വാർത്തകൾക്ക് ജാതിയും മതവുമുണ്ടാവുമ്പോൾ മതമൈത്രിക്ക് സംഭവിക്കുന്നത്

എന്താണ് മാധ്യമങ്ങളിൽ സംഭവിക്കുന്നത്. മതാടിസ്ഥാനത്തിലുള്ള തലക്കെട്ടുകളും വാർത്തകളും നൽകുന്ന സൂചനകളെന്താണ്? സ്വാർത്ഥതാൽപര്യക്കാർക്ക് യഥാർത്ഥ പ്രശ്‌നങ്ങളെ വഴിതിരിച്ചു വിടാനും കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കാനും ഉപയോഗിക്കാവുന്ന വളരെ ലളിതമായ ഉപായമാണ് മുസ്ലീം വിരുദ്ധത എന്നത്. മുസ്ലീങ്ങൾ പ്രതിസ്ഥാനത്തു വരുന്ന വാർത്തകൾ ഉണ്ടാവുമ്പോൾ അവ റിപ്പോർട്ടു ചെയ്യപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും അപകടകരമായ രീതിയിലാണ്. സുനിത ദേവദാസ് എഴുതുന്നു.

വാർത്തകൾക്ക് ജാതിയും മതവുമുണ്ടാവുമ്പോൾ മതമൈത്രിക്ക് സംഭവിക്കുന്നത്

സുനിത ദേവദാസ്

മുസ്ലീംങ്ങളും മറ്റുള്ളവരും സാഹോദര്യത്തോടെ ജീവിക്കരുതെന്ന് കരുതുന്നവർ കേരളത്തിൽ പണ്ടേ സുലഭമാണ്. സ്വാർത്ഥതാൽപര്യക്കാർക്ക് യഥാർത്ഥ പ്രശ്‌നങ്ങളെ വഴിതിരിച്ചു വിടാനും കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കാനും ഉപയോഗിക്കാവുന്ന വളരെ ലളിതമായ ഉപായമാണ് മുസ്ലീം വിരുദ്ധത എന്നത്. മുസ്ലീങ്ങൾ പ്രതിസ്ഥാനത്തു വരുന്ന വാർത്തകൾ ഉണ്ടാവുമ്പോൾ അവ റിപ്പോർട്ടു ചെയ്യപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും അപകടകരമായ രീതിയിലാണ്.


കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പടമുണ്ട്. പൂണൂൽ ധരിച്ച ഒരു യൂവാവിനെ വസ്ത്രധാരണവും തൊപ്പിയും താടിയും കൊണ്ട് മുസ്ലീം എന്ന് തിരിച്ചറിയാവുന്ന മറ്റൊരു യുവാവ് മുഖത്തു നോക്കി ചിരിച്ച് ഹസ്തദാനം ചെയ്യുന്നു. ഇത് ഷെയർ ചെയ്യുന്നവർ മുഴുവൻ പലവിധ മതമൈത്രി സൂക്തങ്ങളും ഷെയർ ചെയ്യുന്നുണ്ട്. കേരളത്തിന് എന്താണ് സംഭവിക്കുന്നത്? ഈ ഫാൻസി ഡ്രസ് ഫോട്ടോയെടുപ്പാണോ മതമൈത്രി? എന്നുമുതലാണ് നമ്മുടെ നാട്ടിൽ ഇത്തരത്തിൽ മതമൈത്രി ആഘോഷിക്കപ്പെടാൻ തുടങ്ങിയത്? യഥാർത്ഥ മാനവസ്‌നേഹവും മതമൈത്രിയും നമ്മുടെ സമൂഹത്തിൽ നിന്നും അപ്രത്യക്ഷമാവുകയാണോ?

