അമേരിക്കയും മലയാളിയുടെ കൊതിക്കെറുവും

നേതാക്കന്മാരുടെ മക്കൾ വിദേശത്ത് പഠിക്കുന്നതായുള്ള ട്രോളുകളും മീമുകളും കാണിക്കുന്നത് സമൂഹത്തിന്റെ പ്രതിലോമത കൂടിയാണ്. നേതാക്കന്മാരുടെ മക്കൾ അമേരിക്കയിൽ ആണെന്നും, അവർ അവിടെ സുഖിച്ചു ജീവിക്കുകയാണ്എന്നും, അവരുടെ പിതാക്കന്മാർ പറയുന്ന പ്രത്യയശാസ്ത്രം അവരെ ബാധിക്കുന്നില്ലെന്നും ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. അതിനേക്കാളുപരി, മക്കളെ അമേരിക്കയിൽ വിട്ടിട്ടു നാട്ടിൽ സോഷ്യലിസം പറയുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനെ ഇത് പൊളിച്ചു കാട്ടുന്നു. ജോണി എം എൽ എഴുതുന്നു.

അമേരിക്കയും മലയാളിയുടെ കൊതിക്കെറുവും

ജോണി എം എൽ

ചിത്രം: തോമസ് ഐസക്കിന്റെ മകളുടെ പേരിൽ നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന്‌

ട്രോളുകളും മീമുകളും ഒരു സമൂഹത്തിന്റെ സാംസ്കാരികവും രാഷ്ട്രീയപരവുമായ ജാഗ്രതയെ കാണിക്കുന്നു. ചിരി കൊണ്ടുള്ള വിമർശനം ഒരു പക്ഷെ ഗിരിപ്രഭാഷണങ്ങളെക്കാൾ ശക്തമാണെന്ന് മനസിലാക്കിയ സമൂഹങ്ങളാണ്  ഇവയിൽ മുന്നിൽ നിൽക്കുന്നത്. അവയിലൊന്നാണ് മലയാളികളുടെ സമൂഹം. ട്രോളുകളും മീമുകളും ഉത്പാദിപ്പിക്കപ്പെടുന്നത് സാമൂഹികമായ അബോധത്തിൽ ലയിച്ചിരിക്കുന്ന സാംസ്കാരിക ഘടകങ്ങളെ ഓർമ്മയിലേക്ക് തിരികെ എടുത്തു കൊണ്ടാണ്. കാഴ്ചക്കാരൻ/ വായനക്കാരൻ ഈ ചിത്രങ്ങളെയും വാക്കുകളെയും ഉടനടി തിരിച്ചറിയുന്നു. നിർദ്ദിഷ്ട പരിതോവസ്ഥയിൽ നിന്ന് അത് ഉദ്ദിഷ്ട പരിതോവസ്ഥയിലേയ്ക്കു നീങ്ങിക്കൊണ്ട് അവ വിമർശന വൃത്തം പൂർത്തീകരിക്കുന്നു. ഇതേ ട്രോളുകളും മീമുകളും പക്ഷെ ഒരു സമൂഹത്തിന്റെ പ്രതിലോമ ചിന്തകളെക്കൂടി പുറത്തു കൊണ്ടുവരാം. വിപ്ലവകരമെന്നും പുരോഗമനപരമെന്നും ഒക്കെ വിചാരിച്ചു സൃഷ്ടിക്കപ്പെടുന്ന മീമുകൾ നേരെ വിപരീത ദിശയിൽ സഞ്ചരിച്ചു സമൂഹ മനസ്സിൽ കുടികൊള്ളുന്ന പ്രതിലോമ ചിന്തകളെ പുറത്തു കൊണ്ട് വരുന്നത് നാം ചിലപ്പോഴെങ്കിലും കാണുന്നു. അതിനുള്ള ഉദാഹരണമാണ്,

കേരളത്തിലെ ചില പ്രമുഖ നേതാക്കളുടെ ചിത്രങ്ങൾ കാട്ടിക്കൊണ്ടു ഇവരുടെയൊക്കെ മക്കൾ ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസം ആണെന്ന് പറയുന്ന മീമുകൾ.

