കസബയിലുണ്ട്, കബാലിയിലില്ല..

ഈ രണ്ടു ചിത്രങ്ങളുടെയും കളക്ഷന്‍ റിക്കോര്‍ഡുകള്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. പക്ഷെ ഈ രണ്ട് ചിത്രങ്ങളും പ്രേക്ഷര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച 'രീതി' രസകരമാണ്

കസബയിലുണ്ട്, കബാലിയിലില്ല..

ജൂലൈ 7, 2016. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം കസബ റിലീസ് ചെയ്തു. ഹിറ്റ്‌ മേക്കര്‍ രഞ്ജി പണിക്കരുടെ മകന്‍ നവീന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു മമ്മൂട്ടി രാജന്‍ സക്കറിയ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തിയ കസബ. കേരളത്തിലെ 101 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ജൂലൈ 22, 2016. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ കബാലി റിലീസ് ചെയ്തു. ആട്ടക്കഥൈ, മദ്രാസ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത  പാ.രഞ്ജിത്താണ് കബാലിയും അണിയിച്ചൊരുക്കിയത്. റിലീസിന് മുന്‍പ് തന്നെ 250 കോടിയോളം രൂപ നേടിയ ഈ തമിഴ് ചിത്രം കേരളത്തില്‍ മാത്രം 302 തീയറ്ററുകളില്‍ റിലീസ് ചെയ്തു.


കേരളത്തിലും തമിഴ് നാട്ടിലും മാത്രമാണ് ജൂലൈ 7ന്  കസബ റിലീസ് ചെയ്തത്. ആദ്യ ദിനം ചിത്രം 2.50 കോടി രൂപ കളക്ഷന്‍ നേടുകയും ചെയ്തു. അതെ സമയം, രാജ്യാന്തര തലത്തില്‍ 5000ത്തില്‍ അധികം തീയറ്ററുകളില്‍ റിലീസ് ചെയ്ത കബാലി ആദ്യ ദിനം നേടിയത് 100 കോടി രൂപയാണ്. റിലീസ് കേന്ദ്രങ്ങളുടെ എണ്ണം കണക്കിലെടുത്ത് ഈ രണ്ടു ചിത്രങ്ങളുടെയും കളക്ഷന്‍ റിക്കോര്‍ഡുകള്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. പക്ഷെ ഈ രണ്ട് ചിത്രങ്ങളും പ്രേക്ഷര്‍ക്ക് മുന്നില്‍ അവതരിച്ച 'രീതി' രസകരമാണ്...

കസബ

പുതിയ നിയമം റിലീസ്  ചെയ്തതിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രം വൈറ്റാണ്. നിരവധി തവണ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയും പിന്നീട് മാറ്റി വയ്ക്കുകയും ചെയ്തു. ഈ മാറ്റി വയ്ക്കലുകള്‍ക്ക് ഇടയിലാണ്  കസബ വന്നത്. രഞ്ജി പണിക്കരുടെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രം, സിദ്ധിഖും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, മഖ്‌ബൂല്‍ സല്‍മാന്‍ (മമ്മൂട്ടിയുടെ അനിയന്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍) ആദ്യമായി മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ചിത്രം, ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം, അങ്ങനെ കസബയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമായിരുന്നു.

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ ട്രോലന്മരുടെ സജീവ ഇടപ്പെടലുകള്‍ ഉണ്ടായി.പോസ്റ്റര്‍ ട്രോളുകള്‍ സാക്ഷാല്‍ മമ്മൂട്ടി തന്നെ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തു വീണ്ടും പ്രതീക്ഷകള്‍ ഉയര്‍ത്തി. ഏറ്റവും വേഗത്തില്‍ 5 ലക്ഷം ആളുകള്‍ കണ്ട മലയാളം ടീസറായി കസബയുടെ ടീസര്‍ മാറി.

