റിയാലിറ്റി ഷോകൾക്കും വേണം സെൻസറിങ്ങ്

സീരിയലുകൾക്ക് സെൻസർഷിപ്പ് വേണമെന്ന് ആവശ്യപ്പെടുന്നവർ എന്തുകൊണ്ടാണ് റിയാലിറ്റി ഷോകളിലേയും വാർത്ത അവതരണങ്ങളിലേയും പ്രതിലോമകത കാണാതെ പോകുന്നത്. അതെല്ലാം മാറ്റിവെച്ച് സീരിയലുകളാണ് ഏറ്റവുംവലിയ പ്രതിലോമകത എന്ന് പറയുന്നതെന്തിനാണ്- ജോണി എംഎൽ എഴുതുന്നു.

റിയാലിറ്റി ഷോകൾക്കും വേണം സെൻസറിങ്ങ്

ജോണി എംഎൽ

സീരിയിൽ സെൻസർഷിപ്പുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനങ്ങളിൽ മൂന്നാമത്തേതും അവസാനത്തേതുമാണ് ഇത്. കഴിഞ്ഞ ലേഖനത്തിൽ വാർത്താ ടെലിവിഷനും ചർച്ചാ ടെലിവിഷനും ഒരുപോലെ അപകടകാരികളാണെന്നും അതിനാൽ സെൻസർഷിപ്പ് ഏർപ്പെടുത്തുമെങ്കിൽ ഇവയെക്കൂടി അതിന്റെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്നും എഴുതിയിരുന്നു. ഈ ലേഖനത്തിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കു്‌നനത് ടെലിവിഷൻ പരിപാടികളിൽ പൊതുവെ പ്രൊഡക്ഷൻ രംഗത്തുതന്നെ നടക്കുന്ന ബൗദ്ധികവും ഭൗതികവുമായ പ്രത്യയശാസ്ത്രത്തിന്റെ ഇടപെടലുകളും അവയ്ക്ക് എന്തുകൊണ്ട് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നാം ചിന്തിക്കുന്നില്ല എന്നതുമായ വിഷയങ്ങളാണ്.


സെൻസറിങ്ങ് ആവശ്യം വാർത്തകൾക്ക്

വാർത്തകളും ചർച്ചകളും സീരിയലുകളും മാറ്റിയാൽ ടെലിവിഷനിൽ ഉള്ളത് പൊതുവെ രണ്ട് തരത്തിലുള്ള പരിപാടികളാണ്. ഒന്ന് ഉദ്‌ബോധനം ലക്ഷ്യമാക്കിയുള്ളത്, രണ്ട് വിനോദം ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെടുന്നവയാണ്. നിഷ്‌കളങ്കമെന്നും പൊടുന്നനെ സംഭവിക്കുന്നു എന്നും തോന്നുന്ന പല പരിപാടികളും മുൻകൂട്ടി സ്‌ക്രിപ്റ്റ് എഴുതി തയ്യാറാക്കി അവതരിപ്പിക്കപ്പെടുന്നവയാണ്. പരിപാടികൾക്കിടയിൽ അവതാരകരുടെ ഇറങ്ങിപ്പോക്കും ദേഷ്യപ്പെടലും പരിപാടിയിൽ പങ്കെടുക്കുന്നവരും ജഡ്ജിമാരും തമ്മിലുള്ള തർക്കങ്ങളും ഗ്രീന്റൂമിൽ കാത്തിരിക്കുന്ന മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും വികാരപ്രകടനങ്ങളും ഒക്കെത്തന്നെ നിയന്ത്രിതമായ അന്തരീക്ഷത്തിൽ, എല്ലാം റെക്കോർഡ് ചെയ്യപ്പെടുന്നു എന്ന അറിവോട് കൂടി തന്നെ സംഭവിക്കുന്നതാണ്. അതിനാൽ ഉദ്‌ബോധനപരമായ പരിപാടികളും വിനോദപരമായ പരിപാടികളും ഒക്കെ പല വിധത്തിലുള്ള പ്രത്യയശാസ്ത്രഭാരങ്ങൾ പേറുന്നവയാണ്. അവ സീരിയിലുകളെയും ചർച്ചാ ടെലിവിഷനെയും പോലെ കാണികളുടെ സൗന്ദര്യശാസ്ത്രപരവും സാമൂഹ്യ-രാഷ്ട്രീയപരവും സാംസ്‌കാരികവുമായ ബോധങ്ങളെ സ്വാധീനിക്കുന്നവയാണ്.

