ലോക കായികമാമാങ്കത്തിന് കൊടിയുയരാൻ ഇനി ഒരാഴ്ച; വിവാദത്തീയിൽ ലോകവും ഇന്ത്യയും

കായികമാമാങ്കത്തിനായി ലോകമെങ്ങും കണ്ണും കാതും കൂർപ്പിച്ചിരിക്കുമ്പോൾ കേൾക്കുന്നത് അശുഭവാർത്തകൾ മാത്രം. കായിക മാമാങ്കത്തിന് മുന്നോടിയായി ഉത്തേജക വിവാദവും റഷ്യൻ വിലക്കും ലോകമൊട്ടാകെ ചർച്ചയായപ്പോൾ ഇന്ത്യയിലും അതിന്റെ അലയൊലികൾ അരങ്ങേറുകയാണ്.

ലോക കായികമാമാങ്കത്തിന് കൊടിയുയരാൻ ഇനി ഒരാഴ്ച; വിവാദത്തീയിൽ ലോകവും ഇന്ത്യയും

നിരഞ്ജൻ

റിയോ ഒളിമ്പിക്‌സിന് കൊടിയുയരാൻ ഇനി ഒരാഴ്ച മാത്രം ബാക്കി. കായികമാമാങ്കത്തിനായി ലോകമെങ്ങും കണ്ണും കാതും കൂർപ്പിച്ചിരിക്കുമ്പോൾ കേൾക്കുന്നത് അശുഭവാർത്തകൾ മാത്രം.

റിയോയിലേക്കുള്ള വഴി തന്നെ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. കഴിഞ്ഞ വർഷം ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമേകിയ ബ്രസീലിൽ അതേച്ചൊല്ലി വൻ കലാപം തന്നെ നടന്നു. രാജ്യം സാമ്പത്തികമായി കൂപ്പുകുത്തുമ്പോൾ സ്‌റ്റേഡിയം നിർമ്മാണത്തിനും മറ്റുമായി കോടികൾ ചെലവഴിക്കുന്നതിനെതിരെയായിരുന്നു ബ്രസീലുകാരുടെ പ്രതിഷേധം. കാൽപ്പന്തുകളിയുടെ ഈറ്റില്ലത്ത് ഫുട്‌ബോളിനെതിരെയുണ്ടായ അതേ ജനവികാരം തന്നെയായിരുന്നു പിന്നീടെത്തുന്ന ഒളിമ്പിക്‌സിനോടും.


മഹാരഥൻമാരായ കായികതാരങ്ങൾ വരെ സാധാരണക്കാരനൊപ്പം തെരുവിൽ അണിനിരന്ന കലാപങ്ങൾക്കൊടുവിൽ തെളിഞ്ഞ ഒളിമ്പിക് ദീപശിഖയുടെ വെൺമ കെടാതെ മുന്നോട്ടുപോകുന്നതിനിടെയാണ് റിയോ ഡി ജനീറോയിൽ നിന്നും വിവാദങ്ങളുടെ തിരി വീണ്ടും തെളിയുന്നത്.

ഉത്തേജക മരുന്ന് വിവാദമാണ് ഏറ്റവും ഒടുവിൽ ഒളിമ്പിക്‌സിന്റെ ശോഭ കെടുത്തുന്നത്. സോച്ചിയിൽ നടന്ന ശീതകാല ഒളിമ്പിക്‌സിൽ ഉത്തേജക മരുന്ന് ഉപയോഗത്തിന് കായിക താരങ്ങൾക്ക് റഷ്യൻ അധികൃതരുടെ പിന്തുണ ഉണ്ടായിരുന്നുവെന്ന് രാജ്യാന്തര ഉത്തേജക മരുന്നു വിരുദ്ധ ഏജൻസി (വാഡ)യുടെ സ്വതന്ത്ര സമിതി കണ്ടെത്തിയതിനെ തുടർന്നാണ് റഷ്യക്ക് ആദ്യം രാജ്യാന്തര ഒളിമ്പിക് കൗൺസിൽ വിലക്ക് ഏർപ്പെടുത്തിയത്. ഏതാനും പേർ ചെയ്ത തെറ്റിന്റെ പേരിൽ ഒരു രാജ്യത്തെ ഒന്നാകെ വിലക്കുന്നത് ശരിയല്ലെന്ന വാദം ഉയർത്തി കായികലോകം പ്രതിഷേധിച്ചു. മെഡൽ നേടുകയല്ല, പങ്കെടുക്കുകയാണ് പ്രധാനം എന്ന ഒളിമ്പിക് ചാർട്ടറിന്റെ ലംഘനമാണ് നടപടിയെന്നായിരുന്നു പ്രധാന വിമർശനം.