മമ്മൂട്ടിയെ നായകനാക്കി അച്ഛന്‍ രഞ്ജി പണിക്കര്‍ ചെയ്ത രൌദ്രവും ദി കിങ്ങും ഒക്കെ പ്രതീക്ഷിച്ചു തന്നെയാണ് പ്രേക്ഷകര്‍ മകന്‍ നവീന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ കാണാന്‍ കയറിയത്. വികലമായ തിരക്കഥയില്‍ മമ്മൂട്ടിയെന്ന താര രാജാവിന് പൂണ്ട് വിളയാടാന്‍ കളമൊരുക്കിയ ചിത്രമാണ് കസബ എന്ന് ആദ്യ ദിനത്തെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ അഭിപ്രായമുയര്‍ന്നു.

പ്രായത്തെ തോല്‍പ്പിക്കുന്ന മഹാനടന്റെ സൗന്ദര്യം അതിന്‍റെ പൂര്‍ണതയില്‍ പ്രേക്ഷന് മുന്നില്‍ എത്തിക്കുന്ന ചിത്രമാണ് കസബ.

'എന്‍റെ തല,എന്‍റെ ഫുള്‍ ഫിഗര്‍' എന്ന സിനിമ ഡയലോഗിനെ ഓര്‍മിപ്പിക്കും വിധം മമ്മൂട്ടിയുടെ രാജന്‍ സക്കറിയ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു മാസ് ചിത്രത്തിന് നിശ്ചയമായും വേണം എന്ന് ന്യൂജന്‍ പ്രേക്ഷകര്‍ വാശി പിടിക്കുന്ന അശ്ലീല ചുവയുള്ള സംഭാഷണങ്ങള്‍, ഐറ്റം ഡാന്‍സ്, ഹോട്ട് പെണ്‍കൊടികള്‍, പഞ്ച് ഡയലോഗുകള്‍, സ്ലോമോഷന്‍ നടത്തം, പൂട്ടിന് പീരയിടും പോലെയുള്ള ട്വിസ്റ്റുകള്‍, അങ്ങനെ നല്ലൊരു കഥയും അതിന് പറ്റിയ ഒരു തിരക്കഥയും ഒഴിച്ചു ബാക്കിയെല്ലാം ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.

എന്തിനോടും ഏതിനോടും കയറി പ്രതികരിക്കുന്ന പോലീസുകാരനല്ല രാജൻ സക്കറിയ എന്ന നായക കഥാപാത്രം. അയാൾക്ക് എല്ലാത്തിനും അയാളുടേതായ രീതികളുണ്ട്, തനിക്ക് ശരി എന്നു തോന്നുന്ന രീതികൾ. അതിപ്പോൾ സ്വന്തം ഡിപ്പാർട്ടുമെന്റിലെ സഹപ്രവർത്തകനായാലും ശരി പ്രതികരിക്കും. നടത്തത്തിലും, പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നതിലും പെരുമാറ്റത്തിലുമെല്ലാം ആ വ്യത്യസ്ഥത കാണാം. കേരള കര്‍ണാടക ബോര്‍ഡറിലെ കാളീപുരത്ത് ഒരു കൊലപാതക കേസ് അന്വേഷിക്കാൻ രാജന്‍ സക്കറിയ എത്തുന്നതാണ് ഈ സിനിമയുടെ പ്രമേയം.

രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് വിശദീകരിക്കാന്‍ സംവിധായകന്‍ മിനക്കെട്ടിട്ടില്ല. ഈ സിനിമയുടെ കഥയ്ക്ക് അതിന്റെ ആവശ്യമില്ലെന്ന് കണ്ടായിരിക്കും അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്. കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കാളിപുരത്താണ് കഥ നടക്കുന്നത്. നായകന്‍, പ്രതിനായകന്‍, വേശ്യാലയം, ഇതിന്റെ നടത്തിപ്പുകാരി എന്നിവരെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടക്കുന്ന കഥയായതിനാല്‍ കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും രീതികള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ട് ഇങ്ങനെയൊക്കെ നടക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

ആവശ്യത്തില്‍ അധികം സ്ത്രീകഥാപാത്രങ്ങളുണ്ട് ഈ ചിത്രത്തില്‍, ഇതില്‍ തന്നെ ഒട്ടുമിക്ക പേരും വേശ്യകളാണ്. നായകന്റെ കാമുകി, വില്ലന്റെ കാമുകി എന്നിങ്ങനെ പ്രമുഖ സ്ത്രീ കഥാപാത്രങ്ങളെല്ലാം വേശ്യകളാണ്. അവരുടെ പ്രണയം, സ്വപ്‌നങ്ങള്‍, കാരുണ്യം, പിതൃസ്‌നേഹം എന്നിങ്ങനെ വ്യത്യസ്ത വികാരങ്ങള്‍ ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നു.

എല്ലാം തികഞ്ഞ ഒരു മമൂക്ക ആരാധകന് രണ്ട് മണിക്കൂര്‍ ആഘോഷമാക്കാനുള്ളത് എല്ലാം ചിത്രം നല്‍കുമ്പോള്‍, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ സനിധ്യമറിയിച്ചുവെന്നതിന്റെ പേരില്‍ ചില ഫെമിനിസ്റ്റുകള്‍ തീയറ്ററുകളില്‍നിന്ന് ഇറങ്ങി പോവുകയും ചെയ്തു. നായകന്‍ ഉള്‍പ്പെടെ ഒട്ടുമിക്ക കഥാപാത്രങ്ങളും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുന്നുണ്ട് എന്നത് ഒരു സത്യം തന്നെയാണ്.

ഫാന്‍സ്‌ കണ്ടു കഴിയുന്ന നാളെ വരയെ ചിത്രം തീയറ്ററുകളില്‍ ഉണ്ടാവുകയുള്ളൂവെന്ന്  ചില താല്‍പ്പര കക്ഷികള്‍ പ്രചരണം നടത്തിയതിന് മറുപടിയായി ഇപ്പോള്‍ സംസ്ഥാനത്തെ പല തീയറ്ററുകളിലും ഫാന്‍സുകാര്‍ ഫ്രീ ടിക്കറ്റ് കൊടുത്ത് ഹൌസ്ഫുള്‍ ഷോകള്‍ നടത്തുന്നുണ്ട്.

ചിത്രത്തെ കുറിച്ചുള്ള സമിശ്ര പ്രതികരണങ്ങള്‍ കളക്ഷനെ മോശമായി ബാധിക്കാന്‍ തുടങ്ങിയപ്പോഴേക്കും കബാലി എത്തി...

കബാലി

ഇന്ത്യന്‍ സിനിമയില്‍ കബാലി പോലെയൊരു ചിത്രം മുന്‍പ് ഉണ്ടായിട്ടുണ്ടോയെന്ന്‍ അറിയില്ല. റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ 250 കോടി രൂപയിലധികംചിത്രം സ്വന്തമാക്കി. ജപ്പാനിലും ചൈനയിലുമൊക്കെ മൊഴി മാറ്റി ചിത്രമിറങ്ങി. എയര്‍ ഏഷ്യ വിമാന കമ്പനി കബാലി കാണാന്‍ ചെന്നൈയിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ വരെ ഏര്‍പെടുത്തി. ഇതില്‍ എല്ലാം ഉപരിയായി തമിഴ്നാട്ടിലെ ചില പ്രമുഖ കമ്പനികള്‍ ചിത്രത്തിന്റെ റിലീസ് ദിവസം ഉദ്യോഗസ്ഥര്‍ക്ക് അവധി വരെ കൊടുത്തു.

