പോസ്റ്റ് മോഡേൺ സ്വത്വരാഷ്ട്രീയത്തെ അഭിമുഖീകരിച്ച ആദ്യ ഇടതുബജറ്റ്

ശ്രീനാരായണഗുരുവിന്റെ പാരമ്പര്യം‌ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് മാത്രം അർഹിച്ചതാണെന്ന്‌ ഊന്നി പറയാനാണ് ഗുരുവിന്റെ ജീവിതം ബജറ്റിന്റെ തീം ആക്കി കൊണ്ട് ധനമന്ത്രി ആഗ്രഹിച്ചത്. അങ്ങനെ ചെയ്യുമ്പോൾ തന്നെ ഗുരുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള മതനിരാസ വിളംബരത്തിന്റെ സന്ദേശം പരമാവധി എത്തിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും‌ ഐസക്കിനുണ്ടായിരുന്നിരിക്കണം.

പോസ്റ്റ് മോഡേൺ സ്വത്വരാഷ്ട്രീയത്തെ അഭിമുഖീകരിച്ച ആദ്യ ഇടതുബജറ്റ്

പ്രശാന്ത് എം

ഗവർണ്ണറുടെ നയപ്രഖ്യാപനത്തിലൂടെയാണ് സർക്കാരുകൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ ദിശ പ്രഖ്യാപിക്കുന്നത്. എങ്കിലും ബജറ്റുകളിലൂടെയാണ് അതിനൊരു സമഗ്രത കൈവരുന്നത്. അതുകൊണ്ടുതന്നെ പിണറായി സർക്കാരിന്റെ ആദ്യബജറ്റിനെ ഏവരും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. അതിനു കാരണങ്ങൾ പലതാണ്. അവ താഴെ പറയുംവിധം ക്രോഡീകരിക്കാം.

1. 1957 ലെ ഒന്നാം സർക്കാർ രൂപപ്പെടുത്തിയ നയരേഖയാണ് ഇക്കാര്യത്തിൽ ഇടതുപക്ഷത്തിൻറെ ആധികാരികപ്രമാണം. കേരള സമൂഹത്തെ ഗണ്യമായ സാമൂഹിക പുരോഗതിയിൽ എത്തിക്കാൻ ആ നയങ്ങൾക്ക് കഴിഞ്ഞു. അതിനു ശേഷം വന്ന വലതുപക്ഷ സർക്കാരുകൾക്ക് പോലും ആ നയങ്ങളിൽ നിന്നും വലിയ തോതിൽ വ്യതിചലിക്കാൻ സാധിച്ചില്ല. വളരെ വലിയ അട്ടിമറിശ്രമങ്ങൾ ഉണ്ടായിട്ട് പോലും. അവയിൽ നിന്നും ഒരു കുതിപ്പാണ് ഇനി അനിവാര്യം. കമ്മ്യൂണിസ്റ്റുകാർ തന്നെയാണ് ആ വഴിയും വെട്ടേണ്ടത്. അടുത്ത 50 വർഷത്തെ വികസനം കണക്കിലെടുക്കുമ്പോൾ ഏറെ നിർണായകമായ ഒരു ദൌത്യമാണത്.