news_2മുമ്പ് ഫെയ്‌സ്ബുക്കിൽ വൈറലായ കറുത്ത വസ്ത്രം ധരിച്ച (ശബരിമലക്കു പോകാൻ വ്രതമെടുക്കുന്നവരാവാം) രണ്ടു യുവാക്കളുടെ നടുക്ക് വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച ഒരു യുവാവിരിക്കുന്ന വളരെ പ്രസന്നമായ ഒരു പടമുണ്ടായിരുന്നു. സോഷ്യൽ മീഡിയ എന്തോ വലിയ അത്ഭുതം എന്ന രീതിയിൽ പ്രചാരണം ആരംഭിച്ചു. തുടർന്ന് യൂത്ത്‌ലീഗ് കേരളയാത്രയുടെ പ്രതീകമായി ഈ ഫോട്ടോ ഫ്‌ളക്‌സുകളിൽ ഉപയോഗിച്ചു. ഒടുവിൽ കേട്ടത് മഞ്ഞളാംകുഴി അലി അവരെ അഭിനന്ദിച്ചുവെന്നാണ്. ഉപഹാരവും നൽകിയത്രേ! പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അഭിനന്ദിച്ചത്രേ! എന്തിന് ? പെരിന്തൽമണ്ണ മണ്ണാർമലയിലെ യുവാക്കളാണിവർ. ശബരിമല തീർത്ഥാടന കാലത്ത് നാട്ടിൻ പുറങ്ങളിൽ പ്രത്യേകിച്ച് മലബാറിൽ കാണുന്ന ഒരു സ്ഥിരം കാഴ്ചയാണിത്. അമ്പലക്കുളങ്ങളുടെ മതിലിലും മദ്രസ്സകളുടെ പരിസരങ്ങളിലും യുവാക്കൾ കൂട്ടം കൂടിയിരുന്ന് സൊറ പറയുന്നത് ഇതുവരേയും കേരളീയർക്ക് അത്ഭുതമുള്ള ഒരു കാഴ്ചയായിരുന്നില്ല. വ്യത്യസ്ഥ മതങ്ങളിലുള്ളവർ ഒന്നിച്ചിരിക്കുന്നത് അപൂർവമായ കാഴ്ചയായി മാറിയെന്നാണോ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സന്ദേശം.

കേരളീയരെ ബോധപൂർവം ജാതിമതചിന്തകളുടെ വേലികെട്ടുകൾക്കകത്തേക്ക് നയിക്കാൻ ഒരു ശ്രമം നടക്കുന്നതായി ഇത്തരം പ്രതികരണങ്ങൾ ഓർമപ്പെടുത്തുന്നു. തവള പാമ്പിനെ വിഴുങ്ങുന്ന ചിത്രത്തിനുള്ളത്രയെങ്കിലും കൗതുകമുണ്ടോ ഹിന്ദുമുസ്ലീം സമുദായക്കാർ ഒന്നിച്ചിരിക്കുന്ന ചിത്രത്തിന്. ഹിന്ദു മുസ്‌ളീം ഐക്യത്തിന്റെ പ്രതീകമാണ് ഈ പടം എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഐക്യം എപ്പോഴാണ് ഇല്ലാതായത്. മാത്രമല്ല നിരന്നു നിന്ന് ഫാൻസി ഡ്രസ് ധരിച്ച് ഫോട്ടോ എടുക്കുന്നതാണോ ഹിന്ദുമുസ്‌ളീം ഐക്യം? ഈ ചിത്രം പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞ പക്ഷം അയ്യനേയും വാവരെയും അതിന് പിന്നിലെ ഐതിഹ്യത്തെയുമെങ്കിലും ഓർമ്മയുണ്ടാവണമായിരുന്നു. വാവരെ വണങ്ങാതെ ഏത് ഭക്തനാണ് മല കയറുക. അങ്ങനെ വണങ്ങുന്നതിൽ ഹിന്ദുവിനോ മുസ്‌ളീമിനോ വിരോധമുണ്ടായതായി കേട്ടിട്ടില്ല. വാവർ അയ്യ ഭക്തർക്ക് ദൈവം തന്നെയാണ്. വാവരുപള്ളിയുടെ വരാന്തയിലൂടെ ശരണം വിളിച്ചു നീങ്ങുന്ന ഭക്തർ പ്രാർത്ഥനകളും വഴിപാടുകളും അർപ്പിക്കാറുമുണ്ട്. ശബരിമല തീർത്ഥാടനത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള ആചാരമാണിത്. അപ്പോൾ എവിടം മുതലാണ് ഭിന്നിപ്പുണ്ടായതെന്ന് ആലോചിച്ച് മനസിലാക്കാവുന്നതേയുള്ളൂ.

