സെൻസറിംഗ് ആവശ്യം വാർത്തകൾക്ക് 

എന്തുകൊണ്ടാണ് ആളുകൾ ടെലിവിഷൻ ഡിബേറ്റ് കാണുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം മനുഷ്യന് അക്രമത്തിൽ പങ്കെടുക്കാതെ അതിന്റെ ക്രൂരതകൾ ആസ്വദിക്കുവാനുള്ള ആദിമമായ വാസനയിലാണ് അന്വേഷിക്കേണ്ടത്. ജോണി എംഎൽ എഴുതുന്നു

സെൻസറിംഗ് ആവശ്യം വാർത്തകൾക്ക് 

ജോണി എംഎൽ

മലയാള ടെലിവിഷൻ രംഗത്ത് ഇന്ന് സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകൾ മലയാളിയുടെ സാംസ്‌കാരികവും സാമൂഹികവുമായ ജീർണ്ണതയ്ക്കു വളം വയ്ക്കുന്നു. അതിനാൽ അവയ്ക്ക് സെൻസറിംഗ് ഏർപ്പെടുത്തെണ്ടതുണ്ട് എന്നൊരു നിർദ്ദേശം കേരള സർക്കാർ തന്നെ മുമ്പോട്ട് വച്ചതിനെ വിശകലനം ചെയ്തു കൊണ്ട് കഴിഞ്ഞാഴ്ച നാരദയിൽ ഒരു ലേഖനം എഴുതിയിരുന്നു. സെൻസറിംഗ് എന്ന വാക്കിനെ പ്രശ്‌നവല്ക്കരിക്കുകയും പകരം സർട്ടിഫിക്കേഷൻ ഏർപ്പെടുത്തുന്നതിനുമുള്ള ഗൈഡ് ലൈനുകൾ നിർദ്ദേശിക്കണം എന്ന് ഞാൻ ആ ലേഖനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഭൗതികമായി ഉന്നത നിലവാരത്തിലേക്ക് കാണികൾ സ്വം ഉയർന്നാൽ മാത്രമേ സീരിയലുകൾ കാണണോ വേണ്ടയോ എന്ന തീരുമാനം അവർക്ക് എടുക്കാൻ കഴിയു എന്നും ഞാൻ സൂചിപ്പിച്ചിരുന്നു. ആ ലേഖനം ഒരു രണ്ടാം ഭാഗം ആവശ്യപ്പെടുന്നുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് ഈ ചെറിയ ലേഖനം എഴുതിയിരിക്കുന്നത്.


മലയാളിയുടെ സാംസ്‌കാരിക ജീർണ്ണതയ്ക്കു കാരണം സീരിയലുകൾ മാത്രമാണോ? ടെലിവിഷൻ എന്ന് പറയുന്ന മാധ്യമ അവസ്ഥ തന്നെ ഏതു കാലത്തും അതാതു പ്രേക്ഷകരെ അമിതമായി സ്വാധീനിക്കുകയും അവരുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാമ്പത്തിക വർഗ്ഗബോധങ്ങളെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട് എന്ന് അറിയുമ്പോൾ നാം ടെലിവിഷൻ എന്ന മാധ്യമത്തിലെ ഒരു ഘടകമായ സീരിയലുകളെ മാത്രം പ്രതിസ്ഥാനത്തു നിർത്തുന്നതിൽ കാര്യമില്ല. വാർത്തകൾ, വാർത്താവതരകർ, ചർച്ചകൾ ചർച്ചകളെ നയിക്കുന്നവർ അതിൽ പങ്കെടുക്കുന്നവർ കവിതാ പരിപാടികൾ പരമ്പരാഗത കലയുടെ ടെലിവിഷൻ ആവിഷ്‌ക്കാരങ്ങൾ കായിക പരിപാടികൾ, ഫാഷൻ പരിപാടികൾ, പാചക പരിപാടികൾ, റിയാലിറ്റി ഷോകൾ ചിത്രഗീതങ്ങൾ തമാശാ രംഗങ്ങൾ കോമഡി ഷോകൾ പൊതുപരിപാടികളുടെ നേരിട്ടുള്ള സംപ്രേക്ഷണങ്ങൾ, മത പരിപാടികൾ, പ്രാദേശിക ഉത്സവങ്ങൾ, സംഗീത പരിപാടികൾ, പ്രതിഭകളെ കണ്ടെത്തൽ എന്ന് വേണ്ടാ ചെറുപ്പക്കാർക്കും ദൈവങ്ങൾക്കും വേണ്ടിയുള്ള പരിപാടികൾ വരെ നമ്മുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വർഗ്ഗ ബോധങ്ങളെ സ്വാധീനിക്കുകയും ഉടച്ചു വാർക്കുകയും ചെയ്യുന്നുണ്ട്.