ലോകമൊട്ടാകെയുള്ള പ്രതിഷേധവും റഷ്യൻ ഭരണകൂടത്തിന്റെ സമ്മർദ്ദവും ശക്തമായപ്പോൾ അതത് ഫെഡറേഷനുകൾക്ക് കായികതാരങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കാം എന്ന ബദൽ നിർദേശം വച്ച് രാജ്യാന്തര ഒളിമ്പിക് കൗൺസിൽ തടിയൂരി. ഇതോടെ റഷ്യയുടെ വിലക്ക് ഭാഗികമായി നീങ്ങിയേക്കും.

വിവാദക്കൊടുങ്കാറ്റ് ഇന്ത്യയിലും

കായിക മാമാങ്കത്തിന് മുന്നോടിയായി ഉത്തേജക വിവാദവും റഷ്യൻ വിലക്കും ലോകമൊട്ടാകെ ചർച്ചയായപ്പോൾ ഇന്ത്യയിലും അതിന്റെ അലയൊലികൾ അരങ്ങേറുകയാണ്. ഒരു രാജ്യത്തെ വിജയതീരമണയാൻ അധികൃതരുടെ സഹായത്തോടെ ഉത്തേജക മരുന്നടിക്കാൻ പ്രേരിപ്പിക്കുന്ന വിവാദമാണ് റഷ്യയിൽ അരങ്ങേറുന്നതെങ്കിൽ ഇന്ത്യയിലെ സംഭവം മറ്റൊന്നാണ്. ഒരുത്തനെ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കാൻ എതിരാളികളുടെ കുതന്ത്രപ്രയോഗമാണ് ഇവിടെ രണ്ടു പേരുടെ വിലക്കിന് ഇടയാക്കിയതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.

[caption id="attachment_32723" align="aligncenter" width="648"]ഷോട്ട്പുട്ട് താരം ഇന്ദർജീത്ത് സിംഗും ഗുസ്തി താരം നർസിംഗ് യാദവും ഷോട്ട്പുട്ട് താരം ഇന്ദർജീത്ത് സിംഗും ഗുസ്തി താരം നർസിംഗ് യാദവും[/caption]

ഷോട്ട്പുട്ട് താരം ഇന്ദർജീത്ത് സിംഗും ഗുസ്തി താരം നർസിംഗ് യാദവും ഉത്തേജക മരുന്നു പരീക്ഷയിൽ പരാജയപ്പെട്ട് തലകുനിച്ച് മടങ്ങുമ്പോൾ കളത്തിന് പുറത്തെ കളിക്കും ഇതിലൊക്കെ പങ്കുണ്ടെന്ന കാര്യമാണ് പുറത്തുവരുന്നത്. പരിശീലകരുടെയും കായിക ലോകം കൈയാളുന്നവരുടെയും ഇരകളായി താരങ്ങൾ മാറുന്നതിന് പരിഹാരം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ ഇതിന് അനുകൂലമായ ഒരു മാറ്റത്തിന് വേണ്ടി സർക്കാറോ ഫെഡറേഷൻ തലപ്പത്തുള്ള മുതിർന്ന കായികതാരങ്ങളോ ശ്രമിക്കുന്നില്ലെന്നതും വിമർശന വിധേയം തന്നെ.