1921 ലെ മലബാർ കലാപത്തെ മാപ്പിള ലഹള എന്ന പേരിൽ വർഗീയവത്ക്കരിച്ച ബ്രീട്ടീഷുകാരാണ് ഈ തന്ത്രം മികച്ച രീതിയിൽ ഉപയോഗിച്ചത്. ഭൂമി വൻതോതിൽ കൈവശം വെച്ചിരുന്ന ജൻമിമാർക്കെതിരെയും ഭൂനികുതി കുത്തനെ കുട്ടി ജനജീവിതം ദുസഹമാക്കിയ ഭരണകൂടത്തിനെതിരെയുമുള്ള സാധാരണ കർഷകരുടെ സമരമായിരുന്നു സത്യത്തിൽ മലബാർ കലാപം. മൈസൂർ സുൽത്താനായിരുന്ന ഹൈദരലി മലബാറിൽ ഏർപ്പെടുത്തിയ ഭൂനികുതിയെ ചൊല്ലിയാണ് അസ്വസ്ഥതകൾ തുടങ്ങുന്നത്. ഹൈദരാലിയുടേയും ടിപ്പുവിന്റെയും ഭരണത്തിന് ശേഷം അധികാരം പിടിച്ച ബ്രിട്ടീഷുകാർ നികുതി വൻതോതിൽ വർദ്ധിപ്പിച്ചു. ഇത് കുടുംബങ്ങളെ ഭൂരഹിതരാക്കി.

യഥാർത്ഥ കൃഷിക്കാർക്ക് ഭൂമിയിൽ അവകാശമില്ലാതാകുകയും ഭൂമിയെല്ലാം ജന്മിമാരുടെ സ്വകാര്യസ്വത്താവുകയും ചെയ്തു. ചൂഷിതരായ കുടിയാന്മാരുടെ അസംതൃപ്തിയാണ് കലാപമായി വളർന്നത്. ഇതോടൊപ്പം സ്വാതന്ത്ര്യസമരം കൂടിയായപ്പോൾ ബ്രിട്ടീഷുകാർക്ക് നിൽക്കക്കള്ളിയില്ലാതായി. മലബാറിൽ നല്ലൊരു പങ്കു കൃഷിക്കാരും മാപ്പിളമാരായിരുന്നു. ജന്മികളൂം കാണക്കുടിയാന്മാരുമാകട്ടെ നമ്പൂതിരി, നായർ എന്നീ സമുദായക്കാരും. മലബാർ കലാപത്തിൽ മുഖ്യമായി പങ്കടെുത്തത് ജീവിക്കാൻ പാടുപെട്ട മുസ്‌ളിം സമുദായക്കാരായിരുന്നു. കലാപകാരികൾ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചതിനൊപ്പം കുറേയേറെ ജന്മികളെ കൊള്ളയടിക്കുകയും ചെയ്തു.

