അരണാട്ടുകരയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം: പ്രതികരിച്ച വിദ്യാര്‍ത്ഥികളെ അകത്തിട്ട് പോലീസും പരിഹസിച്ച് മാധ്യമങ്ങളും; പരാതിയില്‍ നടപടിയില്ല

ജൂണ്‍ മൂന്നാം തീയതി വൈകുന്നേരം ആറരയോടെ ഈവനിങ് ക്ലാസിന് പോവുകയായിരുന്ന പെണ്‍കുട്ടിയെ ക്യാംപസിനടുത്ത് വെച്ച് ചിലര്‍ ബലമായി ഓട്ടോറിക്ഷയില്‍ പിടിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ തല മതിലിലിടിച്ച് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ജൂണ്‍ നാലിന് തന്നെ സംഭവത്തില്‍ അന്വേഷണം വേണമെന്നും തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പരാതിയും നല്‍കി.

അരണാട്ടുകരയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം: പ്രതികരിച്ച വിദ്യാര്‍ത്ഥികളെ അകത്തിട്ട് പോലീസും പരിഹസിച്ച്  മാധ്യമങ്ങളും; പരാതിയില്‍ നടപടിയില്ല

ഇതരസംസ്ഥാന തൊഴിലാളികള്‍ അല്ല മലയാളികള്‍ തന്നെയാണ്

അരണാട്ടുകര : തൃശൂരിലെ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ  വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമം പതിവായപ്പോള്‍ നല്‍കിയ പരാതിക്ക് ഇനിയും പരിഹാരമായില്ല. ജൂണ്‍ മൂന്നാം തീയതി വൈകുന്നേരം ആറരയോടെ ഈവനിങ്ങ് ക്ലാസിന് പോവുകയായിരുന്ന പെണ്‍കുട്ടിയെ ക്യാംപസിനടുത്ത് വച്ച് ചിലര്‍ ബലമായി ഓട്ടോറിക്ഷയില്‍ പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ തല മതിലിലിടിച്ചു ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ജൂണ്‍ നാലിനു തന്നെ സംഭവത്തില്‍ അന്വേഷണം വേണമെന്നും തങ്ങള്‍ക്ക് സുരക്ഷ ഉറാപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പരാതിയും നല്‍കി. ഇതിന് പിന്നാലെ ജൂണ്‍ 15നും 16നും മാരുതി ഒമ്‌നി വാനില്‍ എത്തിയ ഒരു സംഘം ക്യാംപസിനടുത്ത് വെച്ച് നിരവധി വിദ്യാര്‍ത്ഥികളെ പല തവണ ആക്രമിക്കാന്‍ ശ്രമിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും പിടിച്ച് വാനിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയും ആയിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. തങ്ങള്‍ക്ക് നേരേ നടന്ന അതിക്രമം ആദ്യ ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമായ ഷൈജന്‍ ഡേവിസിനെ അറിയിച്ചു. തുടര്‍ന്ന് അധ്യാപകരുടെ നേതൃത്വത്തില്‍ പോലീസിന് പരാതിയും നല്കി.


പ്രശ്നത്തിന്റെ ഗൗരവം പൊതു സമൂഹത്തെ കൂടി ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആണ് കഴിഞ്ഞ 21ാം തീയതി അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം തൃശൂർ കളക്ടറേറ്റിലേക്ക്  മാര്‍ച്ചും പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കുന്നത്. ഇതിനോടൊപ്പം സ്ത്രീകള്‍ക്കെതിരേ അതിക്രമം നടന്നാല്‍ പൊതുസമൂഹം എങ്ങിനെ പ്രതികരിക്കുമെന്ന് അറിയാന്‍ വിദ്യാര്‍ത്ഥികള്‍ ഒരു തെരുവ് നാടകവും സംഘടിപ്പിച്ചു. എന്നാല്‍ തെരുവ് നാടകത്തിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെടുകയാണെന്ന് സംശയിച്ച നാട്ടുകാര്‍ ഇടപെടുകയും ഇതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയും ആയിരുന്നു എന്ന് ഷൈജന്‍ ഡേവിസ് വ്യക്തമാക്കുന്നു.

com

com 2

com 3

പോലീസും മുഖ്യധാരാ മാധ്യമങ്ങളും പണിയടുക്കുന്നത് ആര്‍ക്ക് വേണ്ടി?

ജിഷ വധക്കേസും ഇതരസംസ്ഥാനത്തൊഴിലാളി പ്രതിയായതും ഒക്കെ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് മൂക്കിന്‍ കീഴിലുള്ള പ്രതികളെ വെറുതേ വിട്ട് പോലീസും മാധ്യമങ്ങളും മാതൃകയാവുന്നത്.