ആട്ടക്കഥൈ, മദ്രാസ് തുടങ്ങിയ മികച്ച ചിത്രങ്ങള്‍ എടുത്ത പാ. രഞ്ജിത്താണ് കബാലിയുടെ സംവിധായകന്‍. 65 വയസ് കഴിഞ്ഞ രജനി 65കാരനായി തന്നെ എത്തിയ ചിത്രമാണ് കബാലി. മലേഷ്യയിലെ തമിഴ് 'മക്കള്‍ക്ക്' വേണ്ടി പോരാടുന്ന ഒരു ഡോണ്‍, പേര് കബാലിശ്വരന്‍. മാസ് ലുക്കിലുള്ള രജനിയുടെ വേഷവും 'നെരുപ്പ് ഡാ' എന്ന് തുടങ്ങുന്ന ഗാനവുമെല്ലാം കബാലി മറ്റൊരു ബാഷയാകും എന്ന പ്രതീക്ഷ പ്രേക്ഷകരില്‍ ജനിപ്പിച്ചു. എന്നാല്‍ ചിത്രം പുറത്തിറങ്ങുന്നത്തിന്റെ തലേ ദിവസവും രജനി പറഞ്ഞത്, ഇത് ഒരു രജനി ചിത്രമല്ല മറിച്ച് ഒരു രഞ്ജിത് ചിത്രമാണ് എന്നാണ്'.

രജനികാന്ത് സിനിമകളില്‍ ഒരു സാധാരണ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചിലതുണ്ട്, ശര വേഗത്തിലുള്ള ഡയലോഗുകള്‍, രജനി ചെയ്‌താല്‍ മാത്രം അംഗീകരിക്കപ്പെടുന്നചില ഗിമുക്കുകള്‍, ജാക്കി ചാനെ വരെ വെല്ലുന്ന ആക്ഷന്‍ സീനുകള്‍, പ്രമുഖ നടിയുടെ ഐറ്റം ഡാന്‍സ് അങ്ങനെ പലതും. എന്നാല്‍ ഇതെല്ലാം ഒഴിവാക്കി രജനികാന്ത് എന്ന നടനെ മാത്രം ഉപയോഗപ്പെടുത്തിയ ചിത്രമാണ് കബാലി എന്ന് സംവിധായകന്‍ പാ. രഞ്ജിത് പറയുന്നു.

പക്ഷെ രജനി പറഞ്ഞതല്ല സത്യം, ഇത് രഞ്ജിത്ത് എന്ന സംവിധായകന്റെ സിനിമയല്ല. അതുപോലെ തന്നെ രഞ്ജിത് പറഞ്ഞതും സത്യമല്ല, ഇത് രജനികാന്ത് എന്ന നടന്റെ സിനിമയല്ല. ഇത് രണ്ടിലും ഇടയില്‍ പെട്ട് പകുതി വെന്ത ഇറച്ചി കഷണം പോലെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വച്ച് നീട്ടിയ ചിത്രമാണ് കബാലി.ചിലര്‍ക്ക് അത് രുച്ചിച്ചു, ചിലര്‍ക്ക് രുച്ചിച്ചില്ല...

സാധാരണ രജനി ചിത്രങ്ങളില്‍ കഥ നായകനെ ചുറ്റിപ്പറ്റി മാത്രമാണ്,നായകനെ മാത്രം കണ്ടു കൊണ്ട് പ്രേക്ഷകന് കഥ മനസിലാക്കാം, എന്നാല്‍ കബാലിയില്‍ കഥകളും ഉപകഥകളുമുണ്ട്. ഓരോ അഞ്ച് മിനിറ്റിലും വില്ലന്മാര്‍ വരെ മാറിയും തിരിഞ്ഞും ഒക്കെ വരുന്നുണ്ട്.ഇതൊക്കെ പ്രേക്ഷകന്‍ കണ്ടു മനസിലാക്കി വരുമ്പോഴേക്കും സിനിമ ഒട്ടുമുക്കാലും കഴിയും.

