ആറന്മുള വള്ളസദ്യ; രുചിവൈവിദ്ധ്യങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച മലയാള നാടിന്റെ സ്വകാര്യ അഹങ്കാരം

അമ്പലപ്പുഴ എന്ന കേട്ടാലുടൻ പാൽപ്പായസമെന്ന് വെള്ളമൂറുന്ന കൊതിക്കൂട്ടിലേക്ക് ആ സ്ഥലം കയറിപ്പറ്റിയതുപോലെ മുപ്പത്തിയാറ് വിഭവങ്ങളുടെ മഹോത്സവം തീർത്താണ് ആറന്മുള വള്ളസദ്യ മലയാളനാടിന്റെ സാംസ്‌കാരിക ബിംബങ്ങളിലേക്ക് നടന്നുകയറിയത്.

ആറന്മുള വള്ളസദ്യ; രുചിവൈവിദ്ധ്യങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച മലയാള നാടിന്റെ സ്വകാര്യ അഹങ്കാരം

സാംസ്‌കാരികപരമായി കേരളത്തെ അടയാളപ്പെടുത്തിയ ഒരു സ്ഥലനാമമാണ് ആറന്മുള. മധ്യതിരുവിതാംകൂറിന്റെ തനതു സംസ്‌കാരത്തെ കേരളീയതയോട് ചേർത്തുവെച്ചയിടം. ആറന്മുള കണ്ണാടിയും ആറന്മുള പൊന്നമ്മയും ഉണ്ടാക്കിയെടുത്ത പേരും പെരുമയും നിലനിർത്തുന്ന മറ്റൊരു ചടങ്ങുണ്ട് ആറന്മുളക്കാർക്ക് സ്വന്തമായി. അതാണ് വള്ളസദ്യ, മധ്യതിരുവിതാംകൂറിന്റെ സ്വന്തം രുചിപ്പെരുമ.

ആറന്മുളയിലെ സാംസ്‌കാരിക പെരുമകളെക്കുറിച്ച് വാതോരാതെ പറയാനുണ്ട്. ഐതീഹ്യത്തിലും ചരിത്രത്തിലുമായി ചിതറി കിടക്കുന്നതാണ് ആറന്മുളയുടെ പ്രൗഢിയും ഗാംഭീര്യവും.ആറന്മുളക്ഷേത്രം, പമ്പാനദി, പള്ളിയോടങ്ങൾ, വള്ളംകളി, ആന്മുളക്കണ്ണാടി അങ്ങനെയങ്ങനെ. ഈ പെരുമകൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ഒന്നാണ്, ആറന്മുള വള്ളസദ്യ. മധ്യതിരുവിതാംകൂറിന്റെ രുചിയുടെ ഉത്സവമാണത്. രുചിപ്പെരുമയും പങ്കെടുക്കുന്നവരുടെ പെരുമഴയും കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ആറന്മുളയുടെ സ്വകാര്യ അഹങ്കാരം.

അമ്പലപ്പുഴ എന്ന കേട്ടാലുടൻ പാൽപ്പായസമെന്ന് വെള്ളമൂറുന്ന കൊതിക്കൂട്ടിലേക്ക് ആ സ്ഥലം കയറിപ്പറ്റിയതുപോലെ മുപ്പത്തിയാറ് വിഭവങ്ങളുടെ മഹോത്സവം തീർത്താണ് ആറന്മുള വള്ളസദ്യ മലയാളനാടിന്റെ സാംസ്‌കാരിക ബിംബങ്ങളിലേക്ക് നടന്നുകയറിയത്. കൃഷ്ണ ഭഗവാന്റെ ജന്മനാൾ എന്നു വിശ്വസിക്കപ്പെടുന്ന അഷ്ടമി രോഹിണി നാളിലാണ് ആന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ള സദ്യ നടക്കുക. പ്രധാന സദ്യ അഷ്ടമി രോഹിണി ദിനത്തിലാണെങ്കിലും കഴിഞ്ഞ വർഷം വരെ ചിങ്ങമാസം ഒന്നു മുതൽ മിക്ക ദിവസങ്ങളിലും ഭക്തരുടെ വഴിപാടായി വള്ളസദ്യ നടത്തി പോന്നിരുന്നു. എന്നാൽ വർദ്ധിച്ചു വരുന്ന തിരക്ക് പരിഗണിച്ച് ഈ വർഷം മിഥുന മാസത്തിന്റെ അവസാനം മുതൽ വള്ളസദ്യ നടത്തുവാനാണ് ക്ഷേത്ര തീരുമാനം. അതിൻപ്രകാരം ഈ വർഷത്തെ വള്ളസദ്യ ആരംഭിച്ച് കഴിഞ്ഞു.

സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഈ രുചി മഹോത്സവത്തിൽ പങ്കെടുക്കാൻ ഈ വർഷം രണ്ട് ലക്ഷത്തിനു മുകളിൽ ജനങ്ങൾ ആറന്മുളയിലെത്തുമെന്നാണ് സൂചന. ആറന്മുളയുടെ ചരിത്ര പൈതൃകം വിളിച്ചോതുന്ന വള്ളംകളി, ആറന്മുളക്കണ്ണാടി തുടങ്ങിയവയെപ്പോലെ വള്ളസദ്യയും ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതും നൂറ്റാണ്ടുകളായി ആഘോഷിച്ചു വരുന്നതുമായ ആചാരങ്ങളുടെ ഭാഗമാണ്. ചടങ്ങുകളുടെ അകമ്പടിയോടെ വള്ളസദ്യയുണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം. പമ്പാനദിയുടെ തീരത്തുള്ള കരകൾക്കും അതതു കരകൾക്ക് സ്വന്തമായുള്ള പള്ളിയോടങ്ങൾക്കുമാണ് വള്ളസദ്യയൊരുക്കപ്പെടുന്നത്. ഇന്നും വലിയ വ്യത്യാസമില്ലാതെ പാരമ്പര്യ രീതിയിൽ തുടർന്നുവരുന്ന ചടങ്ങുകൾക്കൊപ്പം വള്ളപ്പാട്ടിന്റെ അകമ്പടിയോടെ സദ്യയുണ്ണാൻ ദിനംപ്രതി ആയിരങ്ങൾ ആറന്മുളയിലേക്ക് ഒഴുകിയെത്തും.

ചടങ്ങുകൾ

വള്ളസദ്യ മഹോത്സവത്തിലെ പ്രധാന സദ്യ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി നാളിലാണ്. വിപുലമായ ചടങ്ങുകളാണ് അന്നേ ദിവസം ആറന്മുള ക്ഷേത്രത്തിൽ നടക്കുന്നത്. അതിരാവിലെയുള്ള നിർമാല്യ ദർശനത്തിനുശേഷം പാർത്ഥസാരഥിയെ ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ചു കുളിപ്പിക്കുകയാണ് ആദ്യ ചടങ്ങ്. ആറന്മുള ക്ഷേത്രത്തിലും, മൂർത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലർച്ചെ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്യും. ഉത്രട്ടാതി വള്ളം കളിയിൽ പങ്കെടുക്കുന്ന പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെ മധുക്കടവിലേത്തും. കടവിൽ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികൾ ദക്ഷിണ നൽകി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുടർന്ന് തുഴകളുമായി അവർ ക്ഷേത്രത്തിന് വലംവച്ച് കിഴക്കെ നടയിലെത്തുകയും ചെയ്യും.

Valla-Sadhya_3കൊടിമരച്ചുവട്ടിൽ നിറപറകളും നിലവിളക്കുകളും ഒരുക്കി പതിനൊന്ന് മണിക്കുള്ള ഉച്ചപ്പൂജക്ക് ശേഷം തമ്പുരാന്റെ തിരുമുമ്പിൽ തൂശനിലയിൽ സദ്യ വിളമ്പി സമർപ്പിക്കുന്നതോടെ കേൾവികേട്ട ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് തുടക്കമാകും. അതിനിടയിൽ തന്നെ ക്ഷേത്ര മതിലകം ഭക്തരെക്കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. തുടർന്ന് ഭക്തർക്ക് സദ്യവിളമ്പും. ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, പച്ചടി, കിച്ചടി, നാരങ്ങ, കാളൻ, ഓലൻ, ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയൽ, സാമ്പാർ, വറുത്ത എരിശ്ശേരി, രസം, ഉറത്തൈര്, മോര്, പ്രഥമൻ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കൽക്കണ്ടം, ശർക്കര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരൻ, തേൻ, തകരത്തോരൻ, നെല്ലിക്ക അച്ചാർ, ഇഞ്ചിത്തൈര്, മടന്തയിലത്തോരൻ, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്. ചുക്കുവെള്ളം, എന്നു തുടങ്ങി മുപ്പത്താറോളം വിവിധ വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്.