സ്റ്റേറ്റ് നിയന്ത്രണത്തിൽ നിന്നുള്ള വിടുതിയാണ് ഇന്ത്യയിലും ഒപ്പം കേരളത്തിലും ടെലിവിഷനെ ബഹുസ്വരമാക്കിയത്. ആഗോളവൽക്കരണത്തിന്റെ സമാന്തരമായ ഉത്പന്നമായും ഉപോത്പന്നമായും സർവോപരി അതിന്റെ മാധ്യമം അഥവാ വാഹനമായും നമ്മുക്ക് ടെലിവിഷനെ വായിച്ചെടുക്കാവുന്നതാണ്. അച്ചടി മാധ്യമത്തിലും മറ്റു സാംസ്‌കാരിക മാധ്യമത്തിലും പ്രവർത്തിച്ചിരുന്നവരാണ് ആദ്യകാല സ്വകാര്യ ചാനലുകളിൽ സംഘടകരായും പരിപാടിയുടെ അവതാരകരായും ആശയധ്രൂവീകരണം നടത്തുന്നവരായും വന്നത്. അതുക്കൊണ്ട് തന്നെയാണ് അച്ചടി മാധ്യമത്തിന്റെ ദൃശ്യവൽക്കരണം ആയിരുന്നു ആദ്യക്കാല സ്വകാര്യ ചാനലുകളുടെ സ്വഭാവം. സാങ്കേതികതയുടെ അഭാവവും ഇതിനു കാരണമായി. ഈ ടെലിവിഷൻ പ്രവർത്തകർക്ക് മുൻപിലുണ്ടായിരുന്ന എത്തിക്‌സ് എന്നത് റേഡിയോയുടെയും അച്ചടി മാധ്യമാങ്ങളുടെതുമായിരുന്നു. അതിനാൽ തന്നെ ആദ്യ കാല ടെലിവിഷൻ ചാനലുകൾക്ക് സ്വാഭാവികമായ ഒരു മാന്യത ഉണ്ടായിരുന്നു. ആ ചാനലുകളിലെ പ്രൊഫെഷനുകൾ സ്വയം പഠിപ്പിക്കുകയും രണ്ടാം തലമുറയെ വാർത്തെടുക്കുകയുമായിരുന്നു. ആ രണ്ടാം തലമുറ മുന്നാം തലമുറയിലേക്ക് വളരുന്നതോടെ ടെലിവിഷൻ പരിപാടികൾക്ക് ടെലിവിഷൻ എന്ന മാധ്യമത്തിന്റെ സ്വഭാവപൂർണ്ണത കൈവരിക്കുകയുമായിരുന്നു ചെയ്തത്. ഇന്ത്യയുടെ ആഗോളവൽക്കരണം അമേരിക്കൻ ചായവ് എന്നതായിരുന്നതിനാൽ ഇന്ത്യൻ ടെലിവിഷൻ അനുകരിച്ചത് അമേരിക്കൻ ടെലിവിഷനെയും, ഓസ്‌ട്രെലിയൻ ടെലിവിഷനെയും ബ്രിട്ടീഷ് യൂറോപ്യൻ ടെലിവിഷനുകളെ ആയിരുന്നു.

