കപടചികിത്സ രോഗം മാറ്റുന്നതെങ്ങനെ?

എന്തുകൊണ്ടാണ് കപടചികിത്സ ഫലിക്കുന്നതായി അനുഭവപ്പെടുന്നത്? ജിതിന്‍ മോഹന്‍ദാസ് എഴുതുന്നു.

കപടചികിത്സ രോഗം മാറ്റുന്നതെങ്ങനെ?

ജിതിന്‍ മോഹന്‍ദാസ്

കപടചികിത്സകളുടെ അശാസ്ത്രീയതകളും അപകടങ്ങളും അക്കമിട്ട് നിരത്തുമ്പോഴും ആളുകൾ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് - 'സംഗതി ഉടായിപ്പാണെങ്കിൽ ഇതെങ്ങനെ ഫലിക്കുന്നു?' സ്വാഭാവികമായി ആർക്കുമുണ്ടാകാവുന്ന സംശയമാണിത്. പലരും വ്യക്തിപരമായ അനുഭവകഥകൾ (Anecdotes) കൂടി 'തെളിവുകളായി' വീശുമ്പോൾ കപടചികിത്സ  ഒന്നൂടെ മുഖം മിനുക്കുന്നു! കപടചികിത്സയുടെ 'ഫലപ്രാപ്തി'യുടെ ചുരുളഴിക്കുന്നതിനു മുമ്പേ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്.


അതിസങ്കീർണ്ണമായ ചികിത്സാരീതികളും ശസ്ത്രക്രിയകളും എല്ലാമടങ്ങുന്ന 'ആധുനിക വൈദ്യശാസ്ത്രചികിത്സ' (Modern Medicine) ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും ഫലപ്രദമായ മുഖ്യധാരാ ചികിത്സാ രീതിയാണ്. ഏത് ചികിത്സയോ മരുന്നോ ശാസ്ത്രീയ തത്വങ്ങളെ അടിസ്ഥാനമാക്കി തെളിയിക്കപ്പെട്ട് കഴിഞ്ഞാൽ അതു പിന്നെ മുഖ്യധാരാ ചികിത്സയുടെ ഭാഗമാകും. എന്നാൽ ബദൽ ചികിത്സാ രീതികൾ (Alternative Medicine) എന്നറിയപ്പെടുന്ന ഹോമിയോ, ആയുർവേദം, നേച്ചറോപ്പതി, അക്കുപഞ്ചർ, സിദ്ധ, യുനാനി മുതലായവയ്ക്ക് മുഖ്യധാരാ ചികിത്സയുടെ ഭാഗമാകാൻ കഴിയാത്തത് അതിന് ശാസ്ത്രീയമായ അടിത്തറയോ തെളിവുകളോ ഇല്ലാത്തത് കൊണ്ടാണ്. ഒരു ചികിത്സാ പദ്ധതി ശാസ്ത്രീയമാകണമെങ്കിൽ അതിനു കൃത്യമായ പ്രവർത്തന സമ്പ്രദായങ്ങൾ (Methodology) ഉണ്ടായിരിക്കേണ്ടതാണ്. ആദ്യം നിരീക്ഷണം; വെറും നിരീക്ഷണമല്ല, കൃത്യമായ അളവുകോലുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം. പിന്നെ സാധ്യതാസിദ്ധാന്തം (hypothesis) ചമയ്ക്കൽ. അതായത്, ഒരു പ്രത്യേക മരുന്ന് അല്ലെങ്കിൽ ചികിൽസാപദ്ധതി 'ഇന്ന' കാരണങ്ങൾ കൊണ്ടു ഫലിക്കാൻ സാധ്യതയുണ്ട് എന്ന സാധ്യതാസിദ്ധാന്തം. പിന്നെ ഈ സിദ്ധാന്തം ശരിയോ തെറ്റോ എന്നു നോക്കാനുള്ള പരീക്ഷണം നടത്തുന്നു. പരീക്ഷണ ഫലം നിരീക്ഷിച്ച് തിരുത്തിയ സിദ്ധാന്തം വീണ്ടും രൂപീകരിക്കുന്നു. പിന്നീട് അത് ശരിയാണോ എന്നു നോക്കാൻ വീണ്ടും പരീക്ഷണം നടത്തുന്നു. വീണ്ടും പുതുക്കിയ സിദ്ധാന്തം രൂപീകരിക്കുന്നു. അങ്ങിനെ ഒരു പ്രത്യേക മരുന്നോ ചികിത്സാ രീതിയോ ആണു മെച്ചം എന്നു തെളിയുന്നു. അതു പ്രാബല്യത്തിൽ വരും! വീണ്ടും ചികിത്സാ ഫലങ്ങൾ പഠനവിധേയമായിക്കൊണ്ടേയിരിക്കും. കൂടുതൽ മെച്ചപെട്ട ചികിത്സാ രീതികൾ വീണ്ടും കണ്ടുപിടിക്കപ്പെടും. കൃത്യതയിലേക്കുള്ള പ്രയാണം നിരന്തരം തുടർന്നുകൊണ്ടേയിരിക്കും- ഇതാണു ശാസ്ത്രത്തിൻറെ രീതി. ഈ രീതി പിന്തുടരാത്ത ചികിത്സാ സമ്പ്രദായങ്ങളെ ശാസ്ത്രീയം എന്ന് വിളിക്കാൻ പറ്റില്ല.

