'ചിന്ത'യുടെ പേനയിൽ മഷി നിറച്ചതാര്?

എന്താണ് ചിന്ത ജെറോമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രശ്നം. നിർദോഷമെന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന ആ പോസ്റ്റിൽ ഒളിപ്പിച്ചിരിക്കുന്ന ദുഃസൂചന എന്താണ്- പി കെ ശ്രീകാന്ത് എഴുതുന്നു

പി കെ ശ്രീകാന്ത്

''പേന കൊണ്ടെഴുതാൻ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹുവിന്റെയും പ്രവാചകനായ നബി സലല്ലാഹു അലൈവസല്ലത്തിന്റെയും നാമധേയത്തിൽ 'എല്ലാ മനുഷ്യ സ്‌നേഹികൾകും സമഗ്രവും, പവിത്രവും, സാന്ദ്രവുമായ ഒരായിരം പെരുന്നാളാശംസകൾ::: ഈദ് മുബാറക്! '

ഇന്നലെ ഓൺലൈൻ ഇടങ്ങളെ ചൂടു പിടിപ്പിച്ച ഒരു പെരുന്നാൾ ആശംസയാണിത്. പറഞ്ഞതാകട്ടെ എസ്എഫ്‌ഐയുടെയും സംസ്ഥാന നേതാവും ഡിവൈഎഫ്‌ഐ നേതാവും കമ്യൂണിസ്റ്റ് പാർട്ടി മെമ്പറുമൊക്കെയായ ചിന്ത ജെറോം. എന്താണ് ഇതിലിത്ര വിവാദമാകാൻ മാത്രമുള്ള കാര്യം? എന്താണ് വാചകത്തിലെ പോരായ്മ?പറഞ്ഞത് വിപ്ലവ സംഘടനയുടെ നേതാവും കമ്യൂണിസ്റ്റുകാരിയുമൊക്കെയായത് കൊണ്ടാണോ പ്രശ്‌നം? പറഞ്ഞത് യുക്തിക്ക് നിരക്കാത്തതായതാണോ കാരണം? ചിന്തക്കു പകരം കെ ടി ജലീൽ ആയിരുന്നു പറഞ്ഞിരുന്നതെങ്കിൽ വിവാദമാകുമായിരുന്നോ? തുടങ്ങി പലവിധ ചോദ്യങ്ങൾക്കും അനുകൂലിച്ചും പ്രതികൂലിച്ചും സമ്മിശ്ര പ്രതികരണങ്ങൾ ഇന്നലെ മുതൽ കാണാൻ കഴിഞ്ഞു. ഒരു മതത്തിന്റെ ആഘോഷത്തെ ആ മതത്തിന്റെ വിശുദ്ധ ഗ്രന്ഥത്തിലെ വാചകം ഉദ്ധരിച്ച് ആശംസ അർപ്പിക്കുന്നതിൽ തെറ്റെന്താണ് എന്ന ചോദ്യവും. കമ്യൂണിസ്റ്റ് വിപ്ലവകാരി പ്രവാചകനെയും ദൈവത്തെയും കൂട്ടു പിടിച്ച് ആശംസ അർപ്പിക്കുന്നതിലെ വിരോധാഭാസം. പറഞ്ഞ വാചകത്തിലെ കാര്യങ്ങൾ ശാസ്ത്രീയമായി തെറ്റാണെന്നുള്ള വിശദീകരണം. അങ്ങനെ ഒക്കെ പോകുന്നു കാര്യങ്ങൾ.


പക്ഷെ നാം ഇവിടെ കാണേണ്ട ചില സത്യങ്ങൾ യഥാർത്ഥത്തിൽ ഇതിന്റെ എല്ലാം ഉള്ളിൽ ഒളിച്ചിരിക്കുകയാണ്.

