ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമുള്ളതല്ല, ആനന്ദിപ്പിക്കാന്‍ കൂടിയുള്ളതാണ്

ഫുട്ബോള്‍ കളിക്കാന്‍ മാത്രമുള്ളതല്ല, ജയിക്കാന്‍ വേണ്ടി മാത്രം വികസിപ്പിച്ച പന്തയവുമല്ല, ആനന്ദിപ്പിക്കാന്‍ കൂടെയുള്ളതാകണമെന്നു കളിക്കാര്‍ മറന്നു പോയിരിക്കുന്നു.

ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമുള്ളതല്ല, ആനന്ദിപ്പിക്കാന്‍ കൂടിയുള്ളതാണ്

സുഹൈൽ അഹ്മദ്

ഈ കളിക്കിതു എന്തുപറ്റി. തലയില്‍ കൈ വച്ച് ഫുട്ബോള്‍ ലോകം ചോദിച്ചു കൊണ്ടേയിരിക്കുകയാണ്. ഗ്യാലറിയില്‍ നിന്നുമുയരുന്ന ആരവത്തിനനുസരിച്ചാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങല്‍ കാല്‍പന്തിനു പിന്നാലെ പായുന്നതെങ്കില്‍ കൂട്ടിയും കിഴിച്ചും ഉണ്ടാക്കിയ കണക്കിലെ നയതന്ത്രമാണ് യുറോപ്പിലെ കളിക്കൂട്ട്.

ഒരേസമയം യുറോയും കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്‍റും ഒരുമിച്ചു വന്നത് കളിയുടെ ഇരുവശങ്ങളേയും കാണിച്ചു തന്നു. എല്ലാ സ്ട്രൈക്കര്‍മാരുടെയും കാലുകള്‍ ഗോളിനെ ഗര്‍ഭം ധരിച്ചിരിക്കുന്നതാണ് എന്നതില്‍ സംശയമില്ല, എന്നാല്‍ ഇത്തവണ കോപ്പയില്‍ പിറന്നു വീണ 91 ഗോളുകള്‍ 31 കളികളില്‍ നിന്നാണ്. അതേസമയം 48 കളികള്‍ യൂറോയില്‍ അവസാനിച്ചപ്പോള്‍ 103 ഗോളുകള്‍ മാത്രമാണ് പിറന്നത്. ഫുട്ബോള്‍ കളിക്കാന്‍ മാത്രമുള്ളതല്ല, ജയിക്കാന്‍ വേണ്ടി മാത്രം വികസിപ്പിച്ച പന്തയവുമല്ല, ആനന്ദിപ്പിക്കാന്‍ കൂടെയുള്ളതാകണമെന്നു കളിക്കാര്‍ മറന്നു പോയിരിക്കുന്നു. പരിശീലകര്‍ അവരെ ഓര്‍മ്മിപ്പിക്കാനും മറന്നിരിക്കുന്നു. പ്രതിരോധത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കി 4 - 5 - 1 കേളീശൈലിയില്‍ ടീമുകളെ പരിശീലകര്‍ പന്തിനു പിന്നാലെ വിട്ടപ്പോള്‍ ഫുട്ബോള്‍ മറ്റെന്തോ ആയി മാറുകയായിരുന്നു.


സ്പെയിനിന്‍റെ ടിക്കി ടാക്കാ, ഇറ്റലിയുടെ ടിക്കി ടാസ, അസൂറികളുടെ തന്നെ പഴയ പ്രതിരോധ ശൈലി, ഡച്ചുകരുടെ ടോട്ടല്‍ ഫുട്ബോള്‍, പിന്നെ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കളിക്കുന്ന പോര്‍ച്ചുഗല്‍ - കടലാസില്‍ കളിയെഴുത്തുകാര്‍ പേരിട്ടെഴുതിയ കേളീ ശൈലികള്‍ ഫലപ്രദമാവാതെ വരുന്നത് എന്തു കൊണ്ടാണ്? ഡച്ചുകാര്‍ ഇത്തവണത്തെ യുറോ കളിച്ചില്ലെങ്കിലും അവരും നേരിടേണ്ടി വന്നേനെ ഇത്തരം പ്രശ്നങ്ങള്‍.