ഈ സാഹചര്യം മുതലെടുത്ത ബ്രിട്ടീഷുകാർ കർഷകരുടെ ഈ പ്രതിഷേധത്തെ ഹിന്ദുക്കൾക്കെതിരായ മുസ്‌ളീകളുടെ കലാപമാക്കി വഴിതിരിച്ചു വിട്ടു. അങ്ങനെ ഐതിഹാസികമാകേണ്ടിയിരുന്ന ആ കർഷക സമരം വെറും മാപ്പിള ലഹളയായി ഒതുങ്ങിപ്പോയി. ഈ വഴിതിരിച്ചുവിടൽ ഇല്ലായിരുന്നുവെങ്കിൽ മലബാറിന്റെ സാമൂഹിക അന്തരീക്ഷം തന്നെ മറ്റൊന്നായി തീർന്നേനെ. കുടിയാൻ പ്രസ്ഥാനത്തെ വളർത്താൻ എം. പി. നാരായണ മേനോനും കട്ടിലശ്ശേരി മൂഹമ്മദ് മുസലീയാരും ഗാന്ധിജിയും രാജഗോപാലാചാരിയും ഷൌക്കത്തലിയും ഒക്കെ തോളോടു തോൾ ചേർന്ന് പ്രവർത്തിച്ചിരുന്നുവെന്ന് ഓർക്കണം.

മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് തങ്ങളുടെ ആവശ്യം സാധിച്ചിരുന്ന ബ്രീട്ടീഷുകാരുടെ പിൻമുറക്കാർ ഇപ്പോഴും കേരളത്തിലുണ്ട്. പല അന്ധവിശ്വാസങ്ങളും സമൂഹത്തിൽ നിന്നും തുടച്ചെറിയപ്പെട്ടിട്ടും മതം എന്ന പ്രതിഭാസത്തെ മാത്രം പഴയതിലും തീവ്രതയോടെ നിലനിർത്താനാണ് ശ്രമിക്കുന്നത്. ജാതിയും മതവും തിരിച്ചു റിപ്പോർട്ടു ചെയ്യപ്പടുന്ന വാർത്തകളുടെ എണ്ണം പോലും പ്രതിദിനം കൂടിവരുന്നത് യാദൃശ്ചികമാണെന്ന് കരുതാൻ നിർവാഹമില്ല. മുമ്പ് മുഖ്യധാരാമാധ്യമങ്ങൾ ഒരുപരിധി വരെ ഈ അധമപ്രവണതയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി വാർത്തകൾ റിപ്പോർട്ടു ചെയ്യക എന്നതിനപ്പുറം വാർത്തയിലെ വ്യക്തികളുടെ ജാതിയും മതവും എടുത്തു പറയുക എന്നത് ഒരു രീതിയായി മാറിയിട്ടുണ്ട്.

hindhu_muslimകടലുണ്ടി റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിൻ വരുമ്പോൾ റെയിൽ പാളത്തിലൂടെ അലസമായി നടക്കുകയായിരുന്ന ചെവി കേൾക്കാത്ത രാമനെ രക്ഷിക്കാൻ അബുദുറഹിമാൻ ശ്രമിക്കുകയും രണ്ടാളും മരിക്കുകയും ചെയ്ത വാർത്തയാണ് അടുത്തത്. മനുഷ്യസ്‌നേഹത്തിന്റെ വാർത്തയായി റിപ്പോർട്ട് ചെയ്യപ്പടേണ്ട വാർത്ത നിർഭാഗ്യവശാൽ റിപ്പോർട്ട് ചെയ്യപ്പട്ടത് ഹിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുസൽമാൻ കൊല്ലപ്പെട്ടു എന്ന രീതിയിലാണ്. മാതൃഭൂമി പത്രത്തിൽ എഴുത്തുകാരൻ രാമനുണ്ണി ഇതേക്കുറിച്ച് ഒരു ലേഖനമെഴുതുകയുണ്ടായി. ഇതാണ് ഇസ്‌ളാം എന്ന തലക്കെട്ടിൽ. ഇതാണ് മനുഷ്യർ എന്നതിനു പകരം ഇതാണ് ഇസ്‌ളാം, ഇതാണ് ഹിന്ദു എന്നൊക്കെ എഴുതാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ നിലനിൽക്കുന്നു രാമൻ ഹിന്ദുവായതു കൊണ്ടാവില്ല അബ്ദുറഹിമാൻ അയാളെ രക്ഷിക്കാൻ ശ്രമിച്ചത്. അവർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതു കൊണ്ടല്ല അപകടത്തിൽ മരണപ്പെട്ടത്. അവർ വ്യത്യസ്ത മതസ്ഥരല്ലായിരുന്നുവെങ്കിൽ ഈ വാർത്തക്ക് പ്രാധാന്യമില്ലാതാവുമായിരുന്നോ. ഇത്തരത്തിൽ ജാതിയും മതവും തിരിച്ച് റിപ്പോർട്ടു ചെയ്യപ്പെടുന്ന വാർത്തകൾ പുതുതലമുറക്ക് നൽകുന്ന സന്ദശേം എന്തായിരിക്കും. ഈ സംഭവത്തിലെ ജാതിയും മതവും വേർതിരിച്ചടെുത്തവർ മനുഷ്യത്വം എന്ന ഘടകത്തിന്റെ പ്രാധാന്യം വേണ്ടത്ര പരിഗണിച്ചിട്ടില്ല.