നെല്ലും പതിരും എങ്ങിനെ തിരിച്ചറിയാം ?


ശാസ്ത്രീയ അടിത്തറയുള്ള ഫലപ്രദമായ ചികിത്സയെയും കപടചികിൽസയെയും എങ്ങിനെ തിരിച്ചറിയാം? അതിനുള്ള ഏക മാർഗമാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ. ഡബിൾ ബ്ലൈണ്ട് പരീക്ഷണങ്ങൾ എന്ന് ധാരാളം കേട്ടിട്ടുണ്ടെങ്കിലും അവയുടെ പ്രാധാന്യം പലർക്കും അറിയില്ല. ഡബിൾ ബ്ലൈണ്ട് പരീക്ഷണങ്ങൾ മനസ്സിലാക്കാൻ പ്രയാസമില്ലെങ്കിലും അവയുടെ കണ്ടെത്തലുകൾ പലരും വൈമനസ്യത്തോടെയാണ് അംഗീകരിക്കുന്നത്- എന്തുകൊണ്ട്? ചികിത്സയുടെ കാര്യത്തിൽ നമ്മുടെ പരമ്പരാഗത രീതികളെയും നമ്മുടെ തന്നെ അനുഭവസാക്ഷ്യങ്ങളെയും വിശ്വസിക്കാൻ കഴിയില്ല എന്നതാണ് ഡബിൾ ബ്ലൈണ്ട് പരീക്ഷണങ്ങൾ നമുക്കു കാണിച്ച് തരുന്നത്. ദഹിക്കാൻ ഒരല്പം പ്രയാസമുണ്ടങ്കിലും സത്യമതാണ്!

ഇനി എന്താണ് ഡബിൾ ബ്ലൈണ്ട് പരീക്ഷണങ്ങൾ? ഡബിൾ ബ്ലൈണ്ട് പരീക്ഷണങ്ങൾ എന്താണു ചെയ്യുന്നത്?

ആദ്യമായി ഒരേ രോഗമുള്ള ഒരു വലിയ വിഭാഗം രോഗികളെ യാതൊരു മുൻവിധിയുമില്ലാതെ രണ്ടായി വിഭജിക്കും. ഇതിൽ ഒരു വിഭാഗത്തിന് യഥാർത്ഥമരുന്നും മറുവിഭാഗത്തിനു പ്ലസിബോയും (ശൂന്യഗുളിക) നല്കും. പരീക്ഷണങ്ങൾ തീരുന്നത് വരെ ഇതിൽ ഏത് ഗ്രൂപ്പിനാണ് യഥാർത്ഥമരുന്ന് നല്കിയതെന്നോ ഏതു ഗ്രൂപ്പിനാണ് ശൂന്യഗുളിക നല്കിയതെന്നോ, രോഗിക്കോ പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞർക്കോ അറിവുണ്ടാകില്ല. അനുമാനങ്ങളിലെ മുൻവിധികൾ (Experimenter Bias) ഒഴിവാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. ഒരു നിശ്ചിത സമയത്തിനുശേഷം ഈ രണ്ടു ഗ്രൂപ്പിലുള്ള രോഗികളെയും താരതമ്യ പഠനത്തിന് വിധേയമാക്കും. മരുന്ന്‌കൊണ്ട് ചികിത്സിച്ച രോഗികളിൽ ശൂന്യഗുളിക കൊണ്ട് ചികിത്സിച്ച രോഗികളേക്കാൾ 'പ്രകടമായ' രോഗശമനം ഉണ്ടെങ്കിൽ മാത്രമേ ആ മരുന്ന് ഫലപ്രദം എന്ന് അനുമാനിക്കാൻ പറ്റൂ.

കപടചികിത്സ ഫലിക്കുന്നതായി തോന്നുന്നത് എന്തുകൊണ്ട് ?