argentinaചോദ്യങ്ങളുടെ പട്ടിക നീളും മുന്നേ ഉത്തരങ്ങളുടെ വേഗം കൂട്ടുന്നതാവും ഉചിതം. യുവേഫാ സെക്രട്ടറി ജനറലായിരുന്ന ജിയാനി ഇന്‍ഫന്‍റിനോയുടെ ഫുട്ബോള്‍ പോലെയുള്ള കഷണ്ടിത്തലയില്‍ നിന്നാണ് ഉത്തരങ്ങള്‍ മുളച്ചു തുടങ്ങേണ്ടത്. സാമ്പത്തിക നേട്ടവും ജനപ്രീതിയും ലക്ഷ്യമിട്ടു ടീമുകളുടെ എണ്ണം 24 ആയി ഉയര്‍ത്തി അദ്ദേഹം, ഇത് യൂറോപ്പിലെ അത്ര പ്രശസ്തമല്ലാത്ത രാജ്യങ്ങള്‍ക്കു പോലും യുറോയിലേക്കു അവസരമൊരുക്കി. ഐസ് ലന്‍ഡ് ആണ് ഇതില്‍ ഏറ്റവും നല്ല ഉദാഹരണം. ആ കുഞ്ഞന്‍ രാജ്യം സാമ്പത്തിക പരാധീനതകളാല്‍ പ്രായാസപ്പെടുമ്പോഴായിരുന്നു, യുറോ ടിക്കറ്റ് കിട്ടിയത്. രാജ്യത്തെ എണ്‍പതു ശതമാനം പേരും കളികാണാന്‍ ഫ്രാന്‍സിലേക്കു വിമാനം കയറുകയുണ്ടായി.
നിലവില്‍ പ്ലാറ്റിനിയുടെ പുറത്താവലോടെ ഫിഫ പ്രസിഡന്‍റായ ജിയാനി ഇന്‍ഫന്‍റിനോക്കു ഫിഫയുമായി സൗന്ദര്യപ്പിണക്കം തുടരുന്ന രാജ്യങ്ങളുടെ പിന്തുണ നേടുക എന്നതും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. പക്ഷേ ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് മതിലകത്തെ കളിയാക്കി ഫുട്ബോളിനെ മാറ്റിയതെന്നും വീണ്ടും ചോദ്യമുയര്‍ത്തുകയാണ്.

ടീമുകള്‍ മതില്‍ കെട്ടി കളിച്ചാല്‍ ഗോള്‍ മുഖത്തേക്ക് എങ്ങനെ നിറയൊഴിക്കും എന്നു പറഞ്ഞതു ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയറാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ വെറും മൂന്നു ഗോളുകൾ മാത്രമാണ് ജര്‍മനി അടിച്ചത് എന്നു വിമര്‍ശനം കൊടിമ്പിരി കൊണ്ടിരിക്കുമ്പോഴായിരുന്നു നോയര്‍ ഇങ്ങനെ പ്രതികരിച്ചത്. അതിജീവനത്തിനായി ചെറു ടീമുകള്‍ നെഗറ്റീവ് ഫുട്ബോള്‍ കളിച്ചപ്പോള്‍ അതൊരുതരം മതിലിനകത്തെ കളിപോലെയായി മാറി. കയ്യില്‍ പന്തില്ലെങ്കിലും എതിര്‍ ടീമിന്‍റെ മുന്നേറ്റത്തിനു ഇടം നല്‍കാതെയുള്ള പ്രതിരോധ തന്ത്രം.

കളിക്കാരെ മാര്‍ക്ക് ചെയ്യാതെ മുന്നേറ്റ നിരക്കാരന്‍ പന്തുമായി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളെ മാര്‍ക്ക് ചെയ്യുന്ന രീതി. ഫുട്ബോളിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ മാന്‍ ടു മാന്‍ മാര്‍ക്കിങ്ങില്‍ നിന്നു സ്പേസ് മാര്‍ക്കിങ്ങിലേക്കുള്ള ചുവടുമാറ്റം. പന്തിന്മേല്‍ ഉള്ള ആധിപത്യം (ബോള്‍ പൊസഷന്‍) എതിരാളിക്കു വിട്ടുകൊടുത്ത് കളിവികസിപ്പിക്കാനുള്ള സ്ഥലം കൊടുക്കാത്ത യുദ്ധ തന്ത്രം. പ്രാഥമിക റൗണ്ടില്‍ ഉണ്ടായ ഗോളുകളുടെ കുറവും ചെറു ടീമുകളുടെ മികച്ച പ്രകടനവും ഈ ശൈലി വിജയകരമായിരുന്നു എന്നതിനു വിസിലൂതുന്നു.