സസ്യാഹാരങ്ങൾ മാത്രം അടങ്ങുന്ന വിഭവ സമൃദ്ധമായ ഊണ് ആണ് ആറന്മുള വള്ള സദ്യയുടെ പ്രത്യേകത. രുചികളിലെ നാനാ തരങ്ങൾ ഈ സമ്പൂർണ്ണ സദ്യയിലടങ്ങിയിരിക്കും. ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി കറികളായി ആറന്മുള വള്ള സദ്യയിൽ ഉപയോഗിക്കാറില്ല, എന്നാൽ പണ്ട് പതിവില്ലാതിരുന്ന കാരറ്റ്, കൈതച്ചക്ക, പയർ ഇവകൊണ്ടുള്ള വിഭവങ്ങൾ ഇന്ന് വിളമ്പുന്നുണ്ട്. അഷ്ടമി രോഹിണി നാളിൽ ആറന്മുള ക്ഷേത്ര മതിൽകെട്ടിനുള്ളിൽ വെറും മണൽപ്പുറത്തു പാവപ്പെട്ടവനും പണക്കാരനും പണ്ഡിതനും പാമരനും വ്യത്യാസമില്ലാതെ വള്ളസദ്യയുണ്ണുവാനിരിക്കും. നിലത്ത് ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ആറന്മുള വള്ള സദ്യയുണ്ണുന്നത്.

വള്ളസദ്യ; ക്രമവും ചിട്ടവട്ടങ്ങളും

വള്ളസദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും ക്രമവും ചിട്ടകളും പ്രധാനമാണ്. കേരളത്തിൽ നിലവിലുള്ള മറ്റ് എല്ലാ സദ്യകളേയും പോലെ ആറന്മുള വള്ള സദ്യയ്ക്കും ഇലയിടുന്നത് ഇലയുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കും വരുന്നത്. മാത്രമല്ല സദ്യയിൽ ഓരോ കറിക്കും ഇലയിൽ അതിന്റേതായ സ്ഥാനം പറഞ്ഞിട്ടുണ്ട്. വള്ളസദ്യയിൽ കറികളെ മൂന്നായി തിരിച്ചിരിക്കുന്നു. തൊട്ടുകൂട്ടുന്ന കറികൾ (തൊടുകറികൾ), കൂട്ടുകറികൾ, ചാറുകറികൾ എന്നിവയാണവ. കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് സദ്യയിൽ ആദ്യം വിളമ്പുന്നത്. നാക്കിലയുടെ ഇടത്ത് ഭാഗത്താണ് ഇവയുടെ സ്ഥാനം. തൊട്ടു പിന്നാലെ ഇഞ്ചിപ്പുളി ഉൾപ്പെടെയുള്ള അച്ചാറുകൾ വിളമ്പും. ഇവയുടെ സ്ഥാനം എപ്പോഴും ഇലയുടെ ഇടത്തേ മൂലയിലാണ്. ഇവ തൊട്ട്കൂട്ടൽ ഇനമായിട്ടാണ് സദ്യയിൽ കണക്കുകൂട്ടുന്നത്. ഇലയുടെ മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികളായ അവിയൽ, തോരൻ, കാളൻ, തുടങ്ങിയവ വിളമ്പും. പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. വള്ളസദ്യയുടെ മറ്റൊരു പ്രധാന ഇടമാണ് പർപ്പടകം. അതും വലിയ പർപ്പടകവും ചെറിയ പർപ്പടകവും ഉണ്ടായാലെ സദ്യ കേമമാവുകയുള്ളു എന്നാണ് വെയ്പ്പ്.

