യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിതരണം ചെയ്യാതെ പിടിച്ചുവച്ചത് 263 കോടിയുടെ വിദ്യാഭ്യാസ സഹായം: സ്കോളർഷിപ്പിനു മേൽ അടയിരുന്നത് ഉദ്യോഗസ്ഥവൃന്ദം

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കടക്കം നൽകാനുണ്ടായിരുന്നത് 138 കോടി രൂപയുടെ വിദ്യാഭ്യാസ സഹായം; പട്ടികജാതിക്കാർക്ക് 65 കോടിയും: യുഡിഎഫ് സർക്കാർ സ്കോളർഷിപ്പിനു മുകളിൽ അടയിരുന്നതെന്തിന്?

യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിതരണം ചെയ്യാതെ പിടിച്ചുവച്ചത് 263 കോടിയുടെ വിദ്യാഭ്യാസ സഹായം: സ്കോളർഷിപ്പിനു മേൽ അടയിരുന്നത് ഉദ്യോഗസ്ഥവൃന്ദം

“ഈ കത്ത് വായിക്കുന്നവര്‍ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്റെ ഏഴു മാസത്തെ ഫെല്ലോഷിപ്പ് തുകയായ 1,75,000 രൂപ വാങ്ങിച്ച് എന്റെ വീട്ടില്‍ ഏല്‍പ്പിക്കണം. രാംജിക്ക് ഞാന്‍ 40,000 രൂപ കടം വീട്ടാനുണ്ട്. അദ്ദേഹം ഒരിക്കല്‍ പോലും പണം തിരികെ ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ആ കടം വീട്ടണം.” ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പിലെ വാചകങ്ങളാണിത്. ദളിത് വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് തുക മാസങ്ങളോളം തടഞ്ഞുവയ്ക്കുന്നതിന്റെ ഉദാഹരണമായിരുന്നു രോഹിത് വെമുലയുടെ കത്തിലെ പരാമർശം.


സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ കാലതാമസം ഹൈദരാബാദ് സര്‍വകലാശാലയിലോ ഉന്നത വിദ്യാഭ്യാസ രംഗത്തോ മാത്രം ഒതുങ്ങുന്നതല്ല. സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിലാണ് സര്‍ക്കാറുകളുടെ അനാസ്ഥ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വിതരണം ചെയ്യാതെ തടഞ്ഞുവച്ചതു കോടികളാണ്. സര്‍ക്കാരിന്റേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥയും ക്രമക്കേടും മൂലം നിരവധി വിദ്യാര്‍ത്ഥികളാണ് അവകാശം നിഷേധിക്കപ്പെടുന്നത്. Other Eligible Caste (OEC) വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കു വിതരണം ചെയ്യേണ്ട സ്റ്റൈപ്പൻഡ് തുകയിലാണ് ഏറ്റവുമധികം കുടിശ്ശികയുള്ളത്.

rekha 1

യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷ കാലത്തെ ഭരണത്തില്‍ പട്ടികജാതി വിഭാഗത്തില്‍ സ്‌കോളര്‍ഷിപ് തുകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ ബാക്കിയുള്ള തുക 65.2 കോടി രൂപ വരും. കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം 38,59,98,600 രൂപയാണ് എസ്‌സി വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുകയില്‍ ലഭിക്കാനുള്ളത്.

“രോഹിത് വെമുലയുടെ തത്വചിന്താപരവും കവിതാത്മകവുമായ ആത്മഹത്യാക്കുറിപ്പിൽ സ്പഷ്ടവും മൂർത്തവുമായി എന്തിനെയെങ്കിലും കുറിച്ചു പറയുന്നുണ്ടെങ്കിൽ അത് സ്റ്റൈപ്പൻഡ് മുടങ്ങുന്നതിനെ കുറിച്ചാണ്,” ട്രിവാൻഡ്രം ദളിത് സർക്കിളിന്റെയും ദളിത് റൈറ്റ്സ് മൂവ്മെന്റിന്റെയും സംഘാടകനായ അജയ് കുമാർ പറയുന്നു.

