എന്താണ് അഫ്‌സ്പ?

ഈറോം ശർമ്മിളയുടെ നിരാഹാരത്തോടെയാണ് ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഈ നിയമവും, ഇതിലൂടെ സൈന്യത്തിന്റെ കിരാതത്വവും നമുക്ക് കൂടുതൽ പരിചിതമാകുന്നത്. എന്നാൽ ഇത്തരം ഒരു നിയമം ഇന്ത്യയിൽ നിലവിൽ വന്നതെങ്ങനെയെന്ന് അറിയുന്നത് ചിലർക്കെങ്കിലും താല്പര്യമുള്ളതായിരിക്കും എന്ന് കരുതി പങ്ക് വയ്ക്കുന്നു.

എന്താണ് അഫ്‌സ്പ?

സുമി പി എസ്

ഈറോം ശർമ്മിള പതിനാറ് വർഷം നീണ്ടു നിന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. ഈറോം ശർമ്മിളയുടെ നിരാഹാരത്തോടെയാണ് ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഈ നിയമവും, ഇതിലൂടെ സൈന്യത്തിന്റെ കിരാതത്വവും നമുക്ക് കൂടുതൽ പരിചിതമാകുന്നത്. എന്നാൽ ഇത്തരം ഒരു നിയമം ഇന്ത്യയിൽ നിലവിൽ വന്നതെങ്ങനെയെന്ന് അറിയുന്നത് ചിലർക്കെങ്കിലും താല്പര്യമുള്ളതായിരിക്കും എന്ന് കരുതി പങ്ക് വയ്ക്കുന്നു.

1. എന്താണ് AFSPA?


വടക്ക് കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ ആസാം, മണിപ്പൂർ, മേഘാലയ, നാഗാലാന്റ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ പ്രശ്‌ന ബാധിത മേഖലകളിൽ (disturbed areas) സൈന്യത്തിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന നിയമമാണ് ഇത്. ഈ നിയമത്തിലിലെ ചില വ്യവസ്ഥകൾ താഴെക്കൊടുക്കുന്നു.

a) നിയമ വാഴ്ചയ്‌ക്കെതിരായി നിൽകുന്നവരെ മുന്നറിയിപ്പ് നൽകിയ ശേഷവും പിരിഞ്ഞു പോയില്ലെങ്കിൽ വെടി വെക്കുവാനുള്ള അധികാരം. അത് മരണത്തിന് കാരണമായാലും കുഴപ്പമില്ല.
b) എവിടെയും പ്രവേശിക്കിവാനും, തിരയാനും തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ആളുകളെ കണ്ടെത്താനും, ആയുധങ്ങൾ കണ്ടെടുക്കുവാനും കണ്ട് കെട്ടുവാനുമുള്ള അധികാരം.
c) ഏതെങ്കിലും വാഹനം ആളുകളെയോ, ആയുധങ്ങളോ കടത്തുന്നു എന്ന് സംശയിച്ചാൽ നിർത്തിച്ച് തിരയുവാനുള്ള അധികാരം
d) സൈന്യം ഇതുമായി ബന്ധപ്പെട്ട് യാതൊരു നിയമനടപടികളും നേരിടേണ്ടതില്ല.
തുടങ്ങിയവ.. ജനാധിപത്യത്തിൽ

സൈന്യത്തിന് എങ്ങനെ ഇത്തരം അധികാരം കിട്ടും എന്ന സംശയം കൊണ്ടെത്തിച്ചത് AFSPA യുടെ ചരിത്രത്തിലാണ്.

2. AFSPA യുടെ ചരിത്രം..

1942 ൽ ഇന്ത്യയിലെ 'ക്വിറ്റ് ഇന്ത്യാ' സമരത്തെ അടിച്ചമർത്തുവാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ച നിയമത്തിൽ നിന്നാണ് സൈന്യത്തിന്റ പ്രത്യേക അധികാര നിയമങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്.

ഇത് മാതൃകയാക്കി 1947 ലെ ഇന്ത്യാ വിഭജനം രാജ്യത്തിനകത്തുണ്ടാക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനായി കേന്ദ്ര സർക്കാർ 4 ഓർഡിനസുകൾ ഇറക്കി. ആസാം, ബംഗാൾ, കിഴക്കൻ ബംഗാൾ, കേന്ദ്ര പ്രവിശ്യകൾ എന്നിവിടങ്ങളിലായിരുന്നു പ്രശ്‌ന ബാധിത മേഖലകളിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകിക്കൊണ്ട് ഓർഡിനൻസുകൾ ഇറക്കിയത്.

നാഗാ നാഷണൽ കൗൺസിൽ* (NNC) 1951 ൽ ഒരു റിപ്പോർട്ട് പുറത്ത് വിട്ടു. അത് അനുസരിച്ച് അവർ നടത്തിയ ജനഹിത പരിശോധനയിൽ 99% 'നാഗരും'** അവരുടെ പരമാധികാര സ്വതന്ത്ര രാജ്യത്തിനുവേണ്ടി വോട്ടു ചെയ്തു എന്ന് അവകാശപ്പെട്ടു.

