'കൃഷി'യില്‍ വഴുതിവീണ കൃഷിമന്ത്രി

മാതൃഭൂമി ന്യൂസിലെ അകം പുറം പരിപാടി ശ്രദ്ധ നേടിയത് ഇടതുപക്ഷ മന്ത്രിയില്‍നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പിന്തിരിപ്പന്‍ അഭിപ്രായത്തിന്‍റെ പേരിലാണ്. എന്തുകൊണ്ടാണ് വിഎസ് സുനില്‍ കുമാറിന്‍റെ അഭിപ്രായം അങ്ങേയറ്റം അപകടകരമാകുന്നത്- ലിദിത്ത് എന്‍ എം എഴുതുന്നു


ലിദിത്ത് എന്‍ എം

മാതൃഭൂമി ന്യൂസിന്റെ അകം പുറം പരിപാടിയുടെ 163 -ാമത് എപ്പിസോഡിനെ കുറിച്ചാണ് പറയാൻ പോകുന്നത്. മെത്രാൻ കായലിൽ സർക്കാരിന്റെ മുൻകൈയിൽ കൃഷി ഇറക്കുന്നതിന്റെ പ്രായോഗിക സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ആ പരിപാടി ശ്രദ്ധ പിടിച്ചുപറ്റിയത് പക്ഷെ, ഒരു ഇടതു പക്ഷ പ്രതിനിധിയിൽ നിന്ന് തന്നെ, പ്രതീക്ഷിക്കാതിരുന്ന പിന്തിരിപ്പൻ അഭിപ്രായത്തിന്റെ പേരിൽ ആയിരുന്നു എന്നുമാത്രം. പുനുരുദ്ധാന വാദികളും, ആശയപരമായ പിന്തിരിപ്പത്തരം അഭിമാനത്തോടു തന്നെ പ്രകടിപ്പിക്കുന്നവരുമായ ആർ.എസ്.എസ്, പരോക്ഷ നേതൃത്വം കൊടുക്കുന്ന നരേന്ദ്ര മോഡി സർക്കാരിന്റെ വിവിധ മന്ത്രിമാരും, അവർ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപിത ശാസ്ത്രങ്ങളും ഈയടുത്ത് അവതരിപ്പിച്ച ചില 'ശാസ്ത്രീയ വാദങ്ങൾ' നാം കേൾക്കുകയും, ചർച്ച ചെയ്യുകയും ചെയ്തതാണ്. പൗരാണിക ഭാരതീയർ ചൊവ്വയിൽ ഇറങ്ങിയത് സംബന്ധിച്ചും ഗോമൂത്രം എങ്ങനെയാണ് ക്ഷമതയേറിയ വൈമാനിക ഇന്ധനമാകുന്നത് എന്നതിനെ കുറിച്ചും ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് വേദിയിലടക്കം, ആധികാരികമായി അവതരിപ്പിക്കപ്പെട്ടു. ഇത്തരം 'ശാസ്ത്രീയ വിചാരങ്ങൾ' ഭാരത്തിൽ ധാരാളം കണ്ടുവരുന്നുണ്ട്. ഇക്കൂട്ടത്തിൽ, അറിഞ്ഞോ, അറിയാതെയോ കേരളത്തിന്റെ ബഹു: കൃഷി മന്ത്രി ശ്രീ.വി.എസ്. സുനിൽകുമാറും കണ്ണി ചേർന്നിരിക്കുകയാണ്. ഇന്ത്യയുടെ പുനരുദ്ധാനവാദികളുടെ രാഷ്ട്രീയ നിലപാടുകളുമായി അദ്ദേഹം യോജിച്ചു എന്ന് ഇതിനെ വായിക്കരുത്. മറിച്ചു പുനരുദ്ധാനവാദത്തിന്റെ സൂക്ഷ്മഘടകങ്ങളെ തിരിച്ചറിയുന്നതിൽ, പരാജയപ്പെട്ടത് വഴി അദ്ദേഹം പുനരുദ്ധാനവാദികൾക്ക് ശക്തി പകരുന്ന നിലപാട് സ്വീകരിച്ചു എന്നാണ് അതിന്റെ അർത്ഥം. മറ്റൊന്ന്, ശാസ്ത്രീയമായ ആസൂത്രണരീതികൾ കയ്യാളുന്ന ഒരു ഇടതുപക്ഷ സർക്കാറിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് അകം പൊള്ളയായ അനുഭവമാത്ര വാദത്തെ സംശയലേശമന്യേ ഉയർത്തികാട്ടുന്നതിലൂടെ വകുപ്പിന്റെ ദിശാബോധത്തെ സംശയത്തിന്റെ നിഴലിലാക്കി മാറ്റിയിരിക്കുന്നു.

