ഫ്രാന്‍സിനെ ചുവപ്പിച്ച തൊഴിലാളി പ്രക്ഷോഭം

ഉറക്കെയുള്ള മുദ്രാവാക്യം വിളിയില്‍ തൊണ്ട വേദനിക്കുന്നുണ്ട്, ദീര്‍ഘ ദൂരമുള്ള നടത്തത്തെ തുടര്‍ന്ന് കാലുകള്‍ക്കും വേദനയുണ്ട്. എങ്കിലും ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആവേശം ഇനിയും അണഞ്ഞിട്ടില്ല.

ഫ്രാന്‍സിനെ ചുവപ്പിച്ച തൊഴിലാളി പ്രക്ഷോഭം

ഫ്രാന്‍സില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ നിയമ പരിഷ്‌കരണത്തിനെതിരെ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ചരിത്രം കുറിക്കുകയാണ്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഫ്രാന്‍സ് ഇപ്പോള്‍ സാക്ഷിയാകുന്നത്.

ലോകത്തെമ്പാടുമുള്ള തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവ സൂര്യന്‍ ചെഗുവേരയുടെ ജന്മവാര്‍ഷികമായ ജൂണ്‍ 14ന് ഫ്രാന്‍സില്‍ നടന്ന പ്രക്ഷോഭത്തില്‍ 13 ലക്ഷത്തിലധികം തൊഴിലാളികളാണ് അണിനിരന്നത്. യൂറോപ്യന്‍ ഫുട്ബോള്‍ മത്സരത്തിലെ മുഴുവന്‍ നക്ഷത്രങ്ങളെ ചേര്‍ത്ത് വെച്ചാല്‍ പോലും ഫ്രാന്‍സിലെ തൊഴിലാളികള്‍ അണിനിരത്തിയ വിപ്ലവ നക്ഷത്രങ്ങളുടെ അടുത്തെത്തില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയോ തോമസ് മുള്ളറിനേയോ ആര്‍ജന്‍ റോബനെയോ ആയിരുന്നില്ല തൊഴിലാളികള്‍ക്കാവശ്യം.


വ്യത്യസ്ത തൊഴിലാളി സംഘടനകളെ അണിനിരത്തി ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍(സിജിടി)യുടെ നേതൃത്വത്തിലാണ് പുതിയ തൊഴില്‍ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം അനുദിനം കൂടുതല്‍ തീക്ഷ്ണമായിക്കൊണ്ടിരിക്കുകയാണ്.

തൊഴിലാളി പ്രക്ഷോഭം എന്തിന്?

മുതലാളിത്തത്തിന് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനുള്ള 'ബോസസ് ലോ'(മുതലാളിയുടെ നിയമം) എന്ന് വിശേഷിപ്പിക്കുന്ന നിയമത്തിനെതിരെയാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. ചരിത്രപരമായ പ്രക്ഷോഭങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ കാറ്റില്‍ പറത്തുന്നതരത്തിലാണ് പുതിയ നിയമം സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.

തൊഴില്‍ നിയമഭേദഗതി നിലവില്‍ വന്നാല്‍ മുന്നറിയിപ്പില്ലാതെ മുതലാളിക്ക് തൊഴിലാളികളെ പിരിച്ചുവിടാം. തൊഴിലാളികളുമായി ഉടമയ്ക്ക് സേവന വേതന വ്യവസ്ഥകളില്‍ ഒത്തുതീര്‍പ്പിലെത്താം എന്ന വ്യവസ്ഥ വഴി തൊഴില്‍ സംരക്ഷ നിയമങ്ങളില്‍ നിന്ന് ഉടമയ്ക്ക് രക്ഷപ്പെടാം. തൊഴില്‍ മേഖല വ്യവസായ സൗഹാര്‍ദ്ദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍. പുതിയ നിയമമനുസരിച്ച് ആഴ്ച്ചയിലെ ജോലി സമയം 35 മണിക്കൂറില്‍ നിന്നും 48 മണിക്കൂറിലേക്കും അത്യാവശ്യഘട്ടങ്ങളില്‍ 60 മണിക്കൂര്‍ വരേയും ഉയര്‍ത്തുന്നു(ദിവസം 12 മണിക്കൂര്‍ ജോലി). എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന തൊഴില്‍ വിഭജന നയത്തിന് പൂര്‍ണമായും എതിരാണിത്. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം ഒരു നൂറ്റാണ്ടോളമായി തൊഴിലാളികള്‍ നേടിയ സാമൂഹികാവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്.

സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളുടെ ഭാഗമായി 6.5 മില്യണ്‍ തൊഴില്‍ രഹിതരെയാണ് രാജ്യത്ത് സൃഷ്ടിച്ചത്. തൊഴിലാളി വിരുദ്ധ നിയമം പിന്‍വലിക്കണമെന്നും തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് സിജിടിയുടെ ആവശ്യം.

തൊഴിലാളി പ്രക്ഷോഭത്തിന്റെ പ്രഭാവവും ഭരണകൂടത്തിന്റെ പ്രതികരണവും

മാര്‍ച്ച് 9 ന് ആരംഭിച്ച പ്രക്ഷോഭം അനുദിനം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് വരുന്ന കാഴ്ച്ചയാണ് ഫ്രാന്‍സില്‍ കണ്ടത്. കൂടുതല്‍ നഗരങ്ങളിലേക്കും തെരുവുകളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയും കൂടുതല്‍ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നു.

france-labour-protestഫ്രാന്‍സിലെ 19 ആണവ നിലയങ്ങളില്‍ 16 എണ്ണത്തെയും സമരം ബാധിച്ചു. രാജ്യത്ത് 75 ശതമാനം വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നത് ആണവ നിലയങ്ങളാണ്. പല നിലയങ്ങളിലും വൈദ്യുതി ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്. എട്ട് എണ്ണ ശുചീകരണശാലകളില്‍ ആറെണ്ണത്തെയും സമരം ബാധിച്ചുകഴിഞ്ഞു. പെട്രോള്‍ സ്റ്റേഷനുകളില്‍ മൂന്നിലൊന്നിലും അടച്ചിട്ടു. തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് രാജ്യത്തെ ഒരു ആണവ അന്തര്‍വാഹിനി താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു. പാരിസ് അടക്കം പല പ്രധാന നഗരങ്ങളിലും വിമാന സര്‍വീസുകളെയും സമരം ബാധിച്ചു. ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി നിലച്ചു. ഐഫില്‍ ടവറിലെ തൊഴിലാളികളും പ്രക്ഷോഭത്തെ പിന്തുണച്ചതോടെ ടവര്‍ അടച്ചുപൂട്ടി. നിയമഭേദഗതിക്കെതിരെ ഒപ്പ് ശേഖരണവും ഓണ്‍ലൈന്‍ ക്യാമ്പെയ്നും നടക്കുന്നുണ്ട്.

യഥാസ്ഥിതികരായ സര്‍ക്കാരിന്റെ കണക്കുകളാണ് ഇതെല്ലാം, എന്നാല്‍ സിജിടി സഖാക്കള്‍ക്ക് പ്രക്ഷോഭത്തെ കുറിച്ച് പറയാനുള്ളത് മറ്റൊന്നാണ്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തെ 'കവര്‍ച്ചക്കാര്‍ നടത്തിയ അക്രമം' എന്നായിരുന്നു സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇതിനെ സിജിടി എതിര്‍ക്കുന്നു. തൊഴിലാളി പ്രക്ഷോഭം ബാധിക്കാത്ത ഒരു മേഖല പോലുമില്ലെന്ന് സിജിടി സാക്ഷ്യപ്പെടുത്തുന്നു. ജനാധിപത്യപരമായ ചര്‍ച്ചകളോ ഇടപടെലുകളോ നടത്താതെ പ്രക്ഷോഭകാരികള്‍ക്കെതിരെ പിഴ ചുമത്തിയും മറ്റുമാണ് സര്‍ക്കാര്‍ വേട്ടയാടുന്നത്. പ്രക്ഷോഭത്തിന് മുന്‍പന്തിയിലുണ്ടായിരുന്ന ഇരുന്നോളം പേരെ മാര്‍ച്ചില്‍ പങ്കെടുക്കുന്നതില്‍ നിന്നും പോലീസ് നിരോധിച്ചു. തൊഴിലാളികള്‍ക്കെതിരെ ക്രൂരമായ മര്‍ദ്ദനവും ലാത്തി ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവുമൊക്കയായാണ് പോലീസ് നേരിട്ടത്. സമരത്തിന് നേതൃത്വം നല്‍കിയവരെയെല്ലാം അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച പാരീസില്‍ നടന്ന പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ നരനായാട്ട് ഞങ്ങള്‍ നേരിട്ട് കണ്ടതാണ്. എന്നാല്‍ എന്തും നേരിടാന്‍ തയ്യാറായിട്ടെത്തിയ തൊഴിലാളി വര്‍ഗത്തെയാണ് സമരമുഖത്ത് കാണാന്‍ സാധിച്ചത്.

