സ്ത്രീപക്ഷ സർക്കാരിന് ഒരു തുറന്ന കത്ത്

ഇടതുപക്ഷ സർക്കാരിനോട് കേരളത്തിലെ സ്ത്രീകൾക്ക് പറയാനുള്ളത്- സുജ സൂസൺ ജോർജ് എഴുതുന്നു.

സ്ത്രീപക്ഷ സർക്കാരിന് ഒരു തുറന്ന കത്ത്

സുജ സൂസൻ ജോർജ്

'സ്ത്രീകൾക്ക് പ്രത്യേകമായൊരു വകുപ്പ്', ഇടതുപക്ഷമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം സിപിഐ(എം)-ന്റെ സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ നടത്തിയ പത്രസമ്മേളനത്തിലും വകുപ്പിനെക്കുറിച്ച് പരോക്ഷമായി പരാമർശിച്ചു. രണ്ടു വനിതകൾ മന്ത്രിസഭയിൽ ഉണ്ടായി എന്നതും പ്രതീക്ഷകൾ നല്കുന്നുണ്ട്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേരളത്തിൽ ഇദംപ്രഥമമായി സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഒരു പ്രത്യേക വകുപ്പുണ്ടാക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായി. നയപ്രഖ്യാപനപ്രസംഗത്തിന് മറുപടി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി നടത്തിയ പ്രസംഗത്തിൽ, ഇനി വെട്ടുകത്തി തലയ്ക്കുവെച്ചുറങ്ങുന്ന ഒരു പെണ്ണും കേരളത്തിൽ ഉണ്ടാകില്ല എന്ന് പ്രസ്താവിക്കുകയും ചെയ്തു.


വലിയ പ്രതീക്ഷയോടെയാണ് പുരോഗമനപക്ഷ കേരളം, വിശേഷിച്ച് സ്ത്രീകൾ ഈ പ്രഖ്യാപനങ്ങളെ നോക്കിക്കാണുന്നത്. വകുപ്പിന്റെ ഘടന, അജണ്ട, പ്രവർത്തനമേഖല എന്നതിനെ സംബന്ധിച്ചൊന്നും വിജ്ഞാപനങ്ങൾ വന്നിട്ടില്ല. എങ്കിലും ദീർഘകാലമായി കേരളത്തിൽ നടന്നുവന്ന ലിംഗപദവി ചർച്ചകളിൽ ഉരുത്തിരിഞ്ഞ ുവന്നിട്ടുള്ള ആശയങ്ങൾ തന്നെയാവണം സ്ത്രീവകുപ്പിനെ നയിക്കുന്നത്.

അമേരിക്കൻ കവിയായ ലങ്ടൺ ഹഗ്‌സിന്റെ 'ഡമോക്രസി' എന്ന കവിത മൊഴിമാറ്റിയെഴുതിക്കൊണ്ട് സ്ത്രീവകുപ്പ് അടിയന്തിരമായി ഏറ്റെടുക്കേണ്ടത് എന്തൊക്കെയാണെന്ന് ചിന്തിക്കാം.

ജനാധിപത്യം

വിട്ടുവിഴ്ചകളിലും പേടിയിലും

ജനാധിപത്യം വരില്ല
ഇന്നും ഈയാണ്ടും...
ഇല്ല, ഒരിക്കലും വരില്ല.

എന്റെ പാദങ്ങളിൽ
നിവർന്നു നില്ക്കാൻ
എന്റെ നിലങ്ങളിൽ
ഉറച്ചു നില്ക്കാൻ
അവർക്കുള്ളത്ര അവകാശം
എനിക്കുമുണ്ട്.

ഓരോന്നിനും ഓരോ കാലമുണ്ടെന്ന്
ആളുകൾ പറയുന്നു.
അതെന്നെ മടുപ്പിക്കുന്നു.
നാളെ മറ്റൊരു ദിവസമാണ്
ഞാൻ മരിച്ചു കഴിഞ്ഞ്
എനിക്കീ സ്വാതന്ത്ര്യം വേണ്ട
നാളത്തെ അപ്പത്തിനായി
ഇന്നെനിക്ക് ജീവിച്ചിരിക്കാനാവില്ല.

സ്വാതന്ത്ര്യം!
അത് കരുത്തുറ്റ ഒരു വിത്താണ്
മഹത്തായ ലക്ഷ്യത്തിനായി

വിതച്ച വിത്ത്.

