കോതമംഗലം ദുരന്തം കഴിഞ്ഞിട്ട് ഒരു വര്‍ഷം; വനവത്കരണത്തിന്റെ ഭാഗമായി നടുന്നത് ദുര്‍ബല വൃക്ഷങ്ങളുടെ തൈകള്‍

മണ്ണിനടിയിലേക്ക് കുറച്ച് മാത്രം വേരുകള്‍ പടര്‍ത്തി വളരെ പെട്ടെന്ന് വളര്‍ന്ന് തണല്‍ തരുന്ന വൃക്ഷമാണ് വാക. വേനല്‍ക്കാലത്ത് തളിര്‍ത്ത് പൂത്ത് കായ്ക്കുന്ന ഈ മരം പെട്ടെന്ന് പടര്‍ന്നു പന്തലിക്കും. പെട്ടെന്ന് വളരുന്ന പോലെ കൊമ്പൊടിഞ്ഞും കടപുഴകിയും ഈ മരം പെട്ടെന്ന് വീഴും. കാറ്റ് പിടിക്കുന്ന ഇലകള്‍ക്ക് അത്യാവശ്യം വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാനാവില്ല. കട പുഴകിയോ ഒടിഞ്ഞോ വീഴും

കോതമംഗലം ദുരന്തം കഴിഞ്ഞിട്ട് ഒരു വര്‍ഷം; വനവത്കരണത്തിന്റെ ഭാഗമായി നടുന്നത് ദുര്‍ബല വൃക്ഷങ്ങളുടെ തൈകള്‍

കൊച്ചി: കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 നാണ് കോതമംഗലത്ത് സ്‌കൂള്‍ ബസിന് മുകളില്‍ മരം വീണ്  അഞ്ച് പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചത്. കോതമംഗലം കറുകിടം വിദ്യാവികാസ് സ്‌കൂളിലെ ഗൗരി, ഇസ സാറ, അമീന്‍ ജാബിര്‍,ജോഹന്‍, കൃഷ്‌ണേന്ദു എന്നീ കുട്ടികളാണ് മരിച്ചത്. കോതമംഗലം അപകടം നടന്നപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പാതയരികിലെ അപകടകാരിയായ മരങ്ങള്‍ കണ്ടെത്തി മുറിച്ചു നീക്കുമെന്ന് പറഞ്ഞിരുന്നു. മന്ത്രിയുടെ ഈ പ്രസ്താവനയുടെ മറവില്‍ റോഡരികിലും അല്ലാതെയുമുള്ള നിരവധി മരങ്ങള്‍ മുറിച്ചു നീക്കപ്പെട്ടു. എന്നാല്‍ പലയിടത്തും അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ റോഡരികില്‍ അതെപടി നില്‍ക്കുന്നുണ്ട്.  ഇത് പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടുന്ന സ്‌കൂള്‍ പരിസരത്തും ബസ് സ്റ്റോപ്പിലുമെല്ലാം ഉണ്ടെന്നതാണ് വാസ്തവം. റോഡരികില്‍ ഏറ്റവുമധികം വെച്ചു പിടിപ്പിക്കുന്നതും ദുര്‍ബല മരങ്ങളാണ്.


മണ്ണിനടിയിലേക്ക് കുറച്ച് മാത്രം വേരുകള്‍ പടര്‍ത്തി വളരെ പെട്ടെന്ന് വളര്‍ന്ന് തണല്‍ തരുന്ന വൃക്ഷമാണ് വാക. വേനല്‍ക്കാലത്ത് തളിര്‍ത്ത് പൂത്ത് കായ്ക്കുന്ന ഈ മരം പെട്ടെന്ന് പടര്‍ന്നു പന്തലിക്കും. അറബിപുളിയെന്ന് വിളിക്കപ്പെടുന്ന ഈ മരത്തിനകത്ത് ജലം സംഭരിച്ചു വെക്കാനുള്ള കഴിവുമുണ്ട്. പെട്ടെന്ന് വളരുന്ന പോലെ തന്നെ കൊമ്പൊടിഞ്ഞും കടപുഴകിയും ഈ മരം പെട്ടെന്ന് വീഴുകയും ചെയ്യും.  ഇലകള്‍ക്ക്  വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാനാവില്ല. കട പുഴകിയോ ഒടിഞ്ഞോ വീഴും. മഴക്കാലത്ത് കേരളത്തിലെ റോഡുകളില്‍ ഒടിഞ്ഞ് വീണ് അപകടവും മരണവും ഗതാഗത സ്തംഭനവും ഉണ്ടാക്കുന്നതില്‍ ഈ വൃക്ഷം സാരമായ പങ്ക് വഹിച്ചു വരുന്നുണ്ട്. മരങ്ങള്‍ വീണ് അപകടമുണ്ടാക്കുമ്പോള്‍ ഏത് മരം, എന്ത് കൊണ്ട് വീണു എന്ന പഠനം നടത്താതെ മഴയത്ത് സ്വഭാവികമായും ഒരു മരം വീണു എന്ന രീതിയില്‍ മലയാളി കാര്യങ്ങളെ കാണുന്നതും ഇത്തരം അപകടങ്ങള്‍ക്ക് കാരണമാണ്.  ഈ വര്‍ഷം മഴയുടെ തുടക്കത്തില്‍ തന്നെ പലയിടത്തും ഇത്തരം മരങ്ങള്‍ റോഡിലേക്ക് വീണ് അപകടമുണ്ടാക്കി. വാക, ചുവന്ന പൂമരം, തുടങ്ങിയ ദുര്‍ബല വ്യക്ഷങ്ങള്‍ പാതയോരത്ത് തലയുയര്‍ത്തി നില്‍ക്കുന്നത് ചെറിയ കാറ്റില്‍ പോലും അപകടമാണ് വരുത്തി വെക്കുക. ഉങ്ങ്, മഹാഗണി, ആര്യവേപ്പ്, മന്ദാരം, തേക്ക് തുടങ്ങിയ തൈകളാണ് പാതയിരികില്‍ വെച്ചു പിടിപ്പിക്കാന്‍ ഇപ്പോള്‍ വനം വകുപ്പ് മുന്‍ഗണന കാണിക്കുന്നത്. എന്നാല്‍ വനവത്കരണം നടത്തുന്ന പരിസ്ഥിതി സംഘടനകളും ക്ലബ്ബുകളും കയ്യില്‍ കിട്ടുന്ന വ്യക്ഷ തൈയാണ് റോഡരികില്‍ നടുന്നത്.