ഈ വിഷയത്തെ വ്യത്യസ്ത രീതികളിൽ നോക്കി കാണേണ്ടിയിരിക്കുന്നു. ഒന്ന് മാർകിസ്റ്റ് ആയ ചിന്ത ജെറോം ഒരു മാർക്‌സിയൻ ആങ്കിളിൽ കാര്യവീക്ഷണം നടത്തേണ്ടതിന്റെ ആവശ്യകത. രണ്ട് മതേതര ബോധം കാത്തു സൂക്ഷിക്കുന്ന വിശ്വാസിയോ അവശ്വാസിയോ ആയ ഏതൊരു സാധാരണ മനുഷ്യനും ഇത്തരം വിഷയം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇതിൽ ആദ്യം പറഞ്ഞത് ഇവിടെ രണ്ടാമത് മാത്രം പ്രസക്തമായ വിഷയമാണ്. രണ്ടാമത് പറഞ്ഞതാണ് നിലനില്ക്കുന്ന പ്രധാന വിഷയം. ആയതിനാൽ തന്നെ ചിന്തയുടെ മാർക്‌സിയൻ വീക്ഷണം രണ്ടാമത് ചർച്ച ചെയ്യാം. ആ വിഷയം ഇനി പറയാൻ പോകുന്നതുമായി കൂട്ടി വായിക്കാൻ ഉതകുന്നതുമാണ്.

ഏറ്റവും ആദ്യം ഇന്ത്യയിലെ, കേരളത്തിലെ ഒരു സെക്കുലർ മനുഷ്യൻ ഇന്ന് നാം എത്തി നില്ക്കുന്ന രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക സാഹചര്യത്തെ തിരിച്ചറിയണം . ആ ഒരു തിരിച്ചറിയൽ സ്വയം സൃഷ്ട്ടിച്ചാൽ മാത്രമേ ഏറ്റവും ലളിതമായി നാം കരുതുന്ന പല കാര്യങ്ങളിലും നമ്മളറിയാതെ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ചു ബോധ്യം ഉണ്ടാവുകയുള്ളൂ.

എന്താണ് ആഘോഷം? ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായ എല്ലാ ആഘോഷങ്ങൾക്കും ഒരു ചരിത്രമുണ്ട് എന്നുള്ള കാര്യം പരമ യാഥാർത്ഥ്യമാണ്. അതിന്റെ തന്നെ മുക്കാൽ ശതമാനം പങ്കും വിശ്വാസത്തിന്റെ ഭാഗമായി നിന്ന് ജനകീയ ആഘോഷങ്ങളായവയാണ്. തിരിച്ചും ജനകീയ ആഘോഷങ്ങളെ വിശ്വാസത്തിന്റെ ഭാഗമാക്കിയിട്ടുമുണ്ട്. ഈ ആഘോഷങ്ങളിൽ മിക്കതും ജാതി, മത, ഭേദമില്ലാതെ നമ്മളിന്നു ആഘോഷിക്കുന്നത് അതിന്റെ ബഹുസ്വരത നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി നിലനില്ക്കുന്നത് കൊണ്ട് തന്നെയാണ്. ഈ ബഹുസ്വരതയെ അതതു മതത്തിന്റെ ആചാര പദ്ധതികൾ മാത്രമാക്കി മാറ്റിയെടുക്കുക എന്നത് സ്ഥാപിത മത താല്പര്യക്കാർ കാലങ്ങളായി മുന്നോട്ട് വെക്കുന്ന ഒരു പദ്ധതിയാണ്. ഈ സ്ഥാപിത മത താല്പര്യങ്ങളോട് ആന്തരികമായി നിരന്തരം ഏറ്റുമുട്ടലുകൾ നടത്തി മുന്നോട്ട് പോയിക്കൊണ്ട് തന്നെയാണ് ഓരോ ആഘോഷങ്ങളും മതേതരമായി നിലനില്ക്കുന്നതും മത മനസ്സുകൾക്ക് പോലും അതിനോട് സമരസപ്പെടേണ്ടി വരുന്നതും.

അഥവാ ചരിത്രത്തിൽ വേരുകളുള്ള ഇന്നിന്റെ ആഘോഷങ്ങളായ ഏതൊരു ആഘോഷങ്ങളും പ്രാദേശികമായ ഒരു സംസ്‌കാരിക വിനിമയത്തിന്റെ പങ്കു വെക്കൽ കൂടിയാണ്. ഏതു മതകീയ ആഘോഷങ്ങളും അതത് മതത്തിന്റെ് ചുറ്റു മതിലുകൾക്കുള്ളിൽ ഒതുങ്ങാതെ ജാതി, മത വിവേചനങ്ങളില്ലാതെ ഒരു ജനതയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാകുന്നതും അവിടെയാണ്. ഇത്തരം കലർപ്പില്ലാത്ത പങ്കുവെക്കലുകൾക്കു ള്ളിലാണ് മതേതരത്വം സുരക്ഷിതമായി നിലനില്ക്കുന്നതും.