രോഗബാധിതരായ സഹജീവികളെ സൗഖ്യമാക്കാൻ പുരാതനകാലം മുതലേ മനുഷ്യൻ ശ്രമിച്ചിരുന്നു. അതിനായി വിവിധമാർഗങ്ങളും പരീക്ഷിച്ചിരുന്നു. രോഗം പിടികുടിയാൽ അതു 'ബാധ'കൂടിയതാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്നാണ് നിരന്തര പഠനങ്ങളുടെ പിൻബലത്തോടെ ശാസ്ത്രജ്ഞർ ചോര നീരാക്കി അധ്വാനിച്ച് ഓരോ രോഗങ്ങൾക്കുമുള്ള ചികിത്സാരീതികൾ പ്രാവർത്തികമാക്കിയത്. ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയുമാണ് ഓരോ രോഗത്തിനും ആധുനിക വൈദ്യശാസ്ത്രം ചികിത്സാമാർഗങ്ങൾ കണ്ടെത്തിയത്. ആത്മവിശ്വാസമുള്ള ഡോക്ടർമാരും അവരെ വിശ്വസിക്കുന്ന ഒരുകൂട്ടം രോഗികളും ഈ പ്രക്രിയയുടെ ഭാഗമായി. എന്നാൽ ആധികാരികമായി തയ്യാറാക്കപ്പെട്ട വൈദ്യശാസ്ത്രമൂല്യങ്ങൾ ഒരു വിഭാഗം ആളുകൾ തിരസ്‌ക്കരിക്കുന്നു. ഇവിടെ നിലനിന്നിരുന്ന നിരവധി പരമ്പരാഗത മരുന്നുകളും പ്രകൃതി ചികിത്സകളും, അക്ക്യുപഞ്ചർ, നാഡിചികിത്സ, മറ്റു നാടൻ ചികിത്സകളും ജൈവശാസ്ത്രപരമായി തട്ടിപ്പാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെങ്കിലും ചിലർ ഇപ്പോഴും അതിൻറെ പിന്നാലെ പോകുന്നതാണ് കാരണം. ഊഹത്തിലൂടെ നടത്തുന്ന മേല്പറഞ്ഞ ദീർഘകാലം നീണ്ടുനിൽക്കുന്ന ചികിത്സകൾ പലപ്പോഴും രോഗികളെ പീഡിപ്പിക്കുയായിരുന്നു. അപൂർവമായി മാത്രമാണ് ഈ ചികിത്സകൾ ഫലവത്തായിരുന്നത്. കാലക്രമേണ ഫലപ്രദമല്ലെന്ന് കണ്ട് ഇവയിൽ പലതും ഉപേക്ഷിക്കപ്പെട്ടെങ്കിലും ചിലത് പലയിടങ്ങളിലും പൊതുജനാരോഗ്യത്തിന് ഭീഷണിയായി ഇന്നും തുടരുന്നു. കൃത്യമായ പരിശീലനം ലഭിച്ച ഡോക്ടർമാർ ശാസ്ത്രീയതയുടെ പിൻബലത്തിൽ ഇപ്പോഴും ചികിത്സാഗവേഷണം തുടരുമ്പോഴാണ് ചിലർ യാതൊരു അടിത്തറയുമില്ലാത്ത കപട ചികിത്സയുടെ പിന്നാലെ പോകുന്നത്. ഒറ്റമൂലികളും സമാന്തരചികിത്സകളും പൌരോഹിത്യ പ്രാർത്ഥനാ ശുശ്രൂഷകളും മോഡേൻ മെഡിസിൻറെ കാലത്തും ചിലരെങ്കിലും ആശ്രയിക്കുന്നത് ആശ്ചര്യം തന്നെ. മേല്പറഞ്ഞ ചികിത്സാരീതികളിൽ പലതും പരസ്യങ്ങളിലൂടെയും പരസ്പര സംഭാഷണങ്ങളിലൂടെയുമാണ് പ്രചരിക്കുന്നത്. സംതൃപ്ത്തരായ ഉപഭോക്താക്കൾ എന്നു ചിലരെ കൊണ്ട് ഇവർ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചു നടത്തിക്കുന്ന പരസ്യങ്ങൾ ഉയർത്തിക്കാട്ടുന്ന മാധ്യമങ്ങൾ പോലും അതിൻറെ ആധികാരികത പരിശോധിക്കാറില്ല.

ആധുനിക വൈദ്യശാസ്ത്രത്തിൻറെ പഴയ രൂപമായ അലോപ്പതിയുടെ ചരിത്രത്തിലേക്കു നമുക്കൊന്നു നോക്കാം. നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന രണ്ടു ചികിത്സാരീതികളായിരുന്നു രക്തമോക്ഷവും (blood letting) വയറിളക്കലും (purging). ശരീരത്തിലെ വിഷപദാർത്ഥങ്ങളെ പുറംതള്ളി രോഗമുക്തി വരുത്തുവാൻ ഏറെ ഫലപ്രദമായ ചികിത്സയായിട്ടാണ് ഈ രീതികളെ അന്നത്തെ രോഗികളും വൈദ്യന്മാരും കണ്ടിരുന്നത്. പക്ഷെ ഇന്നു നമുക്കറിയാം, ഈ ചികിത്സകൾ കൊണ്ടൊരു പ്രയോജനവുമില്ലന്നു മാത്രമല്ല ഇവ അനേകം പേരെ കൊന്നൊടുക്കിയിട്ടുമുണ്ടെന്ന്. എന്തുകൊണ്ട് ഈ രീതികൾ ഒരു കാലത്ത് പ്രചാരം നേടി? ഈ ചികിത്സാരീതികളുടെ പ്രയോജനമെന്ന് നൂറ്റാണ്ടുകളോളം മനുഷ്യർ തെറ്റിദ്ധരിച്ചത് രോഗമുക്തിയെ സഹായിക്കുന്ന മറ്റു അനുബന്ധ ഘടകങ്ങളുടെ പ്രവർത്തനത്തെ ആണ്.

മരുന്നും ചികിത്സയുമല്ലാതെ രോഗമുക്തിയെ സഹായിക്കുന്ന അനുബന്ധ ഘടകങ്ങൾ നിരവധിയാണ്. അവയിൽ പ്രധാനപ്പെട്ടത് മാത്രം ഇവിടെ പ്രതിപാദിക്കാം. ഈ ഘടകങ്ങളെക്കുറിച്ചു മനസ്സിലാക്കിയാൽ കപട ചികിത്സകൾ എന്തുകൊണ്ടു ഫലപ്രദമാകുന്നു എന്നു തോന്നുന്നു എന്നു നമുക്ക് കാണാൻ കഴിയും.