Valla-Sadhya_2കൂട്ടു കറികൾ എല്ലാം വിളമ്പിയാതിനു ശേഷം ആളുകൾ ഇരിക്കും. ശേഷം ചോറു വിളമ്പുന്നു. ചാറുകറികളായ നെയ് ചേർത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാർ തുടങ്ങിയവ ചോറിലാണ് ഒഴിക്കുന്നത്. വിളമ്പുന്ന ചോറ് ഇലയിൽ നേർ പകുതിയാക്കണമെന്നാണ് രീതി. വലത്തെ പകുതിയിൽ പരിപ്പ് ഒഴിച്ച് പപ്പിടവുമായി ചേർത്ത് കഴിക്കും. അതിനുശേഷം അടുത്ത പകുതിയിൽ സാമ്പാറ് വിളമ്പി അതു കഴിക്കും. സാമ്പാറിനു ശേഷം പായസം എത്തും. നാലു കൂട്ടം പായസം കഴിച്ചു കഴിയുമ്പോൾ പിന്നാലെ വീണ്ടും ചോറു വിളമ്പും. ചോറിൽ ആദ്യം പുളിശ്ശേരിയും പിന്നാലെ രസവും മൊരുമെത്തും. ചോറൂണ് കഴിയുമ്പോൾ പഴവും കഴിച്ച് സദ്യ മതിയാക്കാം. സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും. ഇതാണ് വള്ളസദ്യയുടെ വിളമ്പുരീതിയും കഴിപ്പ് രീതിയും.

ആറന്മുള വള്ളസദ്യയിലെ പ്രധാന വിഭവങ്ങൾ ഇവയാണ്

1. ചോറ്, 2. പരിപ്പ്, 3. പപ്പടം, 4. നെയ്യ്, 5. അവിയൽ, 6. സാംബാർ, 7. തോരൻ, 8. പച്ചടി, 9. കിച്ചടി, 10. നാരങ്ങ അച്ചാർ, 11. ഇഞ്ചിക്കറി, 12. കടുമാങ്ങ, 13. ഉപ്പുമാങ്ങ, 14. വറുത്ത എരിശ്ശേരി, 15. കാളൻ, 16. ഓലൻ, 17. രസം, 18. ഉറ തൈര്, 19. മോര്, 20. പ്രഥമൻ, 21. ഉപ്പേരി, 22. കദളിപ്പഴം, 23. എള്ളുണ്ട, 24. വട, 25. ഉണ്ണിയപ്പം, 26. കൽക്കണ്ടം, 27. ശർക്കര/ പഞ്ചസാര, 28. മുന്തിരിങ്ങ, 29. കരിമ്പ്, 30. മെഴുക്കുപുരട്ടി, 31. ചമ്മന്തിപ്പൊടി, 32. ചീരത്തോരൻ, 33. തേൻ, 34. തകരതോരൻ, 35. നെല്ലിക്ക അച്ചാർ, 36. ഇഞ്ചി തൈര്

ഈ കൂട്ടത്തിൽ പർപ്പിടകം വലുതും ചെറുതും ഉപ്പേരി നാലു കൂട്ടം പായസവും നാല് കൂട്ടം എന്നിവയൊക്കെ വിഭവങ്ങളിലെ വ്യത്യസ്തതയാണ്. അടപ്രഥമൻ , ശർക്കര പായസം, പാൽ പായസം , പയർ പായസം എന്നിവയാണ് പ്രധാന പായസ ഇനങ്ങൾ. ഇതു കൂടാതെ മടന്തയില തോരൻ, പഴുത്ത മാങ്ങാക്കറി, പഴം നുറുക്ക് , പാള തൈര് , കിണ്ടി പാല് , വെണ്ണ, ഇവയും വള്ളസദ്യയ്ക്ക് കരുതണം. പള്ളിയോടക്കാർ പാട്ട് പാടി ചോദിച്ചാൽ അതും ഉടനടി നൽകണമെന്നുള്ളതാണ് രീതി. അടിസ്ഥാന വിഭവങ്ങൾ മുപ്പത്തിയാറെണ്ണമാണെങ്കിലും ഇപ്പോൾ 61 വിഭവങ്ങൾ വരെ വള്ളസദ്യയ്ക്ക് തയ്യാറാക്കുന്നുണ്ട്. അഷ്ടമിരോഹിണി നാളിൽ സദ്യക്കൊപ്പം അമ്പലപ്പുഴയിൽ നിന്നെത്തിയ പാചക വിദഗ്ദർ തയ്യാറാക്കിയ അമ്പലപ്പുഴ പാൽപ്പായസവും ഒരു പ്രധാന ഇനമായി ആറന്മുളയിൽ വിളമ്പുന്നുണ്ട്.