ഇതേ സാഹചര്യത്തിൽ തന്നെയാണ് ഇതിനെയൊക്കെ തകിടം മറിക്കാൻ സർവ്വവിധ കരുതലോടും കൂടി ഹിന്ദുത്വ ഫാസിസം അധികാരത്തിന്റെ കരുത്തോടെ പ്രവർത്തിക്കുന്നത്. വീണു കിട്ടുന്ന ഓരോ ചെറിയ അവസരവും മതകീയ ചേരിയെ ശക്തിപ്പെടുത്തുക എന്നത് പരിവാർ ശക്തികളുടെ പ്രഖ്യാപിത അജണ്ടയാണ്. മുസ്ലീം സ്വത്വം വളരെയേറെ പ്രതിസന്ധികളിലൂടെയും ആശങ്കകളിലൂടെ കടന്നു പോകുന്ന വർത്തമാന ഇന്ത്യയിൽ മതേതര മനസ്സുകൾ ഇടപെടലുകളിൽ സൂക്ഷ്മത പാലിച്ചില്ലെങ്കിൽ സംഭവിക്കാൻ പോകുന്ന രണ്ടു കാര്യങ്ങൾ ഒന്ന് സ്വാഭാവികമായും സംഘപരിവാർ ശക്തികൾക്ക് ഊർജ്ജം ലഭിക്കും എന്നതും, മറ്റൊന്ന് അതിന്റെ മറപറ്റി ഇസ്ലാം മതമൗലിക വാദികൾ ശക്തിപ്പെടും എന്നതുമാണ്.

ഈ സാഹചര്യത്തിൽ ഒരു വിശ്വാസി മുസ്ലീമിനുള്ളിൽ തന്നെ ഉയർന്നു വരുന്ന ഒരു ചോദ്യമാണ്. വിശ്വാസമാണോ സംസ്‌കാരമാണോ മുഖ്യം എന്നത്? ഭൂരിഭാഗം പേർക്കും ഉണ്ടാകുന്ന ഒറ്റ ഉത്തരം വിശ്വാസം എന്ന് തന്നെയായിരിക്കും. കാരണം സംസ്‌കാരത്തിന്റെ ബഹുതലങ്ങൾക്ക് മേൽ വിശ്വാസത്തിന്റെ എകതലം ഉണ്ടാക്കുന്ന മൂടുപടമാണത്. തീർച്ചയായും വിശ്വാസിയായ ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസമാണ് ഏറ്റവു മുഖ്യം എന്നത് മറച്ചു വെക്കനാകാത്ത സംഗതിയാണ്. എന്നാൽ അവൻ/അവൾ ജോലി കിട്ടി ഒരു അറബ് രാജ്യത്ത് പോയാൽ ഒരു അറബ് മുസ്ലീമിനെയാണോ ഒരു ഹിന്ദു/ക്രിസ്ത്യൻ മലയാളിയുടെ കൂടെയാണോ താമസിക്കാൻ ഇഷ്ടപ്പെടുക എന്ന് ചോദിച്ചാൽ മലയാളി ഹിന്ദു എന്ന് തന്നെ ഉത്തരം ലഭിക്കും. ഇവിടെ പ്രവർത്തിച്ചതെന്താണ്? കേരളത്തിലെ ഒരു മുസ്ലീമിനേയും അറേബ്യയിലെ ഒരു മുസ്ലീമിനേയും ഒന്നിപ്പിക്കുന്ന വിശ്വാസത്തിന്റെ ഒരു തലം ഉണ്ട്. എന്നാൽ അതോടൊപ്പം കേരളീയരെ തമ്മിൽ ബന്ധിപ്പിക്കുന്ന അനേകം ഘടകങ്ങൾ ഉണ്ട്. നമ്മുടെ ഭാഷ, വേഷം, ആഹാരം, വിചാര വികാരങ്ങൾ,, കല, ചിന്താരീതികൾ, മനോഘടന തുടങ്ങി പല ഘടകങ്ങൾ. പറഞ്ഞു വരുന്നത് സംസ്‌കാരത്തിലൂന്നിയ പങ്കുവെക്കലിന്റെ രാഷ്ട്രീയത്തെ കുറിച്ചാണ്. വിശ്വാസത്തിനു ഒരു തലം മാത്രമേയുള്ളൂ, സംസ്‌കാരത്തിന് അനേകം തലങ്ങളുണ്ട്.

കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ഇസ്ലാമും ഇസ്ലാമിക സമൂഹവും. ആ വെല്ലുവിളിക്കൾ മതവിശ്വാസത്തെകുറിച്ചുള്ള യുക്തിചിന്തയുടെ കേവലമായ പരീക്ഷണങ്ങളല്ല, മറിച്ച് ആ മതത്തിന്റെ സാംസ്‌കാരികമായ നിലനില്പ്പിനേയും മുസ്ലീം സ്വത്വത്തിനും നേരെയുള്ള അപകടകരമായ വെല്ലുവിളിയുമാണ്. പക്ഷെ ആ വെല്ലുവിളികളെ മറികടക്കുക എന്നത് മുസ്ലീങ്ങളുടെ മാത്രം ഉത്തരവാദിത്വമായി കണ്ടു മുസ്ലീങ്ങൾ ഒന്നിക്കുക്ക എന്ന (കപട) രാഷ്ട്രീയ അടവു നയമാണ് മുന്നോട്ട് വെക്കുന്നതെങ്കിൽ ഹിന്ദുത്വ ശക്തികൾക്ക് അവരുടെ ജോലി എളുപ്പമാകും എന്നല്ലാതെ മറ്റൊരു ഗുണവും ലഭിക്കില്ല. മറിച്ച് ജനാധിപത്യ വിശ്വാസികളായ മതേതര മനസ്സുകളെ എല്ലാ അർത്ഥത്തിലും ഒന്നിപ്പിക്കുക എന്നതാണ് ഇവിടെയുള്ള ഒരേ ഒരു മാർഗ്ഗം. അഥവാ ജനാധിപത്യ മതേതര ഐക്യമുന്നണി രൂപപ്പെടുത്തുക. അത് തങ്ങളുടെ പ്രാഥമിക രാഷ്ട്രീയ അജണ്ടയായി കണക്കാക്കെണ്ടാവരാണ് ഇവിടത്തെ ഇടതുപക്ഷം.

ബീഫ് കഴിച്ചു എന്ന ഒറ്റക്കാരണത്താൽ ഒരുവന് ജീവൻ ബലികൊടുക്കേണ്ടി വന്ന ഇന്ത്യയിൽ പശുവിനെ വാഹനത്തിൽ കടത്തി എന്ന ഒറ്റ കാരണത്താൽ മരക്കൊമ്പിൽ തൂങ്ങിയാടേണ്ടി വരുന്ന ശരീരങ്ങളുള്ള വർത്തമാന ഇന്ത്യയിൽ ഇരയാകുന്നവർ ഇസ്ലാം മത വിശ്വാസികളാണ് എന്നതിലുപരി മുസ്ലീം നാമധാരിയാണ് എന്ന ഒറ്റക്കാരണത്താലാണ് എന്ന തിരിച്ചറിവിലൂന്നിയ രാഷ്ട്രീയ പ്രവർത്തനമാണ് ഇന്ത്യൻ ഇടതു പക്ഷവും മതേതര പ്രസ്ഥാനങ്ങളും സ്വീകരിക്കേണ്ടത്. എന്നാൽ അവിടെ മനസ്സിലാക്കേണ്ട വസ്തുത ഈ അധികാര കരുത്തിന്റെ മൂർധന്യ ഭാവത്തിൽ നില്ക്കുന്ന ആധുനിക ഹിന്ദുത്വയെ പ്രതിരോധിക്കാൻ ഉള്ള മാർഗ്ഗം വിഭാഗീയമായ ഇസ്ലാം രാഷ്ട്രീയമല്ല മറിച്ച് തീർത്തും മതേതരമായ ഒരു ഐക്യ മുന്നണിയാണ്. ഇത് ഉറക്കെ പറയേണ്ടവരിൽ മുന്നിൽ നില്‌ക്കേണ്ടവരാണ് ഇടതുപക്ഷ പ്രവർത്തകർ.