സീരിയൽ സെൻസറിംഗ് തെറ്റിദ്ധാരണയുടെ സൃഷ്ടി

മാനസികമായി സ്വാധീനം ചെലുത്തുന്നവയ്ക്ക് മേൽ (അത് നല്ലതായാലും ചീത്തയായാലും) നിയന്ത്രണം ഏർപ്പെടുത്തും എന്നുണ്ടെങ്കിൽ അവ ഉദ്‌ബോധനപരമായ പരിപാടികൾക്കും വിനോദദായകമായ പരിപാടികൾക്കും ഒരുപോലെ ബാധകമാണ് എന്ന് പറയേണ്ടിവരും.

സുപ്രഭാതം പരിപാടികളോടെയാണ് മിക്കവാറും എല്ലാ ടെലിവിഷൻ ചാനലുകളും അവരുടെ ഒരു ദിവസം ആരംഭിക്കുന്നത്. മറ്റൊരർത്ഥത്തിൽ ഇത്തരം പരിപാടികൾ സാന്ദർശികമായി മാത്രമാണ് ഒരു ദിവസത്തിന്റെ ആരംഭം കുറിക്കുന്നത്. കാരണം ഒരു ടെലിവിഷൻ ചാനലും രാത്രിയിൽ ഉറങ്ങാൻ പോകുന്നില്ല. നിത്യമായ ഒരു പകലാണ് ടെലിവിഷൻ പരിപാടികൾ ഭാവന ചെയ്യുന്നത്. അതിനിടയിൽ സംഭവിക്കുന്ന ഒരു കാലപ്രമാണമാണ് അല്ലെങ്കിൽ ചിട്ടയാണ് സുപ്രഭാതം പരിപാടികൾ. അവയിൽ ഒക്കെയും അവതാരകർ പരമ്പരാഗതം എന്ന് അവകാശപ്പെടുന്ന തരത്തിൽ മുണ്ടും ഷർട്ടും, മുണ്ടും കുർത്തയും, നേരിയതും സാരിയും അല്ലെങ്കിൽ പട്ടുസാരിയും ധരിച്ച് എത്തുന്നു.

സെൻസറിങ്ങ് ആവശ്യം വാർത്തകൾക്ക്

ഹിന്ദു ബ്രാഹ്മണ്യത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ എമ്പാടും ഉണ്ടാകും. ഓണവും ക്രിസ്തുമസും റംസാനുമൊക്കെ വരുമ്പോൾ അവതാരകർ അതിനനുസരിച്ച് പറയുന്ന വിഷയങ്ങളിൽ മാറ്റം വരുത്തുമെങ്കിലും ബ്രാഹ്മണ്യത്തിന്റെ ചിഹ്നങ്ങൾ അല്പംപോലും ചുളിവ് വീഴാതെ അവതാരകരുടെ ശരീരത്തിലും സെറ്റിലും ഉണ്ടായിരിക്കും. ജനസംഖ്യത്തിൽ ഭൂരിഭാഗം ഹിന്ദുക്കളാണ് എന്ന ബോധത്തിൽ നിന്നുണ്ടാകുന്ന പ്രഭാതബോധമാണിതിന് പിന്നിൽ. അതിനർത്ഥം ഓരോ ദിവസവും അവതാരകർ ഓരോ മതത്തെക്കുറിക്കുന്ന വസ്ത്രങ്ങളോ ചിഹ്നങ്ങളോ അണിയണം എന്നല്ല, മറിച്ച് ബ്രാഹ്മണ്യത്തെ കുറിയ്ക്കുന്ന ചിഹ്നങ്ങൾ എങ്ങിനെ ഒഴിവാക്കാം എന്നുള്ളതാണ്. ഇരുണ്ട നിറമുള്ള അവതാരകരെ പ്രഭാത പരിപാടികളിൽനിന്ന് ഒഴിവാക്കുന്നു എന്നതും മതപരമായ സന്തുലിതാവസ്ഥ നിലനിർത്തുന്നു എന്ന വ്യാജേന മതപരമായ വിടവുകളെ അടിവരയിട്ടു കാണിക്കുന്ന പരിപാടികൾ ഇവയിൽ ഉൾപ്പെടുത്തുന്നു എന്നതുമാണ് ഇവയിലും സെൻസർഷിപ്പ് വേണമെന്ന തോന്നൽ ഉളവാക്കുന്നത്.

