മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് സര്‍ക്കാരിനെ ദോഷകരമായി ബാധിക്കും

സത്യത്തില്‍ ഈ വിവാദത്തിന് രണ്ട് വശങ്ങളുണ്ട്. നിയമപരമായതും രാഷ്ട്രീയപരമായതുമായ രണ്ട് വശമുണ്ട്.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് സര്‍ക്കാരിനെ ദോഷകരമായി ബാധിക്കും

അഡ്വ. ജയശങ്കര്‍

സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹൈക്കോടതിയില്‍ ഹാജരായതില്‍ രണ്ട് വശങ്ങളുണ്ടെന്ന് പ്രമുഖ അഭിഭാഷകന്‍ അഡ്വ. ജയശങ്കര്‍ നാരദാന്യൂസിനോട് പറഞ്ഞു.

സര്‍ക്കാരിന്റെ മുഖ്യ അഭിഭാഷകനും മുഖ്യ നിയമോപദേഷ്ടാവും ഭരണഘടനാ പ്രകാരം തന്നെ അഡ്വക്കറ്റ് ജനറലാണ്. അഡ്വക്കറ്റ് ജനറലായി സിപി സുധാകര പ്രസാദ് എന്ന പ്രഗത്ഭനായ അഭിഭാഷകന്‍ ഉണ്ട്. അദ്ദേഹമുള്ളപ്പോള്‍ മുഖ്യമന്ത്രിക്ക് പ്രത്യേകമായി നിയമോപദേഷ്ടാവിന്റെ ആവശ്യമില്ല. അങ്ങനെയൊരു തസ്തിക തന്നെ അനാവശ്യമായി ഉണ്ടാക്കിയതാണ്. പിണറായി വിജയന് വ്യക്തിപരമായി എന്തെങ്കിലും ഉപദേശം വേണമെങ്കില്‍ ദാമോദരനോട് ചോദിക്കാമായിരുന്നു. ഇങ്ങനെ ഔപചാരികമായി തസ്തിക ഉണ്ടാക്കിയതാണ് ഇവിടെ പ്രശ്നമായത്.


മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വ. എംകെ ദാമോദരന്‍ പ്രസിദ്ധ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് വിവാദ വിഷയമായി മാറിയിരിക്കുകയാണ്. സത്യത്തില്‍ ഈ വിവാദത്തിന് രണ്ട് വശങ്ങളുണ്ട്. നിയമപരമായതും രാഷ്ട്രീയപരമായതുമായ രണ്ട് വശമുണ്ട്.

നിയമപരമായ വശം വളരെ വ്യക്തമാണ്. എംകെ ദാമോദരന്‍ കേരളാ ഹൈക്കോടതിയിലെ അധികവും ക്രിമിനല്‍ കേസുകള്‍ വാദിക്കുന്ന തിരക്കേറിയ അഭിഭാഷകനാണ്. സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മാത്രമല്ല മറ്റ് പലര്‍ക്ക് വേണ്ടിയും അദ്ദേഹം ഹാജരാകാറുണ്ട്. അത് അദ്ദേഹത്തിന്റെ തൊഴില്‍പരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന് ഹാജരാകുന്നതിന് നിയമപരമായിട്ടോ ഭരണഘടനാപരമായിട്ടോ യാതൊരു തടസ്സവുമില്ല. മാത്രമല്ല, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന പദവിയിലിരിക്കുമ്പോഴും പ്രതിഫലം പറ്റാതെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. പ്രതിഫലമില്ലാതെ ജോലി ചെയ്യുന്ന രണ്ട് പേരാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും നിയമോപദേഷ്ടാവ് എംകെ ദാമോദരനും.

മാത്രമല്ല, ഇപ്പോള്‍ അദ്ദേഹം ഹാജരായിരിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടുകെട്ടല്‍ ഉത്തരവിനെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറാണ് അതില്‍ സിബിഐയുടെ കക്ഷി. അല്ലാതെ കേരള സര്‍ക്കാരിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനല്ല.

ഇനി ഇതിന്റെ രാഷ്ട്രീയ വശം പറയുകയാണെങ്കില്‍, എംകെ ദാമോദരന്‍ സിപിഐ(എം)മായി വളരെ അടുത്തു പ്രവര്‍ത്തിക്കുന്നയാളും മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്തയാളായി കരുതപ്പെടുന്ന വ്യക്തിയുമാണ്. ഈ നിലയ്ക്കുള്ള വ്യക്തി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരാകുന്നത് തീര്‍ച്ചയായും പൊതു സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുപ്പക്കാരനും ഔദ്യോഗികമായി തന്നെ അദ്ദേഹത്തിന്റെ നിയമോപദേശകനായിട്ടുള്ളയാളാണ് എംകെ ദാമോദരന്‍.

ഇടതുപക്ഷ സര്‍ക്കാര്‍ വന്നയുടനെ തന്നെ സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ തിരിച്ചുവരും എന്ന ധാരണ ജനങ്ങള്‍ക്കുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ രണ്ട് കൂട്ടരയേും ഇവിടുന്ന് കെട്ടുകെട്ടിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ മറ്റെന്തൊക്കെ വിമര്‍ശനം ഉന്നയിച്ചാലും അന്യദേശ ലോട്ടറിക്കാരെ സംസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ കഴിഞ്ഞത് നേട്ടമായിരുന്നു. പക്ഷേ, അവര്‍ക്കത് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നത് വേറെ കാര്യം. അപ്പോള്‍ വീണ്ടും സിക്കിം ലോട്ടറി തിരിച്ചു വരാന്‍ പോകുന്നു, സാന്റിയാഗോ മാര്‍ട്ടിന്‍ തിരിച്ചു വരാന്‍ പോകുന്നു, സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരാകുന്നു എന്ന് പറഞ്ഞാല്‍, പിണറായി വിജയന്‍ ഹാജരാകുന്നു എന്ന് തന്നെയാണ് അര്‍ത്ഥം എന്ന രീതിയിലുള്ള വ്യാഖ്യാനത്തിന് തീര്‍ച്ചയായും ഇത് വഴിവെക്കും. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന പദവിയിലിരിക്കുമ്പോള്‍ ഹാജരാകാതിരിക്കുന്നതായിരുന്നു രാഷ്ട്രീയപരമായിട്ടും സര്‍ക്കാരിന് നല്ലത്. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളുമെല്ലാം ഇതൊരു വിവാദമായി ഉയര്‍ത്തിക്കൊണ്ടുവരും എന്നതും ഉറപ്പാണ്.

Read More >>