ചിന്ത പറഞ്ഞ വാചകത്തിലെ പേന കണ്ടു പിടിച്ചതു പടച്ചോനാണോ എന്നൊക്കെയുള്ള കേവല യുക്തിവാദികളുടെ പരിഹാസത്തെ അവഗണിച്ചേക്കൂ. അവർക്ക് വേറെ ജോലിയൊന്നുമില്ല. പക്ഷെ അതല്ല കാര്യം. പെരുന്നാൾ ആശംസ അർപ്പിക്കുക എന്നത് ഒരു ചെറിയ കാര്യമായി തോന്നാമെങ്കിലും അവിടെ അറിഞ്ഞോ അറിയാതെയോ ചിന്ത ജെറോം ചെയ്തത് ആഘോഷങ്ങളെ മതാത്മക യുക്തികളിലൊതുക്കുന്ന മതകീയ ചേരിയുടെ കൂടെ നില്ക്കലായിപ്പോയി. ഇവിടെ ഊറി ചിരിക്കുന്നത് സംഘപരിവാർ ശക്തികളാണ്. കഷ്ടപ്പെടാതെ അവർക്കുള്ള അന്നം വീണു കിട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ പ്രചരണം നോക്കൂ ശ്രീ കൃഷ്ണ ജയന്തി ആഘോഷത്ത നേരിടാൻ സാംസ്‌കാരിക ഘോഷയാത്ര കൊണ്ട് വന്നവർ, പാർട്ടി പ്ലീനത്തിൽ പാർട്ടി മെമ്പർമാരുടെ വീട്ടിൽ ഗണപതി ഹോമം വിലക്കിയർ ഇസ്ലാമിന്റെ കാര്യം വന്നപ്പോൾ ദൈവത്തെയും പ്രവാചകനെയും സ്തിക്കുന്നത് നോക്കൂ എന്ന്. ഇതിനെ സ്വയം പ്രതിരോധിക്കാൻ ഉതകുന്ന ബൗദ്ധിക നിലവാരത്തിലെത്തിയ മനസ്സുകൾ കേരളത്തിൽ നന്നേ കുറവാണ് എന്നതാണ് യാഥാർത്ഥ്യം.
ഇവിടെ രണ്ടാമത് വരുന്ന കാര്യമാണ് ചിന്ത ജെറോം എന്ന മാർക്‌സിസ്റ്റ്‌ന്റെ വീക്ഷണത്തിൽ വരേണ്ട മാറ്റം. മാർസിസത്തിലൂന്നിയ കമ്യൂണിസം രൂപപ്പെട്ട കാലം മുതലേ തന്നെ നില നിന്നിരുന്ന ചർച്ചാ വിഷയമാണ് മതവും മതത്തോടുള്ള മാർക്‌സിതന്റെ് സമീപനവും. ഇന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിസകൾക്ക് പോലും കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്താനോ തീരുമാനിക്കനോ പറ്റാത്ത ഒരു വിഷയമായി അവശേഷിക്കുന്നതാണ് മതത്തിൽ മാർകിസ്റ്റുകളുടെ ഇടപെടലുകൾ.

മാർക്‌സിസവും മതവും ആശയ തലത്തിൽ ഒരുമിച്ചു പോകുന്ന ഒന്നല്ല എങ്കിലും മതത്തെ മതത്തിന്റെ ആശയതലത്തിൽ ഏറ്റവും നന്നായി പഠിക്കുകയും നിർവചിക്കുകയും ചെയ്ത ആളാണ് മാർക്‌സ്. മാർക്‌സിസം മതത്തെ കാണുന്ന രീതിയെ സംബന്ധിച്ച് ഗൗരവമായ സംവാദങ്ങൾ പല ഘട്ടങ്ങളിലും ഉയർന്നു വന്നിട്ടുണ്ട്. മാർക്‌സിസം മതവിരുദ്ധ ആശയമാണെന്ന ധാരണ വിവിധ കാലങ്ങളിൽ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. മതങ്ങളെ അന്ധമായി എതിർക്കുക എന്നതല്ല, മറിച്ച് അതിനെ അതിന്റെ ചരിത്ര കാലഘട്ടത്തിൽവെച്ച് പരിശോധിക്കുകയും ഗുണപരമായി അത് നിർവഹിച്ച കടമകളെ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് മാർക്‌സിസ്‌റുകളുടെ സമീപനം.