പ്രാദേശിക വസ്ത്രധാരണത്തിൽ നിന്ന് പവർ ഡ്രസ്സിംഗ് അഥവാ കോട്ട്/സ്യൂട്ടിലേക്ക് മാറുകയായിരുന്നു ടെലിവിഷൻ അവതാരകർ. ഈ മാറ്റത്തെ ടെലിവിഷന്റെ മൊത്തം മാറ്റമായി നമ്മുക്ക് മനസിലാക്കാം. അതിന്റെ ഭാഗമായി പിന്നീട് ആർക്കും കോടീശ്വരനാകം എന്ന പരിപാടികളിലെക്കും മലയാളം ടെലിവിഷൻ വളർന്നു ആഗോളീയത പൂർണ്ണമായും സ്വീകരിച്ചു. അക്കൂട്ടത്തിൽ മലയാളികൾ ഏറ്റെടുത്ത ഒരു മാധ്യമരീതിയായിരുന്നു ഡിബേറ്റ് ടെലിവിഷൻ. ഇതൊരു വിഷയത്തെയും ഒരു പ്രൈം ടൈം ചർച്ചയാക്കി മാറ്റാമെന്നും, വാർത്തയുടെ പതിവ് സമയത്തിന്നു ശേഷം വാർത്തയെ തന്നെ ഒരു വാക്‌പോര് അഥവാ വെർബൽ ബോക്‌സിംഗ് ആക്കാമെന്നും ടെലിവിഷൻ കണ്ടു പിടിച്ചു. അതായത് ഇതൊരു വിഷയത്തെയും ഒരു അപാരവിഷയമായി ഊതിവീർപ്പിക്കാൻ പറ്റും. ഉദാഹരണത്തിനു ഒരു കൊലപാതകം നടക്കുന്നു. കൊലപാതകിയാണ് എന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ തിരിച്ചറിയുന്നു. അയാൾക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ട്. ഈ വിഷയം ഡിബേറ്റ് ടെലിവിഷനിൽ വരുമ്പോൾ കൊലപാതകത്തിന്നു ഇരയായ വ്യക്തിയുടെ കുടുംബമോ അത് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരോ ഒന്നുമല്ല സംസാരിക്കുന്നത്. കൊലപാതകിയെന്ന് സംശയിക്കപ്പെടുന്നയാളോ അയാളുടെ രാഷ്ട്രീയബന്ധുക്കളോ അവരുടെ പ്രതിപക്ഷമോ ഒക്കെയാണ് വിഷയം ചർച്ച ചെയ്യുന്നത്. അതായത് അരമണിക്കൂറോളം ഈ വിഷയത്തെ വിവിധ രീതികളിൽ വിശകലനം ചെയ്യുന്ന ടെലിവിഷൻ ചാനലുകൾ അടുത്ത വിഷയം വരുമ്പോഴേക്കും ഇതിനെ പിന്തളളുന്നു. എന്ന് മാത്രമല്ല അക്രമത്തിനു ഇരയായവരെക്കാൾ കൂടുതൽ ആക്രമിയുടെ വാക്‌സാമർത്ഥ്യം അയാൾക്കും അയാളുടെ അനുയായികൾക്കും സാമൂഹികമായ സാധുത നൽകുന്നു.

അഭിപ്രായ രൂപീകരണം എന്ന ആശയത്തിൻറെ മറവിലും ഒരു ജനാധിപത്യ സംവിധാനത്തിൽ വിവിധ അഭിപ്രായങ്ങൾക്ക് സാധുതയുണ്ട് എന്ന വാദത്തിന്റെ ബലത്തിലുമാണ് ഈ മാധ്യമ വിചാരണ നടക്കുന്നത്. വ്യാജമായ ധാരണകളാണ് വിഷയങ്ങളെ സംബന്ധിച്ച് ഡിബേറ്റ് ടെലിവിഷൻ സൃഷ്ട്ടിക്കുന്നത്. പരമപ്രധാനമായി വാർത്താവതാരകരുടെ സർവ്വ ജ്ഞാനിത്വ പ്രതിച്ഛയയാണ്. പിന്നണി പ്രവർത്തകർ പ്രോംപ്റ്റ് ചെയ്യുന്ന വിഷയങ്ങൾ ആധികാരികമായും കുറെയൊക്കെ സാമാന്യ ബുദ്ധി ഉപയോഗിച്ചും അവതരിപ്പിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്. ഈ വ്യാജപ്രതിച്ഛായയിലൂടെ ടെലിവിഷനുകൾ അവരുടെ ടി.ആർ.പി റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുന്നു. ഒരു അവതാരകൻ അല്ലെങ്കിൽ അവതാരക എത്രത്തോളം വിഷയ പരിധിക്കുള്ളിൽ ഉള്ള ബുദ്ധിപരമായ ചോദ്യങ്ങൾ ചോദിച്ചു ചർച്ചയിൽ പങ്കെടുക്കുന്നവരെ നാവടപ്പിക്കുകയോ അബദ്ധങ്ങൾ പറയുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. സൗമ്യസ്വരത്തിൽ ശാന്തമായി ഒരു വിഷയത്തെ വിശകലനം ചെയ്യുന്ന ഒരാൾക്ക് ഏറ്റവും കൂടുതൽ ശബ്ദം ഉയർത്തുന്ന ഒരു വ്യക്തിയുടെ മുൻപിൽ പിടിച്ചു നിൽക്കാനാകാതെ വരുന്നു. അതിന്റെയർത്ഥം സന്തുലിതവും യുക്തിഭദ്രവും നീതിപൂർവകവുമായ അഭിപ്രായങ്ങൾക്ക് ഡിബേറ്റ് ടെലിവിഷനിൽ ഒരിക്കലും പ്രാധാന്യം ലഭിക്കുന്നില്ല.