സീരിയൽ സെൻസറിംഗ് തെറ്റിദ്ധാരണയുടെ സൃഷ്ടി

ദൃശ്യമാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ക്യാമറ എന്നത് കാണിയുടെ കണ്ണാണ് എന്ന് പറയാമെങ്കിലും സത്യത്തിൽ അത് അങ്ങിനെയല്ല. പഴയ കാലത്തെ അപേക്ഷിച്ച് സാങ്കേതികത വളരെയധികം മുന്നേറിയ ഈ കാലയളവിൽ ഒരു സാധാരണ വിവാഹവീഡിയോ പോലും ഒന്നിലധികം ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യപ്പെടുന്നത്. മിക്കവാറും എല്ലാ ടെലിവിഷൻ പരിപാടികളും ഒരു അരങ്ങേറ്റത്തിന്റെ വിവിധ വശങ്ങളെ പല ക്യാമറകൾ കാണുന്ന രീതിയിലാണ് ഷൂട്ട് ചെയ്യുന്നത്. പല കോണുകളിൽനിന്നുള്ള ദൃശ്യങ്ങൾ പ്രേക്ഷകൻ കാണുന്നെങ്കിലും അതൊന്നും അവർ കാണാൻ ആഗ്രഹിക്കുന്ന കോണുകളിൽ ആകണമെന്നില്ല. ക്യാമറ എന്നത് പുരുഷന്റെ കണ്ണുകളാണ് എന്നത് ലാറ മുൾവേയെപ്പോലുള്ള ഫെമിനിസറ്റ് സൈദ്ധാന്തികർ പറഞ്ഞിട്ടുണ്ട്. എന്നാൽ ടെലിവിഷൻ എന്നത് പല പുരുഷന്മാർ ഒരു സംഭവത്തെ അവരുടെ കണ്ണുകൾകൊണ്ട് കാണുന്ന രീതിയിൽ ഷൂട്ട് ചെയ്യപ്പെടുന്ന പരിപാടികളുടെ സമുച്ചയമാണ്. എന്നാൽ ഈ കാഴ്ചക്കളെ പലതായി വിഘടിപ്പിച്ച് അദൃശ്യനായ ഒരു പുരുഷസ്വത്വം സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രേക്ഷകരുടെ കാഴ്ചയെ നിയന്ത്രിക്കുകയാണ്. എഡിറ്റിങ്ങ് പൂളിൽ, കൺട്രോൾ പാനലിലെ പല മോണിറ്ററുകളിൽ ഫീഡ് ചെയ്യപ്പെടുന്ന ക്യാമറക്കാഴ്ചകളെ ഓരോ മൂഡിനനുസരിച്ച് തെരഞ്ഞെടുത്ത് ഔട്ട്പുട്ടിൽ സംപ്രേക്ഷണത്തിനായി അയയ്ക്കുന്ന ഒരു മാസ്റ്റർ കണ്ണ് ഉണ്ട്. പുരുഷനോട്ടത്തിന്റെ സാന്ദ്രരൂപമാണ് ആ അദൃശ്യവ്യക്തിത്വം. പരിപാടിയ്ക്കിടെ രാക്ഷസീയരൂപമുള്ള ഒരു സ്ത്രീകഥാപാത്രം പ്രവേശിക്കുമ്പോൾ കാണികൾക്കിടയിൽ ഇരിയ്ക്കുന്ന ഒരു കറുത്ത തടിച്ച് പല്ലുന്തിയ സ്ത്രീയിലേക്ക് കട്ട് ചെയ്യുന്ന ആ തീരുമാനമുണ്ടല്ലോ അതാണ് ടെലിവിഷൻ പരിപാടികളിലെ പ്രധാനമായ ഒരു പ്രതിലോമകത. ആ കറുത്ത സ്ത്രീയും കുടുംബവും ഉൾപ്പെടെയുള്ള മറ്റനേകം കറുത്ത സ്ത്രീകളും കുടുംബങ്ങളും ആ കാഴ്ചകണ്ട് നിസ്സഹായരായി തലയറഞ്ഞ് ചിരിക്കുന്ന ആ പ്രത്യശാസ്ത്രത്തിനാണ് നാം സെൻസർഷിപ്പ് ഏർപ്പെടുത്തേണ്ടത്.