രോഗങ്ങൾക്കുണ്ടാകുന്ന സ്വാഭാവിക ശമനം (Self Limiting Diseases)

ധാരാളം രോഗങ്ങൾ സ്വാഭാവികമായി തന്നെ ശമിക്കാറുണ്ട്. രോഗാവസ്ഥ മാരകമല്ലെങ്കിൽ ശരീരത്തിൻറെ സ്വഭാവികശേഷി കൊണ്ടുതന്നെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. സാധാരണയായി ഉണ്ടാകുന്ന കഴുത്തുവേദനയോ നടുവേദനയോ ഉദാഹരണം. യാതൊരുവിധ ചികിത്സയും ഇല്ലാതെ തന്നെ കുറച്ചു നാൾക്കകം ഇവ മാറികിട്ടും. രോഗശമനത്തിനു വേണ്ടതു സമയവും വിശ്രമവും മാത്രം. അതിനാൽത്തന്നെ ഈ രോഗങ്ങൾക്ക് ഏതുചികിത്സയും ഫലപ്രദമായി തോന്നും. അതുകൊണ്ടുതന്നെ ഈ വിധം രോഗങ്ങൾക്ക് തങ്ങളുടെ മരുന്ന് ഉപയോഗിച്ച് ചികിത്സ ചെയ്തു മാറിയെന്നു അവകാശപ്പെടുന്ന ചികിത്സകർ രോഗികൾക്കൊപ്പം ഒരു ചികിത്സയും ഇല്ലാതെ രോഗം മാറിയവരുടെ കണക്കുകൂടി വ്യക്തമാക്കാൻ തയാറാകണം. കൃത്യമായ രേഖകളില്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമപരമായി തെറ്റാണ്.

സ്വയം മാറുന്ന രോഗങ്ങൾ (Self limiting diseases) പിന്നെ എന്തിനാണ് മോഡേൺ മെഡിസിനിൽ ചികിത്സിക്കുന്നത് എന്നു പലരും ചോദിക്കുന്നു. സ്വയം മാറുന്ന പനി എന്തിനു ചികിത്സിക്കുന്നു? പനി അണുബാധയുടെ ഒരു ലക്ഷണമാണ്. അത് ഒരു പ്രകൃതിദത്ത മോചന മാർഗ്ഗമാണെന്നതിൽ സംശയമില്ല. പക്ഷെ പനി ക്രമാതീതമായി കൂടിയാൽ അത് ഹൃദയമിടിപ്പ് വല്ലാതെ കൂട്ടുകയും ചയാപചയപ്രവർത്തനങ്ങളെ (metabolic activities) ബാധിക്കുകയും ജലാംശം ധാരാളമായി നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും. കുട്ടികളിൽ ജന്നി ഉണ്ടാക്കാം. സന്ധികളിലും മറ്റു അവയവങ്ങളിലും ഉണ്ടാകുന്ന നീർക്കെട്ടും മറ്റു അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടാക്കാം. തന്മൂലം രോഗി വളരെ ക്ഷീണിതനാവുകയും രോഗശാന്തിക്ക് താമസം നേരിടുകയും ചെയ്യും. അതുകൊണ്ടാണ് പനിക്ക് പലപ്പോഴും രോഗലാക്ഷണികമായ ചികിത്സ  (symptomatic treatment) ആവശ്യമായി വരുന്നത്.

സ്വയം മാറുന്ന അസുഖങ്ങൾ പലപ്പോഴും ചില സങ്കീർണ്ണതകളിലേക്ക് നയിക്കും. ഉദാ: ഡെങ്കി- 95% ഡെങ്കിരോഗികളും അഞ്ചാറു ദിവസം കൊണ്ടു രോഗലക്ഷണങ്ങളെല്ലാം ശമിച്ചു പൂർണ്ണ സുഖം പ്രാപിക്കും. അതായത് ഏതു ചികിത്സ ചെയ്താലും ആ ചികിത്സക്ക് 95% വിജയം അവകാശപ്പെടാനാകും. 5% മാത്രം രോഗികളിലാണ് രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി ഉണ്ടാവുന്നത്. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കണങ്ങൾ കുറഞ്ഞുപോകുക, ഉ.ക.ഇ. (Disseminated itnravascular Coagulation), തലച്ചോറിലെ നീർക്കെട്ട് ഇവ മരണകാരണമാകാം. ഈ സങ്കീർണ്ണതകൾ മനസ്സിലാക്കുവാനും ചികിത്സിക്കുവാനും പരിശോധനകളും മരുന്നുകളും ആവശ്യമായി വരും. അടിയന്തിര ചികിത്സ നൽകിയാൽ മരണം സംഭവിക്കുന്നത് തടയാനും സഹായിക്കും!

യാദൃശ്ചികമായ രോഗമുക്തി (Spontaneous Cure)!