ജൂൺ മൂന്നിന് ഒരു വിദ്യാര്‍ത്ഥി മാത്രം ആക്രമിക്കപ്പെട്ട കേസില്‍ നിലവില്‍ ഇത് വരെ നടപടികളൊന്നും പോലീസ് സ്വീകരിച്ചിട്ടില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ 25 വയസ്സില്‍ താഴെ പ്രായമുള്ള സ്ഥലവാസികളായ ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്. സെക്ഷന്‍ 119 എ പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തുവെന്നും ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടുവെന്നും പോലീസ് വ്യക്തമാക്കുന്നു. പോലീസ് ആക്ടിലെ സെക്ഷന്‍ 119 എ എന്നത് ദുര്‍ബലമായ ജാമ്യം കിട്ടാവുന്ന വകുപ്പാണ്. ബലാല്‍ക്കാരമായി വണ്ടിയില്‍ പിടിച്ചു കയറ്റുകയും അസഭ്യവര്‍ഷം ചൊരിയുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്നത് ജിഷാ വധം നടന്ന പെരുമ്പാവൂരില്‍ നിന്ന് 60 കിമി ദൂരത്തുള്ള പോലീസുകാര്‍ക്ക് വെറും പൂവാല ശല്യമാകുന്നത് എങ്ങിനെയാണ് എന്നതാണ് ചോദ്യം. ഇന്ത്യന്‍ പീനല്‍ കോഡിലെ ജാമ്യമില്ലാ വകുപ്പായ 354, 509, 510 എന്നിങ്ങനെയുള്ളവ ചുമത്തേണ്ടിടത്താണ് ഉത്തരവാദിത്ത്വമുള്ള ജനകീയ പോലീസ് ഇങ്ങനെ ജോലി അവസാനിപ്പിച്ചത്.

പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതായി ആണ് സംശയം.  രാത്രി പത്തരയ്ക്ക് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികളുടെ മൊഴി എടുക്കാന്‍ അവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസിന് പ്രതികളെ തിരിച്ചറിയാനായി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അവരെ എത്തിക്കാനുള്ള വലിയ മനസ്സും ഉണ്ടായിരുന്നു എന്നതും കൂട്ടിച്ചേര്‍ത്ത് വായിക്കണം. ഒമ്നി വാനിന്റെ നമ്പറും വിവരങ്ങളും കൃത്യമായി പോലീസിനെ ഏല്‍പിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിച്ചിരുന്നു. പിന്നീടാണ് സംഭവം മൂടിവെക്കാനോ ലഘൂകരിക്കാനോ ഉള്ള ശ്രമം നടന്നത്. പ്രതികളില്‍ ഒരാള്‍ ഗള്‍ഫില്‍ നിന്ന് വന്നതിന്റെ മദ്യപാന പാര്‍ട്ടിയാണ് നടുറോഡില്‍ കാറ് വാടകയ്ക്ക് എടുത്തു നടത്തിയത്. അതിനപ്പുറം രണ്ട് ദിവസവും തുടര്‍ച്ചയായി ആക്രമിച്ചത് ദുരുദ്ദേശത്തോടെ അല്ല എന്നായിരുന്നു പോലീസിന്റെ പ്രതികരണം .

കുറ്റം ചെയ്ത സാമൂഹിക വിരുദ്ധരെ വെറുതേ വിട്ട പോലീസ്,  പ്രതികരിച്ച വിദ്യാര്‍ത്ഥിയെ പിടിച്ച് അകത്തിടാനും നോക്കി. തെരുവു നാടകത്തിനിടെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ സമീപത്തെ കടയില്‍ കയറി തങ്ങളെ രണ്ടുപേര്‍ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിപ്പോള്‍ പെണ്‍കുട്ടികള്‍ കാണിച്ചുകൊടുത്ത ആളിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. തങ്ങളുടേത് നാടകമായിരുന്നുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും പലതവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും പിടികൂടിയ വിദ്യാര്‍ത്ഥിയെ വിട്ടയക്കാന്‍ പോലീസ് തയ്യാറായില്ല.വിദ്യാര്‍ത്ഥിക്ക് എതിരെ പരാതി നല്‍കണമെന്ന് നാട്ടുകാരോട് പോലീസ് ആവശ്യപ്പെട്ടതായും ഷൈജന്‍ ഡേവിസ് നാരദാ ന്യൂസിനോട് പറഞ്ഞു. സര്‍വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ പൊതുവേ പ്രശ്നക്കാരാണ് എന്നതാണ് പോലീസിന്റെ ന്യായം. ഒടുവില്‍ പി.കെ ബിജു എം പി ഇടപെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ വിടാന്‍ പോലീസ് തയ്യാറായത്.