rekha 3

“സ്കോളർഷിപ് എന്ന സപ്പോർട്ട് മെക്കാനിസം ഉണ്ടായിട്ടും അതു നടപ്പാക്കാൻ ഉദ്യോഗസ്ഥർ മനഃപൂർവ്വം കാലതാമസം വരുത്തുന്നതുമൂലം പഠനത്തിൽ നിന്ന് ഡ്രോപ് ഔട്ട് ചെയ്യേണ്ടിവരുന്ന അവസ്ഥ കഷ്ടമാണ്. ഗവേഷണവിദ്യാർത്ഥിയും മറ്റുമാണെങ്കിൽ കൂലിപ്പണിക്കുപോകാതെ പഠനത്തിൽ ശദ്ധ്ര കേന്ദ്രീകരിക്കണമെങ്കിൽ ഇത്തരം സഹായം അത്യാവശ്യമാണ്. ഇത് വിതരണം ചെയ്യാൻ സംസ്ഥാനത്തിന് അതിന്റെ റെവന്യൂ വരവിനെ ആശ്രയിക്കേണ്ട കാര്യമില്ല. മുഴുവൻ തുകയും കേന്ദ്രസർക്കാർ മുൻകൂട്ടി നൽകുന്നുണ്ട്. അത് താമസംവിനാ വിതരണം ചെയ്താൽ മാത്രം മതി. അതുപോലും ചെയ്യാൻ വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല. പലപ്പോഴും വിദ്യാർത്ഥികളെ ശിക്ഷിക്കാനുള്ള ആയുധമായും സ്കോളർഷിപ്പ് തുക തടഞ്ഞുവയ്ക്കുന്നു,” അജയകുമാർ നാരദാ ന്യൂസിനോടു പറഞ്ഞു.

2015-2016 അദ്ധ്യയന വര്‍ഷത്തില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ 1,46,826 വിദ്യാര്‍ത്ഥികളാണ് എസ്‌സി വിഭാഗത്തിലുണ്ടായിരുന്നത്. ഇവർക്കായി മൊത്തം അനുവദിച്ച തുക 212,89,93,452 രൂപയാണ്. ഇതില്‍ 174,29,94,852 രൂപ വിതരണം ചെയ്തു. എന്നാൽ ഡയറക്റ്ററേറ്റിലും ജില്ലാ ആസ്ഥാനങ്ങളിലുമായി 38,59,98,600 രൂപയാണ് കഴിഞ്ഞ അദ്ധ്യയനവർഷം മാത്രം കെട്ടിക്കിടക്കുന്നത്.

rekha 2

2011-12 മുതൽ 2015-16 വരെയുള്ള അഞ്ചുവർഷത്തെ കണക്ക് ഒരുമിച്ചെടുത്താൽ കുടിശ്ശിക പെരുകും. 6,88,954 വിദ്യാർത്ഥികളാണ് പട്ടികജാതിവിഭാഗത്തിൽ നിന്ന് പഠനസഹായത്തിന് അർഹതയുണ്ടായിരുന്നവർ. കേന്ദ്രത്തിൽ നിന്നു സാങ്ഷനായ തുക, 985,88,41,152 രൂപ വരും. ഇതത്രയും സ്റ്റൈപ്പൻഡായി മാത്രം പോകുന്ന തുകയല്ല. പ്രധാനമായും നാലുഹെഡ്ഡിലാണ് തുക അനുവദിക്കുന്നത്. ലംപ്സം ഗ്രാൻഡ്, സ്റ്റൈപ്പൻഡ്, പോസ്റ്റ് മെട്രിക്, പോസ്റ്റ് ഗ്രാജ്വേറ്റ് ഫീ എന്നിവയ്ക്ക് 394.74 കോടി, ഫീസ് ഇനത്തിൽ (TF+EF+SF) 969.12 കോടി, ABLC+Improvement ഇനത്തിൽ 130.1 കോടി, കണ്ടിജൻസി + പ്രോജക്റ്റ് ഇനത്തിൽ 430.25 കോടി എന്നിങ്ങനെയാണവ. ഇതിൽ നിന്ന് 920.66 കോടി രൂപ വിതരണംചെയ്തു. എന്നാൽ 26.37 കോടി രൂപ ഡയറക്ട്രേറ്റിലും 38.84 കോടി രൂപ ജില്ലാതലത്തിലും കുടിശ്ശികയാണ്. ആകെ 65,22,04,823 രൂപയാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്.

ഒബിസി വിഭാഗത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാനുള്ള സ്‌കോളര്‍ഷിപ്പ് തുകയില്‍ 16,18,44,229 രൂപ ഇനിയും ലഭിച്ചിട്ടില്ല. ഡയറക്ട്രേറ്റ് തലത്തിൽ 14.62 കോടി രൂപയും ജില്ലാതലത്തില്‍ 1.56 കോടി രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് പല കാരണങ്ങളാല്‍ തടയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കാനുള്ളത് 18.69 കോടി രൂപയാണ്.

ഇതരപിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തിനിടയില്‍ ലഭിക്കാനുള്ളത് 41.3 കോടിയാണ്. ഈഴവർ മുതലയായ ജാതിയിൽ പെട്ടവരാണ് അഥർ ബാൿവേഡ് കാസ്റ്റ്സ് എന്ന ഈ വിഭാഗത്തിൽ വരിക.

rekha 4

എന്നാൽ ഏറ്റവും വലിയ കുടിശ്ശികയുള്ളത് സംവരണാർഹരായ ഇതര വിഭാഗത്തിനാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽ ബഹുഭൂരിഭാഗവും ഈ വിഭാഗത്തിലാണ് വരുന്നത്. ഒഇസി (അഥര്‍ എലിജിബിള്‍ കാസ്റ്റ്) എന്ന ഈ വിഭാഗത്തിന് അനുവദിച്ച തുകയിൽ‍ 138.36 കോടിയോളം രൂപ കുടിശ്ശികയുണ്ട്. കഴിഞ്ഞ അദ്ധ്യയനവർഷം മാത്രം 115.59 കോടി രൂപയാണ് കുടിശ്ശിക.

ഉന്നത വിദ്യാഭ്യാസ മേഖലകളിലുള്ള ഫെല്ലോഷിപ്പിലാണ് വലിയ രീതിയില്‍ ഫണ്ട് ലഭിക്കാതിരിക്കുന്നത്. പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക തടഞ്ഞു വെക്കുന്നതിനെതിരെ മുഖ്യധാര വിദ്യാര്‍ത്ഥി സംഘടനകള്‍ യാതൊന്നും ചെയ്തിട്ടില്ല എന്ന് ദളിത് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെ സ്ഥാപകരിൽ ഒരാളായ ഒ പി രവീന്ദ്രൻ കുറ്റപ്പെടുത്തുന്നു. പിന്നോക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫെല്ലോഷിപ്പ് നിഷേധിച്ചതിനെതിരായിട്ടാണ് ദളിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിക്കുന്നത്. ഫെല്ലോഷിപ്പ് തുക കിട്ടാത്തതിനാല്‍ ഒഇസി വിഭാഗത്തിലടക്കമുള്ള ഗവേഷക വിദ്യാര്‍ത്ഥികളില്‍ പലരും പ്രതിസന്ധിയിലാണെന്ന് രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന്റെ വിദ്യാഭ്യാസമേഖലയിലെ പുരോഗതിയെ തടയിടുന്ന തരത്തില്‍ ആസൂത്രിതമായിട്ട് തന്നെയാണ് ഫണ്ട് തടഞ്ഞുവെക്കപ്പെടുന്നത്. പലപ്പോഴും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് പണം നല്‍കാതിരിക്കുന്നത്. കേരളത്തിലെ ജാതിബോധമുള്ള ഉദ്യോഗസ്ഥ വൃന്ദം തന്നെയാണ് ഇതിന് പിന്നിലുള്ളതെന്നും 2000ൽ ഈ വിഷയമുയർത്തി സമരം ചെയ്ത ദളിത് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെ പഴയ അമരക്കാരൻ പറയുന്നു.

പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ സ്‌റ്റൈപ്പന്റും മറ്റും ലഭിക്കാന്‍ വേണ്ടി മാത്രമാണ് എത്തുന്നത് എന്നാണ് ഇന്നും പൊതുവിലുള്ള ധാരണ. മുഖ്യധാര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇത് ഒരു പ്രശ്‌നമായി കാണുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നില്ല.

ജില്ലാ വികസന ഓഫീസുകളാണ് അതാത് ജില്ലകളിലെ ഫണ്ട് സ്ഥാപനങ്ങളിലേക്ക് കൈമാറേണ്ടത്. ഇത് കൃത്യമായും കാര്യക്ഷമമായും ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞാണ് പലപ്പോഴും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട പണം തടഞ്ഞ് വെക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വിതരണം ചെയ്യുന്നതില്‍ യാതൊരു തടസ്സവും സംസ്ഥാന സര്‍ക്കാരിനില്ല. ഇതാണ് നിസ്സാരമായ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ തടഞ്ഞുവെക്കപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക നേരിട്ട് അക്കൗണ്ടിലെത്തിക്കുന്ന പദ്ധതിക്കായുള്ള ശുപാര്‍ശ അഞ്ച് വര്‍ഷം മുമ്പേ സമര്‍പ്പിച്ചിരുന്നെങ്കിലും അതിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

വിദ്യാഭ്യാസ സഹായത്തിന് അർഹരായ SC, SEBC, OBC, OEC എന്നീ നാലുവിഭാഗങ്ങൾക്കും കൂടി ആകെ 263,67,35,201 രൂപയാണ് കുടിശ്ശിക. ഈ ഫണ്ടത്രയും മറ്റൊരു കാര്യത്തിനും ചെലവഴിക്കാനാവുന്നവയുമല്ല. കൃത്യസമയത്ത് വിതരണം ചെയ്യാതെ ഇവ പിടിച്ചുവയ്ക്ക്കുന്നത് ഉദ്യോഗസ്ഥ ലോബിയുടെ ജാതിവെറികൊണ്ട് മാത്രമാണ്.