സെൻസറിങ്ങ് ആവശ്യം വാർത്തകൾക്ക്

തത്ക്കാലം ഒരു ടെലിവിഷൻ പരിപാടിയ്ക്കും സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും അത്തരമൊരു നീക്കം വേണ്ടത് അത്യാവസ്യമാണെന്ന് തോന്നിപ്പിക്കുന്ന മേഖലയാണ് വിവിധ തരത്തിലുള്ള റിയാലിറ്റി ഷോകൾ. ജിംകാരി അഭിനയിച്ച ട ട്രൂമാൻ ഷോ എന്ന ഹോളിവുഡ് ചിത്രം കണ്ടിട്ടുള്ളവർക്ക് മനസിലാകും എങ്ങിനെ ഒരു മനുഷ്യന് താനൊരു ടെലിവിഷൻ പരിപാടിയുടെ സെറ്റിൽ ജീവിക്കുകയാണെന്നും തന്റെ ഓരോ പ്രവൃത്തിയും മറ്റുള്ളവർ യഥേഷ്ടം കണ്ടുകൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയാതെ ജീവിക്കാൻ കഴിയുമെന്ന്. ഒടുവിൽ അയാൾ ആ സത്യം തിരിച്ചറിയുന്നു. അതോടെ അയാൾ ആ സെറ്റിനെ ഭേദിച്ച് പുറത്ത് ചാടാൻ വെമ്പുന്ന ഒരു തീവ്രവാദി ആകുകയാണ്. കേരള ഹൗസ് എന്നൊക്കെയുള്ള പേരിൽ അരങ്ങേറുന്ന ബിഗ് ബ്രദർ റിയാലിറ്റി ഷോകൾ പക്ഷേ ട്രൂമാൻ ഷോയിൽനിന്ന് വ്യത്യസ്തമാണ്. അവിടെ ആളുകൾ സ്വയം ക്യാമറയുടെ നിരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ എന്താണ് പ്രേക്ഷകൻ കാണേണ്ടത് എന്ന് തീരുമാനിക്കുന്നത് അപ്പോഴും ഒരുപുരുഷ വ്യക്തിത്വം തന്നെയാണ്. കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും കാണികളും സ്വയം ക്യാമറയുടെ നിരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന പരിപാടികളെയാണ് റിയാലിറ്റി ഷോകൾ എന്ന് പറയുന്നതെങ്കിലും റിയാലിറ്റി ഷോകൾ ഒന്നുംതന്നെ റിയൽ സമയത്തും ഇടത്തുമല്ല സംഭവിക്കുന്നത് എന്നതിനാലും, അദൃശ്യനായ പുരുഷവ്യക്തിത്വം തീരുമാനിക്കുന്ന ഒരു അന്തിമ ഉത്പന്നമാണ് പ്രേക്ഷകരുടെ അടുക്കൽ എത്തുകയും ചെയ്യുന്നത് എ്‌നന് തിരിച്ചറിഞ്ഞതോടെ ഇത്തരം പരിപാടികളുടെ പ്രതിലോമകരമായ പ്രത്യയശാസ്ത്രം എന്തെന്ന് നാം മനസിലാക്കുന്നു. റിയാലിറ്റി ഷോകൾ അങ്ങിനെ അൺറിയാലിറ്റി ഷോകൾ ആവുകയും സാംസ്‌കാരിക ജീർണതയ്ക്ക് ആവശ്യമായ എല്ലാ ചേരുവകകളും അവ സമാസമം വെളിപ്പെടുത്തുകയും ചെയ്യുന്നു.