സുഹൃത്തുക്കളേ,
ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് വീണ്ടും കാണുന്നത്. ഇതാദ്യമായി അകം പുറം മുറിച്ചുമാറ്റാതെ മുഴുവനായി പബ്ലിഷ് ചെയ്യുകയാണ്. അതിന് കാരണമായതോ നിങ്ങളുടെ ഇടപെടലുകളും. കൃഷിമന്ത്രി വി എസ് സുനിൽ കുമാർ പങ്കെടുത്ത എപ്പിസോഡിന്റെ ഒരു മണിക്കൂർ ദൈർഘ്യമുളള ചർച്ചയുടെ ലിങ്കാണിത്.
https://www.youtube.com/watch?v=KfH6HjusA68&list=PLSjVnr1mKSxJA_9DiE8Q2zQjGlyd3uHp6
അടുത്ത അഞ്ച് വർഷക്കാലത്തെ കേരളത്തിന്റെ കാർഷികമേഖലയിലെ നയപ്രഖ്യാപനമായിരുന്നു ഒരർത്ഥത്തിൽ മന്ത്രിയുടെ വാക്കുകൾ. കേരളം പിന്തുടരേണ്ടത് ജൈവരീതിയാണോ അതോ അത്യുല്പാദനം ലക്ഷ്യമിട്ട് രാസവളവും കീടനാശിനികളുമാണോ എന്ന ചോദ്യമുയർന്നു. ആണെന്നും അല്ലെന്നും അഭിപ്രായമുണ്ടായി. ഭക്ഷ്യസ്വയംപര്യാപ്തതയിൽ നിന്നു തുടങ്ങി ഭക്ഷണരീതികളുടെ അപകടങ്ങളിലേക്കും അർബുദത്തിന്റെ കാരണങ്ങളിലേക്കും ഹോമിയോ മരുന്നിന്റെ സാധ്യതകളിലേക്കുമൊക്കെ ചർച്ച നീണ്ടു. സംപ്രേഷണം ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണങ്ങളുണ്ടായി. എഡിറ്റിംഗില്ലാതെ മുഴുവനും കാണണമെന്ന ആവശ്യവുമുയർന്നു. ഏതായാലും ഒരു മാധ്യമസ്ഥാപനം ഇത്തരമൊരു ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കുകയാണ്. ഒരു പക്ഷേ ആദ്യമായി. കേരളത്തിന്റെ കാർഷികമേഖലയെക്കുറിച്ച് പൊതുവിലും കൃഷിരീതികളെക്കുറിച്ച് പ്രത്യേകിച്ചും സജീവവും സക്രിയവുമായ ചർച്ചകളുടെ അന്തരീക്ഷമാണൊരുങ്ങുന്നത്. അക്കാര്യത്തിൽ ഈ ചർച്ചയ്ക്കും പങ്കുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്.

Posted by M.s. Sreekala on 1 July 2016


മേൽപ്പടി ചാനൽ പരിപാടിയിൽ ബഹു:കൃഷി മന്ത്രി എന്തെല്ലാമാണ് പറഞ്ഞത് എന്ന് നാമൊക്കെ കേട്ടു കഴിഞ്ഞതാണ്. അദ്ദേഹം മറ്റു പലരെയും പോലെ ആധുനികകൃഷി x ജൈവകൃഷി എന്ന ഒരു ദൃഡദ്വന്ദ്വത്തെ നിർമ്മിച്ചിരിക്കുന്നു. ആധുനിക കൃഷിയെ, തിന്മയുടെ പ്രകടരൂപമായും ജൈവകൃഷിയെ സകല പ്രശ്‌നപരിഹാരകനായും അവതരിപ്പിച്ചിരിക്കുന്നു. തന്റെ ആത്മനിഷ്ഠമായ തോന്നലുകളെ മാത്രം ആധികാരികമായി കണ്ട്, ആധുനികകൃഷിയെ സകല ദോഷകാരകനാക്കി വികാരവിക്ഷോഭത്തോടെ അവതരിപ്പിച്ചു.

മികച്ച ഒരു പ്രവർത്തനപദ്ധതിയുമായി അക്കാദമികമായ ഉൾച്ചേർക്കലുകളോടെ പ്രൊഫഷണലായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ കൃഷിവകുപ്പ് മന്ത്രിയുടെ ഈ വക്കാലത്ത് രണ്ടു കാരണങ്ങൾ കൊണ്ട് നാണക്കേട് ഉളവാക്കിയെന്നു പറയാതെ വയ്യ. ഒന്ന്, അക്കാദമി മികവോടെ തയ്യാറാക്കിയ സർക്കാരിന്റെ പ്രവർത്തന മാർഗരേഖയിൽ, ആസൂത്രണത്തിന്റെ അടിസ്ഥാന സമീപനങ്ങൾ സംബന്ധിച്ച വ്യക്തതക്കുറവ് നിലനിൽക്കുന്നുണ്ടോ എന്ന ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുവഴി. രണ്ട്, പുനരുദ്ധാനവാദം സകലയിടങ്ങളിലും ഒരു ചിതലിനെ പോലെ കയറിക്കൊണ്ടിരിക്കുന്ന സമകാലീന ഇന്ത്യൻ പശ്ചാത്തലത്തിൽ ബദൽ വീക്ഷണങ്ങളുടെ രക്തകിരണങ്ങളായി മാറേണ്ടുന്ന ഇടതു കക്ഷികൾ, തങ്ങളുടെ ചരിത്രപരമായ വിശകലനരീതി മറന്നുകൊണ്ട് പുനരുദ്ധാന വാദത്തിനു ശക്തി പകരും വിധം മറ്റെല്ലാവരെയും പോലെ ആഴം കുറഞ്ഞ പൊതുബോധത്തിന്റെ കുഴിയിൽ വീണു പോകുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതുവഴി.

