ചെറുകിട ജലവൈദ്യുതി പദ്ധതികളെ തള്ളി സര്‍ക്കാര്‍ അതിരപ്പള്ളിക്ക് പിന്നാലെ പായുന്നതില്‍ ദുരൂഹത; പഠിച്ചിട്ട് പ്രതികരിക്കാമെന്ന് കടകംപള്ളി

സര്‍ക്കാരിന്റെ അലംഭാവവും വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും പദ്ധതി ഏറ്റെടുക്കുന്നതില്‍ നിന്നും സംരംഭകരെ പിന്തിരിപ്പിക്കുകയാണ്. ചെറുകിട പദ്ധതികള്‍ക്ക് സംസ്ഥാനത്തു തന്നെ അനുമതി നല്‍കാമെന്നിരിക്കെ ഇതുസംബന്ധിച്ച എല്ലാ ഫയലുകളും കേന്ദ്രത്തിന് കൈമാറിയാണ് വനംവകുപ്പ് ഇടങ്കോലിടുന്നത്

ചെറുകിട ജലവൈദ്യുതി പദ്ധതികളെ തള്ളി സര്‍ക്കാര്‍ അതിരപ്പള്ളിക്ക് പിന്നാലെ പായുന്നതില്‍ ദുരൂഹത; പഠിച്ചിട്ട് പ്രതികരിക്കാമെന്ന് കടകംപള്ളി

തിരുവനന്തപുരം: കേരളത്തിന്റെ ഊര്‍ജ്ജക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തുതന്നെ ഉണ്ടെന്നിരിക്കെ സര്‍ക്കാര്‍ അതിരപ്പള്ളിക്ക് പിന്നാലെ പായുന്നതില്‍ ദുരൂഹത. എനര്‍ജി മാനേജ്‌മെന്റ് സെന്ററും വൈദ്യുതി ബോര്‍ഡും കണ്ടെത്തിയ 150 ഓളം ചെറുകിട പദ്ധതികള്‍ നടപ്പാക്കാതെയാണ് അതിരപ്പള്ളി നടപ്പാക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടുന്നത്.

ഇപ്പോള്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്ന 55 പദ്ധതികളില്‍ നിന്നായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത് 95.90 മെഗാവാട്ട് വൈദ്യുതിയാണ്. അതായത് അതിരപ്പള്ളിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 60 മെഗാവാട്ടിന്റെ കുറവ് മാത്രമേയുള്ളൂ. ഇനിയും ടെണ്ടര്‍ ക്ഷണിക്കാനുള്ളവ കൂടി കണക്കാക്കുമ്പോള്‍ അതിരപ്പിള്ളിയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഇവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാരിന്റെ അലംഭാവവും വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും പദ്ധതി ഏറ്റെടുക്കുന്നതില്‍ നിന്നും സംരംഭകരെ പിന്തിരിപ്പിക്കുകയാണ്. ചെറുകിട പദ്ധതികള്‍ക്ക് സംസ്ഥാനത്തു തന്നെ അനുമതി നല്‍കാമെന്നിരിക്കെ ഇതുസംബന്ധിച്ച എല്ലാ ഫയലുകളും കേന്ദ്രത്തിന് കൈമാറിയാണ് വനംവകുപ്പ് ഇടങ്കോലിടുന്നത്.


വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്‌മെന്റ് സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 150 ഓളം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കണ്ടെത്തിയിരുന്നു. പുഴയുടെ സ്വാഭാവിക ഒഴുക്കിന് കോട്ടം വരുത്താതെ തടയണകള്‍ കെട്ടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയാണ് തയാറാക്കിയത്. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. പഞ്ചായത്തുകള്‍, കമ്പനികള്‍ എന്നിവയ്ക്കും ഇതില്‍ പങ്കെടുക്കാം. ആദ്യതവണ 62 പദ്ധതികള്‍ പരസ്യപ്പെടുത്തിയെങ്കിലും 23 സംരംഭകര്‍ മാത്രമേ പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായി വന്നുള്ളൂ. പുഴയുടെ ജലനിരപ്പിന് അനുസരിച്ചാണ് തടയണ നിര്‍മ്മിക്കുക. എന്നാല്‍ തടയണ മാത്രം കെട്ടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ വനനശീകരണമോ പരിസ്ഥിതി നാശമോ ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതേ തുടര്‍ന്ന് കഴിഞ്ഞ തവണ നിക്ഷേപകരെ ലഭിക്കാത്തതുള്‍പ്പെടെ 55 പദ്ധതികള്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ പരസ്യപ്പെടുത്തി. മഴലഭിക്കുന്ന മാസങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്.  ആറു മുതല്‍ എട്ട് മാസം വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. 95 മെഗാവാട്ടിന്റെ പദ്ധതിയ്ക്കാണ് ഇപ്പോള്‍ യോഗ്യതാ ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്.