അതേസമയം, വിദാര്‍ത്ഥികള്‍ നല്‍കിയ പരാതി അനുസരിച്ച് 119 എ മാത്രമാണ് ചുമത്താന്‍ സാധിക്കുക എന്നാണ് അയ്യന്തോൾ എസ് ഐ ശ്രീജിത്ത് നാരദാ ന്യൂസിനോട് പ്രതികരിച്ചത്. ആദ്യം പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. നോക്കി, കമന്റടിച്ചു തുടങ്ങിയവ മാത്രമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ തങ്ങളെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നുള്ള പരാതിയില്‍ എല്ലാവരുടേയും മൊഴി എടുക്കാന്‍ പോലീസ് തയ്യാറായില്ല എന്നാണ് വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോട് പറഞ്ഞത്. ആദ്യം നല്‍കിയ പരാതിയില്‍ ഇതിന് മുമ്പും വിദ്യാര്‍ത്ഥികളെ ശാരീരികമായി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നുണ്ട്. തിരിച്ചറിയാനായി പ്രതികളെ വിദ്യാര്‍ത്ഥികളുടെ താമസസ്ഥലത്തേക്ക് എത്തിച്ചത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അമ്പരപ്പും ഭീതിയുമുണ്ടായിക്കിയിട്ടുണ്ട്. തങ്ങളെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനി ആക്രമണമുണ്ടാകുമോ, പഠനം തുടരനാകുമോ എന്ന ഭയമാണ് പലര്‍ക്കും.

kkk

വിദ്യാര്‍ത്ഥികള്‍ക്കെതിരേയുള്ള അക്രമം വാര്‍ത്തയാകാതിരിക്കുകയും നാടകം അവതരിപ്പിച്ചവരെ പോലീസ് പിടിച്ചത് കളിയാക്കാനുള്ള അവസരമായി പത്രങ്ങളില്‍ നിറഞ്ഞതും മാധ്യമങ്ങളും ഈ വിഷയത്തെ ലാഘവത്തോടെ ആണ് സമീപിച്ചത് എന്നതിന് തെളിവാണ്. ജിഷാ വധവും തലശ്ശേരിയിലെ ആക്രമണവും വലിയ തോതില്‍ ചാനല്‍ ചര്‍ച്ചകളിലും പത്രത്താളുകളിലും നിറഞ്ഞപ്പോള്‍ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും മാധ്യമങ്ങള്‍ ഇവര്‍ക്ക് നീതി ലഭിക്കാന്‍ കൂട്ടുനിന്നില്ല. പോലീസ് പിടിച്ച ഏഴ് പേര്‍ മാധ്യമങ്ങള്‍ക്കും നിര്‍ദോഷികളായ പൂവാലന്‍മാരായിരുന്നു എന്നു വേണം കരുതാന്‍. പത്രങ്ങളുടെ ഉള്‍പേജുകളില്‍ ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ എന്ത് കൊണ്ട് ഇത് ഇത്ര ലാഘവത്തോടെ കണ്ടു എന്ന ചോദ്യം ചെയ്യാന്‍ ആരും തയ്യാറായില്ല. അതിനേക്കാള്‍ ഭീകരമായിരുന്നു പിന്നീട് വന്ന നടപടികള്‍. പ്രതിഷേധ പ്രകടനം നടത്തുന്നതിന് മുമ്പ് മാധ്യമങ്ങളെ വിളിച്ചറിയിച്ചുവെങ്കിലും എല്ലാവരും ജിഷ വധത്തിന് പിന്നാലെ ആയിരുന്നു. തിരിഞ്ഞു നോക്കാന്‍ ആരും ഉണ്ടായില്ല എന്നും ഷൈജന്‍ ഡേവിസും വിദ്യാര്‍ത്ഥികളും പറയുന്നു. എന്നാല്‍ തൊട്ടു പിന്നാലെ തെരുവു നാടകം വിവാദമായപ്പോള്‍ വിദ്യാര്‍ത്ഥികളെ കളിയാക്കാന്‍ ഈ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ തന്നെ സ്ഥലം ഉണ്ടായിരുന്നു. മൂന്നു ദിവസം വിദാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടതോ വിദ്യാര്‍ത്ഥികളുടെ അരക്ഷിതാവസ്ഥതയോ ഒന്നും കാണാത്തവര്‍ അഭിനിയിച്ചു തകര്‍ത്തു നടന്‍മാര്‍ ലോക്കപ്പിലായി എന്നൊക്കെയാണ് എഴുതി പിടിപ്പിച്ചത്. പീഡനം വാര്‍ത്തയാകാതെ പ്രതികരണം കളിയാക്കാനുള്ള അവസരമാകുന്നത് ക്രൂര വിനോദമാണ്. ജിഷ കൊല്ലപ്പെട്ടതും വാര്‍ത്തയാകുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണ്. ഇനിയൊരു ക്രൂര പീഡനമോ കൊലപാതകമോ വന്നാല്‍ മാത്രമേ വില്‍പ്പന നടക്കൂ എന്നതാണോ ലൈന്‍ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.

ഇനിയും ആക്രമിക്കപെടുമോ എന്ന ഭയത്തിലാണ് ഇപ്പോഴും അറനാട്ടുകരയിലെ വിദ്യാര്‍ത്ഥികള്‍. തങ്ങള്‍ ആക്രമിക്കപ്പെടാനുള്ള സാഹചര്യങ്ങളുണ്ട് എന്ന പരാതി പറയുമ്പോള്‍ അവര്‍ക്ക് സുരക്ഷിത്വം ഉറപ്പാക്കാനാണ് പോലീസും നിയമവും സര്‍ക്കാര്‍ സംവിധാനങ്ങളും എന്ന് ബോദ്ധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം ബന്ധപ്പട്ടവര്‍ക്ക് ഉണ്ട്.