ഞാനും ഇവിടെ ജീവിക്കുന്നു.
എനിക്ക് സ്വാതന്ത്ര്യം വേണം
നിങ്ങളെപ്പോലെ.

സൂര്യനെല്ലിക്കേസ് മുതൽ ഇങ്ങോട്ടുള്ള കാലത്തെ തെരഞ്ഞെടുപ്പുകൾ ഓരോന്നും ഓരോ സ്ത്രീപ്രശ്‌നത്താൽ പുകയുന്നതായിരുന്നു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പും ജിഷാവധവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ പ്രതിഷേധ ജ്വാലകൾക്കിടയിലാണ് നടന്നത്.

നമുക്ക് ജിഷയെ, അവളുടെ 29 വയസുകാലത്തെ ജീവിതം മാത്രം എടുത്ത് പരിശോധിക്കാം. കേരളത്തിന്റെ വളർച്ചയും തളർച്ചയും അവളിൽ പ്രതിഫലിക്കുന്നു. പാകമായ യുവത്വത്തിന്റെ പ്രായമാണ് ജിഷയുടെയും പ്രായം. ഡിഗ്രികഴിഞ്ഞ് നിയമപഠനം നടത്തുകയായിരുന്നു അവൾ. ഇല്ലായ്മകളോടും വല്ലായ്മകളോടും പൊരുതി മുന്നേറാൻ ഉള്ള ചങ്കുറപ്പ് ജിഷയ്ക്കുണ്ടായിരുന്നു. പേരിന്റെ അർത്ഥംപോലെ ജീവിതത്തെ അവൾ അഗാധമായി സ്‌നേഹിച്ചു. ആധുനിക ടെക്‌നോളജികളൊക്കെയും അവൾക്ക് സ്വായത്തമായിരുന്നു. ദയനീയമായ സാമൂഹികാവസ്ഥയെ വിദ്യാഭ്യാസംകൊണ്ട് അതിജീവിക്കാമെന്ന് അവൾ പ്രതീക്ഷിച്ചു.
അതായിരുന്നു ജിഷ. അവൾ, തകഴിയുടെ തേവപ്പുലയനെപ്പോലെ (അവനുകിട്ടിയ നിധി) സ്വന്തം ജീവനും ജീവിതവും ഏതെങ്കിലും തമ്പ്രാന് അടിയറവു വെച്ചവളോ വിധിവിഹിതമെന്ന നൈരാശ്യത്തിലേക്ക് വീണവളോ ആയിരുന്നില്ല.

ആധുനിക കേരളത്തിന്റെ സാമൂഹികവികസനത്തിന്റെ ഉയർന്ന സൂചികയിലാണ് അവളുടെ സത്തയും വികസിച്ചുവന്നത്. പൊതുവിദ്യാഭ്യാസവും വികസോന്മുഖ രാഷ്ട്രീയചർച്ചകളും സ്വതന്ത്രസമുദായ കാഴ്ചപ്പാടുകളും നീതിന്യായവ്യവസ്ഥയോടുള്ള വിശ്വാസവും ജിഷയുടെ ജീവിതസമീപനത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, അവളുടെ യഥാർത്ഥ ജീവിതപരിസരവും സാമൂഹികാവസ്ഥകളും അവളുടെ ജീവിതാവബോധത്തിന് എതിരായി നിലനിന്നു. പുറമ്പോക്കിലെ ജീവിതം, ദാരിദ്ര്യം, ശിഥിലമായ കുടുംബം, ജാതീയമായ പിന്നോക്കാവസ്ഥയും അവഗണനയും താഴ്ന്ന സാമുഹികപദവി, സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ പാർപ്പിടത്തിന്റെ അഭാവം, സ്ത്രീ എന്ന നിലയിൽ നേരിടേണ്ടിവന്ന മാനസികവും ശാരീരികവുമായ അവഹേളനങ്ങളും പീഡനങ്ങളും ഇതൊക്കെയായിരുന്നു അവളുടെ ജീവിതയാഥാർത്ഥ്യം. ജിഷയുടെ ഉയർന്ന നിലവാരമുളള ആന്തരികസത്തയും അതിദയനീയമായ സമുഹികയാഥാർത്ഥ്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കഠോരമായ ജീവിതയാഥാർത്ഥ്യങ്ങൾ അഭിമാനബോധവും നീതിബോധവും സ്വാതന്ത്ര്യകാംക്ഷയുമുണ്ടായിരുന്ന അവളുടെ ആന്തരികസത്തയെ കീഴ്‌പ്പെടുത്തി. അതൊരു ക്രൂരമായ കൊലപാതകത്തിൽ അവസാനിച്ചു.

