വഴിപാടുനിരക്ക് കൂട്ടിയത് തന്നെയെന്ന് ബോര്‍ഡ് പ്രസിഡന്റ്, വേണമെങ്കില്‍ പുനഃപരിശോധനയെന്ന് ദേവസ്വംമന്ത്രി; പ്രയാറും കടകംപള്ളിയും രണ്ടു തട്ടില്‍

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാടുനിരക്ക് ഏകീകരിക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുമ്പോള്‍ നിരക്കു വര്‍ദ്ധനവില്‍ ആവശ്യമെങ്കില്‍ പുനഃപരിശോധനയാകാമെന്ന നിലപാടിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

വഴിപാടുനിരക്ക് കൂട്ടിയത് തന്നെയെന്ന് ബോര്‍ഡ് പ്രസിഡന്റ്, വേണമെങ്കില്‍ പുനഃപരിശോധനയെന്ന് ദേവസ്വംമന്ത്രി; പ്രയാറും കടകംപള്ളിയും രണ്ടു തട്ടില്‍

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളില്‍ വഴിപാടുനിരക്കു വര്‍ദ്ധിപ്പിച്ച തീരുമാനം പിന്‍വലിക്കില്ല എന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വഴിപാടുകളുടെ തുക വര്‍ദ്ധിപ്പിക്കണമെന്നത് കോടതി അംഗീകരിച്ച തീരുമാനമാണ്.ഈ സാഹചര്യത്തില്‍ ഇനി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല എന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ നാരദാ ന്യുസിനോട് വ്യക്തമാക്കി. ലോങ്ങ് ടേം കമ്മിറ്റ്‌മെന്റസ് പൂര്‍ത്തിയാക്കാനായി 65 കോടിയാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണ്ടെത്തേണ്ടത്. ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞ തവണ 10 കോടി രൂപയുടെ കുറവുണ്ടായതുള്‍പ്പടെയുള്ള ബാദ്ധ്യതകളാണ് ഇത്. ഇതിനൊക്കെ തുക കണ്ടെത്തണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, ലോങ്ങ് ടേം ബാദ്ധ്യതകള്‍ എന്തൊക്കെയാണ് എന്നതു സംബന്ധിച്ച വിശദീകരണം നല്കാന്‍ അദ്ദേഹം തയ്യാറായില്ല.


അതിനിടെ, ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാന ചോര്‍ച്ച തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ക്ഷേത്രങ്ങളില്‍ വഴിപാടുനിരക്ക വര്‍ദ്ധിപ്പിച്ചതില്‍ ഭക്തജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നും ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നാരദാ ന്യുസിനോട് വ്യക്തമാക്കി.  അഴിമതി ആരോപണങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉറങ്ങുന്നത് കൊണ്ടാവാം പലപ്പോഴും ക്ഷേത്രങ്ങളിലെ വഴിപാടുകളുടെ വരുമാനത്തില്‍ ചോര്‍ച്ച ഉണ്ടാകുന്നത്. എല്ലാവരും അഴിമതി നിറഞ്ഞവരാണ് എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും നിരവധി ആക്ഷേപങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച ശക്തമായി നടപടികള്‍ സ്വീകരിക്കണം എന്ന ആവശ്യപ്പെടാന്‍ ആറാം തീയതി കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെയും മീറ്റിങ്ങ് വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ക്ഷേത്രങ്ങളിലെ വഴിപാടുകളുടെ വരുമാനം കൃത്യമായി ബോര്‍ഡിലേക്ക് എത്തുന്നില്ല എന്ന ആക്ഷേപം ഗൗരവമുള്ളതാണ.