രാമനുണ്ണി തന്നെ എഴുതുന്നത്'' കുരുടൻ മതേതരബോധം ഇതാണ് മനുഷ്യൻ എന്ന് തലക്കെട്ടു ഈ ലേഖനത്തിനു നൽകാൻ എന്നെ പ്രേരിപ്പിക്കുമ്പോഴും എൻ.എസ്. മാധവന്റെ കഥാപാത്രം തർക്കമന്ദിരം എന്ന് തിരുത്തി പള്ളി എന്നെഴുതിയതു പോലെ ഇതാണ് ഇസ്‌ളാം എന്ന ശീർഷകം തന്നെ ഞാൻ ലേഖനത്തിന് നൽകുകയാണ്'' എന്നാണ്. രാമനുണ്ണിയും പത്രവും ഇവിടെ പറയാതെ പറയുന്ന കാര്യം ഞങ്ങൾ നല്ല മതഭ്രാന്തൻമാരും വർഗീയവാദികളും ആണെന്നു തന്നെയല്ലേ?

muslim_kpramanunniകൈ വെട്ടുകേസിൽ കുറ്റവാളികളെ കണ്ടത്തെിക്കൊണ്ടുള്ള കോടതിവിധി വന്നപ്പോൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വന്ന അഭിപ്രായപ്രകടനങ്ങൾ ശ്രദ്ധിക്കുക. മതഭ്രാന്തരും വർഗീയവാദികളും ആര് എന്നതിന്റെ കൃത്യമായ ഉത്തരം അതിൽ നിന്ന് കിട്ടും. മുമ്പ് ഇതേ പ്രൊഫസറുടെ വാടകക്കു കൊടുത്ത വീട്ടിൽ നിന്നും അനാശാസ്യക്കുറ്റമാരോപിച്ച് ചിലരെ അറസ്റ്റു ചെയ്യകയുണ്ടായി. അന്ന് തേജസ് പത്രം വാർത്തയോടൊപ്പം കൊടുത്തത് പ്രൊഫസറുടെ പടമാണ്. അറസ്റ്റിലായവരുടെ ഫോട്ടോക്കു പകരം വീട്ടുടമസ്ഥന്റെ ഫോട്ടോ നൽകിയത് എന്ന് ഓർക്കണം. ഇത്തരം പത്രധർമം എവിടെ നിന്നാണുണ്ടാവുന്നത്? വാർത്തയുടെ തലക്കെട്ടു തന്നെ 'പെൺകുട്ടിയെ പീഡിപ്പിച്ചത് പ്രവാചകനിന്ദ കേസിലെ അധ്യാപകന്റെ വീട്ടിലെന്ന്' എന്നാണ്. ചോദ്യപ്പേപ്പർ വിവാദവും കൈവെട്ടു കേസും ചേർത്ത് തേജസ് ഇതിനെ പ്രവാചകനിന്ദാ കേസാക്കി. മുസ്‌ളിംകൾ കുഴപ്പക്കാരാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർക്ക് സഹായകരമാണ് ഇത്തരം നിലപാടുകൾ എന്നത് അറിയാത്തവരാണോ കൈവെട്ടാനും കേസ് വഴിതിരിക്കാനും ശ്രമിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം മനോരമയുടെ ഒരു തലക്കെട്ട് ഇങ്ങനെയാണ്'' സൗദി അറേബ്യയിലായിരുന്ന സാക്കിർ നായിക്ക് , ധാക്ക ആക്രമണത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത''് എന്നാണ് എന്താണ് ആ തലക്കെട്ട് അർത്ഥമാക്കുന്നത്?