2. പുതിയ സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് ഏറെ പ്രതീക്ഷകളുണ്ട്. വികസന പ്രവർത്തനങ്ങളുടെ ജനകീയവും നീതിപൂർവ്വകവുമായ വിതരണത്തിലൂടെ മാത്രമേ ആ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താനാവൂ. അതിന് കേവലമായ പ്രത്യയശാസ്ത്ര ശാഠ്യങ്ങളെ പ്രായോഗികമായ സമീപനങ്ങൾ കൊണ്ട് അതിജീവിക്കണം. പല കാര്യങ്ങൾക്കും ബാലൻസിങ് വേണം. പല ദ്വന്ദ്വങ്ങളെയും സർക്കാരിന് അഭിമുഖീകരിക്കേണ്ടി വരും. ഒരു ബൂർഷ്വാ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്നതിന്റെ പതിവ് വെല്ലുവിളികൾ മുതൽ സൈദ്ധാന്തികമായോ പ്രായോഗികമായോ ഇന്നേവരെ ചിന്തിച്ചിട്ടില്ലാത്ത പല പ്രതിബന്ധങ്ങളും ഒരു ഇടതുപക്ഷ സർക്കാരിന് ആധുനികകാലത്ത് നേരിടേണ്ടി വരും. വികസനം - പരിസ്ഥിതി, വികസനം- പുരോഗതി, മൂലധന താൽപ്പര്യം- ജനകീയ താൽപ്പര്യം, തൊഴിൽ, കരിയർ അധിഷ്ഠിത യുവജനതാൽപ്പര്യം- വികസന റെഗുലേഷൻ നിയമങ്ങൾ, വികസനം- പെൻഷൻ അടക്കമുള്ള ക്ഷേമപദ്ധതികൾ എന്നിങ്ങനെ ആ പട്ടിക നീണ്ടുപോകും.

3. കാളക്കൂറ്റൻ കയറിയ പിഞ്ഞാണക്കടയെ ചെറിയ കാലയളവിൽ എങ്ങനെ അടുക്കി പെറുക്കി പ്രവർത്തനക്ഷമമാക്കാ‌മെന്നത് ചിന്തിക്കുന്ന മനുഷ്യർക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നതാണ്.

ആ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിച്ച ബജറ്റിനു വരും കാലത്തേക്കുള്ള ഒരു റോഡ് മാപ്പ് സ്വഭാവമുണ്ട്. സമഗ്രതയാണ് ഐസക്ക് ബജറ്റുകളുടെ സവിശേഷത. സർവ്വതലത്തിലും സ്പർശിക്കാൻ ഐസക്കിനു കഴിഞ്ഞിട്ടുണ്ട്.

പുതിയ കാലത്തെ ഒരു ഫെഡറൽ ഇടതുപക്ഷസർക്കാർ വിഷയങ്ങളെ എങ്ങനെ സമീപിക്കണമെന്നതിനു നല്ല ഒരു കേസ് സ്റ്റഡിയാണ് ഐസക്കിന്റെ ബജറ്റ്. ഒന്നാം ഗിയറിൽ നിന്നും ക്ളച്ച് പോലും ചവിട്ടാതെ നാലാം ഗിയറിലേക്ക് മാറി പല്ലു പറിഞ്ഞു പോയ ബംഗാളിലെ അനുഭവം ഐസക്കിന്റെ സ്മരണയിൽ നന്നായി ഉണ്ട്.

പോസ്റ്റ് മോഡേൺ സ്വത്വരാഷ്ട്രീയത്തെ ആദ്യമായാണ് ഒരു കേരളാ ബജറ്റ് അഭിസംബോധന ചെയ്യുന്നത്. ബജറ്റിന്റെ പ്രധാനപ്പെട്ട മറ്റൊരു ഹൈലൈറ്റാണത്. ജെൻഡർ ബജറ്റിങ്, ജെൻഡർ ഓഡിറ്റിങ്, സ്ത്രീ സൗഹൃദ ശുചിമുറികൾ, മുലയൂട്ടൽ സൗകര്യങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ വൈകി വന്ന നീതി ആയി കാണണം. കുടുംബശ്രീകളെ ശക്തിപ്പെടുത്തുവാനൂള്ള ശ്രമങ്ങൾ അടിസ്ഥാന വിഭാഗങ്ങളിലെ സ്ത്രീസമൂഹത്തെ ശാക്തീകരിക്കും. തൊഴിലുറപ്പ് പ്രവർത്തകരെ കൂടി പെൻഷൻ കുടക്കീഴിൽ കൊണ്ടുവരുമ്പോൾ വീണ്ടും സ്ത്രീസമൂഹത്തിനത് ഗുണകരമായി ഭവിക്കും.