ജിഷ ജീവിതത്തിലുടനീളം അഭിമുഖീകരിച്ച ഈ സംഘർഷത്തിൽ അവളുടെ ആന്തരികസത്തയ്‌ക്കൊപ്പം നിലകൊണ്ട് സാമുഹിക വെല്ലുവിളികളെ പരാജയപ്പെടുത്താൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. ജിഷയുടെ ജനാധിപത്യബോധത്തെയും നീതിബോധത്തെയും രൂപികരിച്ചെടുത്ത ഒരു ചരിത്രം കേരളത്തിനുണ്ടായിരുന്നു. അത് മാറ് മറയ്ക്കൽ സമരം മുതൽ ഇങ്ങോട്ട് കേരളത്തിൽ സംഭവിച്ച എല്ലാ സാമുഹിക മാറ്റങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. അങ്ങനെ ജനസമൂഹത്തിന്റെ പൊതുബോധത്തിലും ആന്തരകിസത്തയിലുമുണ്ടായ ഉയർന്ന റിപ്പബ്ലിക്കൻബോധം വർത്തമാനകാല രാഷ്ട്രീയയാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു പോകുന്നതല്ല. ഈ രണ്ടവസ്ഥകളെയും പരസ്പരപൂരകങ്ങളായി നിലനിർത്തുന്നതിൽ ഭരണകൂടങ്ങൾക്കും രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും പരാജയം സംഭവിച്ചിട്ടുണ്ട്.

ഉയർന്ന സാക്ഷരത, വിദ്യാഭ്യാസം, ആയൂർദൈർഘ്യം, ഭൗതികജീവിതസാഹചര്യങ്ങൾ തുടങ്ങിയ സാമൂഹികവളർച്ചാ നിരക്കുകളിൽ കേരളത്തിലെ സ്ത്രീകൾ ദേശീയ ശരാശരിയെക്കാൾ മുന്നിൽ നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. പക്ഷേ, ഇതിന് ഘടകവിരുദ്ധമായ മറ്റു ചില കണക്കുകളും നമ്മുടെ മുമ്പിലുണ്ട്. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഗാർഹികവും സാമൂഹികവുമായ സ്ത്രീപീഡനങ്ങൾ, ലിംഗപരവും ജാതീയവുമായ അനീതികൾ, തൊഴിലില്ലായ്മ, അപര്യാപ്തമായ വേതനം, പൊതുഇടങ്ങളിലെ അരക്ഷിതത്വം, ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ, കുടുംബഛിദ്രങ്ങൾ.

കേരളത്തിന്റെ സാമുഹിക വികാസ ചരിത്രവുമായി പൊരുത്തപ്പെടാത്ത തരത്തിൽ സാമൂഹികഗതിയെ നിർണ്ണയിക്കുന്ന അധികാരകേന്ദ്രങ്ങളിൽ സ്ത്രീയുടെ പങ്കാളിത്തം ലജ്ജാകരമായി കുറവാണ്. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ കേരളത്തിൽ നടന്ന എല്ലാ സമരങ്ങളിലും മുഖ്യപങ്കുവഹിച്ചത് സ്ത്രീകളാണ്. പുതിയ സമരമുഖങ്ങൾ തുറന്നുവന്നതും സ്ത്രീകളുടെ നേതൃത്വത്തിലാണ്. പുതിയകാല ചൂഷണങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയർന്നതും സ്ത്രീകളുടേതാണ്. നേഴ്‌സ്മാരുടെ സമരം, ടെക്‌സ്റ്റൈൽസ് ജീവനക്കാരുടെ നിൽപ്പുസമരവും ഇരിപ്പുസമരവും, മൂന്നാറിലെ പെണ്ണൊരുമൈ സമരം, ആദിവാസി സമരം, കുടുംബശ്രീസമരങ്ങൾ തുടങ്ങിയവയിലെല്ലാം ഉണ്ടായിവന്ന സ്ത്രീമുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല നിയമസഭാതെരഞ്ഞെടുപ്പുഫലം. എട്ടുവനിതകൾ എം.എൽ.എ. മാരായി. കഴിഞ്ഞ നിയമസഭയിൽ ഉണ്ടായിരുന്നതിനെക്കാൾ ഒരാൾ കൂടുതൽ. യു.ഡി.എഫി.ൽനിന്ന് ഒരാൾ പോലും എം.എൽ.എ. ആയില്ല. 2011-ൽ നിന്ന് 2016 എത്തുമ്പോഴേയ്ക്കും കൂടിയത് 5 ശതമാനത്തിൽനിന്ന് 5.6 ശതമാനത്തിലേക്ക്! പൊതുയിടവും അധികാരകേന്ദ്രങ്ങളും പൂർണ്ണമായും പുരുഷാധികാരത്തിന്റെ കീഴിൽ തന്നെ നിലകൊള്ളുന്നു.