പിന്നെയെന്തു കൊണ്ടാണ് ആളുകൾ ഡിബേറ്റ് ടെലിവിഷൻ കാണുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം മനുഷ്യന് അക്രമത്തിൽ പങ്കെടുക്കാതെ അതിന്റെ ക്രൂരതകൾ ആസ്വദിക്കുവാനുള്ള ആദിമമായ വാസനയിലാണ് അന്വേഷിക്കേണ്ടത്. കല്ലെറിഞ്ഞു കൊല്ലൽ, ചാട്ടവാറടി, തിളച്ച എണ്ണയിൽ കൈമുക്കൽ, പരസ്യമായ തൂക്കികൊല്ലൽ, മൂക്ക് മുറിക്കൽ, മല്ല യുദ്ധം, മൃഗങ്ങളുമായുള്ള യുദ്ധം, അടിമകളെ തമ്മിലടിപ്പിക്കൽ തുടങ്ങി മനുഷ്യൻ ആസ്വദിക്കുന്ന ഒരുപിടി ക്രൂര പ്രവർത്തികലുണ്ട്. ടെസ്റ്റോസ്റ്റേമോൺ എന്ന പുരുഷ ഉത്തേജക ഹോർമോണിനെ അക്രമം കാണുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യുന്നത് ഉത്തേജിപ്പിക്കും. അതായത് രതിക്ക് പകരം വയ്ക്കാവുന്ന ഒന്നാണ് അക്രമം. അതിൻറെ വിമലീകൃതമായ കായിക ഉത്പന്നങ്ങളാണ് കാർ റേസിംഗ്, ബോക്‌സിംഗ്, WWF ഗുസ്തി തുടങ്ങിയവ. ഒരു പുരുഷന് വൈകുന്നേരം ഒരു പെഗ് മദ്യവും ആഹാരവും ഡിബേറ്റ് ടെലിവിഷനും ഉണ്ടെങ്കിൽ കാമാപൂർത്തിക്ക് സമമായി. ഡിബേറ്റ് ടെലിവിഷനില ആസ്വദിക്കുന്നതിൽ കൂടുതലും പുരുഷന്മാരാണ്, കാരണം സ്ത്രീകൾക്ക് ടെസ്റ്റോസ്റ്റേമോൺ എന്ന ഹോർമോൺ ഇല്ല. അത് അവർക്ക് ആർത്തവ ശേഷം മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. പുരുഷന്മാരുടെ പരോക്ഷമായ കാമപൂർത്തിയാണ് ഡിബേറ്റ് ടെലിവിഷൻ.

സ്റ്റേറ്റ് നിയന്ത്രിത കാലഘട്ടത്തിലെ വരണ്ട ഏക സ്വരതയിൽ നിന്നും പുത്തൻ മുതലാളിത്ത ജനാധിപത്യക്കാലത്തെ വർണ്ണശബളവും സംഗീതാത്മകവുമായ ബഹു സ്വരതയാണ് ഇപ്പോഴത്തെ ടെലിവിഷൻ ചാനലുകൾ എന്ന് പറയാറുണ്ടെങ്കിലും അതില സത്യമില്ല, മറിച്ച് സത്യത്തെ മൂടുന്ന സ്വർണ്ണ പാത്രമാണ് ഏറെയും ഉള്ളത്. ഇതിനെ നമ്മുക്ക് റാഷമോൺ എഫ്‌ഫെക്റ്റ് എന്ന് വിളിക്കാം. ഒരേ സംഭവത്തെ വിവിധ വ്യക്തികൾ വിശദീകരിക്കുമ്പോൾ അതിലെ വസ്തുതാംശം എങ്ങനെ ഭാവനാംശവും പരിപ്രേക്ഷനുമായി കലർന്ന് പുതിയൊരു സംഗതിയാകുന്നു എന്നാണ് വിശ്രുത സംവിധായകൻ അകിരാ കുറോസാവ തന്റെ റാഷമോൺ എന്ന സിനിമയിൽ പറയുന്നത്. ടെലിവിഷനിൽ നടക്കുന്നതും അതാണ്. കേരളത്തിൽ ഈയിടെ നടന്ന ഒരു വിവാദ വിഷയം ആയിരുന്നെല്ലോ അഖിലയുടെയും അഞ്ജനയുടെയും അറസ്റ്റ്. ഭരണകക്ഷിയായ സി.പി.എമ്മിൻറെ പാർട്ടി ഓഫീസിൽ കയറി ഈ സഹോദരിമാർ ഒരു പാർട്ടി പ്രവർത്തകനെ തല്ലിയതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. അഞ്ജനയുടെ ആത്മഹത്യാശ്രമം നടത്തുന്നതു വരെ കാര്യങ്ങൾ ചെന്നുനിന്നു. സഹോദരിമാരെ ജാതി പറഞ്ഞു അധിക്ഷേപിച്ചു. അത് ചോദിക്കാൻ ചെന്ന സഹോദരിമാർ അധിക്ഷേപ്പിച്ചതിനെ ആക്രമിച്ചു. പെൺകുട്ടികൾ ദളിതരാണ്, കോൺഗ്രസ് പ്രവർത്തകരാണ്, പൂർവ്വവൈരാഗ്യമാണ്. ചുരുക്കി പറഞ്ഞാൽ ആ സംഭവത്തിനു ഒരു നൂറ് വേര്‌ഷേനുകൾ ഉണ്ടയെന്നല്ലാതെ ഇത്രയും ചാനലുകൾ ഉണ്ടായിട്ടും സത്യം എന്താണെന്ന് ആർക്കും ഇന്നും മനസിലായില്ല.