ചിത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ട്, ധനമന്ത്രി തോമസ് ഐസക് ഉണ്ട്. മുസ്‌ലിം ലീഗ് നേതാവ് ഇ അഹമ്മദും കോൺഗ്രസ് അധ്യക്ഷൻ വി എം സുധീരനും ഉണ്ട്. അവരുടെയൊക്കെ മക്കൾ അമേരിക്കയിൽ ആണെന്നും, അവർ അവിടെ സുഖിച്ചു ജീവിക്കുകയാണ്എന്നും, അവരുടെ പിതാക്കന്മാർ പറയുന്ന പ്രത്യയശാസ്ത്രം അവരെ ബാധിക്കുന്നില്ലെന്നും ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. അതിനേക്കാളുപരി, മക്കളെ അമേരിക്കയിൽ വിട്ടിട്ടു നാട്ടിൽ സോഷ്യലിസം പറയുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനെ ഇത് പൊളിച്ചു കാട്ടുന്നു. കൂടാതെ, തല്ലു കൊള്ളാൻ നാട്ടിലെ പിള്ളേരെ തയാറെടുപ്പിക്കുന്ന നേതാക്കന്മാർ സ്വന്തം മക്കളെ വിദേശത്തയച്ചു പഠിപ്പിച്ചു, അവിടെത്തന്നെ സുഖമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നു എന്നും ഇത് പറയുന്നു. ഒറ്റയടിക്ക് കാണാൻ സുഖമുള്ളതും, ശരാശരി മനുഷ്യരുടെ രാഷ്ട്രീയ ബോധത്തെയും വിമർശനോന്മുഖതയെയും ഉത്തേജിപ്പിക്കുന്നതുമാണ് ഈ മീം. എന്നാൽ സത്യം അതല്ല. മലയാളിയിൽ അവൻ അറിയാതെ കയറിക്കൂടിയ ഒരു വരേണ്യ പ്രത്യയശാസ്ത്രത്തിന്റെ അനുരണങ്ങൾ ഈ വിമർശന ചിത്രങ്ങളിൽ ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ മലയാളി അറിയാതെ ബ്രാഹ്മണ്യം നൽകിയ ചാതുർവർണ്യത്തെ ന്യായീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരു പക്ഷെ സാമ്പത്തികമായി മുന്നോക്കാവസ്ഥയിൽ എത്തിയ എല്ലാവരും, അവർ പൊതു നന്മയെ ലക്ഷ്യമാക്കി എന്തെങ്കിലും പറഞ്ഞാൽ, അത്ര മുന്നോട്ടെത്താത്തവരിൽ നിന്ന് ഈ വിമർശനം കേട്ടിട്ടുണ്ട്. സർക്കാർ സ്‌കൂളിലെ അധ്യാപകർ എന്തുകൊണ്ട് മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ അയക്കുന്നു എന്ന ചോദ്യം നാം കേട്ടിട്ടുണ്ട്. നാട്ടിൽ ആശുപത്രികൾ ഉള്ളപ്പോൾ എന്തിനു വിദേശ ചികിത്സാ തേടുന്നു എന്ന ചോദ്യത്തിൽ ഈ വിമർശനം ഉണ്ട്. നിങ്ങൾ ചെയ്താലേ ഞാൻ ചെയ്യൂ എന്ന മലയാളിയുടെ പിടിവാശി ആണിത്. ഒരു ജന്തുവിനും സ്വപുത്രരിൽ പരുഷത്വം വിധി നൽകിയില്ല താൻ എന്ന് കുമാരനാശാൻ എഴുതിയത് ഇവിടെയും സംഗതമാണ്. മൊത്തം വ്യവസ്ഥയുടെ ഭാഗമായി പ്രവർത്തനം മോശമായിപ്പോയ സർക്കാർ സ്‌കൂളുകളിൽ സ്വന്തം മക്കളെ വിടില്ല എന്ന് അതെ സ്‌കൂളുകളിലെ അധ്യാപകർ തീരുമാനിച്ചാൽ അതിനു അവരെ എങ്ങിനെ കുറ്റം പറയാൻ കഴിയും? രാഷ്ട്രീയ നേതാക്കന്മാരുടെ മക്കൾ നാട്ടിൽ തന്നെ പഠിക്കണം എന്തിനാണ് നാം വാശി പിടിക്കുന്നത്? അതിനായി ഉപയോഗിക്കുന്ന ഊർജം എന്തുകൊണ്ട് മൊത്തം വ്യവസ്ഥയെ നന്നാക്കാൻ നമുക്ക് ഉപയോഗിച്ച് കൂടാ? പക്ഷെ അത് മലയാളി ചെയ്യില്ല. വിമർശനം അവന്റെ ജന്മാവകാശമാണ്, പ്രവർത്തനം സാവകാശവും.

മുഖ്യമന്ത്രിയുടെ മക്കൾ, ധനമന്ത്രിയുടെ മകൾ അങ്ങിനെ പലരുടെയും മക്കൾ അമേരിക്കയിൽ പോയത് അക്ഷന്തവ്യമായ തെറ്റാണെന്നു പറയുന്നവർ അറിയാതെ ചാതുർവർണ്യത്തെ പുനർസൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെയും മറ്റു രാഷ്ട്രീയ നേതാക്കളുടെയും ഒക്കെ മക്കൾ രാഷ്ട്രീയക്കാർ തന്നെ ആകണം. അവർ അവരുടെ പിതാക്കന്മാരെപ്പോലെ വിദ്യാഭ്യാസം പൂർണമായും നേടാത്തവരോ നേടിയവരോ ആയിരിക്കണം. അവർ തെരുവിൽ ഇറങ്ങണം, പോലീസിനെ കല്ലെറിയണം, അടി വാങ്ങണം, പിന്നെ ക്രമേണ വ്യവസ്ഥയുടെ ഭാഗമായി അഴിമതി നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യുന്ന രാഷ്ട്രീയക്കാരാകണം. അല്ലെങ്കിൽ അവർ പിതാക്കന്മാരുടെ തണലിൽ ജീവിക്കുന്ന പരാദജീവികൾ ആകണം. എങ്കിൽ മലയാളി തൃപ്തനാകും. കൊല്ലന്റെ മകൻ കൊല്ലനും ചെത്തുകാരന്റെ മകൻ ചെത്തുകാരനും പൂജാരിയുടെ മകൻ പൂജാരിയും ആകണം എന്ന് പറയുന്ന ചാതുർവർണ്യമാണത്. പക്ഷെ മലയാളി ഇരട്ടത്താപ്പിന്റെ ഉസ്താദുമാരാണ്. മക്കൾ അമേരിക്കയിൽ പോയതിന്റെ പേരിൽ മന്ത്രിമാരെ കുറ്റം പറയുന്ന മലയാളി, സ്വന്തം മക്കളെ എങ്ങിനെയെങ്കിലും അക്കരെ കടത്തണം എന്ന് ആഗ്രഹിക്കുന്നവരാണ്. മക്കളെ എൻജിനീയറും ഡോക്ടറും ഒക്കെ ആക്കാൻ ശ്രമിക്കുന്ന മലയാളി, മന്ത്രിമാർ അത് ചെയ്യുന്നതിൽ എന്ത് കൊണ്ട് തെറ്റ് കണ്ടെത്തുന്നു എന്ന് മനസ്സിലാകുന്നില്ല.

സത്യത്തിൽ അമേരിക്കയിൽ സെറ്റിൽ ചെയ്ത, മന്ത്രിമാരുടെ മക്കളെ നാം അഭിനന്ദിക്കുകയല്ലേ ചെയ്യേണ്ടത്? രാഷ്ട്രീയമായി പിടിപാടുള്ള പിതാക്കന്മാരുടെ നിഴലിൽ നിന്ന് മാറി സ്വന്തം കഴിവ് കൊണ്ട് പഠിച്ചു ജോലി നേടി അമേരിക്കയിൽ പോകുന്നതിനു എന്താണ് കുഴപ്പം? പിണറായി വിജയൻറെ മകൻ എന്നോ മകൾ എന്നോ പരിഗണന അമേരിക്കയിൽ ആരെങ്കിലും അവർക്കു നൽകുമോ എന്ന് മനസ്സിലാകുന്നില്ല. നമ്മുടെ മുൻ പ്രസിഡന്റ് ശ്രീ എ പി ജെ അബ്ദുൽ കലാമിനെയും കമലാഹാസനെയും ഷാരൂഖാനെയും ഒക്കെ പിടിച്ചു വസ്ത്രം ഊരിച്ച നാടാണ് അത്. പിന്നെയാണ് തോമസ് ഐസക്കിന്റെ മകൾ എന്ന നിലയിൽ ഒരു പെൺകുട്ടിയ്ക്ക് അവിടെ സവിശേഷ പരിഗണന ലഭിക്കുന്നത് ! മലയാളിയുടെ ഇരട്ടത്താപ്പ് വീണ്ടും നോക്കണേ. കോൺഗ്രസിനെ രക്ഷിക്കാൻ ആദ്യം രാജീവ് ഗാന്ധിയെ ഇറക്കി, പിന്നെ സോണിയ ഗാന്ധി, പിന്നെ രാഹുൽ, അതും കഴിഞ്ഞു പ്രിയങ്ക ഗാന്ധി. അതിനു കോൺഗ്രസ് കേൾക്കുന്ന ശകാരത്തിനു കണക്കില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും കുടുംബ ഭരണമാണ്. കേരളത്തിൽ അതില്ല എന്നതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്?