സെൻസറിങ്ങ് ആവശ്യം വാർത്തകൾക്ക്

കാണികളുടെ കാര്യം തന്നെയെടുക്കുക. റിയാലിറ്റി ഷോകളിൽ രണ്ടുതരം കാണികൾ ഉണ്ട്. ഒന്ന് ടെലിവിഷനുള്ളിലെ കാണികളും, രണ്ട് ടെലിവിഷന് പുറത്തെ കാണികളും. പരിപാടികളുടെ സ്വഭാവം അനുസരിച്ച് ടെലിവിഷനുള്ളിലെ കാണികളുടെ സ്വഭാവത്തിലും മാറ്റം വരും. മിക്കവാറും എല്ലാ സംഗീത പരിപാടികളിലും ഒതുക്കമുള്ള വസ്ത്രങ്ങൾ ധരിച്ച മധ്യവർത്തികളായ സ്ത്രീപുരുഷന്മാരെ നമുക്ക് കാണികളായി കാണാനാകും. അതിനെ കൊഴുപ്പ് കൂട്ടാനായി പിൻനിരയിൽ നല്ല വീട്ടിൽനിന്നുവരുന്ന കുറെ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരിക്കും. അതേസമയം കോമഡി ഷോകളുടെ കാണികളെ ഒന്ന് ശ്രദ്ധിച്ച് നോക്കുക. താഴ്ന്ന ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളും പുരുഷന്മാരും ആയിരിക്കും അവരിൽ ഏറിയപങ്കും. പിൻനിരകളിലെ ചെറുപ്പക്കാരാകട്ടെ മിക്കവാറും ഫ്രീക്കന്മാർ എന്ന് അറിയപ്പെടുന്ന വിഭാഗത്തിലുള്ളവരായിരിക്കും. സാധാരണ അഭിജാതമായ സൗന്ദര്യശാസ്ത്രത്തിന് ഇണങ്ങാത്ത ശരീരവും പ്രകൃതവും വസ്ത്രധാരണരീതികളും ഉള്ള കാണികളുടെ ഒരു നിരയാണ് നാം അവിടെ കാണുന്നത്. കറുത്ത നിറവും ഉന്തിയപല്ലും കോങ്കണ്ണും ഒക്കെ അവിടെ സർവ്വ സാധാരണം. അതേ വൈകല്യങ്ങൾ ആണ് മിക്കവാറും കോമഡിഷോകളിൽ ഹാസ്യരസം ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്നത് എന്നതാണ് വൈചിത്ര്യം.