ചരിത്ര നിമിഷത്തിന് സാക്ഷിയായി

ഭക്ഷ്യ, കാര്‍ഷിക, വാണിജ്യ, വസ്ത്ര വ്യാപാര തൊഴിലാളി സംഘടനകളുടെ നാലാമത് അന്താരാഷ്ട്ര സമ്മേളനത്തിനായി 86 രാജ്യങ്ങളില്‍ നിന്നായി 123 സംഘടനകളെ പ്രതിനിധീകരിച്ച് 225 ഡെലിഗേറ്റുകള്‍ ജൂണ്‍ 11 മുതല്‍ പാരീസിലുണ്ട്. ജൂണ്‍ 13 മുതല്‍ 17 വരെയാണ് സമ്മേളനം. പാരീസില്‍ തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ സമ്മേളനത്തിന് എത്തിയവരും പങ്കെടുത്തത് സ്വാഭാവികം മാത്രം. യൂറോപ്യന്‍ ഫുട്ബോല്‍ ചാമ്പ്യന്‍ഷിപ്പിനേക്കാളും വലിയ ജനപങ്കാളിത്തമാണ് മുതലാളിത്തത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനുണ്ടായത്.

france-labour-protest-1പാരീസിലെ ചുമരുകള്‍പോലും തൊഴിലാളി വിപ്ലവത്തെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടത്തെ കുറിച്ചും സംസാരിച്ചെന്ന് ആലങ്കാരികമായി പറയാം. ജൂണ്‍ 14 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പാരീസിലെ തൊഴിലാളി പ്രക്ഷോഭത്തിനൊപ്പം ഞങ്ങളും പങ്കാളികളായി. 'പോരാട്ടം വ്യാപിക്കുക, പ്രതീക്ഷ ഉയര്‍ത്തുക' എന്ന മുദ്രാവാക്യത്താല്‍ മുഖരിതമായിരുന്നു പാരീസ്. മാര്‍ച്ചിനൊപ്പമെത്താന്‍ അല്‍പ്പം വൈകിയെങ്കിലും കൈകോര്‍ത്ത് തോളോട് തോള്‍ ചേര്‍ന്ന് ഞങ്ങള്‍ തൊഴിലാളികളുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിനൊപ്പം ചേര്‍ന്നു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമൊപ്പം ഞങ്ങളും ആ മഹാ സമുദ്രത്തില്‍ ലയിച്ചു ചേര്‍ന്നു. ഫ്രഞ്ച്, സ്പാനിഷ്, ഇംഗീഷ്, ഹിന്ദി ഭാഷകളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി ഞങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായി.

