ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ ആദ്യ ഭിന്നലിംഗ ഉദ്യോഗസ്ഥ ഐശ്വര്യ പ്രധാന്‍

"സിവിൽ സർവ്വീസ് ലഭിച്ചു കഴിഞ്ഞപ്പോഴാണ് ആളുകളുടെ പെരുമാറ്റത്തിൽ അൽപം മാറ്റമുണ്ടായതായി അനുഭവപ്പെടാന്‍ തുടങ്ങയത്. ലൈംഗീകവ്യതിയാനത്തിനുമപരി എന്നിൽ ശ്രദ്ധിക്കപ്പെടേണ്ടുന്ന കഴിവുകളുണ്ടെന്ന് സമൂഹത്തിനു തോന്നി തുടങ്ങി..."ഐശ്വര്യ പറയുന്നു.

ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ ആദ്യ ഭിന്നലിംഗ ഉദ്യോഗസ്ഥ ഐശ്വര്യ പ്രധാന്‍

'ആണും പെണ്ണും കെട്ടവൻ..'  ഈ വിളി എന്നെ ഏറെ വിഷമിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു... പറയുന്നത് ഐശ്വര്യ ഋതുപർണ്ണ പ്രധാനാണ്. ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയാണവർ. ഒഡീഷയിലെ ധനകാര്യ സർവ്വീസിൽ വാണിജ്യനികുതി ഉദ്യോഗസ്ഥയാണ് ഐശ്വര്യ.

ഒഡിഷയിലെ അധികമൊന്നും അറിയപ്പെടാത്ത ഒരു ഗ്രാമത്തിലായിരുന്നു ഐശ്വര്യയുടെ ജനനം. അന്ന് അവൾ രതികണ്ഠ പ്രധാൻ ആയിരുന്നു. ജനനത്തിൽ പുരുഷനായിരുന്ന ഐശ്വര്യയ്ക്ക് തന്റെ ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിയുന്നത് ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. പുരുഷൻ എന്നും സ്ത്രീ എന്നും ജനനത്തിൽ തന്നെ വേർത്തിരിക്കുന്ന ലൈംഗീകാവസ്ഥയ്ക്ക് മാറ്റങ്ങളുകാമെന്നു അവൾ അനുഭവത്തിൽ തിരിച്ചറിയുകയായിരുന്നു. പക്ഷെ, അതു സമൂഹത്തിനു മനസ്സിലാകണമെന്നില്ലല്ലോ..


കൊടിയ അപമാനങ്ങളുടെയും പരിഹാസങ്ങളുടെയും സ്ക്കൂൾ ദിനങ്ങൾ. അദ്ധ്യാപകർ പോലും പരിഹസിക്കുന്ന ആ ഓർമ്മകൾ ഒരിക്കലും സുഖകരമായിരുന്നില്ല... കോളേജ് ഹോസ്റ്റലിലെ ദിനങ്ങളിലെ ചിലത് ലൈംഗീകാക്രമണങ്ങളുടേതായിരുന്നു എന്നു ഐശ്വര്യ ഇപ്പോൾ തുറന്നു സമ്മതിക്കുന്നു. റൂം മേറ്റായിരുന്നയാൾ രതികണ്ഠനെന്ന സുഹൃത്തിലെ ലൈംഗീകവ്യതിയാനത്തെ ആവോളം ചൂഷണം ചെയ്തു എന്ന് മാത്രം! ആണും പെണ്ണും കെട്ടവരെന്നു ഉറക്കെ പരിഹസിക്കുകയും, ഒറ്റക്കാകുമ്പോൾ ആ അവസരത്തെ മുതലെടുക്കുകയും ചെയ്യുന്നവരെയും ഐശ്വര്യ തിരിച്ചറിയുകയായിരുന്നു.

"ഭുവനേശ്വറിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന നാളുകളിലാണ് ഞാൻ ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടത്. സമൂഹത്തിൽ എന്നും ഒറ്റപ്പെട്ടു നിൽക്കുന്നതിന്റെ വേദന കഠിനമായി അനുഭവിച്ച നാളുകളായിരുന്നു അത്." ഐശ്വര്യ പറയുന്നു.

"സിവിൽ സർവ്വീസ് ലഭിച്ചു കഴിഞ്ഞപ്പോഴാണ്  ആളുകളുടെ പെരുമാറ്റത്തിൽ അൽപം മാറ്റമുണ്ടായതായി അനുഭവപ്പെടാന്‍ തുടങ്ങയത്. ലൈംഗീകവ്യതിയാനത്തിനുമപരി എന്നിൽ ശ്രദ്ധിക്കപ്പെടേണ്ടുന്ന കഴിവുകളുണ്ടെന്ന് സമൂഹത്തിനു തോന്നി തുടങ്ങി. അതൊക്കെയായിരുന്നു എനിക്കും ജീവിക്കാന്‍ അധികാരമുണ്ടെന്ന് സ്വയം തോന്നി തുടങ്ങിയ ദിവസങ്ങള്‍.."

പൊതുഭരണത്തിൽ ബിരുദാനന്തര ബിരുദവും, ഇംഗ്ലീഷ് ജേർണലിസം യോഗ്യതയുമുള്ളയാളാണ് ഐശ്വര്യ.