ശരി, എന്തായിരിക്കും ഇത്ര രൂക്ഷമായഭാഷയിൽ ആധുനിക കൃഷിരീതികളെ അധിക്ഷേപ്പിക്കുന്നതിനും ആരാധനാ തുല്യമായ താൽപര്യത്തോടെ ജൈവകൃഷി രീതികളെ പിന്തുണയ്ക്കുന്നതിനും, അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകുക? കേരളം പോലെ, ഭൂരിപക്ഷം അടിസ്ഥാന വിനിമയശേഷി ആർജ്ജിച്ചിട്ടുള്ള ഒരു സംസ്ഥാനത്തിൽ പാരിസ്ഥിതികമായ പ്രതിസന്ധികൾ ഉണ്ടാകുന്നതിലും, വ്യാപകമായ രീതിയിൽ ആരോഗ്യപ്രശ്‌നങ്ങൾ കണ്ടുവരുന്നതിലും, ആശങ്ക നിലനിൽക്കുന്നു. ആധുനിക സാങ്കേതിക വിദ്യകളും അനുബന്ധമായ ജീവിതശൈലീ മാറ്റങ്ങളുമാണ് ഇതിനു കാരണമെന്ന് ജനം പൊതുവേ വിശ്വസിക്കുന്നു. വാഹനങ്ങളുടെ വാട്ടർ സർവീസ് സ്റ്റേഷൻ മുതൽ മൊബൈൽ ടവർ വരെ തങ്ങൾക്ക് ഭീഷണി എന്ന് ജനം വിലയിരുത്തുന്നു. ആധുനിക കൃഷി രീതിയുമായി ബന്ധപ്പെട്ടു രാസവളങ്ങൾ, കീടനാശിനികൾ എന്നിവയുടെ ഉപയോഗവും ജനങ്ങളിൽ ആശങ്ക ജനിപ്പിക്കുന്നു. തങ്ങൾ നേരിട്ട്, മുന്നിൽ നിന്നു എതിർത്തില്ലെങ്കിൽ, ഇത്തരം പ്രവർത്തനങ്ങൾ പരിശോധന കൂടാതെ തുടരുമെന്നും, തങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്നും അതിൽ നിന്നുള്ള രക്ഷാമാർഗ്ഗങ്ങൾ നേരിട്ട് തന്നെ കണ്ടെത്തണം എന്നും അവർ വിശ്വസിക്കുന്നു. സർക്കാരിനെയോ സർക്കാർ സംവിധാനങ്ങളെയോ ഇക്കാര്യത്തിൽ ജനം വിശ്വസിക്കുന്നില്ല. കൃഷി- ആരോഗ്യ വകുപ്പുകളെയൊന്നും ഇക്കാര്യത്തിൽ അവർ മുഖവിലയ്‌ക്കെടുക്കുന്നുമില്ല.