സ്ത്രീകൾക്കായി ഒരു വകുപ്പുണ്ടാകുമ്പോൾ സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും സാമൂഹികവികസനവുമായിരിക്കും തീർച്ചയായും പ്രഥമപരിഗണനാവിഷയങ്ങൾ. പൊതുയിടങ്ങളും സ്വകാര്യയിടങ്ങളും വേർതിരിവുകൾ നേർത്തതാണ്. പൊതുയിടങ്ങളിലെ സ്വകാര്യതയും സ്വകാര്യയിടങ്ങളിലെ പൊതുസ്വഭാവങ്ങളും അംഗീകരിച്ചുകൊണ്ടേ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ കഴിയൂ. എങ്കിലും പരമ്പരാഗതമായി ഒരു വേർതിരിവുണ്ടല്ലോ! സ്വകാര്യം/പൊതുവായത്. അതിൽ കുടുംബം സ്വകാര്യവും മറ്റു സാമുഹികവ്യവഹാരങ്ങൾ പൊതുവായതുമായി കണക്കാക്കുന്നു. ഈ പൊതുയിടത്തെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.

പൊതുയിടങ്ങളുടെ രൂപകൽപനയും സ്ത്രീകളുടെ ഭയവും

സ്ത്രീകളും പെൺകുട്ടികളും ഇതരലിംഗങ്ങളും നേരിടുന്ന ലൈംഗികാതിക്രമങ്ങളും ലൈംഗികപീഡനങ്ങളും നഗരഗ്രാമഭേദമില്ലാതെ ലോകമെമ്പാടും നേരിടുന്ന പ്രധാനപ്പെട്ട സാമുഹികപ്രശ്‌നമാണ്. പൊതുയിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഒരു ഭീതിയുണ്ട്. തന്റേതല്ലാത്ത ഒരു സ്ഥലത്തെത്തിച്ചേർന്ന ഒരു പ്രതീതിയാണ് പൊതുയിടങ്ങളിൽ സ്ത്രീ ശാരീരികമായും മാനസികമായും നേരിടുന്നത്. ലൈംഗികചേഷ്ടകൾ, അനാവശ്യമായ സ്പർശങ്ങൾ, ഭേദ്യങ്ങൾ തുടങ്ങി ലൈംഗികകൊലപാതകങ്ങൾവരെ തെരുവിലും ബസ്സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, പൊതുശൗചാലയങ്ങൾ, ബീച്ചുകൾ, പാർക്കുകൾ, ആശുപത്രികൾ..... തുടങ്ങിയ പൊതുസ്ഥലങ്ങളിലെല്ലാം സമയഭേദമില്ലാതെ വേണമെങ്കിലും നടക്കാം. പൊതുസ്ഥലത്ത് സഞ്ചരിക്കുകയും തൊഴിൽ എടുക്കുകയും ചെയ്യുന്ന സ്ത്രീ നിരന്തരം ഇത്തരമൊരു ഭീതിയിൽ കഴിയേണ്ടിവരുന്നു.

ഇത്തരം സാമുഹികയാഥാർത്ഥ്യങ്ങൾ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. വ്യക്തിവളർച്ചയ്ക്കും സാമുഹികവളർച്ചയ്ക്കും ലഭ്യമാക്കുന്ന വിവിധതരം സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഈ ഭീതി സ്ത്രീയെ പരിമിതപ്പെടുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നു. ലിംഗഭീതി സ്ത്രീക്ക് അവളുടെ കഴിവുകൾ പൂർണ്ണമായി വിനിയോഗിക്കാൻ തടസ്സമാണ്. കലാസാംസ്‌കാരിക വ്യവഹാരങ്ങളിലും ആസ്വാദനങ്ങളിലും മുഴുകാനുള്ള സ്ത്രീയുടെ അവകാശത്തെ പൊതുസമൂഹത്തിൽനിന്ന് നേരിടേണ്ടിവരുന്ന ഭീതി തടസ്സപ്പെടുത്തുന്നു. ഇത് ക്രമേണ ശാരീരികവും മാനസികവുമായ രോഗാവസ്ഥയിലേക്ക് പതിക്കുന്നതിന് കാരണമാകുന്നുണ്ട്.

