യു.എ.ഇയില്‍ 183 പുതിയ ഹോട്ടലുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

എമിരേറ്റുകളില്‍ ദുബായിലും അബു ദാബിയിലുമാണ് ഹോട്ടല്‍ വ്യവസായികള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

യു.എ.ഇയില്‍ 183 പുതിയ  ഹോട്ടലുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

യുഎഇയിലെ പല എമിരേറ്റുകളിലായി പ്രവര്‍ത്തനമാരംഭിക്കാന്‍ തയ്യാറെടുക്കുന്നത് 183 ഹോട്ടലുകള്‍. 183 ഹോട്ടലുകളിലായി 54,000 മുറികള്‍ ഒരുങ്ങുന്നുണ്ട്.

ആഡംബര ഹോട്ടലുകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ഡാറ്റബേസ് ആയ "ടോപ്‌ഹോട്ടല്‍ പ്രോജക്റ്റ്സിന്റെ" റിപ്പോര്‍ട്ട് പ്രകാരം ഇവയില്‍ ഭൂരിപക്ഷവും 2020നു മുന്പ് തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. 2017-ല്‍ 56 ഹോട്ടലുകളും 2018-ല്‍ 58 ഹോട്ടലുകളും പ്രവര്‍ത്തനം ആരംഭിക്കും.


പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ഹോട്ടലുകളില്‍ ദുബായിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന 'പാരമൗണ്ട് ഹോട്ടല്‍' ആണ് ഏറ്റവും ശ്രദ്ധേയം. ഹോളിവുഡിലെ പ്രശസ്തമായ പാരമൗണ്ട് പിക്ചേഴ്സിന്റെ ഹോട്ടല്‍ ഗ്രൂപ്പായ 'പാരമൗണ്ട് ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്സും' ഡാമാക് പ്രോപ്പര്‍ട്ടീസും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ഹോട്ടല്‍ അടുത്ത വര്‍ഷാന്ത്യത്തോടെ തുറക്കും. ഡൌണ്‍ടൌണ്‍ ദുബായിയിലെ ബുര്‍ജ് ഖലീഫക്ക് സമീപമാണ് ഹോട്ടല്‍. 1197 സര്‍വീസ്ഡ് റെസിഡെന്‍സുകളും 823 ഗസ്റ്റ് റൂമുകളും അടങ്ങിയ ഹോട്ടലിലെ ചില സ്വീറ്റുകള്‍ പാരമൗണ്ട് പിക്ച്ചേഴ്സിന്റെ സിനിമകളെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പാരമൗണ്ട് സിനിമകളുടെ ഒരു ലൈബ്രറിയും ഹോട്ടലില്‍ ഒരുങ്ങുന്നുണ്ട്.

പാരമൗണ്ട് ഹോട്ടലിനെക്കൂടാതെ അബു ദാബിയിലെ "ഹാര്ഡ് റോക്ക് ഹോട്ടല്‍', റാസ്-അല്‍-ഖൈമയിലെ 'സിറ്റി മാക്സ് ഹോട്ടല്‍', ദുബായ് 'മാരിയറ്റ് ഹോട്ടല്‍' എന്നിവയാണ് പുതുതായി ആരംഭിക്കുന്ന മറ്റു ചില പ്രമുഖ ഹോട്ടലുകള്‍. ഷാര്‍ജയില്‍ 6 ഹോട്ടലുകളും റാസ്-അല്‍-ഖൈമയില്‍ 5 ഹോട്ടലുകളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു.

എമിരേറ്റുകളില്‍ ദുബായിലും അബു ദാബിയിലുമാണ്  ഹോട്ടല്‍ വ്യവസായികള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടു എമിരേറ്റുകളിലുമായി 155 ഹോട്ടലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. 155 ഹോട്ടലുകളിലുമായി 47,619 മുറികള്‍ ഒരുങ്ങുന്നുണ്ട്.