദ്രനെ ഉറപ്പിച്ചത് കാരാട്ട് - പിണറായി സഖ്യം

സിപിഎമ്മിലെ ഒന്നാംനിര ധൈഷണികരുടെ സ്നേഹവാൽസല്യമേറ്റും അവരോടു തർക്കിച്ചുമാണ് രാമചന്ദ്രന്റെ വളർച്ച. ആ അനുഭവ സമ്പത്ത് കേരളത്തിന്റെ വികസനാസൂത്രണ രംഗത്ത് ഉപയോഗിക്കാനാണ് പാർട്ടി തീരുമാനം.

യെച്ചൂരിക്ക് തിരിച്ചടി;  വി കെ രാമചന്ദ്രനെ ഉറപ്പിച്ചത് കാരാട്ട് - പിണറായി സഖ്യം

കേരളത്തിലെ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് പ്രഭാത് പട്നായിക്കിനെയും സി പി ചന്ദ്രശേഖരനെയും വെട്ടി വി കെ രാമചന്ദ്രന്റെ പേരു തീരുമാനിക്കുമ്പോൾ പിണറായി വിജയനും പ്രകാശ് കാരാട്ടും കൃത്യമായ സന്ദേശമാണ് നൽകുന്നത്. രാഷ്ട്രീയ നിലപാടുകളിൽ സൈദ്ധാന്തികമായും പ്രായോഗികമായും ഒറ്റക്കെട്ടാണെന്നും അക്കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും ഇല്ലെന്നുമുളള സന്ദേശം. ബംഗാൾ വിഷയത്തിൽ  കാരാട്ട് - പിണറായി വിഭാഗത്തിനൊപ്പമാണ് വി കെ രാമചന്ദ്രൻ. പ്രഭാതും സംഘവും യെച്ചൂരിയ്ക്കൊപ്പവും.


എന്നാൽ ശാസ്ത്രീയ സമീപനം വിട്ടൊരു കളിയുമില്ല രാമചന്ദ്രന്. നിലപാടെടുക്കുമ്പോൾ ശാസ്ത്രമാണ് വഴികാട്ടി. ജൈവകൃഷി, ജനിതക വിള തുടങ്ങിയ വിഷയങ്ങളിൽ പാർടി വേ രാമചന്ദ്രൻ റേ. അതുകൊണ്ടുതന്നെ വളമിടേണ്ട സ്ഥലത്ത് വളമിടണമെന്നും കീടനാശിനി ആവശ്യമെങ്കിൽ അതു തളിക്കണമെന്നുമുള്ള നിലപാട് ഉറക്കെപ്പറയും. ജനിതക വിളകൾ ആരോഗ്യവും പരിസ്ഥിതിയും തകർക്കുമെന്ന നിലപാട് അദ്ദേഹത്തിന് ഇതേവരെ വിശ്വാസവുമായിട്ടില്ല. ജൈവകൃഷിയ്ക്ക് കേരളത്തിൽ സിപിഎം ഏറെ പ്രാധാന്യം നൽകുമ്പോഴാണ്, അതിനോട് ഒട്ടും പ്രതിപത്തിയില്ലാത്ത രാമചന്ദ്രൻ ആസൂത്രണ ബോർഡിന്റെ തലപ്പത്ത് എത്തുന്നത്. മെത്രാൻ കായലിൽ ജൈവകൃഷിക്കിറങ്ങുന്ന കൃഷിമന്ത്രി വി എസ് സുനിൽകുമാറുമായി ഉരസൽ തീർച്ചയായും പ്രതീക്ഷിക്കാം എന്നു സാരം.

പഠിച്ചുറപ്പിച്ചാണ്  തൃശൂർ സ്വദേശി വി കെ രാമചന്ദ്രൻ സിപിഎമ്മായത്. ഇപ്പോഴും പാർട്ടി അംഗം. വിദ്യാർത്ഥിയായിരിക്കുമ്പോൾ കടുത്ത എസ്എഫ്ഐ. സ്ഥാപക കേന്ദ്രകമ്മിറ്റിയിൽ അംഗമായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി എടുത്ത അദ്ദേഹം ഏതാനും നാൾ ഹാവാർഡ് യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ് പ്രൊഫസറായിരുന്നു. ത്രിപുരയിലും ബംഗാളിലും ആസൂത്രണ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരള പഠന കോൺഗ്രസുകളിലെ സജീവസാന്നിധ്യമായും കേരളം രാമചന്ദ്രനെ കണ്ടിട്ടുണ്ട്. നിലവിൽ അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്രകമ്മിറ്റി അംഗമാണദ്ദേഹം.

പി സുന്ദരയ്യയുടെ കണ്ടെത്തലാണ് വി കെ രാമചന്ദ്രൻ. കാരാട്ടിന് പ്രിയമേറുന്നതും അതുകൊണ്ടുതന്നെ. റെയിൽവേ സമരകാലത്ത് എകെജിയുടെ അനൌദ്യോഗിക സെക്രട്ടറിയായും രാമചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. ഇഎംഎസിനും ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. സിപിഎമ്മിലെ ഒന്നാംനിര ധൈഷണികരുടെ സ്നേഹവാൽസല്യമേറ്റും അവരോടു തർക്കിച്ചുമാണ് രാമചന്ദ്രന്റെ വളർച്ച. ആ അനുഭവ സമ്പത്ത് കേരളത്തിന്റെ വികസനാസൂത്രണ രംഗത്ത് ഉപയോഗിക്കാനാണ് പാർടി തീരുമാനം.

Read More >>