പൊതുയിടങ്ങൾ പൂർണ്ണമായും സ്ത്രീ സുരക്ഷിതമാക്കി മാറ്റുക. ഇതാണ് പ്രധാനമായും ഭരണകൂടം ഏറ്റെടുത്ത് ചെയ്യേണ്ടത്. അതിന്റെ ആദ്യപടിയെന്ന നിലയിൽ കേരളത്തിന്റെ ജില്ലാകേന്ദ്രങ്ങളെ സ്ത്രീസുരക്ഷിതസോണുകളാക്കി മാറ്റാൻ നടപടിയുണ്ടാകണം. അതിന് ആദ്യംവേണ്ടത് സ്ത്രീസൗഹൃദനഗരരൂപകൽപനകൾ സാദ്ധ്യമാകണം.

പൊതു ശൗചാലയങ്ങൾ

കേരളത്തിലെ പൊതുശൗചാലയങ്ങളെക്കുറിച്ച് ഈയിടെ സോഷ്യൽമീഡിയായിൽ ഗൗരവമായി ചർച്ചകൾ ഉണ്ടായിരുന്നു. പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കൾ അതിനോട് അനുകൂലമായി പ്രതികരിച്ചതും കേരളം മുഴുവൻ ശ്രദ്ധിക്കുകയുണ്ടായി. അന്താരാഷ്ട്രപഠനകോൺഗ്രസ്സിലെ പൊതുശൗചാലയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. കേരളം മുഴുവൻ വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങൾ ഉണ്ടാകേണ്ടതും സ്ത്രീയുടെ പൊതുയിടത്തിലെ സൈ്വരവും സ്വതന്ത്രവുമായ ഇടപെടലും തമ്മിൽ നാഭിനാളബന്ധമുണ്ട്. പൊതുസ്ഥലത്ത് ഇടപെടേണ്ടിവരുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്രശ്‌നം ശൗചാലയങ്ങളുടെ അപര്യാപ്തതയാണ്. ഉള്ളത് വൃത്തിഹീനവും സുരക്ഷിതമല്ലാത്തതും! കോട്ടയം നഗരത്തിലെ പൊതുശൗചാലയങ്ങളെക്കുറിച്ച് കേരളസാക്ഷര സാഹിത്യപരിഷത്ത് നടത്തിയ പഠനത്തിൽനിന്ന് കോട്ടയം കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിനെക്കുറിച്ചുള്ള പരാമർശങ്ങൾ താഴെ കൊടുക്കുന്നു.

ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഒരു ബസ്സ്റ്റാൻഡാണ് ഇത്. ബസ്സ്റ്റാൻഡിന്റെ നടുവിലായി ഓഫീസും കാത്തിരിപ്പുകേന്ദ്രവും സ്ഥിതിചെയ്യുന്നു. ഇതിന്റെ ഇരുവശങ്ങളിലുമായി ഒന്നാംനമ്പർ സ്റ്റാൻഡും രണ്ടാംനമ്പർ സ്റ്റാൻഡും പ്രവർത്തിക്കുന്നു. ഇവിടെനിന്ന് രാത്രികാല സർവ്വീസുകൾ കുറവാണ്. തന്മൂലം സ്ത്രീകൾ ഉൾപ്പെടെ ധാരാളം യാത്രികർക്ക് നേരംപുലരുന്നതുവരെ സ്റ്റാൻഡിൽ കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഇവിടെ കാത്തിരിപ്പമുറി ബസ്സ്റ്റാൻഡിന്റെ ഇടനാഴിയുടെ ഒരു ഭാഗമാണ്. അടച്ചുറപ്പുള്ളതല്ല. ഇരിപ്പിടങ്ങൾ ദീർഘനേരത്തെ ഇരിപ്പിന് അസൗകര്യം ഉണ്ടാക്കുന്നതാണ്. സെക്യൂരിറ്റി ജോലിക്കായി രണ്ടോമൂന്നോ പോലീസുകാർ മാത്രമാണ് ഇവിടെയുണ്ടാകുക. വനിതാപോലീസുകാരോ, വനിതാസെക്യൂരിറ്റി ജീവനക്കാരോ സ്റ്റാൻഡിലേക്ക് നിയമിക്കപ്പെട്ടിട്ടില്ല. അനാശാസ്യ പ്രവർത്തനങ്ങൾക്ക് മോഷണം, കഞ്ചാവു വിൽപ്പനപോലെയുള്ള ക്രിമിനൽ കൃത്യങ്ങൾ നടത്തുന്ന കേന്ദ്രംകൂടിയാണ് ഈ വിശ്രമമുറി.