ട്രാൻസ് ജെൻഡർ സമൂഹവും ആദ്യമായാണ് നമ്മുടെ നാട്ടിൽ ബജറ്റ് പരിഗണനയിൽ വരുന്നത്. ആ നിലയിലും ഈ ബജറ്റ് ചരിത്രം കുറിക്കുന്നു. 60 കഴിഞ്ഞ ട്രാൻസ് ജെൻഡേഴ്സിനു പെൻഷൻ നൽകാനുള്ള തീരുമാനത്തെ സാമ്പത്തികപരിഗണനകൾക്കപ്പുറം രാഷ്ട്രീയ പ്രാധാന്യത്തിന്റെ വെളിച്ചത്തിൽ വേണം അപഗ്രഥിക്കാൻ.

പുതിയ രാഷ്ട്രീയങ്ങളെ പരാമർശിക്കുമ്പോൾ പരിസ്ഥിതി രാഷ്ട്രീയത്തോടുള്ള ക്രിയാത്മകമായ പ്രതികരണങ്ങളെയും കാണാതെ വയ്യ. ബജറ്റിൽ നഖശിഖാന്തം ഈ സമീപനം കാണാൻ കഴിയുന്നുണ്ട്. സിഎൻജി ബസുകളിലേക്കുള്ള മാറ്റം, സോളാർ പാനലുകളുടെ വ്യാപനം, ജലഗാതാഗതമാർഗ്ഗങ്ങളുടെ ശാക്തീകരണം തുടങ്ങിയ പരോക്ഷ പരിസ്ഥിതി നടപടികളിൽ തുടങ്ങി ബജറ്റിന്റെ 79 മുതൽ 83 വരെ ഉള്ള പേജുകളിൽ പരാമർശിക്കുന്ന പരിസ്ഥിതിയുടെ രാഷ്ട്രീയം സൂചിപ്പിക്കുന്നത് ഗ്രീൻ പൊളിറ്റിക്സ് ഉത്തരാധുനിക ഇടതു രാഷ്ട്രീയത്തിന്റെ ഭാഗമായി കാണുന്നവരുടെ ഭാഗത്ത് നിൽക്കാൻ ധനമന്ത്രി ബോധപൂർവ്വം ശ്രമിക്കുന്നു എന്നു തന്നെയാണ്. കാർബൺ ന്യൂറ്റ്രൽ വയനാട് എന്നത് പ്രോട്ടോടൈപ്പ് പരീക്ഷണങ്ങളോടുള്ള ഐസക്കിന്റെ അഭിനിവേശം സൂചിപ്പിക്കുന്നു. മാരാരിക്കുളം വിഷരഹിത പച്ചക്കറി, ആലപ്പുഴ വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതി തുടങ്ങിയ പ്രോട്ടോടൈപ്പുകളൂടെ വിജയം ഐസക്കിനെ ആവേശഭരിതനാക്കുന്നതിൽ അത്ഭുതമില്ല. ഒരു വർഷമെങ്കിലും തണ്ണീർമുക്കം ബണ്ട് തുറക്കുന്നത് കുട്ടനാടിനെ വലിയ തോതിൽ മാലിന്യ മുക്തമാക്കുമെങ്കിലും കൃഷിയെയും ശുദ്ധജല ലഭ്യതയെയും അത് എങ്ങനെ ബാധിക്കും എന്നത് വലിയ പ്രായോഗികമായ വെല്ലുവിളിയാകും.

പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും വലിയ ഊന്നൽ നൽകി അടിസ്ഥാനപരമായ ഇടതുപക്ഷ സ്വഭാവം വലിയ തോതിൽ ബജറ്റ് കാത്തുസൂക്ഷിക്കുന്നുണ്ട്. സമഗ്രമായ ഇൻഷുറൻസ് പദ്ധതിയുടെയും പ്രാഥമികാരോഗ്യ പ്രസ്ഥാനത്തിന്റെ ശാക്തീകരണത്തിന്റെയും സംയോജിതവും സന്തുലിതവുമായ ഒരു മാർഗ്ഗമാണ് പിണറായി സർക്കാർ ഇതിനായി പിന്തുടരുക. രോഗ പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷനുകളും തീവ്രമായും കർക്കശമായും മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള ഒരു സ്ഥൈര്യം ഇതിനകം തന്നെ സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ട്. ക്യൂബൻ മോഡൽ പ്രാഥമിക ആരോഗ്യ സംവിധാനങ്ങളെ സൂക്ഷ്മമായി വീക്ഷിക്കാൻ ശ്രമിച്ചിട്ടുള്ള പിണറായി വിജയന്റെ മനസ്സ് നല്ല രീതിയിൽ ബജറ്റ് പ്രതിഫലിപ്പിക്കുന്നുണ്ട്.

വിദ്യാഭ്യാസകാര്യങ്ങളിൽ ആർജ്ജവമുള്ള ചില കാഴ്ച്ചപ്പാടുകൾ സർക്കാർ ഇതിനകം മുന്നോട്ടു വച്ചിട്ടുണ്ട്. അതിനെ സമ്പൂർണ്ണമായി ബജറ്റ് പിന്തുണയ്ക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തെ മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തെയും സാങ്കേതിക വിദ്യാഭ്യാസത്തെയും നന്നായി പരിഗണിക്കുന്നു. ഇത് പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ മികവിന്റെ കേന്ദ്രങ്ങളായി നമ്മുടെ പല വിദ്യാഭ്യാസ കേന്ദ്രങ്ങളും ഉയരും. ഹൈടെക്ക് സ്കൂളുകളുടെ വ്യാപനവും ബജറ്റ് മുന്നോട്ട് വെയ്ക്കുന്നുണ്ട്

കാർഷികകേരളത്തെ അവഗണിച്ചു കൊണ്ട് ഒരു വികസന തന്ത്രം സാധ്യമല്ല. പച്ചക്കറി കൃഷിയെ വ്യാപകമാക്കാനും നെൽകൃഷിയെ ആകർഷകമാക്കാനും നാണ്യവിളകളെ സംരക്ഷിക്കാനുമുള്ള പ്രതിജ്ഞാബദ്ധത പ്രകടമാണ്. നെൽകൃഷി സംരക്ഷണത്തിൻറെ പാരിസ്ഥിതിക പ്രസക്തി ഊന്നി പറയുന്നതിലൂടെ ബജറ്റിന്റെ രാഷ്ട്രീയം ധനമന്ത്രി വ്യക്തമാക്കുകയാണ്.

ആലപ്പുഴ പോലൊരു മത്സ്യത്തൊഴിലാളി മേഖലയിലെ ചൊരിമണലിലെ പട്ടിണിച്ചൂടും കടൽവെള്ളത്തിന്റെ കണ്ണീരുപ്പും ധനമന്ത്രിക്ക് അവഗണിക്കാൻ കഴിഞ്ഞില്ല എന്നത് ആശ്വാസകരമാണ്. ഒരേ സമയം തന്നെ കടലിലും കായലിലും മത്സ്യബന്ധനം ചെയ്യുന്ന പാവപ്പെട്ടവരുടെ തൊഴിൽ വെല്ലുവിളികൾ ഭരണകൂടത്തിന്റെ അകത്തളങ്ങളിൽ എത്താതെ പോകുന്ന വനരോദനങ്ങൾ ആവുകയായിരുന്നു പതിവ്.

കയർ, കശുവണ്ടി, കൈത്തറി മറ്റു പരമ്പരാഗത വ്യവസായങ്ങൾ വലിയ തകർച്ചയിലൂടെ കടന്നു പോയ അഞ്ചു വർഷങ്ങൾക്ക് ശേഷം അവയെ പുനരുദ്ധരിക്കാൻ ചില സമീപനങ്ങൾ ഉണ്ടാകുന്നുണ്ട്. പരമ്പരാഗത രീതികളെ സംരക്ഷിച്ചു കൊണ്ടു തന്നെ ഈ വ്യവസായങ്ങളെ ആധുനീകരിക്കുകയും അവയുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുകയും ചെയ്യുക എന്നതാവും പിണറായി സർക്കാരിന്റെ മുന്നിലെ വലിയ ഒരു വെല്ലുവിളി.

