അമൃതാനന്ദമയി മഠത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് പരാതി

ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് വിജേഷ് പരാതി നല്‍കിയിരിക്കുന്നത്. രേഖകള്‍ പരിശോധിച്ച് നടപടി ഉറപ്പു വരുത്തുമെന്ന് ജേക്കബ് തോമസില്‍ നിന്നും ഉറപ്പു ലഭിച്ചതായും വിജേഷ് നാരദാ ന്യൂസിനോട് പറഞ്ഞു.

അമൃതാനന്ദമയി മഠത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് പരാതി

സര്‍ക്കാരിനെയും നിയമവ്യവസ്ഥകളെയും പതിറ്റാണ്ടുകളോളം കബളിപ്പിച്ച് നികുതി വെട്ടിപ്പു നടത്തിയ കൊല്ലം അമൃതാനന്ദമയി ആശ്രമം ശക്തമായ സമ്മര്‍ദ്ദ ഫലമായി കഴിഞ്ഞ ദിവസം സര്‍ക്കാരിന് അടച്ചത് ഒരു ഒരു കോടി രൂപ. എല്ലാ സര്‍ക്കാര്‍ നിബന്ധനകളെയും കവച്ചുവെച്ച് അനധികൃത നിര്‍മ്മാണങ്ങളിലൂടെ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന്റെ 2004 മുതലുള്ള നികുതി കുടിശ്ശികയാണ് അമൃതാനന്ദമയി മഠം കഴിഞ്ഞ ദിവസം ക്ലാപ്പന പഞ്ചായത്തില്‍ ഒടുക്കിയിരിക്കുന്നത്. മഠത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കും നികുതിവെട്ടിപ്പിനുമെതിരെ പൊതു പ്രവര്‍ത്തകനായ വിജേഷിന്റെ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങളാണ് ഒടുവില്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നത്.


2011 ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഹര്‍ജിക്കാര്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ ഈ കേസ് തങ്ങളുടെ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാന്‍ മഠം പലവഴികളും നോക്കിയിരുന്നുവെങ്കിലും ഒടുവില്‍ ഗത്യന്തരമില്ലാതെ 2012 ല്‍ 17 ലക്ഷം രൂപ പഞ്ചായത്തില്‍ നികുതിയിനത്തില്‍ അടച്ച് അമൃതമഠം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഹര്‍ജിക്കാരുടെ വാദത്തിൻ്റെ അടിസ്ഥാനത്തിൽ  ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണത്തിനൊടുവില്‍ മഠം കണക്കില്‍ കാണിക്കാത്ത 64 ബില്‍ഡിംഗുകള്‍ കൂടി കണ്ടെത്തി റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു.

എന്നാല്‍ ഈ 64 ബില്‍ഡിംഗുകള്‍ മാത്രമല്ല മഠത്തിന്റെ അധീനതയിലുള്ളതെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഉപയോഗത്തിന്റെ അടിസ്ഥാനം പരിശോധിക്കുകയാണെങ്കില്‍ കണക്കുകൂട്ടിയത്തിന്റെ പലമടങ്ങ് തുക നികുതിയിനത്തില്‍ മഠം അടയ്‌ക്കേണ്ടി വരുമെന്നും വിജേഷ് പറയുന്നു. അതുകൊണ്ടുതന്നെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നുള്ളതാണ് ഹര്‍ജിക്കാരന്റെ വാദവും. ഹര്‍ജിയിന്‍മേലുള്ള നിര്‍ണ്ണായക വിധി ഈ വരുന്ന 7 ന് വരുവാനിരിക്കേയാണ് ആരോപണങ്ങളെ ശരി വെയ്ക്കുന്ന തരത്തില്‍ അമൃത മഠം നികുതിയൊടുക്കല്‍ നീക്കം നടത്തിയത്. വിധി വരുന്നത് ദിവസങ്ങള്‍ക്ക് മുമ്പ് നികുതിയായി നല്‍കുവാനുള്ള തുകയില്‍ ഒരു കോടി രൂപയാണ് അമൃത മഠം ക്ലാപ്പന പഞ്ചായത്തില്‍ അടച്ചത്. 2004 മുതല്‍ ഇതുവരെയുള്ള ഔദ്യോഗിക കണക്കില്‍ ഇനിയും 9 ലക്ഷം രൂപ കൂടി മഠം പഞ്ചായത്തില്‍ അടയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

ഇതിനിടെ അമൃതാനന്ദമയി മഠത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജേഷ് സംസ്ഥാന വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് പരാതി നല്‍കി. ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് വിജേഷ് പരാതി നല്‍കിയിരിക്കുന്നത്. രേഖകള്‍ പരിശോധിച്ച് നടപടി ഉറപ്പു വരുത്തുമെന്ന് ജേക്കബ് തോമസില്‍ നിന്നും ഉറപ്പു ലഭിച്ചതായും വിജേഷ് നാരദാ ന്യൂസിനോട് പറഞ്ഞു.

Vijesh Petition


Read More >>