നർസിംഗും ഇന്ദർജീത്തും ആരുടെ ഇര?

ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യയെ ആര് പ്രതിനിധീകരിക്കും. ഗുസ്തി കളത്തിന് പുറത്തേക്ക് നീണ്ടപ്പോൾ തീരുമാനമായത് കോടതിയിൽ. 74 കിലോഗ്രാം ഗുസ്തിയിൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ നർസിംഗ് യാദവിന് അനുകൂലമായിരുന്നു വിധി. മറുവശത്ത് 68 കിലോഗ്രാം വിഭാഗത്തിൽ രണ്ട് ഒളിമ്പിക് മെഡൽ നേടിയ സുശീൽ കുമാറായിരുന്നു എതിരാളി. ഈ വിഭാഗം ഒളിമ്പിക്‌സിൽ നിന്നും എടുത്തുകളഞ്ഞതോടെ സുശീൽ 74 കിലോഗ്രാമിലേക്ക് മാറി. പരിക്കു കാരണം സുശീലിന് ഈ വിഭാഗത്തിൽ അധികം മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ നർസിംഗും താനുമായി ട്രയൽസ് നടത്തിയ ശേഷം ഒരാളെ ഒളിമ്പിക്‌സിന് അയക്കണമെന്നായിരുന്നു സുശീലിന്റെ വാദം. ഇത് ഫെഡറേഷൻ തള്ളി. പിന്നീട് സുശീൽ കോടതിയെ സമീപിച്ചെങ്കിലും നർസിംഗിന് പിന്നിൽ ഫെഡറേഷൻ ഉറച്ചുനിന്നതോടെ കോടതിയിലും സുശീൽ കുമാറിന് പരാജയം രുചിച്ചു. ഇതോടെയാണ് നർസിംഗ് യാദവിന് റിയോയിലേക്ക് വഴി തെളിഞ്ഞത്.

ഈ വിവാദങ്ങളുടെ ചുവട് പിടിച്ച് തന്നെയാണ് നർസിംഗ് യാദവ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന വിവാദത്തെയും എല്ലാവരും നോക്കിക്കാണുന്നത്. ജൂൺ 25ന് പരിശോധിച്ച നർസിംഗിന്റെ രക്തം ജൂലായ് അഞ്ചിന് വീണ്ടും പരിശോധിച്ചപ്പോഴാണ് നിരോധിത മരുന്നായ അനബോളിക് സ്റ്റിറോയ്ഡായ മെതൻഡിനോൺ ഉപയോഗിച്ചതായി കണ്ടെത്തിയത്. എ സാമ്പിളിലും ബി സാമ്പിളിലും നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും ബി സാമ്പിൾ തുറന്നുപരിശോധിച്ചത് താരത്തിന്റെ സാന്നിദ്ധ്യത്തിലാണെന്നും നാഡ ഡയറക്ടർ ജനറൽ നവീൻ അഗർവാൾ പറയുന്നു. എന്നാൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദം ഉയർത്തുകയാണ് നർസിംഗ് യാദവ്.

കഴമ്പുള്ള വാദം

റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും പരിശീലകൻ ജഗ്മൽ സിംഗും ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്തും നർസിംഗിനെ അനുകൂലിച്ച് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. സോനിപ്പത്ത് സായ് സെന്ററിലാണ് നർസിംഗ് പരിശീലനം നടത്തുന്നത്. ഇവിടെ പരിശീലന പങ്കാളിയായിരുന്നത് സന്ദീപ് യാദവ് ആയിരുന്നു. സന്ദീപും ഉത്തേജക മരുന്നടിച്ചതായി ഇതിനകം തെളിഞ്ഞിട്ടുണ്ട്. അടുത്തൊന്നും മത്സരങ്ങളില്ലാത്ത, ഒളിമ്പിക് ടീമിലില്ലാത്ത സന്ദീപ് എന്തിന് മരുന്നടിച്ചുവെന്നതാണ് സംശയാസ്പദം.