വാർത്തകളുടെ തലക്കെട്ടുകളെ സംബന്ധിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദ്ദശേങ്ങളിൽ തലക്കെട്ടുകൾ സെൻസേഷണലോ പ്രൊവോക്കേറ്റീതോ ആവരുതെന്നും വാർത്തയുടെ ഉള്ളടക്കത്തോട് പൂർണമായും നീതി പുലർത്തുന്നതാവണമെന്നും പ്രത്യേകം നിഷ്‌കർഷിക്കുന്നുണ്ട്. ജാതിമതസ്പർദ്ദ വളർത്താനോ ഉണ്ടാക്കാനോ കാരണമായേക്കാവുന്ന തലക്കെട്ടുകൾ ഒരു സാഹചര്യത്തിലും ഉപയോഗിക്കരുതെന്നും വാർത്ത എന്താണോ അത് പ്രതിഫലിപ്പിക്കുന്നതാവണം തലക്കെട്ടുകളെന്നും നിർദ്ദശേിക്കുന്നു.

സമൂഹത്തെ ജാതി മതാടിസ്ഥാനത്തിൽ വിഭജിക്കുക എന്നത് തുടർ പ്രവണതയായി മാറുകയാണ്. അമൃതാന്ദമയിക്കെതിരെ ഗെയിൽ ട്രെഡ്വെ ആരോപണമുന്നയിക്കുകയും കൈളരി ടി വിയുടെ എം.ഡി. ജോൺ ബ്രിട്ടാസ് ഗെയിലിന്റെ അഭിമുഖം തയ്യറാക്കി പ്രക്ഷേപണം ചെയ്യകയും ചെയ്തപ്പോൾ ഒരു വിഭാഗം ആരോപിച്ചത് , മുസ്‌ളീമായ മമ്മൂട്ടി ക്രിസ്ത്യാനിയായ ജോൺ ബ്രിട്ടാസിനെ ഉപയോഗിച്ച് ഹിന്ദുവായ അമൃതാനന്ദമയിയെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ്. ചന്തുവായും പഴശ്ശിരാജയായും മമ്മൂട്ടി അരങ്ങിലത്തെിയപ്പോൾ എഴുന്നേറ്റ് നിന്ന് തൊഴുതവർ തന്നെയാണ് പെട്ടന്നൊരു ദിവസം മമ്മൂട്ടി മുസ്‌ളീമാണെന്ന് കണ്ടത്തെുന്നതെന്നതാണ് വിരോധാഭാസം. ഗെയിൽ ട്രെഡ്വെ ഉയർത്തിയ ആരോപണം ഇതിൽ മുങ്ങിപ്പോയി.