വള്ളസദ്യയും വള്ളപ്പാട്ടും


Valla-Sadhyaആറന്മുള വള്ള സദ്യ ഉണ്ണുന്നതിനും ചില ചിട്ടവട്ടങ്ങൾ പറഞ്ഞിട്ടുണ്ട്. നിരത്തിയിട്ട ഇലകളുടെ വരിയിലേക്ക് കടന്നിരുന്നാൽ ആദ്യം ഇടത്തെ മൂലയിൽ വച്ചിരിക്കുന്ന വെള്ളം അൽപ്പം കൈകുമ്പിളിൽ എടുത്ത് ഭഗവാനെ മനസിൽ ധ്യാനിച്ച് ഇലയും പരിസരവും ശുദ്ധമാക്കണം. പിന്നീടാണ് ചോറ് വിളമ്പുന്നത്. വള്ളസദ്യയിൽ കറികൾ ആവശ്യപ്പെടുന്നത് പാട്ടുപാടിയാണ്.

ആനപ്പാടി കേളച്ചാരുടെ കോളപ്പയ്യുടെ പാളത്തൈരെ....
പാനം ചെയ്യാൻ കിണ്ടിപ്പാൽ കൊണ്ടുവന്നാലും.

അപ്പം അട അവൽപ്പൊതി കൊണ്ടുവന്നാലും.
പൂവൻ പഴം കുലയോടിഹ കൊണ്ടുവന്ന്
ചേതം വരാതെ തൊലി നിങ്ങൾ കളഞ്ഞു തന്നാൽ...

ഇങ്ങനെ വിഭവങ്ങൾ വള്ളപ്പാട്ടീണത്തിൽ ചൊല്ലിയാണ് ആവശ്യപ്പെടുക. ഇത്തരത്തിൽ ആവശ്യപ്പെട്ടാൽ ഇല്ല എന്ന് പറയുന്നത് ഭഗവത് വിരോധത്തിന് കാരണമാകുമെന്നാണ് വിശ്വാസം. ആ വിശ്വാസം തെറ്റിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം.

ആറന്മുളയിൽ അഷ്ടമി രോഹിണി ദിവസം വള്ള സദ്യക്കു പങ്കെടുക്കുന്ന എല്ലാ ഭക്തർക്കും സദ്യ വിളമ്പുക എന്നത് ഒരു ചടങ്ങ് എന്നതിലുപരി ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. അന്നദാന പ്രിയനായ ആറന്മുള പാർത്ഥസാരഥിയുടെ നടയിലെ പ്രധാന വഴിപാടാണ് വള്ളസദ്യ. സന്താനലബ്ദിക്കായ് വള്ള സദ്യ വഴിപാട് നേരുന്നവർ ധാരാളമുണ്ട്. സധാരണ വഴിപാട് വള്ള സദ്യകൾ ഒന്നോ രണ്ടോ വള്ളങ്ങൾക്കാണ് നൽകാറ്. വഴിപാടായി വള്ളസദ്യ നടത്തുന്നവർ വഴിപാട് സദ്യ അർപ്പിക്കാൻ തീരുമാനിച്ച കരയിലെ കരപ്രമാണിയെ ഔദ്യോകിമായി ക്ഷണിക്കും. പ്രസ്തുത ദിവസം അലങ്കരിച്ച പള്ളിയോടത്തിൽ ആ കരയിലെ പ്രമുഖർ പമ്പാനദീ മാർഗ്ഗം മധുക്കടവിലെത്തും. വഴിപാട് നടത്തുന്നയാൾ വള്ളക്കര പ്രമാണിയുൾപ്പെടുന്ന കൂട്ടത്തിനെ വെറ്റിലയും അടക്കയും, നാണയവും ചേർത്ത ദക്ഷിണ നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. വള്ളപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വച്ച് തുഴക്കാർ ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ ഇരുന്നു സദ്യ കഴിച്ച് സന്തോഷം അറിയിച്ച് അവർ പള്ളിയോടങ്ങളിൽ മടങ്ങിപ്പോകും.

Valla-Sadhya_4