'യാദൃശ്ചിക രോഗമുക്തി' അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്രസത്യമാണ്. രോഗത്തിൻറെ സ്വാഭാവിക ദിശയിൽ നിന്ന് മാറി, പെട്ടന്നുള്ള തീർത്തും അപ്രതീക്ഷിതമായ ഒരു സുഖപ്പെടലലിനെയാണ് യാദൃശ്ചിക രോഗമുക്തി എന്ന് പറയുന്നത്. കാൻസർ രോഗവിദഗ്ദ്ധർ പറയുന്നത് ഏകദേശം 10% കാൻസറും പൊടുന്നനെ സുഖപ്പെടുന്നു എന്നാണ് . ചില തരം കാൻസറുകൾ അവ കണ്ടുപിടിക്കുന്നതിനു മുമ്പ് തന്നെ സുഖപ്പെടുന്നതായി അനുമാനിക്കപ്പെടുന്നു. തങ്ങളുടെ ചികിത്സയിലുള്ള രോഗികൾ നിരവധി പ്രാവശ്യം പ്രതീക്ഷകൾക്ക് അപ്പുറം, പെട്ടെന്ന് സുഖപ്പെട്ടതായി കാൻസർ രോഗവിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. മെലനോമ, ന്യുറോബ്ലാസ്‌റ്റൊമ എന്നി രണ്ടു കാൻസറുകൾ ഇപ്പ്രകാരം പൊടുന്നനെ ഭേദമാകുന്നവയാണ്. യാദൃശ്ചിക രോഗമുക്തിക്കുള്ള കാരണങ്ങൾ ഇന്നും പൂർണ്ണമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല . എന്നാൽ ചില രോഗികളിലെങ്കിലും ലഭ്യമാവുന്ന അറിവു വച്ച് ഹോർമോണിൻറെ സ്വാധീനം ഒരുപക്ഷേ പ്രധാന പങ്കുവഹിച്ചു എന്നുവേണം അനുമാനിക്കാൻ. ശക്തമായ ഒരു രോഗപ്രതിരോധസംവിധാനം ഉള്ള രോഗികളിൽ യാദൃശ്ചികരോഗമുക്തി ചിലപ്പോൾ കണ്ടുവരാറുണ്ട്!

സമയം ഒരു ഘടകമാണ്

സമയം മറ്റൊരു ഘടകമാണ്. രോഗിക്ക് ശരിയായ ചികിത്സയുടെ കോഴ്‌സ് പൂർത്തിയാക്കിയാലും ചികിത്സയുടെ പൂർണ്ണ ഫലങ്ങൾ ലഭിക്കുവാൻ കുറച്ചു സമയം എടുത്തേക്കാം. അസുഖം പൂർണ്ണമായും മാറിയാലും രക്ത റിപ്പോർട്ടുകളിലും എക്‌സ്രേ/സ്‌കാൻ പരിശോധനകളിലും ഉണ്ടായ മാറ്റങ്ങൾ മാറികിട്ടാൻ കുറേക്കൂടി സമയം ആവശ്യമാണ്. ന്യുമോണിയ ഒരാഴ്ചകൊണ്ട് ചികിത്സിച്ചു മാറ്റാമെങ്കിലും എക്‌സ്രെയിലുള്ള പാടുകൾ മാറാൻ ഒരുമാസം വരെ സമയം എടുക്കും.

നമുക്കെല്ലാം അറിയാവുന്ന പോലെ, ക്ഷയരോഗം വളരെ മെല്ലെ പുരോഗമിക്കുന്ന ഒരു രോഗമാണ്. സാധാരണ ബാക്ടീരിയ ഇരട്ടിയായി പെരുകാൻ 20 സെക്കൻഡ് എടുക്കുമ്പോൾ ക്ഷയരോഗബാക്ടീരിയ ഇരട്ടിയായി പെരുകാൻ 20 മിനിറ്റുകൾ എടുക്കും. സാധാരണ ബാക്ടീരിയൽ അണുബാധ 7 ദിവസത്തെ ചികിത്സ കൊണ്ട് സുഖമാകുമ്പോൾ ക്ഷയരോഗചികിത്സക്ക് 6- 9 മാസം ആവശ്യമുണ്ട്. പൂർണ്ണമായ ചികിത്സ എടുത്തുകഴിഞ്ഞാലും രോഗം മൂലം ശരീരത്തിനുണ്ടായ കേടുപാടുകൾ മാറിക്കിട്ടാൻ വീണ്ടും കുറച്ച് സമയമെടുക്കും. ശരീരത്തിൻറെ സ്വാസ്ഥ്യ പ്രാപ്തി സംവിധാനങ്ങൾ പ്രവർത്തിക്കുന്ന സമയമാണിത്. ഈ സമയത്ത് രോഗി ഒരു കപടചികിത്സകൻറെ കയ്യിൽ അകപ്പെട്ടാൽ രോഗമുക്തിയുടെ ക്രെഡിറ്റ് കപടചികിത്സകന് അവകാശപ്പെട്ടതാകും.