(നാഗാ നാഷണൽ കൗൺസിൽ-നാഗരുടെ രാഷ്ട്രീയ കൂട്ടായ്മ. നാഗർ എന്നാൽ, ഇന്ത്യയിലെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെയും, നോർത്ത് വെസ്റ്റേൺ ബർമയിലേയും വത്യസ്ത ആദിവാസി വിഭാഗങ്ങളിൽപ്പെട്ട ആളുകളാണ്. ഈ വിഭാഗങ്ങൾക്ക് ഒരേ സംസ്‌കാരങ്ങളും, ആചാരങ്ങളും ജീവിത രീതിയുമാണ്. നാഗാലാന്റിലാണ് ഇവർ കൂടുതൽ എന്നാൽ മണിപ്പൂർ, അരുണാചൽ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവരുണ്ട്.) തുടർന്ന്

1952 ലെ പൊതു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കപ്പെട്ടു. തുടർന്ന് സർക്കാർ സ്‌കൂളുകളും, സംവിധാനങ്ങളും ബഹിഷ്‌കരിക്കപ്പെട്ടു. ഈ സാഹചര്യത്തെ നിയന്ത്രിക്കുന്നതിനുവേണ്ടി ആസാം ഗവൺമെന്റ് Assam government public order (autonomous district) എന്ന നിയമം നിർമ്മിച്ചു.
1953 ൽ നാഗാ ഹിൽസിൽ റിബലുകൾക്കെതിരെ പോലീസ് നടപടിയുണ്ടാകുകയും, സ്ഥിതി വഷളാകുകയും ആസ്സാം റൈഫിൾസിനെ വിന്യസിക്കുകയും ചെയ്തു. തുടർന്ന് ആസ്സാം ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്ട്,1955 നിർമ്മിതമായി.എന്നാൽ ആസ്സാം റൈഫിൾസിനും, സംസ്ഥാന പോലീസിനും നാഗാ റിബലിയൻസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. 1956 ൽ NNC ഒരു സമാന്തര ഗവൺമെന്റിനെ 'Federal Government of Nagaland' എന്ന പേരിൽ 1956 ൽ പ്രഖ്യാപിക്കുകയുമുണ്ടായി.

ഈ സാഹചര്യങ്ങളെ തുടർന്ന് ഡോ. രാജേന്ദ്രപ്രസാദ് 1958 മെയ് 22 ൽ Armed Forces(Assam and Manipur) Special Powers Ordinance ഒപ്പ് വച്ചു. 1958 സെപ്തംബർ 11 ന് ഇത് നിയമമായി. 1958 ൽ തന്നെ മേഘാലയ, നാഗാലാന്റ്, അരുണാചൽ തൃപുര, മിസോറാം എന്നീ സംസ്ഥാനങ്ങൾ കൂടി ഉൾപ്പെടുത്തി. പേര് Armed forces special Powers Act, 1958 എന്നാക്കി.

ഇത് ഈ നിയമത്തിന്റെ ചരിത്രം.

പ്രത്യേക ശ്രദ്ധക്ക് ഈ നിയമത്തിന്റെ യാതൊരുവിധ ശരി തെറ്റുകളിലേയ്ക്കും ഞാൻ കടന്നിട്ടില്ല. വിട്ടുപോകാൻ ആഗ്രഹിക്കുന്ന ജന വിഭാഗങ്ങളെ പിടിച്ച് വക്കുന്നതിനാണോ ഇത്തരം നിയമങ്ങൾ എന്ന പരിശോധന അടക്കം ഒന്നും..

എന്നാൽ 1958 മുതൽ ഈ 2016 വരെ ഇത്തരമൊരു നിയമം നൽകുന്ന അധികാരം ഉപയോഗിച്ച് സൈന്യം ഒരു ജനതയുടെ മേൽ പ്രത്യേകിച്ചും സ്ത്രീകളുടേയും കുട്ടികളുടേയും മേൽ തേർവാഴ്ച നടത്തുന്നതിന് നാം സാക്ഷികളാവുന്നുണ്ട്.

2005 മുതൽ 2015 വരെ 5500 പേരെ സൈന്യം കൊന്നു എന്നാണ് കണക്ക്.

ഒരു കാര്യം കൂടി. പലപ്പോഴും ജന പ്രതിനിധികളുടെ പോരായ്മകളെ ചൂണ്ടിക്കാട്ടി രാജ ഭരണമാണ് മെച്ചമെന്ന് ഉറക്കെ ആത്മഗതം നടത്തുന്നത് കേട്ടിട്ടുണ്ട്. കേസുകൾ വിധി വരാൻ വൈകുമ്പോൾ വിചാരണ ഇല്ലാതെ സ്‌പോട്ടിൽ വിധി നടപ്പാകണമെന്ന് വാദിക്കുന്നവരെയും കണ്ടിട്ടുണ്ട്. അങ്ങനെയൊക്കെ പറയുന്നവരോട് പട്ടാള ഭരണത്തിന്റെ ഏകാധിപത്യ ക്രൂരതകൾക്ക് അയൽരാജ്യത്തെ അനുഭവങ്ങൾ പോരെങ്കിൽ മണിപ്പൂരോ നാഗാലാന്റോ ഒക്കെ നോക്കിയാൽ മതിയാവും എന്നാണ് പറയാനുള്ളത്