ഈയൊരു പശ്ചാത്തലത്തിൽ ജനങ്ങളുടെയിടയിലേക്ക് അനേകം ആശയങ്ങൾ ഇറങ്ങി ചെല്ലുന്നു. കൃഷിയുടെ കാര്യത്തിൽ, ജൈവകൃഷി, പ്രകൃതികൃഷി മുതൽ നെട്ട്യുകോ ഫാമിംഗ് തുടങ്ങി പലവിധ ആശയങ്ങൾ. ഇവ കൂടി കലർന്നു ഒരു പൊതു ബോധമായി മാറുന്നു. ഈ പൊതു ബോധത്തിന്റെ പഞ്ചിന് അരികു പറ്റി നിലപാടെടുത്ത്, അവരുടെ ആശങ്കകളെ പ്രതിനിധീകരിക്കുക എന്നത് ഒരു ഭരണാധികാരിക്ക് ജനപ്രീതി പിടിച്ചു പറ്റാൻ എളുപ്പവഴിയാണ്. ഇത്തരം ആശങ്കകൾക്ക് എളുപ്പത്തിൽ ക്രിയ ചെയ്തു ഉത്തരം കണ്ടെത്താമെന്ന് കൃഷിമന്ത്രി ചിലപ്പോൾ ആത്മാർഥമായി വിശ്വസിച്ചിരുന്നുമിരിക്കാം. പക്ഷെ, ഈ എളുപ്പവഴി അദേഹത്തിന്റെ അടിസ്ഥാന ബാധ്യതയായ ചരിത്രപരവും വസ്തുനിഷ്ഠവുമായ വിശകലന രീതി ഉപേക്ഷിക്കപ്പെട്ട പഴമൊഴിയായി മാറി. പ്രശ്‌നങ്ങൾ ഒക്കെ തന്നെയും യാഥാർത്ഥ്യമായിരിക്കുമ്പോൾ തന്നെ വസ്തുനിഷ്ഠ വിശകലനത്തിലൂടെ മാത്രമേ അതിനെ മറികടക്കാൻ പറ്റുവെന്ന പ്രത്യയശാസ്ത്ര വിചാരം അദേഹത്തിനു ഇല്ലാതെ പോയി. പ്രശ്‌നരഹിതമായ ഒരു ലോകം, 'ആ നല്ല, സുഖ സുന്ദരമായ 'പണ്ടത്തെ കാലം' ഒരിക്കലും നിലനിന്നിരുന്നില്ലെന്നും, ആകസ്മികതകളോട് അറിവ് നേടി പൊരുതിയാണ്, പ്രകൃതിയിൽ ഇടപ്പെട്ടും, മാറ്റി മറിച്ചുമാണ് മനുഷ്യൻ എന്ന ജനുസ്സ് ഇവിടെ വിജയകരമായി നിലനിന്നു പോയതെന്നും അദ്ദേഹം മറന്നു പോയി. അതി ജീവനത്തിന്നായി അവൻ കരുത്തു പകർന്ന വസ്തുനിഷ്ഠമായ അറിവുൽപാദനത്തിന്റെ രീതി ശാസ്ത്രത്തെയാണ് നാം ശാസ്ത്രം എന്ന് പറയുന്നതതെന്നും, അനുഭവമാത്ര വാദം കേവലം ആശയപരവാദമാണെന്നും താൻ നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ, സർക്കാരിന്റെ പ്രത്യയശാസ്ത്ര സമീപനങ്ങളുടെ എതിർ ചേരിയിലാണതെന്നും അദ്ദേഹം മറന്നു പോയി.

ചരിത്രപരമായ പശ്ചാത്തലത്തിൽ കൃഷി എന്ന പ്രക്രിയയെ വിലയിരുത്തുമ്പോൾ എന്തുക്കൊണ്ടാണ് നാം വി.എസ്. സുനിൽ കുമാറിനോട് വിയോജിക്കുന്നതെന്ന് വ്യക്തമാകും. 'വേട്ടയും പെറുക്കി തിന്നലും എന്ന പ്രക്രിയയിലൂടെ ഉപജീവനം നടത്തിയിരുന്ന പ്രാചീന മനുഷ്യർ പല വിധ പ്രത്യേക ഘടകങ്ങൾ സൃഷ്ട്ടിച്ച അനിവാര്യതകളുടെ ഭാഗമായി കൃഷി, ഇണക്കി വളർത്തൽ എന്ന പ്രക്രിയയിലേക്ക് മാറുന്നു. തനിക്കും തന്റെ കൂട്ടത്തിനും ഉപകാരപ്പെടുന്ന സസ്യജനുസ്സുകളെ ഇനം തിരിച്ചു കൂട്ടമായി വളർത്തുന്ന പ്രക്രിയ തന്നെയാണ് കൃഷി. ഇത് ഒരർത്ഥത്തിൽ പ്രകൃതി വിരുദ്ധവുമാണ്. കാരണം, പ്രകൃതി ഇപ്പോഴും വൈജാത്യങ്ങളെയാണ് പ്രത്സാഹിപ്പിക്കുന്നത്. എന്നാൽ കൃഷി എന്ന പ്രക്രിയ ഏക ജന്നുസ്സിന്റെ നിയന്ത്രിത സാഹചര്യത്തിലുള്ള നിരന്തര പ്രവർത്തനം നടത്തുന്നു. പൗരാണിക മനുഷ്യൻ ചെയ്താലും ആധുനിക മനുഷ്യൻ ചെയ്താലും ജൈവകൃഷിയൊ പ്രകൃതികൃഷിയായാലും ആധുനികകൃഷി രീതികളായാലും ജന്നുസ്സുകളുടെ വൈവിധ്യത്തിന്റെ (Species diverstiy) തലത്തിൽ ഇവയെ ഏകവിള പ്രവർദ്ധനം (mono ropping) തന്നെയാണ്. അന്നും ഇന്നും ഇത് ടെക്‌നോളജിയാണ് തന്നെയാണ്. വേട്ടയാടി ജീവിച്ചിരുന്ന കാലത്ത് ആധുനിക കൃഷിയായിരുന്നു ഇന്ന് നാം നോക്കുമ്പോൾ പ്രാചീന കൃഷിയെന്നൊക്കെ തോന്നുന്നത്. ആവാസവ്യവസ്ഥയെ മാറ്റി മറിക്കുന്ന ആസൂത്രമായ ഇടപെടലുകളും എല്ലാ കാലത്തെ കൃഷിയിലും നടന്നിരുന്നു. ആധുനിക മനുഷ്യൻ, നെൽവയൽ നികത്തി വാഴ നട്ടു മറ്റു നാമ്പ് വിളകളെയും നട്ടു മണ്ണിനെയും സൂക്ഷ്മ സസ്യജന്തുജാലങ്ങളെയും (micro flora fauna) മാറ്റി തീർത്തു എന്ന് നമ്മുക്ക് കുറ്റപ്പെടുത്താം. എന്നാൽ സമാനമായതും സ്വാഭാവികമായ സസ്യജന്തു വൈവിധ്യത്തെയും ജലാശയത്തെയും ഉൾക്കൊണ്ടിരുന്ന ആത്തിക്കണ്ടങ്ങൾ (swamp/wet land) പ്രകടമായ രീതിയിൽ മാറ്റി മറിച്ചതുക്കൊണ്ടാണ് പരമ്പരാഗത നെൽ കൃഷിയിടങ്ങൾ ഉണ്ടായതെന്നും നാം മറച്ചു വയ്ക്കരുത്. ഒരു വർഷവും മാറി മാറി വ്യത്യസ്ത സ്ഥലങ്ങളിൽ കണ്ണി വനങ്ങൾ വെട്ടി മുറിച്ചു കൃഷി നടത്തിയിരുന്നതും പുതിയതായി തുടങ്ങിയ വഴക്കമല്ല. വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോൾ എല്ലാ തറ കൃഷിരീതികളും പ്രകൃതിയുടെ ഘടനയെ മാറ്റിത്തീർക്കുന്നു, ഒരു രീതി അല്ലെങ്കിൽ മറ്റൊരു രീതിയിൽ.