മുന്‍പ് വാക മരങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്. തമിഴ്നാട്ടില്‍ റോഡരികില്‍ കാണുന്ന പുളി സുരക്ഷിതമാണെങ്കിലും കേരളത്തിലെ കാലവസ്ഥ ഈ മരം വളരുന്നതിന് അനുയോജ്യമല്ല. ഒരു മിനിറ്റില്‍ നൂറ് കണക്കിന് വാഹനങ്ങള്‍ ചീറിപ്പായുന്ന കേരളത്തിലെ റോഡരികില്‍ അപകട ഭീഷണിയുയര്‍ത്തി നിരവധി മരങ്ങള്‍ നില്‍പ്പുണ്ട്. വഴിയരികില്‍ വൃക്ഷതൈകള്‍ വെച്ചു പിടിപ്പിക്കലാണ് വനവല്‍ക്കരണത്തിന്റെ പുതിയ സ്‌റ്റൈല്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായാലും പൊതുമരാമത്ത് ,വനം വകുപ്പുകള്‍ക്കെല്ലാം വൃക്ഷ തൈ നടാന്‍ ആദ്യം തിരഞ്ഞെടുക്കുക പാതയരികുകള്‍ തന്നെ. ഇത് കണ്ടാല്‍ വ്യക്ഷ തൈ വെച്ച് പോകാന്‍ ഇതിലും അനുയോജ്യമായ സ്ഥലങ്ങള്‍ കേരളത്തിലില്ലെന്ന് തോന്നും. പെട്ടെന്ന് വളരുക, തണല്‍ പരത്തുക എന്നതല്ലാതെ ചെടികള്‍ തിരഞ്ഞെടുക്കുന്നതില്‍ മറ്റൊരു നോട്ടവുമില്ല. ഏത് ചെടി വച്ചാലും അത് പരിസ്ഥിതി പ്രവര്‍ത്തനമായി ശ്ലാഘിക്കപ്പെടും. വനം വകുപ്പ് മുമ്പ് മലഞ്ചെരുവിലെല്ലാം മുമ്പ് യൂക്കാലിപ്റ്റസും അക്കേഷ്യയും വെച്ചു പിടിപ്പിച്ചിരുന്നു. ഭൂമിക്ക് മുകളില്‍ പച്ചപ്പ് നിറഞ്ഞപ്പോള്‍ ഭൂമിക്കകം മരുഭൂമിക്ക് തുല്യമാക്കാന്‍ ആ വനവത്കരണത്തിന് കഴിഞ്ഞു. നമ്മുടെ നാട്ടിലെ പരിസ്ഥിതിക്ക് അക്കേഷ്യ വനവല്‍ക്കരണം ദോഷകരമാവുമെന്ന് ആദ്യം പറഞ്ഞവരെ പരിസ്ഥിതിയുടെ പേരില്‍ എതിര്‍ക്കാനും വനം വകുപ്പുണ്ടായിരുന്നു. ഇപ്പോള്‍ ഏതായാലും അക്കേഷ്യ വനവത്കരണത്തില്‍ നിന്ന് വനംവകുപ്പ് ഒഴിഞ്ഞു. ഇതിന് സമാനമായ വിധത്തില്‍ കേരളത്തിലെ റോഡരികുകളില്‍ നടക്കുന്ന വനവത്കരണത്തിന് ഉചിതമായ വൃക്ഷ തൈകള്‍ തെരഞ്ഞെടുത്തില്ലെങ്കില്‍ പിന്നീടത് ദുരന്തത്തിന് വഴി തെളിച്ചേക്കാം.

Story by
Read More >>