ഒരു രോഗി യഥാർഥചികിത്സയും വ്യാജചികിത്സയും ഒരുമിച്ചെടുത്തു രോഗമുക്തിയുണ്ടായാൽ പലപ്പോഴും ക്രെഡിറ്റിൻറെ ഒരു അവിഹിത പങ്ക് വ്യാജചികിത്സകനു ലഭിക്കുന്നതായി കാണുന്നു. അടുത്ത കാലത്ത് ഉമിനീർഗ്രന്ഥിയിൽ കാൻസർ ഉണ്ടായ ഒരു വ്യക്തി കീമോതെറാപ്പിയും റേഡിയോതെറാപ്പിയും എടുത്ത ശേഷം തൻറെ രോഗം മാറിയത് താൻ ലക്ഷ്മിതരുവും മുള്ളാത്തയും കഴിച്ചിട്ടാണ് എന്ന് പറഞ്ഞതിനു വൻ പ്രചാരം ലഭിച്ചിരുന്നു. എന്നാൽ അയാൾ നാല് മാസം മുന്നേ കാൻസർ മൂർച്ഛിച്ച് മരണമടഞ്ഞു! (അയാളുടെ കാൻസർ അതിജീവനത്തെ വാഴ്തിപാടുന്ന വാട്ട്‌സാപ്പ് മെസ്സേജ് ഇപ്പോഴും പാറി കളിക്കുന്നു!)

ചാക്രിക രോഗങ്ങൾ (Cyclical Diseases)

പല രോഗങ്ങളും ചാക്രീയമായ ഗതിവിഗതികൾ ഉള്ളവയാണ്- സന്ധിവാതം, മൾട്ടിപ്പിൾ സ്‌ക്ലെറോസിസ്, അലർജികൾ എന്നിവ. ഈ അസുഖങ്ങളുടെ ലക്ഷണങ്ങൾ ഒരു മുന്നറിയിപ്പുമില്ലാതെ തനിയെ കൂടുന്നതും ചികിത്സയൊന്നും കൂടാതെ തന്നെ തനിയെ കുറയുന്നതുമാണ്. രോഗലക്ഷണങ്ങളുടെ വേലിയിറക്ക സമയത്ത് ചെയ്യുന്ന ഏതു ചികിത്സയും രോഗിക്ക് ഫലപ്രദമായി തോന്നാം. ആ തോന്നലിനെ 'രോഗ ശമനമായി' തെറ്റിദ്ധരിക്കുന്നു!

പ്ലസിബോ പ്രഭാവം (Placebo Effect)

രോഗിയുടെ തൃപ്തിക്കു വേണ്ടി നൽകുന്ന മരുന്നെന്ന പേരിലുള്ള മരുന്നല്ലാത്ത വസ്തുവിനെയാണ് പ്ലസിബോ പിൽസ് (ശൂന്യഗുളിക) എന്ന് പറയുന്നത്. രോഗത്തിനോ മറ്റ് ശാരീരിക വൈഷമ്യങ്ങൾക്കോ ശരിയായ ചികിത്സയ്ക്ക് പകരം ചികിത്സയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സമ്പ്രദായങ്ങൾ ചെയ്ത് രോഗിയെ ചികിൽസിക്കുന്നതായി തോന്നിപ്പിക്കുന്നതിനെയാണ് 'പ്ലാസിബോ ചികിത്സ' എന്ന് പറയുന്നത്. ചില സാഹചര്യങ്ങളിലെങ്കിലും ഇത്തരം ചികിത്സയിലൂടെ രോഗിക്ക് രോഗം ഭേദമായതായി അനുഭവപ്പെടുകയോ, യഥാർത്ഥത്തിലുള്ള രോഗ സൗഖ്യം ലഭിക്കുകയോ ചെയ്യുന്നതിനെ പ്ലസിബോ പ്രതിഭാസം എന്നും പറയുന്നു. കഴിച്ചത് യഥാർത്ഥ മരുന്നാണെന്ന തോന്നലിലാണ് ഈ മാറ്റങ്ങൾ ഉണ്ടാകുന്നതെന്നും ശരീരവും മനസും തമ്മിലുള്ള ബന്ധമാണ് ഇതിനു കാരണമെന്നതുമാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഹോമിയോപ്പതി പോലുള്ള ചികിത്സ  പ്ലസിബോ പ്രതിഭാസത്തെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. കയ്യിലെ മണിബന്ധത്തിൽ ഉണ്ടാകുന്ന കാർപൽ ടണൽ സിൻഡ്രോം ബാധിച്ച 30 രോഗികളിൽ ഒരു യഥാർത്ഥ കാന്തം ഉപയോഗിച്ച് ചികിത്സിച്ചപ്പോൾ കിട്ടിയ അതേ ഫലം തന്നെ ഒരു വ്യാജകാന്തം ഉപയോഗിച്ച് ചികിത്സിച്ചപ്പോഴും കിട്ടി! കുഞ്ഞുങ്ങളിലും മൃഗങ്ങളിലും വരെ പ്ലസിബോ (Caregiver Placebo) കാണപ്പെടുന്നതായി പുതിയ പഠനങ്ങൾ പറയുന്നു!