സംവിധായകന്‍ അവകാശപ്പെടുന്ന പോലെ ചിത്രത്തിന്റെ അവിടെയും ഇവിടെയുമെല്ലാം രജനികാന്ത് എന്ന നടനെ പ്രേക്ഷകര്‍ക്ക് അടുത്ത് കാണാന്‍ അവസരം നല്‍കുന്നുണ്ട്, ഭാര്യയേ കുറിച്ചും മകളെ കുറിച്ചുമെല്ലാം വികാരഭരിതനാകുന്ന രജനിയെ പ്രേക്ഷകന്‍ കാണാന്‍ തുടങ്ങുമ്പോള്‍ എവിടെ നിന്നെങ്കിലും ഒരു വെടി പൊട്ടും, പിന്നെ അടി പിടി വെടി....

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും, കബാലി തന്റെ വിദ്യാലയത്തിലെ കുട്ടികളുടെ മുന്നില്‍ നടത്തുന്ന പ്രസംഗം, അവിടെ വച്ച് പങ്കു വയ്ക്കുന്ന 'ഫ്ലാഷ് ബാക്കുകള്‍', നാസര്‍ അവതരിപിക്കുന്ന കഥാപാത്രം, ചിത്രങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് നാടിന്റെ രാഷ്ട്രീയം, ചേരി പോരുകള്‍, കബാലിശ്വരന്‍ കബാലിയായി മാറുന്ന സംഭവ വികാസങ്ങള്‍, ഇതെല്ലാം സംവിധായകന്റെ കരവിരുത് തന്നെയാണ്.

അതുപോലെ തന്നെ, കബാലിയുടെ ഇന്റ്രോ സീന്‍, നെരുപ്പ് ഡാ എന്ന ഗാനവും അതിലെ കബാലി സ്റ്റൈലും,പേരിന് മാത്രമുള്ള പഞ്ച് ഡയലോഗുകള്‍, ഇന്‍റ്റര്‍വല്‍ സമയം കഴിഞ്ഞു നാം കാണുന്ന 'ട്വിസ്റ്റ്‌' ഇതെല്ലാം കബാലിയെ ഒരുരജനി സിനിമയുമാക്കുന്നു.

കബാലി ബാഷയല്ല, ബാഷയാക്കണം എന്ന് സംവിധായകന്‍ രഞ്ജിത് വിചാരിച്ചിട്ടുമില്ല, പകുതി മാത്രമേ വെന്തുവുള്ളുവെന്ന് വച്ച് കഴിക്കാതെ ഇരിക്കേണ്ട കാര്യമില്ല, വയറിന്പിടിച്ചില്ലെങ്കിലും മനസ്സിന് പിടിക്കും...

കബാലിയും കസബയും

കബാലിയാണോ കസബയാണോ മികച്ചത് എന്ന ചോദ്യത്തിന് എത്രത്തോളം പ്രസക്തിയുണ്ട് എന്നതല്ല, ഏച്ചുക്കെട്ടിയ തിരക്കഥയില്‍ മുഴച്ചു നില്‍ക്കുന്ന കസബയും, പതിവ് രീതിയില്‍ നിന്ന് മാറി വ്യത്യസ്തമായ ആഖ്യാന ശൈലി പരീക്ഷിച്ച രജനിയുടെ കബാലിയും ഒരേ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപിക്കപ്പെട്ടു. രണ്ടു ചിത്രങ്ങളും സമിശ്ര പ്രതികരണം തന്നെയാണ് തീയറ്ററുകളില്‍ നിന്നും ലഭിച്ചത്. കസബ പക്കാ 'ഫാന്‍' ചിത്രമായി നിരൂപകര്‍ വിലയിരുത്തിയപ്പോള്‍ കബാലിയില്‍ ഫാന്‍സിന് വേണ്ടി ഒന്നുമില്ലയെന്നും അവര്‍ വിലയിരുത്തി.