പ്രകൃതിയുടെ ഘടനയെ മാറ്റിത്തീർക്കുക എന്നത് മനുഷ്യ ജനുസ്സിന്റെ സഹജപ്രവർത്തിയാണ്. എന്നാൽ ഈ പ്രവർത്തിയിൽ മനുഷ്യനും അവന്റെ ആവാസസ്ഥാനവും തമ്മിൽ ഒരു സമതുലനം നിലനിന്നിരുന്നു. ആധുനികതയുടെ ഉദയം യന്ത്രങ്ങളുടെയും സാങ്കേതികബദ്ധമായ പ്രവർത്തികളുടെയും ആവിർഭാവം, മുതലാളിത്വത്തിന്റെ വികസനം എന്നിവ ജനസമൂഹത്തിന്റെ അനിയന്ത്രിതമായ വർധനവുമായി ചേർന്ന് ഈ സമതുലനം തെറ്റിക്കുകയാണുണ്ടായത്. ആധുനികശാസ്ത്രം എന്ന സത്തയ്ക്ക് (enttiy), ആധുനിക കൃഷി രീതികൾക്ക് മാത്രമായി ഈ സമതുലനം തെറ്റിച്ചതിന്റെ ഉത്തരവാദിത്തം ചാർത്തി കൊടുക്കുകയെന്ന തെറ്റായതും പരിണിതഫലങ്ങൾ ഉണ്ടാക്കുന്നതുമായ പ്രവർത്തിയാണ് ബഹു:കൃഷി മന്ത്രി ചെയ്തിരിക്കുന്നത്. ഇത് കൊണ്ട് ഒരർത്ഥത്തിലും പുരോഗമന പക്ഷത്തിനൊ വികസ്വര സമൂഹത്തിനോ ഗുണമുണ്ടാകുകയില്ല. പാരമ്പര്യ വാദികൾക്കും പ്രതിലോമകാരികൾക്കും ഗുണമുണ്ട് താനും. ആധുനിക വൈദ്യധാരയ്ക്ക് പുറത്തു നിൽക്കുന്ന നാടൻ വൈദ്യധാരകൾക്കും അബോർഷൻ നടത്താനുള്ള അനുമതി നൽകിയ കേന്ദ്രസർക്കാർ സമീപനം ഇതുമായി കൂട്ടിവായിച്ചു നോക്കുക. ശാസ്ത്രത്തെ അരികിലാക്കുമ്പോൾ ആരാണ് നേട്ടമുണ്ടാക്കുക എന്ന് അധികം ആലോചിക്കാതെ തന്നെ പിടുത്തം കിട്ടേണ്ടതാണ്.