അതുകൊണ്ടുതന്നെ പരലോകത്തെ സമത്വം ഈ ലോകത്തുകൂടി വ്യാപിപ്പിക്കുന്നതിനുവേണ്ടി കമ്യൂണിസ്‌റുകാരുമായി ഐക്യപ്പെട്ടുപോകുന്നതിന് മതവിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ചരിത്രത്തെ ശാസ്ത്രീയമായി കാണുന്ന ഈ സമീപനംതന്നെയാണ് മറ്റെല്ലാ മതങ്ങളോടും മാർക്‌സിസം സ്വീകരിച്ചത്. അതിനാൽ തന്നെയാണ് മഹത്തായ സാമൂഹ്യസമരങ്ങളിലും, നവോത്ഥാന പ്രക്രിയകളിലും മതം വഹിച്ച പങ്കിനെ മാർക്‌സിസം പ്രാധാന്യത്തോടെ കാണുന്നത്. റോമാ സാമ്രാജ്യത്വത്തിന്റെ ജീർണാകാലഘട്ടത്തിലെ ബഹുജനകലാപങ്ങളിലാണ് ക്രിസ്തുമതത്തിന്റെ ഉത്ഭവമെന്നു മാർക്‌സും എംഗൽസും ദർശിച്ചിട്ടുണ്ട്. ഇസ്‌ളാം മതത്തിന്റെ ആവിര്ഭാാവത്തെ കുറിച്ച് പരാമര്ശിദക്കവേ ബദൂയിനുകളും പട്ടണവാസികളും തമ്മിലുള്ള ആഭ്യന്തരസമരങ്ങളിലേക്ക് മാര്ക്‌സും എംഗല്‌സുംങ ശ്രദ്ധക്ഷണിക്കുകയുണ്ടായി. അറേബ്യൻ ഉപദ്വീപിനെ അബിസീനിയക്കാരിൽനിന്ന് വിമോചിപ്പിക്കുന്നതിനും ചിരകാലമായി മറഞ്ഞുപോയ വ്യാപാരമാർഗങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള അറബി ദേശീയബോധത്തിന്റെ ഉണ്ടായിരുന്നു അതെന്നും കണ്ടെത്തുന്നുണ്ട്. ജീർണിക്കുന്ന നാടുവാഴി വ്യവസ്ഥയും ഉയർന്നുവരുന്ന ബൂർഷ്വാസിയും തമ്മിലുള്ള സങ്കീർണമായ വർഗസമരത്തിന്റെ പ്രതിഫലനമായിരുന്നു പ്രൊട്ടസ്‌റന്റ് സഭ നടത്തിയ പരിഷ്‌കാരമെന്നും അവർ നിരീക്ഷിച്ചു. ബുദ്ധമതവും ജൈനമതവും ബ്രാഹ്മണമേധാവിത്വത്തിനെതിരെ രൂപപ്പെട്ടുവന്ന എതിർപ്പിന്റെ മുഖമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും മാർക്‌സിസ്‌റുകാർ നിരീക്ഷിക്കുകയുണ്ടായി. അക്ഷരം ശൂദ്രന് നിഷേധിച്ചിരുന്ന കാലത്ത് അവ നല്കുന്നതിന് ബുദ്ധസന്ന്യാസിമാർ സ്വീകരിച്ച നിലപാടുകൾ ഇതിന്റെ തുടർച്ചയായാണ് കാണേണ്ടത്.