ഇരുവരും കഴിക്കുന്ന സായ് സെന്ററിലെ ഭക്ഷണത്തിൽ ആരെങ്കിലും നിരോധിത സ്റ്റിറോയ്ഡ് കലർത്തിയതാകാമെന്ന വാദത്തിന് ഇതോടെ ശക്തിയേറുകയാണ്. പുറത്തു നിന്നും വന്നയാൾ ഭക്ഷണത്തിൽ എന്തോ കലർത്തുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്ന പാചകക്കാരന്റെയും ജൂനിയർ താരത്തിന്റെയും മൊഴി കൂടി പുറത്തുവന്നതോടെ നർസിംഗ് യാദവ് കളത്തിന് പുറത്തുള്ളവരുടെ കളിക്ക് ഇരയാവുകയാണെന്ന വാദം ബലപ്പെടുന്നു.

[caption id="attachment_32724" align="aligncenter" width="648"]സുശീല്‍ കുമാര്‍ സുശീല്‍ കുമാര്‍[/caption]

dope tests


സോനിപ്പത്തിലെ ക്യാമ്പിൽ സന്ദീപും നർസിംഗും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചതത്രെ. നർസിംഗിന്റെ ജീവന് വരെ ക്യാമ്പിൽ ഭീഷണിയുണ്ടെന്ന് ഹരിയാന രഹഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പരിശീലനത്തിനിടെ മനപ്പൂർവം പരിക്കേൽപ്പിക്കാൻ സാദ്ധ്യതയുള്ളതു കൊണ്ട് നർസിംഗിന്റെ കൂടി അഭ്യർത്ഥന മാനിച്ചാണ് സന്ദീപിനെ പങ്കാളിയായി നൽകിയത്. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ഗുസ്തി താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുമ്പോൾ മല്ലയുദ്ധത്തിൽ പേരുകേട്ട നാട്ടുകാർക്ക് തലകുനിച്ച് കണ്ണീരണിയാനേ കഴിയൂ.

ഇതിനിടെ നർസിംഗിന് പകരം സുശീലിനെ റിയോയിലേക്ക് അയക്കണമെന്ന ആവശ്യം ഉന്നയിച്ച സുശീൽകുമാറിന്റെ പരിശീലകനും ഭാര്യാപിതാവുമായ സത്പാലിനെതിരെ ചിലർ ആരോപണം ഉന്നയിക്കുന്നുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ മാത്രമേ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് വ്യക്തമാകൂ. എന്തുതന്നെയായാലും സ്വർത്ഥ താത്പര്യത്തിന് വേണ്ടി കായികമേഖലയിലേക്ക് കടന്നുകയറുന്നവരെ സൂക്ഷ്മ നിരീക്ഷണം നടത്തണമെന്ന് തന്നെയാണ് ഇന്ത്യയിലെ വിവാദങ്ങൾ പഠിപ്പിക്കുന്നത്.

കായിക ലോകം ഭരിക്കുന്നവർക്കെതിരെ ശബ്ദം ഉയർത്തിയത് തന്നെയാണ് തന്നെ കുടുക്കിയതിന് പിന്നിലുള്ള ഗൂഢാലോചനയെന്ന് ഇന്ദർജീത്തും തുറന്നുപറയുമ്പോൾ കായിക താരങ്ങളുടെ മനസ് മരവിപ്പിക്കുന്ന സംഭവങ്ങളിൽ യാഥാർത്ഥ്യം പുറത്തുവരട്ടെയെന്ന് ആശിക്കാം. വിവാദങ്ങൾക്ക് വിടനൽകി ആഗസ്ത് അഞ്ചു മുതൽ 21 വരെ നടക്കുന്ന ലോക കായിക മാമാങ്കവേദിയായ ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക് കണ്ണും കാതും നൽകാം.