ആഫ്രിക്കൻ ഒച്ചിനെ പേടിക്കണ്ട; തിന്നാം, വിദേശനാണ്യവും നേടാം

ഒച്ചിന്റെ പുറന്തോട് ഉപയോഗിച്ച് ആഭരണങ്ങൾ ഉപയോഗിക്കാമെന്നും താറാവിന് തീറ്റയായിട്ട് നൽകാമെന്നുമാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടത്.

ആഫ്രിക്കൻ ഒച്ചിനെ പേടിക്കണ്ട; തിന്നാം, വിദേശനാണ്യവും നേടാം

മഴക്കാലങ്ങളിൽ ഭീതി വിതച്ചെത്തുന്ന ആഫ്രിക്കൻ ഒച്ചുകൾ അപകടകാരികൾ അല്ലെന്ന് ശാസ്ത്രജ്ഞർ. ആഫ്രിക്കൻ ഒച്ചിനെ എങ്ങനെ തുരത്താം എന്ന വിഷയത്തിൽ നടന്ന ശില്പശാലയിലാണ് ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കിയ നിർദ്ദേശങ്ങൾ ശാസ്ത്രലോകം മുന്നോട്ട് വെച്ചത്.

ആഫ്രിക്കൻ ഒച്ചിനെ ഉപയോഗിച്ച് വരുമാനം ഉണ്ടാക്കുന്ന വഴികളാണ് ശാസ്ത്രജ്ഞർ വിവരിച്ചത്. ഒച്ചിന്റെ പുറന്തോട് ഉപയോഗിച്ച് ആഭരണങ്ങൾ ഉപയോഗിക്കാമെന്നും താറാവിന് തീറ്റയായിട്ട് നൽകാമെന്നുമാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടത്.


കൊച്ചി ഉൾപ്പെടെയുള്ള ജില്ലകളിലെ ജനങ്ങൾക്കും കാർഷികവിളകൾക്കും സൈ്വരക്കേടാകുന്ന ആഫ്രിക്കൻ ഒച്ചിനെ തുരുത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കിടയിലാണ് ശില്പശാല നടന്നത്. ശില്പശാലയിലാണ് ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. സിഎംഎഫ്ആർഐയിലേയും കേരള സമുദ്ര പഠന സർവ്വകലാശാലയിലേയും ശാസ്ത്രജ്ഞരാണ് ശില്പശാലയ്ക്ക് നേതൃത്വം നൽകിയത്.

ഞണ്ട്, ഞവണിക്ക ഗണത്തിൽ പെടുന്ന ആഫ്രിക്കൻ ഒച്ചിന്റെ കാലുകൾ പ്രോട്ടീൻ സമൃദ്ധമാണെന്ന് സംഘം വിലയിരുത്തി. മത്സ്യത്തെക്കാൾ പ്രോട്ടീൻ ഇതിലുണ്ട്. ചൈന, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ ഇവ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. താറാവുകൾക്കും മത്സ്യങ്ങൾക്കും ഭക്ഷണമായി നൽകാം. താറാവുകൾ ഒച്ചിനെ തിന്നും. ഒച്ചിന്റെ ആക്രമണം നേരിടാനുള്ള ഒരു മാർഗം അതുകൊണ്ടു തന്നെ താറാവു വളർത്തലാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

ഉപ്പുവെള്ളം, വിനാഗിരി, പുകയിലവെള്ളം, കാപ്പിപ്പൊടി വെള്ളം എന്നിവയും ഒച്ചിന്റെ ശത്രുവാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. കയറ്റിയയച്ച് വിദേശനാണ്യം നേടാമെന്നതുകൊണ്ട് ആഫ്രിക്കൻ ഒച്ചിനെ വളർത്തുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഒച്ചിനെ നശിപ്പിക്കാൻ ഉപ്പുവെള്ളം ഉപയോഗിക്കുന്നത് മറ്റ് വിളകൾക്ക് ദോഷകരമാകുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

ഒച്ചിനെ നശിപ്പിക്കാനുള്ള പുതിയ വഴികളെക്കുറിച്ച് പഠിക്കാനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ആക്കുന്നതിനെക്കുറിച്ച് ഗവേഷണം നടത്താനും സിഎംഎഫ്ആർഐ, കുഫോസ് എന്നീ സ്ഥാപനങ്ങളെ യോഗം ചുമതലപ്പെടുത്തി. ഒരുവർഷത്തിനകം ഇവർ പഠനറിപ്പോർട്ട് നൽകും. ദേശീയ മത്സ്യജനിതക ബ്യൂറോ കൊച്ചി കേന്ദ്രവും ഇതുസംബന്ധിച്ച് പഠനം നടത്തും. പ്രൊഫ. കെ വി തോമസ് എംപി അധ്യക്ഷനായി. കുഫോസ് വൈസ് ചാൻസലർ ഡോ. എ രാമചന്ദ്രൻ, സിഎംഎഫ്ആർഐ ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, എൻഎഫ്ഡിസി സീനിയർ കൺസൾട്ടന്റ് ഡോ. സുഗുണൻ, ദേശീയ മത്സ്യജനിതക ബ്യൂറോ കൊച്ചി കേന്ദ്രം ഡയറക്ടർ ഡോ. ബഷീർ, കൃഷിവിജ്ഞാൻ കേന്ദ്ര കൊച്ചി കേന്ദ്രം ഡയറക്ടർ ഡോ. ഷിനോജ് സുബ്രഹ്മണ്യം, ഇടുക്കി മേഖലാ ഡയറക്ടർ ഡോ. സാഗർ സുന്ദർരാജ്, കൊച്ചി കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വി കെ മിനിമോൾ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ ഒച്ചാണ് ആഫ്രിക്കൻ ഒച്ച് അഥവാ ജയന്റ് ആഫ്രിക്കൻ സ്‌നെയിൽ. കേരളത്തിൽ ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒഴികെയുള്ള ജില്ലകളിൽ മഴക്കാലത്തിന് പിന്നാലെയാണ് ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം ഉണ്ടാകുന്നത്. അന്തരീക്ഷ വായു ശ്വസിച്ചു കരയിൽ ജീവിക്കുന്ന വലിപ്പം കൂടിയ ഈ ഒച്ച് കിഴക്കൻ ആഫ്രിക്കൻ സ്വദേശി ആണ്. ജൈവാധിനിവേശത്തിനു നല്ല ഉദാഹരണമാണ് ഇവ. ഏഷ്യ ഒട്ടുക്കും, ഇന്ത്യൻ മഹാസമുദ്ര ദ്വീപുകൾ, വെസ്റ്റ് ഇൻഡീസ് ദ്വീപുകൾ എന്നീ സ്ഥലങ്ങളിലെല്ലാം ഇവ സാധാരണമായിക്കഴിഞ്ഞു.

ചിത്രം- വിക്കിപീഡിയ

Read More >>