പക്ഷെ പ്രശ്നം അവിടെയൊന്നുമല്ല കിടക്കുന്നതു. മലയാളിയുടെ പരാതി വരുന്നത്, ഈ കുട്ടികൾ റോഡിൽ ഇറങ്ങി അടി കൊള്ളുന്നില്ല, വെട്ടു കൊണ്ട് മരിക്കുന്നില്ല എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ആണ്. അടി കൊല്ലുന്നതും വെട്ടു കൊള്ളുന്നതും  എല്ലാം പാവം തൊഴിലാളികളും പ്രവർത്തകരും. ഈ മക്കളെ എങ്ങും കാണുന്നില്ല എന്നാണു വ്യംഗ്യം. പക്ഷെ, ഒരു മാതാപിതാക്കളും സ്വന്തം മക്കളെ, പോയി വെട്ടെടാ എന്ന് പറഞ്ഞു വിടുന്നില്ല. രാഷ്ട്രീയ നേതാക്കളും മക്കളോട് അത്രയേ പറയുന്നുള്ളൂ. അടി കൊള്ളുന്നതും  വെട്ടു കൊള്ളുന്നതും, സ്വന്തം തെരഞ്ഞെടുപ്പുകളാണ്. ഒരു രാഷ്ട്രീയ പ്രവർത്തകൻ ആവുക എന്നത് സ്വന്തം ഉത്തരവാദിത്തം ആണ്. ആ തെരെഞ്ഞെടുപ്പിൽ അതിൽ അടങ്ങിയിരിക്കുന്ന റിസ്കുകളും ഉൾപ്പെടും. രാഷ്ട്രീയ പ്രവർത്തകർ എല്ലാവര്ക്കും മിനിമം സ്‌കൂൾ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുണ്ട്. എന്ത് വേണം എന്ത് വേണ്ട എന്ന് തീരുമാനിക്കാൻ അവർക്കു കഴിയും. രാഷ്ട്രീയക്കാരുടെ മക്കളും അത്തരത്തിൽ സ്വന്തം തീരുമാനം എടുത്തിട്ടുള്ളവരാണ്. വരുൺ ഗാന്ധിയും, ചാണ്ടി ഉമ്മനും, ഷിബു ബേബി ജോണും ഒക്കെ അങ്ങിനെ സ്വന്തം ഇഷ്ടത്തിൽ പിതാക്കളുടെ വഴി തെരെഞ്ഞെടുത്തവരാണ്. അത് ചെയ്യാത്തവരെ കുറ്റക്കാരായി കാണുന്നതും അവരുടെ രക്ഷാകർത്താക്കളായ മന്ത്രിമാരെയും നേതാക്കന്മാരെയും താറടിക്കുന്നതും അജ്ഞതയാണ്.

അണികൾ ഇല്ലാതെ നേതാക്കന്മാർ ഇല്ല. നേതാക്കന്മാർ പക്ഷെ അണികളെ സൃഷ്ടിക്കും. ചുരുക്കിപ്പറഞ്ഞാൽ അണികൾ വിചാരിച്ചാൽ നേതാക്കന്മാർ ഇല്ലാതെ ആകും. അണികൾ ഇല്ലാത്ത നേതാക്കന്മാരെ നാം ദർശിനികർ എന്നും തത്വചിന്തകർ എന്നും വിളിക്കുന്നു. അണികൾ ഇല്ലായിരുന്നെങ്കിൽ ഇ എം എസ് ഒരു കമ്മ്യൂണിസ്റ്റു തത്വചിന്തകൻ മാത്രം ആകുമായിരുന്നു. മൻമോഹൻ സിങ്ങിന് അണികൾ ഇല്ലായിരുന്നു. അതിനാൽ അദ്ദേഹം ഹൈക്കമാൻഡിനെ അനുസരിക്കുന്ന പ്രധാനമന്ത്രിയായി. അണികൾ വിചാരിച്ചാൽ വെട്ടും കുത്തും നിറുത്താം. അടുത്ത പ്രാവശ്യം വെട്ടാൻ പോകുമ്പോൾ ഒരു നേതാവിനെ കൂടെ ഒപ്പം കൂട്ടിയാൽ മതി. അയാൾ വരില്ല. കാരണം വരാതിരിക്കലാണ് അയാളെ നേതാവായി നില നിറുത്തുന്നത്. മന്ത്രിമാരുടെ മക്കൾ അമേരിക്കയിൽ പോകാൻ തീരുമാനിച്ചത്, അവർ അണികൾ ആകാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ്. അണികൾ ആകാൻ ആഗ്രഹിക്കുന്നവർ ഒടുവിൽ ചെറിയ ജോലികൾ ചെയ്തു മനസ്സ് മടുത്തു ജീവിച്ചു മരിക്കും. മുഖാമുഖം, അറബിക്കഥ തുടങ്ങിയ സിനിമകൾ കണ്ടാൽ ഇത് മനസിലാകും. സന്ദേശവും വെള്ളിമൂങ്ങയും കണ്ടിട്ടും നന്നാകാത്ത ഒരു സമൂഹം പിന്നീട് നന്നായിക്കൂടെന്നില്ല. പക്ഷെ അതുവരെ ഈ മീമുകൾ സ്വന്തം അജ്ഞതയെ ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് തുടരും.