മതം നിര്വചഹിച്ചിരുന്ന സാമൂഹ്യ ധർമത്തെ നിരവധി ലേഖനങ്ങളിലൂടെ മാര്ക്‌സ് വ്യക്തമാക്കുന്നുണ്ട്. മനുഷ്യൻ മതത്തെ സൃഷ്ടിക്കുകയാണ്, മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്യുന്നതെന്ന് A contribution to the Critique of Hegel's Philosophy of Law എന്ന പ്രബന്ധത്തിൽ കാൾ മാർക്‌സ് പറയുന്നുണ്ട്. മതത്തെ മാർക്‌സ് മയക്കുമരുന്നെന്ന് വിശേഷിപ്പിച്ചതും ഇതേ പ്രബന്ധത്തിലാണ്. ഇനിയും കണ്ടെത്താത്തവനോ കണ്ടെത്തിയിട്ട് വീണ്ടും സ്വയം നഷ്ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതിലൂടെ മനുഷ്യൻ മതങ്ങളെ സൃഷ്ടിക്കുകയാണുണ്ടായതെന്ന സമീപനം മുന്നോട്ടുവയ്ക്കുന്നു. അതോടൊപ്പംതന്നെ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം എന്ന് സൂചിപ്പിക്കുന്നതിലൂടെ മനുഷ്യനും മതവും തമ്മിലുള്ള പരസ്പരബന്ധത്തെ അംഗീകരിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യന്റെ പ്രകൃതിയുമായുള്ള സംവേദനത്തിന്റെയും തന്നെക്കുറിച്ചുള്ള ബോധത്തിന്റെയും പ്രതിഫലനമെന്ന നിലയിലാണ് മതത്തെ കാണുന്നത്. മാർക്‌സിന്റെ പ്രസിദ്ധമായ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പ്രയോഗവും ഈ ലേഖനത്തിൽതന്നെയാണ് വരുന്നത്. എന്നാൽ, ഇത് ഉദ്ധരിക്കുന്നവർ ഏത് സാഹചര്യത്തിലാണ് മാർക്‌സ് അത് ഉപയോഗിച്ചതെന്നും എന്താണ് അതിനുമുമ്പും പിമ്പുമായി പറഞ്ഞതെന്നും വിശദീകരിക്കാൻ പരിശ്രമിക്കാറില്ല. മേൽസൂചിപ്പിച്ച ലേഖനത്തിലെ ഒരു ഖണ്ഡികയുടെ അവസാനമായാണ് പ്രസിദ്ധമായ കറുപ്പ് എന്ന പ്രയോഗം അദ്ദേഹം നടത്തുന്നത്. ആ ഖണ്ഡിക ഇങ്ങനെയാണ്: 'മതപരമായ സന്താപം എന്നത് അതേസമയംതന്നെ യഥാർഥ സന്താപത്തിന്റെ ഒരു ബഹിർസ്ഫുരണവും യഥാർഥം സന്താപത്തിനെതിരായ പ്രതിഷേധവുംകൂടിയാണ്. മതം മർദ്ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന കറുപ്പുമാണത്.'' (മതത്തെപ്പറ്റി, മാർക്‌സ് എംഗല്‌സ്., പേജ് 47). ഇതേ നിലപാട് തന്നെ ലെനിന്റെ എഴുത്തിലും കാണാം. മതവും സോഷ്യലിസവും' എന്ന തന്റെ ലേഖനത്തിൽ ലെനിൻ പറയുന്നുണ്ട് 'മതമെന്നത് ഒരുതരം ആത്മീയമായ മദ്യപാനമാണ്'(Religion is a sort of spiritual booze).

ഇവിടെയൊക്കെ തന്നെ ചിന്ത ജെറോം എന്ന മാർക്‌സിസ്റ്റ് കാണേണ്ടിയിരുന്ന കാര്യം മതത്തെയും വിശ്വാസത്തേയും മാർക്‌സ് മതവിശ്വാസിയെ കൂടി കണക്കിലെടുത്ത് നിർവചിക്കുമ്പോളും തന്റെ വിമർശസനാത്മക മത സമീപനം കയ്യൊഴിഞ്ഞിരുന്നില്ല. അഥവാ നില നിന്നിരുന്ന സാമൂഹിക യാഥാർത്ഥ്യയളോടൊപ്പം മതത്തെ ചേർത്തു കാണുമ്പോഴും മതത്തെ അതുയർത്തുന്ന സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രതിസന്ധികൾ മാർക്‌സ് കണ്ടിരുന്നു, കൈകാര്യം ചെയ്തിരുന്നു. മതത്തിനകത്തെ സ്വത്വ പ്രതിസന്ധികളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കേണ്ടത് മതാത്മക ചെരിക്കൊപ്പം നിന്ന് കൊണ്ടല്ല മറിച്ച് മതേതര ചെരിക്കൊപ്പം നിലനിന്ന് കൊണ്ടാണ്. അപകടകരമായ സ്വത്വ പ്രതിസന്ധി നേരിടുന്ന മുസ്ലീമിനോടുള്ള ഐക്യദാർഡ്യം പ്രകടിപ്പിക്കലും പ്രതിരോധത്തിൽ പങ്കാളിയാവുകയും ചെയ്യേണ്ടത് മുസ്ലീം ആയിട്ടല്ല മറിച്ച് ആ പ്രതിരോധത്തിൽ എല്ലാ മതങ്ങളെയും പങ്കാളികളാക്കികൊണ്ടാണ്.