news_1മാധ്യമങ്ങൾ മുസ്‌ളീം വാർത്തകൾക്ക് അമിതമായ പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുന്നതിന് പ്രധാന കാരണം മാർക്കറ്റിങ്ങാണ്. നവ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന മുസ്‌ളീങ്ങളുടെ എണ്ണം മറ്റു മതസ്ഥരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. രാജ്യത്തെവിടെയെങ്കിലും ഒരു സ്‌ഫോടനമുണ്ടായാൽ, സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ ഒരു ഇസ്‌ളാമിക് പേരുള്ള ഒരു എസ്.എം.എസിന്റെയോ ഇ മെയിലിന്റെയോ പേരിൽ ആ കുറ്റം ചെയ്തത് മുസ്‌ളിംകളാണ് എന്ന് വാർത്ത വരും. ഇസ്‌ളാമുമായി ബന്ധപ്പെടുത്തി ഭീകരതയെ അവതരിപ്പിക്കുമ്പോഴും ഇസ്‌ളാമിലെ ഒരു മുഖ്യധാരയെ അതിന്റേതായ രീതിയിൽ പ്രീണിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി വേണം ഇതാണ് ഇസ്‌ളാം എന്ന രീതിയിലുള്ള വാർത്തകളെ കാണേണ്ടത്.

ജാതി എന്ന സങ്കൽപ്പം ചരിത്രാതീതകാലം മുതലേ ഉണ്ട്. എന്നാൽ ഇത്രയും അപകടകരമായ രീതിയിലേക്ക് അതു വർഗീയമായി മാറുന്നത് അപകടത്തിന്റെ സൂചനതന്നെയാണ് നൽകുന്നത്. മാധ്യമങ്ങളും ഭരണാധികാരികളും സ്വാർത്ഥതാൽപര്യത്തിനു വേണ്ടി മതവും ജാതിയും എടുത്ത് ഉപയോഗിക്കുമ്പോൾ ഇരയാക്കപ്പെടുന്നത് സാധാരണക്കാരാണ്. മോദി പ്രധാനമന്ത്രിപദത്തിലത്തെിയതോടെയാണ് ഭൂരിപക്ഷ വർഗീയത ഇത്രയും ശക്തിയാർജ്ജിച്ചത് എന്നത് തർക്കമില്ലാത്ത കാര്യമാണ്. എല്ലാ കാലത്തും മുസ്‌ളീങ്ങളും ഒരു പരിധി വരെ ക്രിസ്ത്യാനികളും തങ്ങളുടെ കൂട്ടായ്മയിൽ തന്നെയാണ് ജീവിച്ചിരുന്നത്.

ആരാധനാലയങ്ങളും മതപരമായ ആചാരാനുഷ്ഠാനങ്ങളും അവരെ എല്ലാകാലത്തും ഒരുമിപ്പിച്ചു നിർത്തിയിരുന്നു. എന്നാൽ ഏറ്റവും ചുരുങ്ങിയത് കേരളത്തിലെ ഹിന്ദുക്കളെങ്കിലും ഇത്തരത്തിൽ സംഘടിക്കുകയോ ഒരു പരിധിക്കപ്പുറം വർഗീയമായി ചിന്തിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ നരേന്ദ്രമോദിയുടെ വരവോടെ ഹിന്ദുസമുദാംഗങ്ങളും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ജാതിയും മതവും പരസ്യമായി പറയാനും അതിന്റെ ഭാഗമാവാനും തുടങ്ങി. മോദിയെ എതിർക്കാനെന്ന രീതിയിൽ മറ്റു മതസ്ഥർ ആർ എസ് എസിനും ഹിന്ദുക്കൾക്കുമെതിരെ നിശിതമായ വിമർശനം അഴിച്ചു വിട്ടത് പലപ്പോഴും വിപരീതഫലമാണ് ഉളവാക്കിയത് അസംഘടിതരായിരുന്ന ഹിന്ദുക്കളും ഹിന്ദുസംഘടനകളുടെ കീഴിൽ സംഘടിക്കുകയും അപകടകരമായ വർഗീയ ചിന്തകൾ പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാവരും ചെയ്യമ്പോൾ ഞങ്ങളായിട്ടെന്തിന് മാറി നിൽക്കണം എന്ന ചിന്തയാണ് ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.

