കണ്ണൂരുകാരേ... നിരപരാധികളെ കൊന്നുതള്ളുന്നതിൽ എന്തുവീരസ്യം?

കൊല്ലാനിറങ്ങുന്നവർ നേർക്കുനേർ വരാറില്ല. സംഘബലമോ ആയുധമോ കൈവശമില്ലാതെ തീർത്തും നിസഹായനായി നിൽക്കുമ്പോഴാണ് കൊലക്കത്തി കഴുത്തറുക്കുന്നത്. പകരത്തിനു പകരം പിടഞ്ഞു വീഴുന്നതും ഇതുപോലെ മറ്റൊരു നിസഹായൻ.

കണ്ണൂരുകാരേ... നിരപരാധികളെ കൊന്നുതള്ളുന്നതിൽ എന്തുവീരസ്യം?

കാച്ചിത്തേച്ച വടിവാളിന്റെ മുനയും മൂർച്ചയുമുള്ള വാക്കും ശൈലിയും വേണ്ടപ്പോൾ വേണ്ടതുപോലെ പ്രയോഗിക്കാനറിയില്ലെങ്കിൽ കണ്ണൂർ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പാടാണ്. ഓർക്കാപ്പുറത്തുള്ള അക്രമങ്ങളുടെ എത്രയോ മടങ്ങാണ് പ്രതിഷേധ യോഗങ്ങളിലെ ആലോചിച്ചുറപ്പിച്ച വാക്കുകളുടെ പ്രഹരശേഷി. അതുകൊണ്ട് കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗത്തെ ഇഴകീറി ചർച്ച ചെയ്യേണ്ട കാര്യമൊന്നുമില്ല. അവിടെ അങ്ങനെയാണ് ഭായ്. ഇതുപോലുളള യോഗങ്ങളിൽ ഇങ്ങനെ പ്രസംഗിച്ചില്ലെങ്കിൽ കോടിയേരിയെന്നല്ല, ആരെയും മനസിൽ നിന്ന് പടിയിറക്കുന്നവരാണ് കണ്ണൂരിലെ അണികൾ. പാർടി ഏതായാലും.


മൈക്കിലേയ്ക്കു വെടിമരുന്നു തുപ്പുന്നവർ സിപിഎമ്മിൽ മാത്രമല്ല. ബിജെപിയ്ക്കും കോൺഗ്രസിനുമൊക്കെ അത്തരം പ്രസംഗകരുണ്ട്. പാടത്തെ പണിയ്ക്ക് വരമ്പിൽ പലിശ സഹിതം കൂലിയെന്ന വെല്ലുവിളി കോടിയേരിയും സിപിഎമ്മും ആദ്യമായല്ല നടത്തുന്നത്. വേണ്ടിവന്നാൽ തങ്ങൾ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്ന് പരസ്യമായി പ്രസംഗിച്ച ശേഷമാണ് അദ്ദേഹം കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായത്. ഇത്തരം വെല്ലുവിളികളാൽ മുഖരിതമാണ് മിക്കവാറും എല്ലാ പാർടികളുടെയും പ്രതിഷേധ യോഗങ്ങൾ. ബൾബുകൾ എറിഞ്ഞുടയ്ക്കുന്നതിലല്ല, ട്രാൻസ്ഫോമറുകൾ തകർക്കാനാണ് തങ്ങൾക്കു താൽപര്യം എന്ന് പണ്ടൊരിക്കൽ സിപിഎമ്മുകാരെ വെല്ലുവിളിച്ചത് ഒ കെ വാസുവാണ്. സിപിഎമ്മിലെ ട്രാൻസ്ഫോമറുകളാണ് ഇപ്പോഴദ്ദേഹത്തിന് കാറ്റും വെളിച്ചവും അനുഗ്രഹിക്കുന്നത്. ഒഴുകിപ്പരന്ന ആരുടെയൊക്കെയോ ചോര കട്ടപിടിച്ചു കരുവാളിച്ചപ്പോൾ ചരിത്രം അങ്ങനെ മാറി.

കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്ന കാലത്ത് എന്തിനും പോന്ന ഒരു സംഘമുണ്ടായിരുന്നു കെ സുധാകരന്. സുധാകരന് എന്തെങ്കിലും സംഭവിച്ചാൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ശവം വീഴ്ത്തിയേ വിശ്രമിക്കൂവെന്ന് കണ്ണൂർ സ്റ്റേഡിയത്തിന്റെ കോണിലെ എരിയുന്ന തീജ്വാലയിൽ കൈവച്ചു കൂട്ടപ്രതിജ്ഞ ചെയ്തവർ. കാലത്തിന്റെ തെയ്യം കളി അവരെയും അപ്രത്യക്ഷരാക്കി. ഇപ്പോഴങ്ങനെയൊരു സംഘം സുധാകരനൊപ്പമില്ല.

കോൺഗ്രസ് കളമൊഴിഞ്ഞു. നേർക്കുനേർ പോര് സിപിഎമ്മും ബിജെപിയും തമ്മിലായി. പക്ഷേ, കൊല്ലാനിറങ്ങുന്നവർ അങ്ങനെ നേർക്കുനേർ വരാറില്ല. സംഘബലമോ ആയുധമോ കൈവശമില്ലാതെ തീർത്തും നിസഹായനായി നിൽക്കുമ്പോഴാണ് കൊലക്കത്തി കഴുത്തറുക്കുന്നത്. പകരത്തിനു പകരം പിടഞ്ഞു വീഴുന്നതും ഇതുപോലെ മറ്റൊരു നിസഹായൻ.

കോടിയേരിയുടെ പയ്യന്നൂർ പ്രസംഗം പ്രസക്തമാകുന്നത് ഇവിടെയാണ്. ആക്രമിക്കാൻ വരുന്നവരോടു കണക്കുതീർക്കണം എന്നു കൃത്യമായിത്തന്നെയാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ധനരാജിന്റെ കൊലപാതകത്തിന് പകരമായി രാമചന്ദ്രനെ കൊന്നതിലുള്ള പശ്ചാത്താപം വേണമെങ്കിൽ വായിച്ചെടുക്കാം.

കൊലപാതകങ്ങൾ എണ്ണം തികയ്ക്കാനുള്ള ആഘോഷമായി മാറിയത് അടുത്ത കാലത്താണ്. പണ്ട് അങ്ങനെയായിരുന്നില്ല. കൃത്യങ്ങളിൽ പങ്കെടുക്കുന്നവരെയും ആസൂത്രകരെന്ന് സംശയിക്കുന്നവരെയുമാണ് ഏറെക്കാലത്തെ കൂട്ടലിനും കിഴിക്കലിനും ശേഷം കൊന്നു തള്ളിയിരുന്നത്. പാടത്തെ പണിയ്ക്ക് കാലങ്ങൾക്കു ശേഷം വരമ്പത്തു കിട്ടിയ കൂലിയാണെന്ന് കൊല്ലപ്പെടുന്നവരുടെ ബന്ധുക്കൾക്ക് ആശ്വസിക്കാൻ വകയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു കണ്ണൂരിന്. പക്ഷേ, പിന്നീടത് ആരെയെങ്കിലും കൊന്ന് സ്കോർ തികച്ചാൽ മതിയെന്നായി. ഉദാഹരണത്തിന് ചിറ്റാരപ്പറമ്പത്തു പണിയെടുത്താൽ കൂലി കിട്ടുന്നത് പാനൂരിലായിരിക്കും. ചിലപ്പോൾ തിരിച്ചും.

ആ പതിവ് അവസാനിപ്പിക്കാനാണ് കോടിയേരി ആഹ്വാനം ചെയ്തത്. ബിജെപിക്കാർക്കും അതു ചെവിക്കൊള്ളാവുന്നതേയുളളൂ. അങ്കം വാളെടുത്തവർ തമ്മിലാകണം. ഏതു ഭാഗത്തായാലും നിസഹായനായ നിരപരാധിയുടെ തലവെട്ടുന്നതിൽ വലിയ വീരസ്യമൊന്നുമില്ല.

ഇനിയൊരാളെ കൊല്ലുന്നെങ്കിൽ, അതൊരു നിരപരാധിയെ ആകരുത് എന്നെങ്കിലും തീരുമാനിച്ചുകൂടേ, രണ്ടുകൂട്ടർക്കും?

Read More >>