france--romaniaഫ്രാന്‍സിനെ റുമാനിയ ഉദ്ഘാടന മത്സരത്തില്‍ വെള്ളം കുടിപ്പിച്ചതുമുതല്‍ നെഗറ്റീവ് ഗെയിം പ്ലാന്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഭാവനാ സമ്പന്നമായ മുന്നേറ്റങ്ങള്‍ക്കു അവസരമൊരുക്കാന്‍ പോള്‍ പോഗ്ബ നേതൃത്വം നല്‍കുന്ന മധ്യനിരയ്ക്കു കഴിയാതെ പോയത് റുമാനിയ സ്പേസ് അനുവദിക്കുന്നതില്‍ കാണിച്ച പിശുക്കായിരുന്നു. ഇക്കാരണത്താല്‍ തന്നെ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവന്നു ഫ്രാന്‍സിനു വിജയം നുണയാന്‍. 61 ശതമാനം പന്തടക്കമുണ്ടായിരുന്ന (ബോള്‍ പെസഷന്‍) ഫ്രാന്‍സ് 14 ഷോട്ടുകള്‍ എതിര്‍മുഖത്തു ഉതിര്‍ത്തപ്പോള്‍ കേവലം39 ശതമാനം മാത്രം പന്തടക്കമുണ്ടായിരുന്ന റുമാനിയ ഫ്രാന്‍സ് ഗോള്‍ മുഖത്തേക്കും 10 ഷോട്ടുകള്‍ ഉതിര്‍ത്തു എന്നു മനസ്സിലാക്കുമ്പോഴാണ് ഈ യൂറോയിലെ പിന്തിരിപ്പൻ കളി എത്രത്തോളം വിജയകരമായിരുന്നു എന്നു വ്യക്തമാവുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അല്‍ബേനിയക്കെതിരെയും റുമാനിയ ഈ തന്ത്രം പുറത്തെടുത്തപ്പോള്‍ ഫലം സമനിലയുടെ രൂപത്തില്‍ റുമാനിയയ്ക്ക് മധുരവും നല്‍കി.

റഷ്യ സ്ലോവാക്യ മത്സരത്തില്‍ 39 ശതമാനം മാത്രം പന്തിന്മേല്‍ നിയന്ത്രണമുണ്ടായിരുന്നിട്ടും സ്ലോവാക്യ 2-1 നു ജയിച്ചു. വെയില്‍സിനെതിരെ ഇംഗ്ലണ്ടിനു 66 ശതമാനം ബോള്‍ പൊസഷന്‍ ഉണ്ടായിട്ടും ആദ്യം ഗോള്‍ സ്കോര്‍ ചെയ്തത് വെയ്ല്‍സ് ആയിരുന്നു. അവസാന സമയത്തു ഭാഗ്യം കൊണ്ടു മാത്രമാണ് അവര്‍ വിജയിച്ചതും. ഗ്രൂപ്പ് സി യില്‍ ജര്‍മനിയും ഗ്രൂപ്പ് ഡി യില്‍ സ്പെയിനും എതിരാളികളുടെ നെഗറ്റീവ് ഗെയിം മൂലം വിഷമിച്ചവരാണ്.

ഈ തന്ത്രത്തിന്‍റെ ചൂട് ശരിക്കും അറിഞ്ഞതു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലുമായിരുന്നു. തങ്ങളുടെ നൈസര്‍ഗികമായ കളിപുറത്തെടുക്കാന്‍ ഹംഗറി ഓസ്ട്രി ഐസ്ലന്‍ഡ് ടീമുകള്‍ അനുവദിച്ചില്ല. എതിര്‍ ടീമിന്‍റെ ഗോള്‍ മുഖത്തുവരെ സുന്ദരമായി കളിച്ചെത്തിയ ടീമിന് അവിടുന്നങ്ങോട്ടു പന്തു തട്ടാന്‍ സ്ഥലമില്ലാത്ത അവസ്ഥയായി. ഇക്കാരണത്താല്‍ പിന്നീട് കൂടുതല്‍ ലോങ് റേഞ്ച് ഷോട്ടുകള്‍ പരീക്ഷിക്കാന്‍ ക്രിസ്റ്റ്യാനോ നിര്‍ബന്ധിതനായതും ഈ യൂറോയില്‍ കാണാന്‍ കഴിഞ്ഞു.

വേഗമേറിയ പ്രത്യാക്രമണം ചെറു ടീമുകള്‍ പതിവായി പരീക്ഷിച്ചപ്പോള്‍ ക്രോസുകളും ലോങ് ബോളുകളും മാത്രമായി 22 പേര്‍ ഫുട്ബോള്‍ കളിച്ചൊപ്പിച്ചു. പല മത്സരങ്ങളിലും പ്ലേമേക്കര്‍മാരില്ലാത്ത അവസ്ഥ ഉണ്ടായി. ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്ന്‍, സ്വീഡന്‍റെ ഇബ്രാഹോമോവിച്ച് , പോളണ്ടിന്‍റെ ലെവന്‍ഡോവ്സകി തുടങ്ങിയ ക്ലീനിക്കൽ ഫിനിഷര്‍മാര്‍ പോലും കാഴ്ചക്കാരായി മാറും വിധം പ്രതിരോധ ഗെയിം കളം വാണു. ഇതെന്തു കളിയെന്നു തലയില്‍ കൈ വച്ചു ഗ്യാലറിയില്‍ കാണികളും അന്തം വിട്ടു നിന്നു.

Read More >>