ശബരീനാഥന്‍ എംഎല്‍എയുടെ പേരില്‍ കബളിപ്പിക്കപ്പെട്ട് നടന്‍ മധു

സംഭവത്തില്‍ ശബരീനാഥന്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കും പരാതി നല്‍കിയിട്ടുണ്ട്‌

ശബരീനാഥന്‍ എംഎല്‍എയുടെ പേരില്‍ കബളിപ്പിക്കപ്പെട്ട് നടന്‍ മധു

തിരുവനന്തപുരം: നടന്‍ മധുവിനെ എംഎല്‍എ ശബരീനാഥന്‍റെ പേരില്‍ വിദഗ്ധമായി കബളിപ്പിച്ചു ഒരു വിരുതന്‍. കഴിഞ്ഞ ദിവസം നഗരത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി മധുവിനു കെ.എസ്‌ ശബരീനാഥന്‍ എം.എല്‍.എയുടെ ക്ഷണം ഫോണിലൂടെ വന്നിരുന്നു. വധൂവരന്മാരെയും അവരുടെ കുടുംബത്തെയും പരിചയം ഇല്ലെങ്കിലും തന്‍റെ സുഹൃത്തായിരുന്ന കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥന്‍ ക്ഷണിച്ചതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.എന്നാല്‍ ഓഡിറ്റോറിയത്തിലെത്തിയ മധുവിനെ കാത്തു ശബരീനാഥന്‍ എംഎല്‍എ അവിടെ ഉണ്ടായിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തെ കണ്ട വധൂവരന്മാരും അവരുടെ കുടുംബാംഗങ്ങളും തെല്ലൊന്നു അമ്പരന്നു. അതിനുശേഷം അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനും മറ്റും കല്യാണത്തിനെത്തിയവര്‍ തിരക്കുകൂട്ടി. ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയെങ്കിലും തന്നെ കല്യാണത്തിനു വിളിച്ചുവരുത്തി ശബരീനാഥന്‍ വരാതിരുന്നതിലുള്ള പരിഭവം അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി വേഷമിട്ട 'ശകുന്തള' എന്ന നാടകം കാണാന്‍ ഇരുവരും വിജെടി ഹാളില്‍ എത്തിയിരുന്നു. അവിടെ വെച്ച് ശബരീനാഥനോട് തന്‍റെ പരിഭവം മധു നേരിട്ട് പറഞ്ഞു.അപ്പോഴാണ്‌ മധുവിനെ താന്‍ കല്യാണത്തിന് വിളിച്ചിട്ടേയില്ലെന്നും മറ്റാരോ പറ്റിക്കാന്‍ വേണ്ടി ചെയ്ത പ്രവൃത്തി ആണെന്നും എംഎല്‍എ വ്യക്തമാക്കിയത്.ശബരിനാഥന്‍റെതായി ഫോണില്‍ സേവ്‌ ചെയ്‌തിരിക്കുന്ന നമ്പര്‍ മധു എം.എല്‍.എയെ കാണിച്ചു. പാപ്പനംകോട്‌ അന്‍സാരിയെന്നൊരാളാണ്‌ ഇതിന്‌ പിന്നിലെന്നു എം.എല്‍.എയുടെ അന്വേഷണത്തില്‍ മനസിലായി.ഒരു പ്രമുഖ മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. സംഭവത്തില്‍ ശബരീനാഥന്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കും പരാതി നല്‍കിയിട്ടുണ്ട്‌.