പ്രവാസി വരുമാനത്തെ കുറിച്ച് ആശങ്കകൾ ബജറ്റ് ഉറക്കെ പറയുമ്പോഴും പ്രവാസികളെ വേണ്ടവണ്ണം ബജറ്റ് പരിഗണിച്ചോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. പുനരധിവാസത്തെ സംബന്ധിച്ച് കുറേ കൂടി വിപുലമായ ചില നിർദ്ദേശങ്ങൾ പ്രവാസി സംഘടനകൾ പ്രതീക്ഷിച്ചിരുന്നു. വരും ദിനങ്ങളിൽ സർക്കാർ ഈ വിഷയം കൂടുതൽ പരിഗണിക്കേണ്ടി വരും.

നികുതി മുതൽ വെള്ളം വരെ ഉള്ള വിഭവങ്ങൾ ചോരുന്നത് തിരിച്ചറിയുന്നതിലും അത് വേണ്ടവണ്ണം തടയുന്നതിലുമാണ് ഒരു കണക്കപ്പിള്ളയുടെ കൈമിടുക്ക്. ഇതിന്റെ ആദ്യഭാഗത്ത് മന്ത്രി വിജയിച്ചു എന്നു തന്നെ പറയാം. ചോരുന്ന വഴികൾ അദ്ദേഹം തിരിച്ചറിയുന്നു. അവയെ തടയാനുള്ള പരിപാടികളും കൈയ്യിലുണ്ട്. ഇവ നടപ്പാക്കുന്നതിലാണ് മന്ത്രിസഭയുടെ മിടുക്ക് തെളിയിക്കേണ്ടത്.

ആദ്യം പറയേണ്ടത് അവസാനത്തേക്ക് നീക്കിവയ്ക്കുകയായിരുന്നു. സമീപനങ്ങളും പദ്ധതികളും ഒക്കെ ഒന്നിനൊന്നു മെച്ചമാകുമ്പോഴും ഇതിനൊക്കെ ഉള്ള പണ ലഭ്യത എങ്ങനെ എന്നതാകും ആരും ആദ്യമുന്നയിക്കുന്ന ചോദ്യം. സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകാത്ത ചില നിർദ്ദേശങ്ങൾ അതിലുണ്ട് എന്നത് ശരിയായിരിക്കാം. ഭാവനാശാലി ആയിരിക്കുക എന്നത് കവികൾക്കും മറ്റു സൃഷ്ടികർത്താക്കൾക്കും മാത്രം വേണ്ട യോഗ്യത അല്ല. ഒരു ഭാവനാശാലിക്ക് നല്ല ഭരണാധികാരിയാകാം. ഭാവനയെ പ്രവർത്തനങ്ങളിലൂടെ എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നു നോക്കിയാണ് അന്തിമമായി അവരുടെ വിജയപരാജയങ്ങൾ നിർണ്ണയിക്കപ്പെടുന്നത്. വിണ്ണോളം സ്വപ്നം കണ്ടവരാണ് നമ്മുക്ക് കുന്നോളം തന്നത്.

ഒന്നിച്ചു നിന്നു മാത്രമേ സർക്കാരിനു ഈ സ്വപ്നതുല്യമായ ബജറ്റിനെ സ്വപ്നലോകത്തിൽ നിന്നും ഭൂമിയിൽ എത്തിക്കുവാൻ കഴിയൂ. നിശബ്‌ദരാക്കപ്പെട്ട ഒരു ജനതതിയെ അവരുടെ പുതിയ പുലരിയിലേക്ക് നയിക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമയോടെ അണിനിരത്തുക എന്നതാകും ഈ സർക്കാർ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളി.