ഞാൻ എന്തുകൊണ്ട് കബാലിക്ക് ടിക്കറ്റെടുത്തില്ല?

കബാലി എന്ന പേരിൽ വിമാനം പറത്തുന്നതിൽ തുടങ്ങി ആപ് ഡൗണ്‌ലോഡ് ചെയ്യലിന്റെ ജ്വരം, മുത്തൂറ്റ് ആഭരണപ്പണയം വെക്കലിൽ ഡിസ്‌കൗണ്ട്, റേഡിയോ ജോക്കികളുടെ എസെമ്മെസ് പിടിച്ചുപറി, അങ്ങനെ കബാലിക്കൊള്ളയാണ് തമിഴ് നാട്ടിലെ ഇപ്പോഴത്തെ ഹൈലൈറ്റ്. ലീന മണിമേഖല എഴുതുന്നു

ഞാൻ എന്തുകൊണ്ട് കബാലിക്ക് ടിക്കറ്റെടുത്തില്ല?

ലീന മണിമേഖല

''നാല് മിനിട്ടിനുള്ളിൽ നിങ്ങളുടെ ഓലാ ടാക്‌സി നിങ്ങളെ പിക് അപ് ചെയ്യും,'' മൊബൈലിൽ സ്‌ക്രീൻ തിളങ്ങി. വിലാസം പറയാനായി ഡ്രൈവറെ ഫോൺ ചെയ്തു. ''പെണ്ണായാൽ ക്ഷമ വേണം, എടുത്തുചാട്ടം പാടില്ല, അടങ്ങിക്കഴിയണം കയർക്കരുത്, സമാധാനപ്പെടണം, കുതിര കയറരുത്, ഉത്തരവാദിത്തം വേണം, ആക്രോശിക്കരുത്, ഭയഭക്തിയോടെ ഇടപെടണം. ചന്തപ്പെണ്ണുങ്ങളെ പോലെ പെരുമാറരുത്, മൊത്തത്തിൽ പെണ്ണ് പെണ്ണായിരിക്കണം!'' പടയപ്പാ രജിനിയുടെ ഗർജനമാണ് ഡ്രൈവറുടെ മൊബൈലിൽ റിംഗ്‌ടോണായി അലയടിക്കുന്നത്. ഡ്രൈവർ ഫോൺ എടുത്തില്ല. രജിനിയുടെ ഭാഷണം മുഴുവൻ കേൾപ്പിക്കാനായി അയാൾ വേണമെന്ന് വെച്ച് ഫോൺ എടുക്കാതിരുന്നതാകുമോ എന്ന് സംശയം. കുറച്ചു നിമിഷത്തിനുള്ളിൽ ഫോണിൽ സന്ദേശം വന്നു, ''നിങ്ങളുടെ ഓലാ ടാക്‌സി പറഞ്ഞ സമയത്തിനു മുന്നേ നിങ്ങളെ സേവിക്കാനായി തയാറായിരിക്കുന്നു.''


நான் ஏன் கபாலிக்கு இன்னும் டிக்கெட் வாங்கவில்லை? 

ടാക്‌സി ഓടുമ്പോൾ ഡ്രൈവർക്ക് കാൾ വന്നപ്പോളെല്ലാം രജിനി വീണ്ടും വീണ്ടും ഗർജിച്ചുകൊണ്ടിരുന്നു. ആരോട് ചൂടായാലും ടാക്‌സിക്കാരോട് ചൂടാവരുത് എന്ന് പല കാലത്തെ അനുഭവപാഠം ഉള്ളതിനാൽ അടങ്ങിയിരുന്നു. ''അണ്ണാ, നിങ്ങളുടെ അണ്ണന്റെ പടം റിലീസ് ആണല്ലോ?'' എന്ന് മെല്ലെ ചോദിച്ചു. 'മൂവായിരം രൂപാ, മാഡം! ആദ്യത്തെ കളിക്ക് ടിക്കറ്റ് വാങ്ങി!'' അയാളുടെ മുഖത്തു ആയിരം വാട്ടിന്റെ ബൾബ് കത്തി.

കബാലി പടത്തിന്റെ റിലീസ് തീയതി നിശ്ചയിച്ചപ്പോൾതൊട്ടു 120 രൂപയുടെ ടിക്കറ്റുകൾ 5000 രൂപയ്ക്ക് വരെ ബ്ലാക്കിൽ വില്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആദ്യദിവസം, ആദ്യകളി എന്നിങ്ങനെ കൂലിപ്പണിക്കാരൻ തൊട്ട് ബുദ്ധിജീവിവരെ തമിഴ്‌നാട്ടിൽ കുട്ടിക്കരണം മറിഞ്ഞുകൊണ്ടിരിക്കയാണ്. ഐടി കമ്പനികൾ ലക്ഷക്കണക്കിന് രൂപയുടെ ചെക്കുകൾ കൊടുത്ത് തങ്ങളുടെ തൊഴിലാളികൾക്ക് ഗ്രൂപ്പ്ബുക്കിംഗ് നടത്തി സമൂഹ മാധ്യമങ്ങളിൽ വിളംബരം ചെയ്തു കൊണ്ടിരിക്കുന്നു. ന്യായാലയങ്ങൾ വരെ ഓവർടൈം പണി ചെയ്തു പൈറസി സാധ്യതയുള്ള സൈറ്റുകളെ വിലക്കിക്കൊണ്ടിരിക്കുന്നു. കബാലി എന്ന പേരിൽ വിമാനം പറത്തുന്നതിൽ തുടങ്ങി ആപ് ഡൗണ്‌ലോഡ് ചെയ്യലിന്റെ ജ്വരം, മുത്തൂറ്റ് ആഭരണപ്പണയം വെക്കലിൽ ഡിസ്‌കൗണ്ട്, റേഡിയോ ജോക്കികളുടെ എസെമ്മെസ് പിടിച്ചുപറി, അങ്ങനെ കബാലിക്കൊള്ളയാണ് തമിഴ് നാട്ടിലെ ഇപ്പോഴത്തെ ഹൈലൈറ്റ്.

நான் ஏன் கபாலிக்கு இன்னும் டிக்கெட் வாங்கவில்லை? 

കബാലിയിൽ പാവപ്പെട്ടവരെ രക്ഷിക്കുന്ന നല്ലവനായ ദാദാ വേഷമാണ് രജനിയ്ക്ക് എന്നതാണ് വാർത്ത. ''കലഹം ചെയ്തു ആണ്ടയിൻ കതയെ മുടിപ്പാൻ.'' എന്ന കബാലിപടത്തിലെ പാട്ടിലെ വരികൾ ഇത്തരം കലാപങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത് എന്നാണ് ഭാഷ്യം. നടന്മാരെ ദൈവങ്ങളായി കരുതുന്ന വിസിലടിപ്പയ്യന്മാർ വാഴുന്ന നാട് എന്ന് എംജീയാറിന്റെ കാലം തൊട്ടേ തമിഴ്‌നാടിനു പേരുള്ളതാണ്. ജനങ്ങളെ ചുരണ്ടി ചുരണ്ടി ഉണ്ടാക്കപ്പെടുന്ന ഇത്തരം സൂപ്പർസ്റ്റാർ ഇമേജുകളെക്കൊണ്ട് സിനിമയ്‌ക്കോ സമൂഹത്തിനോ കുറച്ചെങ്കിലും പ്രയോജനമുണ്ടോ എന്നതാണ് നമ്മുടെ മുൻപിലെ 200കോടിയുടെ (കബാലിയുടെ മൊത്ത വ്യാപാരക്കണക്ക്) ചോദ്യം.

''ഞാൻ വന്നുവെന്ന് പറയ്, തിരികെ വന്നുവെന്ന്. 25 വർഷം മുന്നേ എങ്ങിനെ പോയോ അങ്ങനെ തന്നെ തിരിച്ചുവന്നുവെന്ന് പറയ്'' എന്ന കബാലിയുടെ ട്രെയിലർ കുറേ മാസങ്ങളായി തമിഴ് നാട്ടിലെ വീടുകളിൽ ഓട്ടോ-ലൂപ് ആയി ഓടിക്കൊണ്ടിരിക്കുന്നു. ശരി, രജനി 25 വർഷമായി എന്താണ് ചെയ്തത്? 'കൈ കൊടുക്കും കൈ' എന്ന പടത്തിൽ ബലാൽസംഗം ചെയ്യപ്പെട്ട അന്ധയായ പെണ്ണിന് വിശാലമനസ്‌ക്കനായി മാപ്പ് കൊടുത്ത് `ജീവിതം' കൊടുത്തു. '
അണ്ണാമലൈ
'യിൽ ഒരു പെണ്ണിനെ നഗ്‌നയായി കണ്ട കുറ്റത്തിന് അവളെ വിവാഹം ചെയ്തു. 'മന്നനി' ൽ കഥാനായകിയെ ചെകിട്ടത്തടിച്ച ശേഷം ''പെണ്ണ് പെണ്ണായി ഇരിക്കണം!'' എന്ന് പഞ്ച് ഡയലോഗടിച്ചു. 'വീരാ'യിൽ സ്വന്തം പ്രണയം അറിയിക്കാനായി കഥാനായകിയുടെ ബ്ലൗസിനുള്ളിൽ മീനിനെ പിടിച്ചിട്ടു. 'കൊടി പറക്കുത്' എന്ന പടത്തിൽ തന്റെ മുഖത്തിൽ പറ്റിപ്പിടിച്ച ഐസ്‌ക്രീം നക്കാൻ പെണ്ണിനെ പഠിപ്പിച്ചു.

நான் ஏன் கபாலிக்கு இன்னும் டிக்கெட் வாங்கவில்லை? 


'യജമാനി'ൽ രജനിയുടെ പുരുഷത്വം തെളിയിക്കാനായി ഓരോരുത്തരും താനുമായി ഇണ ചേർന്നുവെന്ന് സത്യം ചെയ്യിച്ചു. 'പടയപ്പാ'യിൽ 'അമിതമായി ആഗ്രഹിക്കുന്ന പുരുഷനും അമിതമായി കോപപ്പെടുന്ന പെണ്ണും വാണ ചരിത്രമേ ഇല്ലെ'ന്ന് പറഞ്ഞ് തനിക്കു താൻ പോന്ന നീലാംബരിയെ നിലയ്ക്ക് നിർത്തി. 'തമ്പിക്ക് എന്ത ഊര്' എന്ന പടത്തിൽ തന്നെ ആക്ഷേപിച്ച പെണ്ണിനെ ബലമായി ഉമ്മ വെച്ച് താൻ ആരാണെന്ന് അവൾക്ക് കാണിച്ചുകൊടുത്തു. യന്തിരൻ, ലിംഗാ, മായാ
എന്നീ പടങ്ങളിൽ തല നരച്ചു വയസ്സനായി വന്നാലും ഡ്യുയട്ട് പാടിയ രജനി പെണ്ണുങ്ങൾക്ക് മാത്രമായുള്ള തന്റെ ഉപദേശങ്ങൾ നിർത്തി വെച്ചതേയില്ല.

ഇതൊക്കെ സംവിധാനം ചെയ്തവരെ വിട്ടിട്ട് ഒരു നടനെ കുറ്റം പറയുന്നത് അന്യായമാണെന്ന് ചിലർ മുറുമുറുത്തെക്കാം. കഥാനായകന്റെ ഇമേജിന്റെ മുന്നിൽ ബാലചന്ദറും ഭാരതിരാജയും വരെ ചില സമയങ്ങളിൽ തോറ്റ ചരിത്രം നമുക്കറിയാം. രജിനിയുടെ ഇമേജിന് മുന്നിൽ രജിനിപോലും ചിഹ്നഭിന്നമാകുന്ന അവസ്ഥയിൽ, ആർക്കാണ് എന്തെങ്കിലും  ചെയ്യാനാവുക? പുരുഷൻ പുരുഷനായും പെണ്ണ് പെണ്ണായും നിലനില്കാനുള്ള വകുപ്പുകളെ സ്വീകരിക്കുകയല്ലാതെ?

நான் ஏன் கபாலிக்கு இன்னும் டிக்கெட் வாங்கவில்லை? 

ചലച്ചിത്രങ്ങളെ നിരോധിക്കണമെന്ന് പറയുന്നവർ സാധാരണ മുന്നോട്ടു വെക്കുന്ന കാരണങ്ങൾ ' ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു', 'ഞങ്ങളെ അപമാനിക്കുന്നു' എന്നൊക്കെയാണ്. അങ്ങനെയാണെങ്കിൽ, തമിഴിൽ ഇറങ്ങുന്ന ഭൂരിപക്ഷം പടങ്ങളും, പ്രത്യേകിച്ച് രജനിയുടെ പടങ്ങൾ, ജനസംഖ്യയിൽ പാതി വരുന്ന സ്ത്രീകളെ അപമാനിക്കുന്നവയാണ് എന്ന നിലയിൽ നിരോധിക്കേണ്ടവയാണ്. പക്ഷെ, ഒരു സംവിധായികയെന്ന നിലയിൽ തിരക്കഥ എഴുതുന്ന ആളെന്ന നിലയിൽ നിരോധനം കൊണ്ട് ഒന്നും സംഭവിക്കില്ലെന്നു ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വിമർശനങ്ങൾ കൊണ്ടും അതിനെ തുടർന്നുണ്ടാവുന്ന വിവാദങ്ങൾ കൊണ്ടും സാംസ്‌കാരികമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് പറയുന്നത് പോലും, ഇനിയും ഒരു സിവിൽ സമൂഹമായി മാറിക്കഴിഞ്ഞിട്ടില്ലാത്ത, അതിനെ എതിർക്കുന്ന തമിഴ് സമൂഹത്തിൽ ഒരു തമാശയായേ കരുതപ്പെടുകയുള്ളൂ.

நான் ஏன் கபாலிக்கு இன்னும் டிக்கெட் வாங்கவில்லை? 

രജനിയുടെ ഓരോ പുതിയ പടം ഇറങ്ങുമ്പോഴും ഞാൻ ആലോചിക്കുന്നത് ഇതാണ്: പെണ്ണായ ഞാനെന്തിന് സ്വന്തം കാശ് മുടക്കി ടിക്കറ്റെടുത്ത് രജനിയുടെ പടം കാണണം.  അദ്ദേഹം അധികാരപൂർവ്വം എന്റെ മുഖത്തു കാറിത്തുപ്പുന്നതിനെ എന്തിന് ആസ്വദിച്ച് സ്വീകരിക്കണം? ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്ത് സ്ത്രീവിരുദ്ധത എന്ന മോശം ചരിത്രത്തിൽ നിന്ന് രജനിയെ സ്വതന്ത്രനാക്കി എന്നറിഞ്ഞാൽ മാത്രം കബാലിയുമായി പൊരുത്തപ്പെടാം.

തമിഴിൽനിന്ന് വിവർത്തനം: രവിശങ്കർ