ഇവിടെത്തെ മൂത്രപ്പുര കാത്തിരിപ്പു കേന്ദ്രത്തിൽനിന്ന് ഏതാണ്ട് ഇരുപത്തിയഞ്ചുമീറ്റർ അകലത്തിലുള്ള മറ്റൊരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിർത്തിയിട്ടിരിക്കുന്ന ബസുകൾക്കിടയിലൂടെവേണം മൂത്രപ്പുരയിലേക്ക് പോകേണ്ടത്. രാത്രികളിൽ മൂത്രപ്പുരയിലേക്ക് പോകുന്നത് അത്യന്തം അരക്ഷിതമായതുകൊണ്ട് സ്ത്രീകൾ ആ യാത്രതന്നെ ഒഴിവാക്കുന്നു. ദിവസേന അയ്യായിരത്തിൽപ്പരം യാത്രികർ വന്നുപോകുന്ന കോട്ടയം ബസ്സ്റ്റാൻഡിൽ സ്ത്രീകൾക്കായി അഞ്ച് മൂത്രപ്പുരകളും ഒരു കക്കൂസും ഒരു കുളിമുറിയും മാത്രമാണുള്ളത്. ഒരേ കെട്ടിടത്തിന്റെ രണ്ട് ഭാഗങ്ങളിലായിട്ടാണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ശൗചാലയങ്ങളുടെ അകവും പുറവും വൃത്തീഹീനവും ദുർഗന്ധപൂരിതവുമാണ്. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് ഫീസ് വാങ്ങുന്നുണ്ട്. പകൽ സമയത്ത് വനിതാജീവനക്കാരിയുണ്ടെങ്കിലും രാത്രിയിൽ പുരുഷനാണ് സേവനമനുഷ്ഠിക്കുന്നത്.

ഇതിൽ നിന്നുതന്നെ പൊതു ശൗച്യാലയങ്ങൾ വേണ്ടതിന്റെ ആവശ്യകത ബോധ്യമായി കാണും. പൊതുവിടങ്ങളിൽ ശൗച്യാലയങ്ങൾ ഉണ്ടായിരിക്കുക എന്നത് മാത്രമല്ല, അത് ഉപയോഗിക്കാൻ സാധിക്കുന്ന വിധം വൃത്തിയുള്ളതും സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുന്നതുമാകണം.

സ്ത്രീപക്ഷ വിദ്യാഭ്യാസം

സ്ത്രീസൗഹൃദപൊതുയിടങ്ങളെ ഭൗതികമായി രൂപകൽപനചെയ്യാൻ ഇച്ഛാശക്തിയുണ്ടെങ്കിൽ ഭരണകൂടങ്ങൾക്ക് സാദ്ധ്യമാണ്. പക്ഷേ, സ്ത്രീപുരുഷസമത്വമെന്ന സാംസ്‌കാരികത സൃഷ്ടിക്കണമെങ്കിൽ അതിനനുയോജ്യമായ പൊതുബോധം രൂപീകരിച്ചെടുക്കാൻ കഴിയണം.