ശാസ്ത്രത്തിന്, എന്നാൽ പരിമിതികളുണ്ട്. ദൈവീകമായ പൂർണ്ണതയ്ക്ക് വേണ്ടി കാത്തു നിൽക്കുവാനോ, കുഴഞ്ഞ പ്രശ്‌നങ്ങളിൽ ഇടപ്പെടാതെ മാറി നില്ക്കുന്നതിനോ ശാസ്ത്രത്തിനു അവസരം ഇല്ല. ശാസ്ത്രം എല്ലായ്‌പ്പോഴും മനുഷ്യർക്കിടയിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തുവാനായി നിർബന്ധിക്കപ്പെട്ടിരുന്നു എന്ന് ചരിത്രം പരിശോധിക്കുമ്പോൾ അറിയാം. കൃഷി ശാസ്ത്രമായാലും, വൈദ്യ ശാസ്ത്രമായാലും അത് ഇങ്ങനെത്തന്നെയാണ്. അടിയന്തിരമായ സാഹചര്യങ്ങളിൽ പരിമിതമായ പശ്ചാത്തലത്തിൽ ഉടലെടുക്കുന്ന ശാസ്ത്രീയ പരികല്പന, അനുബന്ധ സാങ്കേതിക വിദ്യ എന്നിവ നിരന്തര പ്രയത്‌നത്തിലൂടെ സൂക്ഷ്മത്തിലേക്ക് മുന്നേറുകയാണ് ചെയ്യുക. മനുഷ്യന്റെ പരിമിതമായ ജ്ഞാനപരിധിയിൽ നിന്നുക്കൊണ്ടു ആ പ്രക്രിയയ്ക്ക് അങ്ങനെയേ മുന്നേറാനാകു. വെളിച്ചം ഉണ്ടാകട്ടെ എന്ന് ശാസ്ത്രത്തിനു കൽപ്പിക്കാനാകില്ല. അങ്ങനെ കൽപ്പിച്ചാൽ തന്നെ വെളിച്ചം ഉണ്ടാകുകയുമില്ല. വേദനാജനകമെങ്കിലും പരിമിതികളിലൂടെയും പരാജയങ്ങളിലൂടെയും മാത്രമേ അതിന്നു മുന്നേറാനാകൂ.

അതുകൊണ്ട് തന്നെ മാറ്റങ്ങളിലേക്ക് ഗുണപരമായി പ്രതികരിക്കുവാനുള്ള വിനയം അതിനുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ കണ്ടുപിടുത്തങ്ങൾ എന്ന് പറയാവുന്ന ശാസ്ത്രബന്ധകൃഷിക്കും (science based agriculture) അഥവാ ആധുനികകൃഷിക്കും ഇപ്പറഞ്ഞത് ബാധകമാണ്. ജനസംഖ്യാ വർധനവ്, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, കന്യാ വനങ്ങളെ വെട്ടി തെളിച്ചു ഇനിയും കൃഷിഭൂമി വിസ്തൃതപ്പെടുത്തുവാൻ സാധിക്കായ്ക, കാലാവസ്ഥ വ്യതിയാനം, ജല ദൗർലഭ്യം, മണ്ണിന്റെ പോഷണ ശോഷണം എന്നിവ മൂലമുണ്ടായേക്കാവുന്ന വിളവിലുള്ള ഭയാനകമായ കുറവ് അടക്കമുള്ള അടിയന്തര പ്രശ്‌നങ്ങളെ നേരിടാൻ വസ്തു നിഷ്ഠമായ, ശാസ്ത്രബന്ധമായ ആധുനിക കൃഷിയല്ലാത്ത മറ്റൊരു ഒറ്റ മൂലിയുമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. നമ്മുടെ കൃഷിമന്ത്രി ഈ ഒരു പാഠം ഉൾക്കൊള്ളാൻ വൈകുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കുകയില്ല.

