അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; അമൃതാ മഠം വെട്ടിച്ചത് കോടികളുടെ നികുതിപ്പണം

കേസ് തങ്ങളുടെ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാന്‍ മഠം പലവഴികളും നോക്കിയിരുന്നുവെങ്കിലും ഒടുവില്‍ ഗത്യന്തരമില്ലാതെ 2012 ല്‍ 17 ലക്ഷം രൂപ പഞ്ചായത്തില്‍ നികുതിയിനത്തില്‍ അടച്ച് അമൃതമഠം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു.

അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; അമൃതാ മഠം വെട്ടിച്ചത് കോടികളുടെ നികുതിപ്പണം

നികുതി വെട്ടിപ്പിൻ്റെ പേരിൽ നിയമനടപടി നേരിടുന്ന കൊല്ലം അമൃതാനന്ദമയി ആശ്രമം ശക്തമായ സമ്മര്‍ദ്ദ ഫലമായി കഴിഞ്ഞ ദിവസം സര്‍ക്കാരിന് അടച്ചത് ഒരു ഒരു കോടി രൂപ. അനധികൃത നിര്‍മ്മാണങ്ങളിലൂടെ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന്റെ 2004 മുതലുള്ള നികുതി കുടിശ്ശികയാണ് അമൃതാനന്ദമയി മഠം കഴിഞ്ഞ ദിവസം ക്ലാപ്പന പഞ്ചായത്തില്‍ ഒടുക്കിയിരിക്കുന്നത്. മഠത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കും നികുതിവെട്ടിപ്പിനുമെതിരെ പൊതു പ്രവര്‍ത്തകനായ വിജേഷിന്റെ നിയമ പോരാട്ടമാണ് മഠത്തിനെ വെട്ടിലാക്കിയത്.


2011 ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഹര്‍ജിക്കാര്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ ഈ കേസ് തങ്ങളുടെ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാന്‍ മഠം പലവഴികളും നോക്കിയിരുന്നുവെങ്കിലും ഒടുവില്‍ ഗത്യന്തരമില്ലാതെ 2012 ല്‍ 17 ലക്ഷം രൂപ പഞ്ചായത്തില്‍ നികുതിയിനത്തില്‍ അടച്ച് അമൃതമഠം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഹര്‍ജിക്കാരുടെ വാദത്തിൻ്റെ അടിസ്ഥാനത്തിൽ  ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണത്തിനൊടുവില്‍ മഠം കണക്കില്‍ കാണിക്കാത്ത 64 ബില്‍ഡിംഗുകള്‍ കൂടി കണ്ടെത്തി റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു.

എന്നാല്‍ ഈ 64 ബില്‍ഡിംഗുകള്‍ മാത്രമല്ല മഠത്തിന്റെ അധീനതയിലുള്ളതെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഉപയോഗത്തിന്റെ അടിസ്ഥാനം പരിശോധിക്കുകയാണെങ്കില്‍ കണക്കുകൂട്ടിയത്തിന്റെ പലമടങ്ങ് തുക നികുതിയിനത്തില്‍ മഠം അടയ്‌ക്കേണ്ടി വരുമെന്നും വിജേഷ് പറയുന്നു. അതുകൊണ്ടുതന്നെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നുള്ളതാണ് ഹര്‍ജിക്കാരന്റെ വാദവും. ഹര്‍ജിയിന്‍മേലുള്ള നിര്‍ണ്ണായക വിധി ഈ വരുന്ന 7 ന് വരുവാനിരിക്കേയാണ് ആരോപണങ്ങളെ ശരി വെയ്ക്കുന്ന തരത്തില്‍ അമൃത മഠം നികുതിയൊടുക്കല്‍ നീക്കം നടത്തിയത്. വിധി വരുന്നത് ദിവസങ്ങള്‍ക്ക് മുമ്പ് നികുതിയായി നല്‍കുവാനുള്ള തുകയില്‍ ഒരു കോടി രൂപയാണ് അമൃത മഠം ക്ലാപ്പന പഞ്ചായത്തില്‍ അടച്ചത്. 2004 മുതല്‍ ഇതുവരെയുള്ള ഔദ്യോഗിക കണക്കില്‍ ഇനിയും 9 ലക്ഷം രൂപ കൂടി മഠം പഞ്ചായത്തില്‍ അടയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

എഞ്ചിനീയറിംഗ് കോളേജ്, ഏഴു ബോയ്സ് ഹോസ്ററല്‍ കെട്ടിടങ്ങള്‍, അഞ്ചു വര്‍ക്ക്ഷോപ്പ് കെട്ടിടങ്ങള്‍, നാല് ഗേള്‍സ് ഹോസ്ററലുകള്‍ ,ഒരു സബ്സ്റ്റേഷന്‍, രണ്ടു മെസ്സ്, തൊഴിലാളികള്‍ക്ക് താമസിക്കാന്‍ നിരവധി കെട്ടിടങ്ങള്‍, എട്ട് ഗോഡൌണുകള്‍, രണ്ടു പവര്‍ ഹൌസ് ബില്‍ഡിംഗ്, ഒരു ടെക്നോളജി ബിസിനസ്സ് ഇന്ക്യുബെറ്റര്‍ ബില്‍ഡിംഗ് എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങളാണ് ക്ലാപ്പന പഞ്ചായത്തില്‍ അമൃതമഠം അനധികൃതമായി കെട്ടിയുയര്‍ത്തിയിരിക്കുന്നത്. സത്യസന്ധമായ നികുതി നിര്‍വ്വഹണം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സ്ഥിതിയിലാണ് മഠം ഇക്കാര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. അന്വേഷണ കമ്മീഷനെ വെച്ചാല്‍ നിയമലംഘനത്തിന്റെ ഒരു വന്‍ശൃംഖല തന്നെ ഇവിടെ കണ്ടെത്താനാകുമെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല നിലംനികത്തിയ ഭൂമിയിലാണ് ഈ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്. എന്നാല്‍ കൃഷിവകുപ്പില്‍ നിന്നും 15 ഏക്കറോളം നിലം നികത്താന്‍ മാത്രമാണ് മഠത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. പക്ഷേ ആ അനുമതിയുടെ മറവില്‍ ഇവിടെ 45 ഏക്കറോളം നികത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിനും ടിബി ഐയ്ക്കും മറ്റും പഞ്ചായത്തില്‍ നിന്നുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ഈ കെട്ടിടങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പഞ്ചായത്ത് നിശ്ചയിച്ച നികുതി നല്‍കുവാനും മഠം തയ്യാറായിരുന്നില്ല. പിന്നോട്ടില്ലെന്ന തീരുമാനമെടുത്ത് മുന്നോട്ടുപോയ വിജേഷിന്റെ നടപടികള്‍ക്കൊടുവില്‍ ഒടുവില്‍ മഠം മുട്ടുമടക്കുകയായിരുന്നു.


Read More >>