സീരിയൽ സെൻസറിംഗ് തെറ്റിദ്ധാരണയുടെ സൃഷ്ടി

കറുത്ത തൊലിയും ഉന്തിയ പല്ലുകളും ഉള്ള സ്ത്രീ എന്ന വാർപ്പുമാതൃകയെ മാറ്റിനിറുത്തിക്കൊണ്ട് തന്നെ വളരെയധികം പരാമർശം അർഹിക്കുന്ന മറ്റൊരു വിഷയത്തിലേക്ക് വരാം. കോമഡി ഷോകളിൽ ഹാസ്യം ഉത്പാദിപ്പിക്കുന്ന സ്ത്രീകളെല്ലാം പുറമ്പോക്കുകളാണ്. അവർ മയ്ക്കാട് പണിക്ക് പോകുന്നവരാണ്. അല്ലെഹ്കിൽ തൊഴിലുറപ്പ് പണിയ്ക്ക് പോകുന്നവരാണ്. പഞ്ചായത്ത് മെമ്പറുമായോ, ചായക്കട- ഷാപ്പ് മുതലാളിയുമായി ഒക്കെ സല്ലപിക്കുന്നവരാണ് അവർ. ഏത് മദ്യപാനിക്കും അവരെ കേറി പിടിക്കാം. അവരുടെ സദാചാരത്തെയും ലൈംഗീക സ്വാതന്ത്ര്യത്തേയും ചോദ്യം ചെയ്യാം. അവരിൽ ഏറെപ്പേർക്കും അവിഹിത ബന്ധങ്ങൾ ഉണ്ടെന്ന വ്യാഗ്യം സംഭാഷണങ്ങളിൽ പ്രകടമാണ്. മകന്റെ ആദ്യരാത്രി മുടക്കാൻ കച്ചക്കെട്ടിയിറങ്ങിയ വിധവകളായ (അമ്മായി) അമ്മമാർ അവർക്കിടയിൽ ഉണ്ട്.

അവരുടെ മൂക്കും മുലയും മുടിയും താടിയും ലൈംഗീകച്ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾക്ക് ശരവ്യമാണ് എപ്പോഴും. പുരുഷന്മാരുടെ തല്ല് കൊള്ളാൻ വിധേയരാണവർ. പാഷാണം ഷാജി എന്ന കഥാപാത്രത്തിലൂടെ പ്രശക്തനായ സാജു നവോദയ എന്ന കലാകാരൻ നയിച്ചിരുന്ന സ്റ്റാർസ് ഓഫ് കൊച്ചിൻ എന്ന കോമഡി സംഘത്തിന്റെ ഒരു സ്‌കിറ്റിൽ പരസ്പരം ശത്രുത പുലർത്തുന്ന രണ്ട് പഴയ സുഹൃത്തുക്കൾ തമ്മിൽത്തൊടാതെ പകപ്പോക്കുന്നത് സ്വന്തം ഭാര്യമാരെ തല്ലിക്കൊണ്ടാണ്. സ്ത്രീ എന്നത് പരസ്പരം വെച്ചുമാറാവുന്നവരും തല്ലി രസിക്കാവുന്നവതുമായ ഒരു ചരക്കാണ് എന്ന ആദിമമായ വിശ്വാസത്തിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളി അവതാരങ്ങളാണ് അവയെല്ലാം.