കീമോ ഫോബിയയും നൊസിബോ പ്രഭാവവും

'കെമിക്കലു'കലോടുള്ള അനാവശ്യ ഭയത്തിനെ കീമോഫോബിയ (Chemophobia) എന്ന് വിളിക്കാം. മോഡേൺ മെഡിസിൻ ചികിത്സയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഒരുപറ്റം ആളുകൾ കീമോഫോബിക്കുകൾ ആകുന്നു. മോഡേൺ മെഡിസിനിൽ മുഴുവനും 'കെമിക്കലുകൾ ' ആണത്രെ! അവക്കെല്ലാം ഒടുക്കത്തെ സൈഡ് എഫ്ഫക്റ്റ്‌സും! (അല്ല ചെങ്ങായി, ഈ പ്രപഞ്ചത്തിൽ എന്താണ് കെമിക്കലുകൾ അല്ലാത്തത് ?). ഇത്തരം കീമോഫോബിയക്കാർക്ക് ആധുനിക വൈദ്യചികിത്സ  എന്നു കേൾക്കുമ്പോൾ തന്നെ ഒരുതരം നൊസിബോ എഫ്ഫക്റ്റ് (Nocebo Effect (പ്ലസിബോയുടെ നേർ വിപരീതം) ഉണ്ടായേക്കാം. ഇവർ നേരെ ഓടുന്നത് 'കെമിക്കലുകൾ ഇല്ലാത്ത, പ്രകൃതിദത്തമായ ചികിത്സ ' നല്കുന്ന കപടചികിത്സകൻറെ അടുത്തേക്കായിരിക്കും. ഇഷ്ടവൈദ്യൻ തന്ന 'പ്രകൃതിദത്ത മരുന്ന്' തൻറെ രോഗം മാറ്റും /മാറ്റി എന്ന് വിശ്വസിക്കാനാണ് ഇക്കൂട്ടർക്കിഷ്ടം!

തെറ്റായ രോഗനിർണയം

ചിലപ്പോൾ യഥാർത്ഥ രോഗനിർണയം തന്നെ തെറ്റി പോകാനിടയുണ്ട്. ശാസ്ത്രീയമായി പരിശീലനം ലഭിച്ച ഡോക്ടർമാർ അമാനുഷികരല്ലല്ലോ! സങ്കീർണ്ണമായ ചില രോഗങ്ങളുടെ ആദ്യനിർണ്ണയം ചിലപ്പോൾ ശരിയായിക്കൊള്ളണമെന്നില്ല. ഇപ്രകാരം തെറ്റായ രോഗ നിർണ്ണയം മൂലം ഗുരുതരരോഗം 'ബാധിച്ച' ഒരു രോഗി വ്യാജ ചികിത്സകന്റെയടുത്തോ പ്രാർത്ഥനയ്ക്കോ പോയി രോഗം 'സുഖമായാൽ' ആ ചികിത്സക്ക് ഒരു തിളങ്ങുന്ന സാക്ഷ്യപത്രം ലഭിച്ചേക്കാം. ഏതാനും വർഷങ്ങൾക്കു മുൻപ് കേരളത്തിൽ നിന്നുള്ള ഒരു ലോകസഭാ അംഗത്തിന് തെറ്റായി ഒരു തരം കരൾ കാൻസർ കണ്ടെത്തിയിരുന്നു എന്നത് ഓർക്കുമല്ലോ!

രോഗശമനം എന്ന മിഥ്യ

കപടവൈദ്യം മുന്നോട്ട് വെക്കുന്ന 'സുഖചികിത്സ' (Palliative Care) ഒരുതരം മാർക്കെറ്റിംഗ് തന്ത്രം ആണ് . ചികിത്സ തുടങ്ങുമ്പോൾ മാനസികാവസ്ഥയിലും ശാരീരികാവസ്ഥയിലുമുണ്ടാകുന്ന താൽക്കാലികമായ മാറ്റം രോഗികൾ പലപ്പോഴും രോഗശമനം ആയി വ്യാഖ്യാനിക്കുകയും തൻറെ രോഗം പാടെ മാറിയെന്നു തെറ്റിദ്ധരിക്കുകയും ചെയ്യും. കപട ചികിത്സകർ പലപ്പോഴും ശക്തമായ, വശ്യതയാർന്ന വ്യക്തിത്വങ്ങൾ ഉള്ളവരായിരിക്കും. രോഗികൾ താൽക്കാലികമായെങ്കിലും അവരുടെ സ്വാധീനശക്തിയിൽ മയങ്ങിപ്പോകാറുണ്ട്!

കൊഗ്‌നിറ്റിവ് ബയാസ്- ചികിത്സക്കുള്ള ഒരു പ്രത്യുപകാരം!

ചികിത്സ  വ്യാജമാണെങ്കിൽ പോലും പല ചികിത്സകരും വളരെ ആത്മാർത്ഥമായാണ് രോഗികളെ ചികിത്സിക്കുന്നത്. മിക്ക ചികിത്സകരും തങ്ങൾ രോഗികളെ സഹായിക്കുന്നു എന്നു തീവ്രമായി വിശ്വസിക്കുന്നു. രോഗികൾ തങ്ങളെ സഹായിക്കുന്നവരെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികം മാത്രമാണ്. ആയതിനാൽ, പ്രത്യുപകാരമെന്ന ചിന്ത മനസ്സിലുള്ളപ്പോൾ തങ്ങൾക്കു രോഗശമനം ഉണ്ടാകുന്നു എന്ന മിഥ്യാധാരണ രോഗികളിൽ പലപ്പോഴും ഉണ്ടാകാറുണ്ട് – ഈ അവസ്ഥയെ കൊഗ്‌നിറ്റിവ് ബയാസ് എന്ന് പറയപ്പെടുന്നു! (മേൽ പറഞ്ഞ 'കീമോഫോബിക്കുകൾ' ആണ് അധികവും ഈ ഗണത്തിൽ പെടുക)

