A സർട്ടിഫിക്കറ്റിന് ഇന്ന് 50 വയസ്സ്

അമിത വയലന്‍സ്, കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പാടില്ലാത്ത വിധം വൈരുദ്ധ്യമുള്ള ഉള്ളടക്കം, അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളുടെ അതിപ്രസരം, അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന നഗ്നതാ പ്രദര്‍ശനം

A സർട്ടിഫിക്കറ്റിന് ഇന്ന് 50 വയസ്സ്

തിരുവനന്തപുരം: അശ്ലീല ചുവയുള്ള രംഗങ്ങളോ സംഭാഷണങ്ങളോ കൊണ്ട് സംമ്പുഷ്ടമായ ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് 'A'. പതിനെട്ടു വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇത്തരം ചിത്രങ്ങള്‍ തീയറ്ററുകളില്‍ ചെന്ന് കാണാന്‍ അനുവാദം.

സെന്‍സര്‍ ബോര്‍ഡിന്റെ "A" സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്ന സിനിമകള്‍ ഒരിക്കലും അമിത സെക്സ് അടങ്ങിയ രംഗങ്ങള്‍ ഉള്ളതു കൊണ്ട് മാത്രമല്ല ആ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. അമിത വയലന്‍സ്, കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പാടില്ലാത്ത വിധം വൈരുദ്ധ്യമുള്ള ഉള്ളടക്കം, അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളുടെ അതിപ്രസരം, അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന നഗ്നതാ പ്രദര്‍ശനം. ഇവയില്‍ ഏതെങ്കിലും ഒരു കാരണം കൊണ്ടാണ് സാധാരണഗതിയില്‍ "A" സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.


ഇന്ന് കാലം മാറി കഥ മാറി. സെന്‍സര്‍ ബോര്‍ഡിനെ കുറിച്ചും അവര്‍ കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റുകളെ കുറിച്ചുമെല്ലാം തര്‍ക്കങ്ങളും ചര്‍ച്ചകളും രോഷപ്രകടനങ്ങളും ഒക്കെ നടക്കുന്നു. എ ആണോ യു ആണോ എന്നൊന്നും പരിഗണിക്കാതെ ജനങ്ങള്‍ കൂട്ടത്തോടെ ചിത്രങ്ങള്‍ കാണാന്‍ തീയറ്ററുകളില്‍ പോകുന്നുമുണ്ട്. ഒരു കാലത്ത് A  സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചിരുന്ന പല തീയറ്ററുകളും ഇന്ന് കല്യാണ മണ്ഡപങ്ങളായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.

ഒരുപാട് മാറ്റങ്ങളിലൂടെയും കാലഘട്ടങ്ങളിലൂടെയും കടന്നു പോയ 'A  സര്‍ട്ടിഫിക്കറ്റ്' ഇന്ന് അതിന്റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍, ഗോൾഡൻ ജൂബിലി.

ഒരു കാലത്തെ സൂപ്പർ ഹിറ്റ് സംവിധായകൻ എം കൃഷ്ണൻ നായർ തന്റെ ഇഷ്ട നായകനായ പ്രേം നസീറിനെ നായകനാക്കി സംവിധാനം ചെയ്ത കല്യാണ രാത്രിയിൽ എന്ന സിനിമയ്ക്കായിരുന്നു ആദ്യത്തെ എ സർട്ടിഫിക്കറ്റ്. ഇക്കിളിരംഗങ്ങള്‍ കൊണ്ട് നിറഞ്ഞ ചിത്രം റിലീസ് ചെയ്തത് 1966 ജൂലൈ 15നാണ്. ചിത്രം കാണാൻ കുട്ടികളെ കൊണ്ടുവരരുതെന്ന മുന്നറിയിപ്പോടെയാണ് അന്നത്തെ പരസ്യങ്ങള്‍ എല്ലാം പുറത്തു വന്നത്.

തങ്കം മൂവീസിന്റെ ബാനറിൽ രാജു മാത്തൻ നിർമിച്ച ചിത്രത്തിൽ വിജയ നിർമലയായിരുന്നു നായിക. കൊട്ടാരക്കര ശ്രീധ‌രൻ നായർ, മുതുകുളം രാഘവൻപിള്ള, കടുവാക്കുളം ആന്റണി, മുത്തയ്യ , എൻ സരോജ തുടങ്ങിയ പ്രമുഖരുടെ നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

സെന്‍സര്‍ ബോര്‍ഡിനെ കുറിച്ച്...

സെന്‍സര്‍ ബോര്‍ഡ്‌ (CBFC) കേന്ദ്ര ഗവണ്മെന്റിന്‍റെ Ministry of Information and Broadcasting കീഴിലുള്ള ഒരു നിയമപരമായ ബോഡിയാണ്. ഇന്ത്യയില്‍ റിലീസ്‌ ചെയ്യുന്ന മോഷന്‍ സിനിമകളുടെ നിയന്ത്രണമാണ് ആ ബോഡിയുടെ പ്രധാന ഉത്തരവാദിത്വം.

അതിനായി സെന്‍സര്‍ ചെയ്യുന്ന സിനിമകള്‍ക്ക് നാല് തരം സര്‍ട്ടിഫിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അവ U, U/A, A & S എന്നിവയാണ്.

ഇതില്‍ U സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഒരു ഉപാധിയുമില്ലാതെ പൊതുജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാവുന്നവയ്ക്കും U/A സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കാണേണ്ടവയ്ക്കും A സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത് പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം കാണാവുന്നതും S സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത് സ്പെഷ്യല്‍ ക്ലാസ്സിലുള്ള വ്യക്തികള്‍ക്ക് മുന്നില്‍ പ്രദർശിപ്പിക്കാവുന്നതും എന്ന നിബന്ധനകളില്‍ ആണ്.

ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് 1952 ലെ Cinematograph Act, (certification) Rules, 1983, rw section 5 (B) പ്രകാരമുള്ള മാര്‍ഗ നിര്‍ദേശം അനുസരിച്ച് മാത്രമാണ്.