ക്ഷേത്രങ്ങളിലെ വഴിപാടുനിരക്കുകള്‍ കുത്തനെ കൂട്ടിയ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഇത് പുതിയ തീരുമാനമല്ലെന്നും, യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണെന്നും വ്യക്തമാക്കി ഫേസ് ബുക്കില്‍ രംഗത്ത് വന്നിരുന്നു. പുതിയ നിരക്കു പ്രകാരം, വഴിപാടുകള്‍ക്ക് അഞ്ഞൂറിരട്ടി വരെയാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ തുക ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് ആരോപണം. ക്ഷേത്രങ്ങളില്‍ അധിക ചെലവു പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.അതേസമയം, വഴിപാടുകള്‍ സംബന്ധിച്ച വരുമാനം പലപ്പോഴും നാലിലൊന്ന് മാത്രമാണ് ദേവസ്വം ബോര്‍ഡിലേക്ക് എത്തുന്നത്. സബ് ഗ്രുപ്പ് ഓഫീസര്‍മാര്‍, മാനേജര്‍മാര്‍, കീഴ്ശാന്തിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പലയിടത്തും വഴിപാടുകളുടെ ഉത്തരവാദിത്വം. ഇത്തരം പ്രധാന സഥാനങ്ങളില്‍ എത്താന്‍ വന്‍തുക കൈക്കൂലി നല്‍കുന്നതിനോടൊപ്പം പലപ്പോഴും ഉന്നതതലത്തിലുള്ള രാഷ്ട്രീയ സ്വാധീനവും വേണം.ഇത് തന്നെയാണ് ഇവിടങ്ങളിലെ അഴിമതിയുടെ തെളിവെന്ന് പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

റിക്രുട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചു വിടാനുള്ള നടപടി തുടങ്ങി

ദേവസ്വം റിക്രുട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചു വിടാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. റിക്രുട്ടമെന്റ് ബോര്‍ഡ് നടത്താനിരുന്ന നിയമനങ്ങളും നിര്‍ത്തിവെച്ചു. ഇതോടെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച ശേഷം ആദ്യമായി പാര്‍ട്ട് ടൈം ശാന്തി, രണ്ടാം ആനശേവുകം എന്നീ തസ്തികകളിലേക്ക് അപേക്ഷ അയച്ച് കാത്തിരിക്കുന്നവരുടെ ആശങ്ക വര്‍ദ്ധിച്ചു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തത്വത്തില്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും പകരം വരേണ്ടുന്ന സംവിധാനത്തേ കുറിച്ച് നയപരമായി തീരുമാനങ്ങള്‍ എടുക്കുന്നതേയുള്ളു എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാരദാ ന്യുസിനോട് പറഞ്ഞു. ബോര്‍ഡ് ക്ഷണിച്ച അപേക്ഷകളില്‍ ആലോചിച്ച് തീരുമാനമെടുക്കും എന്നും കടകംപള്ളി പറഞ്ഞു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ അംഗങ്ങള്‍ക്ക് മാത്രം 8 ലക്ഷം രുപ മാസം ചെലവ് വരുന്നുണ്ട്. അത്തരത്തിലൊരു വെള്ളാന വേണ്ട എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് പകരം വരേണ്ടുന്ന സംവിധാനത്തെകുറിച്ച വളരെ വിശദമായിട്ടുള്ള ആലോചനകള്‍ക്കു ശേഷം മാത്രമേ തീരുമാനിക്കാന്‍ കഴിയു. അതിന്റെ ആലോചനയിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്‌സി പട്ടികജാതി പട്ടികവര്‍ഗ്ഗത്തിന് വേണ്ടി സ്‌പെഷ്യല്‍ റിക്രുട്ടമെന്റ് നടത്തി കൊടുക്കാറുളളത് പോലെ അതിനൊക്കെ നിലവില്‍ വ്യവസ്ഥകളുണ്ടല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ ആലോചിച്ചപ്പോള്‍ തന്നെ ശാന്തിക്കാരുടെ നിയമനത്തിനായും സംവിധാനം ഒരുക്കിയിരുന്നു. ക്ഷേത്രങ്ങളിലെ ആചാരങ്ങളില്‍ അഹിന്ദുക്കള്‍ കൈകടത്തുന്ന സാഹചര്യം ഉണ്ടാകില്ല എന്നും അദ്ദേഹം ഉറപ്പു നല്കി.

Read More >>