മലയാളിയുടെ സാംസ്‌കാരിക-സാമൂഹിക ജീർണ്ണതയ്ക്കു കാരണം വലിച്ചു നീട്ടിയ അമ്മായി അമ്മപോരും അവിഹിത ബന്ധങ്ങളുടെ കഥയും പറയുന്ന സീരിയലുകളാണോ അതോ ഇത്തരം വാർത്തകളാണോ? സീരിയലുകളുടെ കാര്യത്തിൽ പ്രേക്ഷകരേ സംബന്ധിച്ചിടത്തോളം സത്യം എന്തെന്ന് തിരിച്ചറിയാം. ആരാണ് അയാളെ കൊന്നത് ? ആരാണ് ഈ കുട്ടിയുടെ അച്ഛൻ? ആരാണ് യുവതിയുടെ ഗർഭത്തിന്നു ഉത്തരവാദി? എന്നൊക്കെ കാണികൾക്കറിയാം. കഥയക്കുള്ളിലെ കഥാപാത്രങ്ങൾക്ക് മാത്രമാണ് ഇത് തിരിച്ചറിയാൻ കഴിയാത്തത്. കഥകളാകട്ടെ സാങ്കൽപ്പികവും. എന്നാൽ, വാർത്തകൾ സാങ്കൽപ്പികമല്ല. യഥാർത്ഥ സംഭവങ്ങളുടെ സത്യമായ റിപ്പോർട്ടുകൾ എന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നത്. പക്ഷെ, ഒരേ സംഭവത്തെ തന്നെ എത്രയധികം ചാനലുകളിൽ കണ്ടാലും അതേക്കുറിച്ച് എത്രയധികം ഡിബേറ്റ് ടെലിവിഷൻ കണ്ടാലും സത്യമെന്തെന്നു മാത്രം പ്രേക്ഷകർക്ക് അറിയാൻ കഴിയില്ല. ആ സത്യം വാർത്തയ്ക്കു കാരണമായ ജീവൻ വ്യക്തികളിൽ മാത്രമായി പരിമിതപ്പെടുത്തൽ ഇതൊരു വൈചിത്രമാണ്. സത്യം കാട്ടിത്തരുന്ന സീരിയലുകളെ നാം ജീർണ്ണതയുടെ വാഹനങ്ങളായി കാണുന്നു.സത്യത്തെ മറച്ചു വയ്ക്കുന്ന വാർത്താ ടെലിവിഷനെ സത്യത്തിൻറെ നേർപകർപ്പുകളായും സാമൂഹപുരോഗതിയുടെ വാഹനങ്ങളായും കാണുന്നു. വായനക്കാരാണ് ഇനി തീരുമാനിക്കേണ്ടത്, സെൻസർഷിപ്പ് ഏർപ്പെടുത്തുമെങ്കിൽ അത് സീരിയലുകൾക്കാണോ അതോ വാർത്തകൾക്കാണോ ഉടനടി വേണ്ടത്?