മലയാളികൾ ഒന്നായി ഒരു സാംസ്‌കാരിക ആഘോഷമായി കൊണ്ടാടിയിരുന്ന ഓണത്തെ ഹിന്ദുത്വ ഗ്രൂപ്പുകൾ ഇന്ന് വാമന ജയന്തിയാക്കാൻ പ്രചരണം നടത്തുന്നു. ഇതു പോലെ ഏതൊരു ജനകീയ ആഘോഷങ്ങളുടെയും ഐതിഹ്യം ചുരണ്ടി അവനവന്റെ് മതത്തിന്റെ ആലയിലേക്ക് ആനയിക്കപെടുന്ന പുത്തൻ സാംസ്‌കാരിക സ്ഥിതി വിശേഷത്തിനുള്ള വഴി മുന്നേ തന്നെ വെട്ടിയ സ്ഥിതിക്ക് ആ വഴിയിലൂടെ നടത്തുക എന്ന ജോലി മാത്രമേ ഇനി മത മൗലിക ശക്തികൾക്ക് മുന്നിൽ ബാക്കിയുള്ളൂ .ആ വഴി അടപ്പിക്കുക എന്ന ശ്രമകരമായ ജോലിയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അടക്കമുള്ള ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും പ്രവർത്തകരും ചെയ്യേണ്ടത്. അറിഞ്ഞോ അറിയാതെയോ ആ വഴിയിൽ അല്പം ടൈൽ പാകി മനോഹരമാക്കുകയാണ് ചിന്ത ചെയ്തത്. അത് ചിന്ത തന്നെ തിരിച്ചറിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ചിന്തയുടെ പിന്നീടുവന്ന മറുപടി പോസ്റ്റ് അത് സൂചിപ്പിക്കുന്നു.

ഒരു മതത്തിന്റെ ആഘോഷത്തെ ആ മതഗ്രന്ഥത്തിലെ ഒരു വാചകം ഉദ്ധരിച്ച് ആശംസിച്ചതിനു എന്ത് കുഴപ്പം. ഇത് ഇസ്ലാമിക വിരോധമാണ്. ഇടതുപക്ഷ മുഖം മൂടിയിട്ട സംഘപരിവാർ മനസ്സുകളാണ് എന്ന തരത്തിലുള്ള നിഷ്‌കളങ്ക ഇസ്ലാമിസ്റ്റുകളുടെ വാദക്കാരോട്, പ്രിയ സുഹൃത്തുക്കളേ ഇസ്ലാം വിരോധം മനസ്സിൽ സൂക്ഷിക്കുന്ന കേവല യുക്തിവാദ സാംഗത്യം ചര്യയാക്കിയവരെ നിങ്ങൾ വിട്ടുകളഞ്ഞേക്കൂ. ഒരു പക്ഷെ നിങ്ങളെക്കാളേറെ സംഘപരിവാറിനെ അവരുടെ കൂടെ നിന്ന് നേരിട്ടറിഞ്ഞ ആളെന്ന നിലയിൽ തന്നെ പറയട്ടെ, നിങ്ങളുടെ ഈ വാദങ്ങൾ തന്നെയാണ് സംഘപരിവാർ പ്രതീക്ഷിക്കുന്നതും. അവരുടെ കാര്യങ്ങൾ എളുപ്പമാക്കുന്നതും.

നിങ്ങളുടെ മത വിശ്വാസം കാത്തു സൂക്ഷിക്കുന്ന തരത്തിൽ തന്നെ വിശ്വാസങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ ഒരു പങ്കു വെക്കലിന്റെ, കൂടിചേരലിന്റെ സംസ്‌കാരം കൂടി പ്രാവർത്തികമാക്കേണ്ടാതായുണ്ട്. അത് കേവലം ആഘോഷങ്ങളിൽ ഒതുങ്ങുന്നതല്ല, അത് ഇന്നിന്റെയും നാളെയുടെയും പ്രതിരോധത്തിന്റെ രാഷ്ട്രീയം കൂടിയാണ്.