പുതുതായി രൂപംകൊള്ളുന്ന സ്ത്രീവകുപ്പ് അതിനായി വിപൂലമായ പദ്ധതികൾ ആവിഷ്‌ക്കരിക്കും എന്ന് പ്രതീക്ഷിക്കാം. പ്രീ-പ്രൈമറി ക്ലാസ്സുമുതൽ ജൻഡർ സ്റ്റഡീസ് പാഠ്യപദ്ധതിയുടെ ഭാഗമാകണം. കംമ്പ്യൂട്ടർഗെയിം ഉൾപ്പെടെയുള്ള കളികൾ അതിനായി രൂപകൽപന ചെയ്യണം. ഓരോ തലത്തിനും അനുയോജ്യമായ രീതിയിൽ പാഠ്യപദ്ധതിയിൽ ലിംഗപദവി പഠനം നിർബ്ബന്ധമാക്കണം. ഐ.എം.ജി. പോലെയുള്ള സർക്കാർജീവനക്കാരുടെ പരിശീലനകേന്ദ്രങ്ങളിൽ സ്ത്രീപക്ഷനിയമങ്ങളും നിലപാടുകളും കർക്കശമാക്കാൻ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കണം. സീരിയലുകൾ, സിനിമകൾ, വാർത്തകൾ തുടങ്ങിയ പൊതുവ്യവഹാരങ്ങളിലെ സ്ത്രീവിരുദ്ധതകളെക്കെതിരെ കർക്കശനടപടികൾ ഉണ്ടാകണം. അതിനാവശ്യമായ നിയമനിർമ്മാണം സ്ത്രീവകുപ്പിന്റെ നേതൃത്വത്തിൽ സാദ്ധ്യമാകണം.

ദളിത്‌സ്ത്രീ

അടുത്തകാലത്തുണ്ടായ പീഡനക്കേസുകളിൽ മിക്കതിലും ഇരകളാകുന്നത് ദളിത് സ്ത്രീകളാണ്. ദളിത് സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം വർദ്ധിച്ചുവരുന്നത് യാദൃശ്ചികമായി കാണാനാവുകയില്ല. അതൊരു ദുഷ്‌കാലസൂചനകൂടിയാണ്. കേരളത്തിലെ ദളിത് ജനസംഖ്യയിലും സ്ത്രീപുരുഷാനുപാതത്തിലും 2000-ത്തിനുശേഷം വന്നിട്ടുള്ള മാറ്റങ്ങളും ആരോഗ്യകരമല്ല. ആദിവാസി സ്ത്രീകളുടെ അനാരോഗ്യകരമായ ജീവിതാവസ്ഥകളും സാമുഹികാവസ്ഥകളും ഒരു വംശനാശത്തിന്റെ സൂചനയാണ് നല്കുന്നത്. ഭിന്നലംഗവിഭാഗങ്ങൾക്ക് അക്കാദമിക് രംഗത്ത് പരിമിതമായ അംഗീകാരം ലഭിക്കുന്നുണ്ടെങ്കിലും പൊതുസാമൂഹികാഗീകാരത്തിന് കടമ്പകളും വെല്ലുവിളികളും ഏറെ. അവരിപ്പോഴും നിരന്തരം അവഹേളിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു.

ജനാധിപത്യപ്രക്രിയ നിരന്തരമായി വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുകയും അതിനായി നിയമങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയുമാണ് ഒരു ജനായത്തസർക്കാരിന്റെ ആത്യന്തികമായ കർത്തവ്യം. വംശം ദേശം, ലിംഗം, സാമൂഹികപദവി തുടങ്ങിയ വ്യതിരിക്തതകളാൽ വിഭചിക്കപ്പെട്ടവരെയും പൊതുധാരാജീവിതത്തിന് പുറത്തുനിൽക്കുന്നവരെയം ജനാധിപത്യപ്രക്രിയകളുടെ നടുത്താരയിലേക്ക് എത്തിക്കുകയാണ് സ്ത്രീവകുപ്പേറ്റെടുക്കേണ്ട കർത്തവ്യം.

ലിംഗഭീതിയോ ലിംഗവൈരമോ ഉണ്ടാക്കുകയല്ല ലിംഗസൗഹൃദം സൃഷ്ടിച്ചുകൊണ്ട് സാമുഹിക നിർമ്മാണ പ്രക്രിയയിൽ സ്ത്രീകളുടെയും സമ്പൂർണ്ണപങ്കാളിത്തം ഉണ്ടാക്കുക ആയിരിക്കണം സ്ത്രീവകുപ്പിന്റെ ലക്ഷ്യം. വളരെ പഴയതാണെങ്കിലും പ്രസക്തമായതിനാൽ പറയാതെ വയ്യ.

'ഏട്ടിലെ പശു പുല്ലുതിന്നില്ല.'
പുല്ലുള്ളിടത്ത് ഇറക്കി കെട്ടുകയെങ്കിലും വേണം.