കണക്കിലെ കളികൾ

കണക്കിലെ കളികൾ കൊണ്ടും പരസ്യം കൊണ്ടും ഏതു ചികിത്സയും വിജയകരമാണന്നുള്ള പ്രതീതിവരുത്തുവാൻ കഴിയും. കേവലം 1% മാത്രം വിജയസാദ്ധ്യതയുള്ള ഒരു ചികിത്സ  കണ്ടുപിടിക്കപ്പെട്ടു എന്നിരിക്കട്ടെ. ആ ചികിത്സ  പതിനായിരം രോഗികളിൽ പരീക്ഷിക്കപ്പെടുമ്പോൾ നൂറു രോഗികൾക്ക് പ്രയോജനപ്പെടുമല്ലോ ? ഈ നൂറു രോഗികളുടെ അനുഭവസാക്ഷ്യം കൊണ്ട് കേവലം 1% മാത്രം വിജയസാധ്യതയുള്ള ചികിത്സ  വളരെ വിജയകരമാണെന്നു വരുത്തിത്തീർക്കുവാൻ കഴിയും! ഇനി ചികിത്സ പാളിയ ബാക്കി 99% ആളുകൾ ജാള്യതയും മറ്റ് കാരണങ്ങൾ കൊണ്ടും ഒക്കെ പാണന്മാരെ പോലെ വഴിനീളെ 'കപടചികിത്സാ മാഹാത്മ്യം' പാടി നടക്കാറില്ല. ഇതൊക്കെ കൊണ്ടാണ് അനുഭവസാക്ഷ്യങ്ങൾ ശാസ്ത്രീയ രീതിയല്ല എന്നു ശാസ്ത്രകാരന്മാർ പറയുന്നത്!

തങ്ങളുടെ മതത്തിലേക്ക് മതം മാറുന്നവരുടെ ശതമാന കണക്കു പൊക്കിപ്പിടിക്കുന്ന മതഭ്രാന്തന്മാരെ പോലെ പല കപടചികിത്സകരും 'വ്യാജ' കണക്കുകളുമായും രംഗത്ത് എത്താറുണ്ട് !

'ക്രോസ്സിനാദി' വടകം!

കപട വൈദ്യന്മാർ തങ്ങളുടെ മരുന്ന് 'ഫലിപ്പിക്കാൻ' മോഡേൺ മെഡിസിൻ കൂട്ടികലർത്തി 'അറ്റകൈ' പ്രയോഗം നടത്താറുണ്ട് എന്നത് പരസ്യമായ രഹസ്യം ആണ്! അങ്ങനെ 'ക്രോസ്സിനാദി വടക'വും 'പാരസെറ്റമോൾ പഞ്ചാര മിട്ടായിയും' ഒക്കെ നല്കപ്പെടുന്നു- ക്രെഡിറ്റ് കിട്ടുന്നതോ, സൂത്രശാലികളായ കപടവൈദ്യന്മാർക്കും! 2000ൽ നടത്തിയ ഒരു പഠനത്തിൽ, ഇന്ത്യയിൽ നല്കപ്പെടുന്ന ആയുർവേദ- ഹോമിയോ മരുന്നുകളിൽ 38.32% സ്റ്റീറോയ്ട് കണ്ടെത്തിയതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സമാന പഠനങ്ങളെ ചുവടുവെച്ച് പല 'പ്രകൃതിദത്ത' മരുന്ന് കമ്പനിക്കാരും കുടുങ്ങിയ വാർത്ത കേട്ടുകാണുമല്ലോ !

ബി.സി മുന്നൂറാം നൂറ്റാണ്ടിലെ തത്വചിന്തകൻ അരിസ്‌റ്റോട്ടിലിൻറെ 'കണ്ടെത്തൽ' സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ കുറവ് പല്ലുകളേയുള്ളു എന്നായിരുന്നു! രണ്ടുകെട്ടിയിട്ടും എണ്ണിനോക്കാൻ പോലും മെനക്കെടാഞ്ഞ അരിസ്‌റ്റോട്ടിലിൻറെ ഈ 'കണ്ടുപിടുത്തം' അനേകം കാലങ്ങളോളം ആളുകൾ 'വിശ്വസിച്ചു' പോന്നു എന്നു പറഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടരുത്! കപടചികിത്സകൾ കാലാകാലം നിലനിൽക്കുന്നതിൻറെ കാരണം ഏതാണ്ട് വ്യക്തമായി എന്ന് കരുതട്ടെ !

അടുത്ത തവണ നിങ്ങൾ ഒരു ചികിത്സാരീതി തിരഞ്ഞെടുക്കുമ്പോൾ രണ്ടു കാര്യങ്ങൾ നിങ്ങളോട് തന്നെ ചോദിക്കുക : ഒന്ന്- ഈ ചികിത്സക്ക് ഒരു വ്യക്തമായ ശാസ്ത്രീയ അടിത്തറയുണ്ടോ? രണ്ട്- കൃത്യമായ ക്ലിനിക്കൽ പരീക്ഷണങ്ങളാൽ അഗ്‌നിശുദ്ധി വരുത്തിയ ചികിത്സാരീതിയാണോ ഇത്? ചിന്തിക്കാൻ ധൈര്യപ്പെടുക!

ജിതിന്‍ മോഹന്‍ദാസ്