ആധുനിക കൃഷിയുടെ ചരിത്രം ഏറെ പുറകിലേക്ക് നീങ്ങിക്കിടക്കുന്ന ഒന്നല്ല. 1800കളുടെ പകുതിയിൽ, യഥാക്രമം ജർമൻ ഫ്രഞ്ച് ശാസ്ത്രജ്ഞരായ ജസ്റ്റ്‌സ് വോൺ ലീബിയും ജീൻ ബാപ്ടിസ്റ്റ് ബൗസിങ്ങൾ എന്നിവർ ചേർന്ന് സോയിൽ കെമിസ്ട്രിയുടെ അസ്ഥിവാരമിട്ടു. ചാൾസ് ഡാർവിൻ 1859 ൽ പ്രസിദ്ധീകരിച്ച Variation of life species, ജോഹാൻ ഗ്രിഗർ മേൻടെലിന്റെ പാരമ്പര്യനിർണ്ണയ സംബന്ധിയായ കണ്ടെത്തലിന്റെ 1900 ലെ പുനർകണ്ടെത്തലുകൾ എന്നിവ സസ്യജനിതക ശാസ്ത്രത്തിൽ പുതിയ തലങ്ങൾ തുറന്നു. ലോകം ഉൽപാദന ശോഷണത്തിന്റെ ആശങ്കകൾ പങ്കു വച്ചു കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ മേൽ പ്രസ്താവിച്ച കണ്ടെത്തലുകൾക്ക് വലിയ പ്രസക്തി ഉണ്ടായിരുന്നു. സാഹചര്യബന്ധമായ ആവശ്യകതയിൽ നിന്നും ആധുനിക കൃഷിയുണ്ടായി. നൂറിൽ പരം കൊല്ലങ്ങളുടെ ചുരുങ്ങിയ ചരിത്രം മാത്രമാണ് പൂർണ്ണമായ അർത്ഥത്തിലുള്ള ആധുനിക കൃഷി രീതികൾക്കുള്ളത്. ആധുനിക കൃഷിയുടെ അടുത്ത കുതിച്ചുചാട്ടം ഹരിത വിപ്ലവം ആഗോള അടിസ്ഥാനത്തിൽ 1950 കളിലും ഏഷ്യയിൽ 1960 കളിലും മാത്രമാണ് ആരംഭിച്ചത്. ഹരിത വിപ്ലവത്തിന്റെ ഭാഗമായി രാസവളങ്ങൾ കീടനാശിനികൾ എന്നിവയുടെ അമിതഉപയോഗം വിപരീത ഫലങ്ങൾ ഉണ്ടാകിയെന്നുള്ളത് വസ്തുതയാണ്. എന്നാൽ മനുഷ്യ ചരിത്രത്തിൽ എപ്പോളും കാണാൻ കഴിയുന്നത് പോലെ ഒരു ശാസ്ത്ര പരികല്പന, സാങ്കേതിക വിദ്യ അതിന്റെ ബാലാരിഷ്ടതകൾ പിന്നിടുന്നതിന്റെ ഭാഗമായി സ്വാഭാവികമായി പ്രതീക്ഷിക്കാവുന്ന പാർശ്വഫലങ്ങൾ മാത്രമാണ്. മറുവശത്ത്, ഉത്പാദനം വർദ്ധിക്കുകയും ഭക്ഷ്യപ്രതിസന്ധി നമ്മെ വിട്ടൊഴിഞ്ഞു പോയതും നമ്മുക്ക് കാണാതെയിരുന്നുകൂടാ. ഉദ്ദാഹരണത്തിനു 1961 ൽ ഭക്ഷ്യസാധനങ്ങളുടെ മൊത്തം ഉത്പാദനം ചൈന ഇന്ത്യ എന്നിവടങ്ങളിൽ യഥാക്രമം 9170 ടൺ മാത്രമായിരുന്നു. 1999ൽ യഥാക്രമം 390,18 മില്യൺ ടൺ ആയി ഉയർന്നു. (Sources:FAO agro status April 2000)സമാനമായ അനേകം നേട്ടങ്ങൾ അനേകം ലഭ്യമാണ്. ഇതോടൊപ്പം ഉണ്ടായ പിശകുകളെ, പരിമിതികളെ അപ്പാടെ അവഗണിച്ചു തള്ളിയിട്ടില്ല.

അതു കുറച്ചുക്കൊണ്ട് വരുന്നതിന്ന്, ആദ്യഘട്ടത്തിൽ ഇല്ലാതിരുന്ന ചില സമീപനങ്ങൾ ഉദ്ഗ്രതമാക്കിയും ആധുനിക കൃഷി രീതികളുടെ പാർശ്വഫലങ്ങൾ കുറച്ചുക്കൊണ്ടു വരുന്നതിന്നുള്ള ശ്രമങ്ങൾ തുടരുക തന്നെ ചെയ്യണം. ഇന്ത്യൻ കൃഷിയെയും മണ്ണിനെയും നശിപ്പിച്ചു എന്ന പഴി നിരന്തരം കേൾക്കുന്ന ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ എന്നറിയപ്പെടുന്ന പ്രൊഫ.എം.എസ്.സ്വാമിനാഥൻ 1968ൽ വാരണാസിയിൽ വച്ചു നടന്ന 55 മത് ഇന്ത്യൻ ശാസ്ത്രകോൺഗ്രസിൽ വച്ചു നടത്തിയ പ്രസന്റേഷനിൽ രാസക്കുപ്പിയിൽ കൈകൊള്ളെണ്ടുന്ന മുൻകരുതലുകളെ കുറിച്ചും അനുബന്ധ പ്രാക്ടീസുകളെ കുറിച്ചും വിശദീകരിച്ചിരുന്നു. എന്നാൽ ഒരു ആസൂത്രണ യജ്ഞത്തിന്റെ വിജയം (ഹരിത വിപ്ലവത്തിന്റെ ബ്രഹത് ആസൂത്രണ യജ്ഞമായിരുന്നു) പല ഘടകങ്ങൾ ചേർന്നതാണെന്നിരിക്കെ (ഭരണക്കൂടം, രാജ്യത്തിന്റെ സാമ്പത്തികനില, കമ്പോള ഇടപെടൽ തുടങ്ങിയവ) പിഴവുകളെ മാത്രം ആത്മനിഷ്ഠമായി വിലയിരുത്തി തെറ്റായ കണക്കുകൾ അവതരിപ്പിച്ചു ശാസ്ത്രത്തെ കരിയോയിൽ ഒഴിച്ചു കുളിപ്പിക്കാൻ ശ്രമിക്കുന്നത് ഒരു ഭരണാധികാരിക്ക്, വസ്തുനിഷ്ഠമായ വിശകലനരീതി കൈകൊള്ളെണ്ടുന്ന ഒരു ഇടതുപക്ഷ പ്രതിനിധിക്ക് ഭൂഷണമല്ല.