മുസ്ലീംങ്ങൾക്കിടയിൽ നിന്ന് സാമൂഹ്യപരിഷ്‌കർത്താക്കൾ ഉണ്ടാവുന്നില്ലായെന്നതും സമുദായം നേരിടുന്ന പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്. സാമൂഹ്യപരിഷ്‌ക്കർത്താക്കൾ സമുദായത്തിൽ ഉണ്ടാകാത്തിടത്തോളം കാലം മതം യാഥാർത്ഥ്യബോധത്തോടെയും കാലനുസൃതമാറ്റത്തോടെയും മാറുന്ന കാലത്തിനും ജീവിതശൈലിക്കും അനുസരിച്ച് നവീകരിക്കപ്പെടുന്നില്ല. അതിനാൽ തന്നെ മാറ്റത്തിന്റെ കാറ്റും വെളിച്ചവും മതത്തിന്റെ അകത്തളങ്ങളിലേക്ക് എത്തുന്നുമില്ല. സമുദായത്തിനു പുറത്തു സംഭവിക്കുന്ന മാറ്റങ്ങളെ സ്വയമേവ ഉൾക്കൊള്ളാനോ കുറച്ചെങ്കിലും മാറാനോ കാലത്തിനനുസരിച്ച് പ്രായോഗികവൽക്കരിക്കപ്പെടാനോ നിലവിലുള്ള മതനേതാക്കൾ തയ്യാറാവുന്നില്ല എന്നുമാത്രമല്ല, തയ്യാറാവുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.

ഇതാണ് ഇസ്‌ളാം എന്നു പറഞ്ഞു വക്കുന്നവരും അത് ആഘോഷിക്കുന്നവരും മറന്നു പോകുന്ന ഒരു കാര്യമുണ്ട്? എന്താണ് ഇസ്‌ളാം എന്നത്.

ഇസ്‌ളാം എന്ന അറബി പദത്തിന് 'സമർപ്പണ'മെന്നും 'സമാധാന'മെന്നുമാണ് അർഥം. പല മതങ്ങളും മതസ്ഥാപകന്റെയോ സമുദായത്തിന്റെയോ ഗോത്രത്തിന്റെയോ ദേശത്തിന്റെയോ പേരിലറിയപ്പെടുമ്പോൾ ഇസ്‌ളാം മതം ഈ പൊതു തത്വത്തിന് പുറത്താണ്. ജനസമൂഹങ്ങളിലെ സത്യസന്ധരും സുകൃതികളുമായ ഏതൊക്കെ ആളുകളിൽ പ്രസ്തുത ഗുണം ഉണ്ടോ അവരെല്ലാം മുസ്‌ളീങ്ങളാണ് എന്ന വിശാല അർത്ഥം ഈ മതത്തിന്റെ മാത്രം പ്രത്യകേതയാണ്. മാധ്യമങ്ങളിൽ ഇതാണ് ഇസ്‌ളാം എന്നൊരു വാർത്ത പ്രത്യക്ഷപ്പെടുമ്പോൾ വാസ്തവത്തിൽ അത് ഈ മതത്തെ അപമാനിക്കുകയാണ്.

'മതം' എന്നവാക്കിന് ശബ്ദതാരാവലിയിൽ അഭിപ്രായം, അറിവ്, വിശ്വാസം എന്തൊക്കെയാണർത്ഥം കൊടുത്തിരിക്കുന്നത്. 'ധർമ്മം' എന്നുകൂടി അർത്ഥം നൽകിയിട്ടുണ്ട് . നന്മയുടെ വിത്തുപാകേണ്ട മതങ്ങൾ നന്മയുടേയും കാരുണ്യത്തിൻറേയും കനിവിൻറേയും സ്‌നേഹത്തിൻറേയും മതേതരത്വത്തിൻറേയും പരസ്പര ബഹുമാനത്തിൻറേയും അന്തകവിത്തുകൾ മനുഷ്യമനസുകളിൽ വിതക്കാൻ തുടങ്ങിയിയിരിക്കുന്നു.