സെൻസറിങ്ങ് ആവശ്യം വാർത്തകൾക്ക്

സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഈ ചരക്കുവത്ക്കരണവും നിന്ദാസ്തുതിയും ഹാസ്യോത്പാദകമാകുകയും അതിന് പ്രസിദ്ധി നൽകുകയും ചെയ്യുന്ന ഒരു സമൂഹം അടിസ്ഥാനപരമായി പുരോഗമിച്ച് എന്ന് പറയുക വയ്യ. സ്ത്രീകളെ പരിപാടികളിൽ ചരക്കുവത്ക്കരിക്കുമ്പോൾ അതിനനുരൂപരായ കാണികളെ ഇടയ്ക്കും മുറയ്ക്കും കാട്ടി, കഥാപാത്രങ്ങളുടെ ഭാവനാസ്വത്വവും കാണികളുടെ യഥാർത്ഥ സ്വത്വവും തമ്മിൽ ഉള്ള അതിർവരുമ്പുകൾ അദൃശ്യപുരുഷൻ മായ്ച്ച് കളയുന്നു. ഈ നവസ്വത്വനിർമ്മിതിയെ ജഡ്ജികളായിരിക്കുന്ന സിനിമാ നടികളുടെ ചിരിയും മാർക്കിടലും ഒരുപരിധിവരെ സാധൂകരിക്കുന്നു. നെൽസൺ എന്ന നടൻ മദ്യപനായി വന്നു ഭാര്യയെ തല്ലുന്നത് കണ്ട് മുഖം തിരിച്ച് കളഞ്ഞ ഒരേ ഒരു ജഡ്ജിയാണ് ഗായികയായ ചിത്ര. ആ നീരസം അവർ മുഖത്ത് പ്രകടമാക്കി. പക്ഷേ അതെക്കുറിച്ച് ഒരക്ഷരം അവർ മിണ്ടിയില്ല. പൊതുവെ വളരെ പ്രസക്തമായ രീതിയിൽ അഭിപ്രായങ്ങൾ പറയുന്ന സിദ്ധിഖും നടൻ മണിയൻ പിള്ള രാജുപോലും സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരം സ്‌കിറ്റുകളെ വിമർശിക്കാറില്ല എന്നത് അപകടകരമായ ഒരു പ്രവണതയെ കാട്ടുന്നു. പരമപ്രധാനമായത് ഇത്തരം സ്‌കിറ്റുകളിൽ സ്ത്രീകളെ പുറമ്പോക്കുകളായി അവതരിപ്പിക്കാൻ അവരുടെ വായിൽ തിരുകിക്കൊടുക്കുന്ന ഭാഷയാണ്. ഒരുകാലത്ത് ഏറ്റവും മോശപ്പെട്ട സ്ത്രീകൾ ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ചേരിഭാഷ എന്ന് പറയപ്പെടുന്ന ഒരുതരം മലയാളമാണ് ഈ സ്ത്രീകളുടെ വായിൽ യഥാർത്ഥത്തിൽ പുനരുത്പാദനം എന്ന വ്യാജേന തിരുകിക്കൊടുക്കുന്നത്. തിരുവന്തോരം ഭാഷയ്ക്ക് രാജമാണിക്യത്തിലൂടെ മമ്മൂട്ടി സാധുത നേടിക്കൊടുക്കുമ്പോൾ, ഒരു മലയാള നായികയും ഇന്നേവരെ ചേരിഭാഷയിലൂടെ സാധുത നേടുകയോ ആ ഭാഷയ്ക്ക് സാധുത നേടിക്കൊടുക്കുകയോ ചെയ്തിട്ടില്ല. നീലക്കുയിലിലെ മിസ് കുമാരിയും ചെമ്മീനിലെ ഷീലയും സംസാരിച്ച ഭാഷ നമുക്ക് ഓർമ്മയുണ്ടാവുമല്ലോ. മജ്ഞു വാര്യാർ സൃഷ്ടിച്ച വള്ളുവനാടൻ പ്രസ്ഥാനത്തിനപ്പുറം ഒരു സ്ത്രീ ഭാഷയ്ക്ക് വളരാനും കഴിഞ്ഞിട്ടില്ല.