2010ലാണ് ഐശ്വര്യ സിവിൽ സർവ്വീസിൽ പ്രവേശിക്കുന്നത്. രതികണ്ഠ പ്രധാൻ, പുരുഷൻ എന്നായിരുന്നു അപേക്ഷയിൽ എഴുതി നൽകിയത്. ആണും, പെണ്ണും എന്നല്ലാതെ മറ്റൊരു കോളം അവിടെ പൂരിപ്പിക്കുവാന്‍ അന്നുണ്ടായിരുന്നില്ല... പിന്നെയും അഞ്ചു വർഷങ്ങൾ കൂടി കഴിഞ്ഞാണ് അവൾക്ക് സ്വന്തം അസ്തിത്വം ഉറക്കെ പറയുവാനുള്ള ധൈര്യം ഉണ്ടായത്, അതും കോടതി വിധിയുടെ ഉറപ്പിൽ!

[caption id="attachment_28615" align="aligncenter" width="473"]rathikanda pradhan രതികണ്ഠ പ്രധാൻ ആയിരുന്ന നാളുകളില്‍[/caption]

2014 ഏപ്രിൽ 15നായിരുന്നു  സുപ്രീം കോടതിയുടെ ആ വിധിയുണ്ടാകുന്നത്. പുരുഷനെന്നും സ്ത്രീയെന്നുമല്ലാതെയുള്ള ഒരു ലൈംഗീകാവസ്ഥയ്ക്ക് ഭരണഘടനാധികാരം നൽകി കൊണ്ടുള്ള വിധിയായിരുന്നു അത്. ഐശ്വര്യയും, അവളെ പോലെ പലരും കാത്തിരുന്ന ഒരു അംഗീകാരമായിരുന്നു ആ വിധി. തന്റെ ലൈംഗീകത ഇനിയും മറച്ചു വയ്ക്കേണ്ടതില്ല എന്ന നിശ്ചയം അവൾ കൈക്കൊള്ളുന്നതങ്ങനെയാണ്. അന്നു വരെ പുരുഷ വേഷങ്ങളിൽ മനസ്സില്ലാ മനസ്സോടെ തളച്ചിടപ്പെട്ടിരുന്ന രതികണ്ഠൻ തന്റെ വേഷം മാറി.. ഞാറിഞ്ഞുടുത്ത സാരിയും, അവയ്ക്കു ചേരുന്ന ആഭരണങ്ങളും ധരിച്ചു അവള്‍ ഓഫീസില്‍ പോകുവാന്‍ തുടങ്ങി.  അത് അവൾക്ക് ചുറ്റുമുള്ളവരോടുള്ള സന്ദേശമായിരുന്നു ... ലൈംഗീകമാറ്റം ഒരു രോഗമല്ല .. ചിലരുടെ ജീവിതത്തിലെ ഒരവസ്ഥയാണ്!

രതികണ്ഠ പ്രധാനിന്റെ ഈ പരസ്യമായ നീക്കം ആദ്യം അൽപ്പം മുറുമുറുപ്പുകൾക്കും അതിശയോക്തിക്കും വഴി തുറന്നെങ്കിലും ഇപ്പോൾ കാര്യങ്ങൾ നല്ല രീതിയിൽ പോകുന്നുവെന്നു അവർ പറയുന്നു. എന്റെ മേലുദ്യോഗസ്ഥർ ഇപ്പോൾ എന്നെ ഐശ്വര്യ എന്നാണ് വിളിക്കുക. സുഹൃത്തുക്കളും അങ്ങനെത്തന്നെ. കീഴുദ്യോഗസ്ഥരാകട്ടെ മാഡം എന്നും.. ഐശ്വര്യ ചിരിച്ചുകൊണ്ടു പറയുന്നു. അവർ ഇതുവരെ 'സർ' എന്നായിരുന്നു വിളിച്ചിരുന്നത്.

സുപ്രീം കോടതിയുടെ  വിധിയെ അടിസ്ഥാനപ്പെടുത്തി രതികണ്ഠ പ്രധാൻ എന്ന സിവിൽ സർവ്വീസുകാരൻ കോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തു. "
ഐശ്വര്യ ഋതുപർണ്ണ പ്രധാൻ എന്ന വനിതയാണ് ഞാൻ
" എന്ന സത്യവാങ്ങ് മൂലം നൽകിയാണ് തന്റെ സർവ്വീസ് രേഖകൾ മാറ്റി നൽകണമെന്നു അവൾ ആവശ്യപ്പെട്ടിരിക്കുന്നത്.അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണവർ. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സിവിൽ സർവ്വീസിൽ ഇനിയും മൂന്നാം ലിംഗക്കാർക്കും ഇടമുണ്ടാകുമെന്ന പ്രതീക്ഷയും ഐശ്വര്യക്കുണ്ട്.

ലൈംഗീകാസ്തിത്വം അംഗീകരിച്ചു കിട്ടുന്നത് ഒരു ആശ്വാസമാണ്... നാളിതുവരെ ചുമന്ന പരിഹാസങ്ങളിൽ നിന്നും നിന്ദകളിൽ നിന്നും മോചിതയാകുന്ന ആശ്വാസം!Input Courtesy: India Times