ഏതുതരം ബദൽ മാർഗ്ഗങ്ങളും രീതികളും ആർക്കും മുന്നോട്ടു വയ്ക്കാവുന്നതാണ്. എന്നാൽ ഒരു ഭരണാധികാരി, ജൈവകൃഷിയെ ഒരു സംസ്ഥാനതിന്റെ കാർഷികാസൂത്രണത്തിന്റെ നട്ടെല്ലായി മുന്നോട്ടു വയ്ക്കുമ്പോൾ അതിന്റെ പ്രാമാണികത സംബന്ധിച്ച് വസ്തുക്കൾ മേശപ്പുറത്ത് വയ്ക്കാൻ കൂടി ബാധ്യസ്ഥനാണ്. ഭക്ഷ്യ ഉൽപനങ്ങളുടെ ഉദ്പാദനികതയെ എങ്ങനെയാണ് നേരിടാൻ പോകുന്നതെന്നൊ അതിനുപയോഗിക്കുന്ന മെത്തഡോളജി എന്തെന്നോ അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. ജൈവകൃഷിയുമായി ബന്ധപ്പെട്ട കൃഷിശാസ്ത്രം അതിന്റെ സാമ്പത്തികശാസ്ത്രം എന്നിവയിലുള്ള തെളിമ നിറഞ്ഞ രേഖകൾ തയ്യാറാക്കിയിട്ടുണ്ടോ? കൂടാതെ ഒരു ശരാശരി മലയാളീ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന കാർഷിക ഉത്പനങ്ങളുടെ (ശരാശരി 30 ഓളം പച്ചക്കറികൾ, 20 മുതൽ 25 ഓളം പലചരക്ക്, മസാലയിനങ്ങൾ, പഴവർഗ്ഗങ്ങൾ, പാൽ, മുട്ട, മീൻ, ഇറച്ചി, തുടങ്ങിയവ) ജനത്തിനായി സപ്ലൈ, ഇടമുറിയാതെ ജൈവരീതിയിൽ ഉറപ്പു വരുത്തുന്ന എന്ത് പ്രക്രിയയാണ് ബഹു: കൃഷിമന്ത്രി മനസ്സിൽ കണ്ടിരിക്കുന്നത്. അതെല്ലാം മട്ടുപ്പാവ് കൃഷിയിലൂടെയോ അടുക്കളത്തോട്ട കൃഷിരീതിയിലൂടെയോ ഒരു സെന്റ് പോളിഹൌസ് കൃഷിയിലൂടെയോ ലഭിക്കുന്ന അഞ്ചോ, ആറോ തരം പച്ചക്കറി ഉത്പനങ്ങൾ മാത്രം ജൈവരീതിയിൽ ലഭിച്ചാൽ മന്ത്രി സൂചിപ്പിച്ച പോലെ കേരളീയരുടെ സകല ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലതെയാകുമെന്നാണോ? മാർക്കറ്റിൽ ജൈവഉത്പന്നങ്ങൾ സാധാരണക്കാരന് പ്രാപ്യമായ വിലയിൽ വിപുലമായ വിപണനം സാധ്യമാണോ? ജൈവകൃഷിയെന്ന പ്രക്രിയയെ പൂർണ്ണമായും തള്ളിക്കളയണമെന്നോ അത് മന്ത്രവാദപരമായ അന്ധവിശ്വാസം മാത്രമെന്നോ ഇപ്പറഞ്ഞതിനു അർത്ഥമില്ല. കൃഷിക്ക് പലതലങ്ങൾ ഉള്ളതിൽ വൈയക്തികമായതിൽ താല്പര്യങ്ങളുടെ പേരിലോ സാധ്യമായ സാഹചര്യങ്ങളിലോ അത് തുടരുന്നതിൽ വിമർശനം ഉണ്ടായിരിക്കെണ്ടുന്ന കാര്യമില്ല. എന്നാൽ ഒരു സമൂഹത്തിന്റെ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ഒരു കാർഷികപ്രക്രിയയെ മുന്നോട്ടു വയ്ക്കുമ്പോൾ, ഒരു ഭരണാധികാരി അതിന്റെ aesthetics മാത്രം പറഞ്ഞതുക്കൊണ്ടു കാര്യമില്ല. അവിടെ കൃഷിയുടെ ശാസ്ത്രവും അതിന്റെ സാമ്പത്തികശാസ്ത്രവും ബോധ്യപ്പെടുത്തെണ്ടുന്നതാണ്. അതോടൊപ്പം താന്താങ്ങളുടെ ആശയങ്ങൾ തങ്ങളുടെ അനുഭവമാത്രവാദത്തിന്റെ മുൻവിധിയുള്ള വിശകലന രീതി, പുനുരുധാരണവാദത്തിന്റെയും അന്ധവും, വ്യർത്ഥവുമായ ആശയവാദത്തിന്റെയും ട്രോജൻ കുതിപ്പായി മാറിപോകുന്നുണ്ടോ എന്ന് ഓരോ പുരോഗമനവാദിയെയും ചിന്തിപ്പിക്കുന്നതിനു മേപ്പടി വിഷയത്തിലെ ബഹു: കൃഷിമന്ത്രിയുടെ നിലപാട് സഹായിക്കട്ടെ.

Story by