സ്ത്രീകൾക്ക് മേൽ മാത്രമല്ല കോമഡി ഷോകളിലൂടെ ഈ പ്രത്യയശാസ്ത്ര ആക്രമണം നടക്കുന്നത്. പുരുഷന്മാർക്കും ഇത് ബാധകമായിരിക്കുന്നു. എല്ലാ കോമഡി സ്‌കിറ്റുകളിലും ഒരു കറുത്ത നടൻ ഉണ്ടാകും. ആ നടൻ നേരിടുന്ന വർണ്ണിവിവേചനത്തിന് സത്യത്തിൽ ഒരു അതിരുമില്ല. സ്റ്റാർസ് ഓഫ് കൊച്ചിനിലെ നടനായ കൊല്ലം സുധി എന്ന അനുഗ്രഹീത നടൻ അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളും കറുപ്പിന്റെ പൊക്കക്കുറവിന്റെയും പേരിൽ അധിക്ഷേപത്തിന് വിധേയമാവുകയും ഹാസ്യം സൃഷ്ടിക്കുകയുമാണ്. പ്രത്യയശാസ്ത്രം വിജയക്കൊടി പാറിക്കുന്നത് ഇത്തരത്തിൽ അവഹേളിക്കപ്പെടുന്ന കഥാപാത്രം തന്നെ അതിനെ യാതൊരു ചെറുത്തുനിൽപ്പും കൂടാതെ സ്വീകരിക്കുന്നു എന്നയിടത്താണ്. കറുത്തവനും പൊക്കം കുറഞ്ഞവനും എതിർക്കാതെ അവഹേളനം ഏറ്റുവാങ്ങിക്കൊള്ളണം എന്ന തികച്ചും പ്രതിലോമകരമായ ഒരു ആശയമാണ് ഇത്തരം പ്രവണതകൾ കാണികളുടെ മനസിൽ ഊട്ടിയുറപ്പിച്ച് കൊടുക്കുന്നത്. ഇതിനെ സെൻസർ ചെയ്യണമെന്നാണ് ഒരിടത്തുംനിന്നും മുറവിളി ഉണ്ടാകുന്നില്ല എന്നതാണ് വിചിത്രം.

സീരിയൽ സെൻസറിംഗ് തെറ്റിദ്ധാരണയുടെ സൃഷ്ടി

സെൻസർഷിപ്പിനെക്കുറിച്ചുള്ള ഈ ലേഖനത്തിൽ ഉടനീളം എടുത്തിട്ടുള്ള നിലപാട് ഒരുപക്ഷേ തെറ്റിദ്ധാരണകൾക്ക് ഇടംനൽകിയേക്കാം. ഒരു തരത്തിലുള്ള സെൻസൻഷിപ്പ് പാടില്ല എന്നാണ് വിശ്വസിക്കുന്നത്. സർഗാത്മക വ്യാപരങ്ങളുടെ അനന്തരഫലം എന്താകും എന്ന് ചിന്തിച്ചുകൊണ്ടല്ല ആരും എഴുതാനും അഭിനയിക്കാനും ഒക്കെ മുതിരുന്നത്. പക്ഷേ സെൻസർഷിപ്പില്ലാതെ മലയാള സീരിയലുകൾ സാംസ്‌കാരിക ജീർണ്ണതയ്ക്ക് കാരണമാകുന്നു എന്ന് പ്രമുഖർ വാദിക്കുമ്പോൾ ഒരുകാര്യം പറയാതിരിക്കാൻ വയ്യ. അവരുടെ ആവശ്യം ഭാഗികവും ടെലിവിഷൻ എന്ന മാധ്യമത്തെക്കുറിച്ചുള്ള സങ്കീർണ്ണമായ ജ്ഞാനത്തിന്റെ അഭാവവുമാണ് വെളിപ്പെടുത്തുന്നത്.

സീരിയൽ സെൻസറിംഗ് തെറ്റിദ്ധാരണയുടെ സൃഷ്ടി

സെൻസർഷിപ്പ് സീരിയലുകൾക്ക് മേൽ അടിച്ചേൽപ്പിക്കുമ്പോൾ അതിനെക്കാൾ ആഴത്തിലുള്ള ജീർണത വളർത്തുന്ന വാർത്താ- ചർച്ചാ ടെലിവിഷനെയും റിയാലിറ്റി ഷോകളെയും വെറുതെ വിടണോ എന്നൊരു ചോദ്യം ഉയർത്തുക മാത്രമാണ് ഈ ലേഖന പരമ്പരയുടെ ഉദ്ദേശ്യം.