വിവിധ ഭാഷകളില്‍ കമ്യൂണിസ്റ്റ് സാര്‍വദേശീയ ഗാനം അലയടിച്ച പ്രക്ഷോഭനഗരി അക്ഷരാര്‍ത്ഥത്തില്‍ ചുവപ്പണിഞ്ഞിരിക്കുകയായിരുന്നു. മാര്‍ച്ച് നീങ്ങിയ തെരുവിന് ഇരുവശവുമുള്ള വീടുകളില്‍ നിന്നും കടകളില്‍ നിന്നും ആളുകള്‍ പിന്തുണയര്‍പ്പിച്ച് മുദ്രാവാക്യം വിളിയോടെ ചുവന്ന പതാക വീശുന്നതും കാണാമായിരുന്നു. പ്രക്ഷോഭം സ്ത്രീകളുടെയും യുവാക്കളുടേയും പങ്ക് കൊണ്ട് ശ്രദ്ധേയമായിരുന്നു. ലഘുലേഖകള്‍ ആവേശത്തോടെ വിതരണം ചെയ്യുന്ന യുവാക്കളും യുവാക്കള്‍ക്ക് പിന്തുണയുമായെത്തിയ പ്രായമായവരും ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശമുണ്ടാക്കുന്ന കാഴ്ച്ചയാണ്.

അടുത്ത കാലത്ത് നടന്ന ഏറ്റവും അച്ചടക്കവും സംഘടിതവുമായ 13 ലക്ഷത്തോളം പേര്‍ പങ്കെടുത്ത ഈ തൊഴിലാളി വസന്തത്തെയാണ് സര്‍ക്കാര്‍ 'തെരുവുതെമ്മാടിക്കൂട്ടം' എന്നും 'അക്രമിസംഘവും' എന്ന് വിശേഷിപ്പിച്ച് നിസ്സാരവത്കരിച്ചത്. സര്‍ക്കാരിന്റെ ഈ വാദം ഒരു വിഭാഗം ഫ്രഞ്ച് മാധ്യമങ്ങളും ഏറ്റുപാടി. എന്നാല്‍, സത്യത്തെ അധികകാലം ഒളിച്ചു വെക്കാന്‍ സാധിക്കില്ല. ഭരണകൂടം അതിനെ എല്ലാ കാലവും ഭയപ്പെടുകയും ചെയ്യും.

ഫ്രാന്‍സിലെ പട്ടാള ചരിത്രം ഉറങ്ങിക്കിടക്കുന്ന ലെസ് ഇന്‍വാലിഡെസിലേക്ക് മാര്‍ച്ച് നീങ്ങിയതോടെ പോലീസ് ഞങ്ങള്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിന്റെ ആക്രമണത്തില്‍ സമരത്തിനെത്തിയ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫ്രഞ്ച് സഖാക്കള്‍ ഞങ്ങളെ പിന്നിലേക്ക് നീക്കിയെങ്കിലും മുദ്രാവാക്യങ്ങളോടെ ഞങ്ങള്‍ വീണ്ടും മാര്‍ച്ച് തുടര്‍ന്നു. പോലീസിന്റെ അടിച്ചമര്‍ത്തല്‍ ഭേദിച്ചും ആയിരങ്ങള്‍ വീണ്ടും സമരത്തിന് ചേരുന്ന കാഴ്ച്ചയാണ് അവിടെ ഞങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസ് ഞങ്ങളെ ബാരിക്കേഡ് വെച്ച് തടഞ്ഞു.

സമരത്തിന് ശേഷം മെട്രോയില്‍ കയറിയ ഞങ്ങളുടെ സമരാവേശം ഒട്ടും ചോര്‍ന്നിരുന്നിരുന്നില്ല. മെട്രോയിലിരുന്ന് ഞങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും ഗാനങ്ങളാലപിക്കുകയും ചെയ്തപ്പോള്‍ ക്യൂബന്‍ കവി ജോസ് മാര്‍ത്തിയുടെ വിഖ്യാത ഗാനം 'ഗ്വാണ്ടനാമേര' പാടി മെട്രോയിലുള്ളവരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.

ഉറക്കെയുള്ള മുദ്രാവാക്യം വിളിയില്‍ തൊണ്ട വേദനിക്കുന്നുണ്ട്, ദീര്‍ഘ ദൂരമുള്ള നടത്തത്തെ തുടര്‍ന്ന് കാലുകള്‍ക്കും വേദനയുണ്ട്. എങ്കിലും ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആവേശം ഇനിയും അണഞ്ഞിട്ടില്ല.

വിജു കൃഷ്ണന്‍
ഓള്‍ ഇന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയും സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവുമാണ് ലേഖകന്‍