ഇതു പരിശോധന നടത്തിയ ശേഷം യോഗ്യരായിട്ടുള്ളവരെ ഉള്‍പ്പെടുത്തി രണ്ടാമത്തെ ടെണ്ടര്‍ ക്ഷണിക്കും. ഒരു മെഗാവാട്ടിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന തുകയായി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ നല്‍കുന്നവര്‍ക്ക് ടെണ്ടര്‍ ഉറപ്പിക്കും. 5 മെഗാവാട്ട് വരെ ശേഷിയുള്ള പദ്ധതികളില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് 5.47 രൂപയും അഞ്ച് മുതല്‍ 25 മെഗാവാട്ട് വരെ ശേഷിയുള്ള പദ്ധതികളില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് 4.65 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതു കെ.എസ്.ഇ.ബിക്ക് വില്‍ക്കുകയോ സ്വന്തമായി ഉപയോഗിക്കുകയോ ചെയ്യാം.

എന്നാൽ ഇത്രയും സാധ്യതയുണ്ടാകയിരുന്നിട്ടും പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നില്‍. അഞ്ച് ഹെക്ടറില്‍ താഴെ ആവശ്യമുള്ള പദ്ധതികള്‍ക്ക് സംസ്ഥാനത്തെ വനംവകുപ്പിന് തന്നെ അനുമതി നല്‍കാമെന്നാണ് ചട്ടം. എന്നാല്‍ പല പദ്ധതികള്‍ക്കും വനംവകുപ്പ് അനുമതി വൈകിപ്പിക്കുകയാണ്. ഇതു അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നതുമില്ല. വൈദ്യുതി, വനം വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്നിരിക്കെയാണ് ഇതുപേക്ഷിച്ച് വന്‍വിവാദമായ അതിരപ്പള്ളിക്ക് പിന്നാലെ പോകുന്നത്.

പുഴ പുറമ്പോക്കും വനം പുറമ്പോക്കും കൈയേറിയവരും പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്നു. ഇതോടെ പദ്ധതി ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ല. പണം നിക്ഷേപിച്ചാല്‍ പദ്ധതി മുടങ്ങി നിക്ഷേപം തിരികെ ലഭിക്കില്ലെന്നതാണ് സംരംഭകരെ പിന്മാറാന്‍ പ്രേരിപ്പിക്കുന്നത്. വൈദ്യുതി ബോര്‍ഡ് ഇക്കാര്യം സര്‍ക്കാരിനെ പലതവണ അറിയിച്ചിരുന്നു. ഇങ്ങനെ വന്നാല്‍ ഊര്‍ജ്ജ ഉല്‍പ്പാദനം ഗണ്യമായി കുറയുമെന്നായിരുന്നു ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. എന്നിട്ടും പരിസ്ഥിതി നാശം ഒട്ടുമില്ലാത്ത ഈ പദ്ധതികളെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും ഇക്കാര്യത്തില്‍ പഠിച്ചശേഷം പ്രതികരിക്കാമെന്നാണ് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.

ചെറിയ ജലവൈദ്യുത പദ്ധതികളെ പ്രോത്സാഹിപ്പിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ തയ്യാറാകുമ്പോള്‍ കേരളം അതില്‍ നിന്ന് പിന്മാറുന്നതില്‍ ദുരൂഹതയുണ്ടെന്ന് റിവര്‍ റിസര്‍ച്ച് സെന്റര്‍ ഭാരവാഹി ഡോ ലത ആനന്ദ പ്രതികരിച്ചു. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ സംരംഭകരില്ലാത്ത സാഹചര്യം ഉണ്ടാകാറില്ല. അത് കൊണ്ടു തന്നെ ഇതില്‍ ദുരൂഹതയുണ്ട്. പൂര്‍ണ്ണമായും പരിസ്ഥിതിക്ക് അനുകൂലമല്ലെങ്കിലും പ്രായോഗികത പരിശോധിച്ച ശേഷം നടപ്പിലാക്കാവുന്നതാണ് എന്നും അവര്‍ പറഞ്ഞു.എന്നാല്‍ പലപ്പോഴും ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട് വന്‍ തുകകള്‍ പിന്‍വാതിലിലുടെ ഒഴുകാത്തതാകാം ഇവയോടുള്ള അധികാരികളുടെ താത്പര്യക്കുറവിന് കാരണം . അതിരപ്പള്ളിക്കു ശേഷം ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് പത്ത് കൊല്ലം മുന്‍പ് ഉപേക്ഷിച്ച ചീമേനിയാണെന്നും ഡോ ലത വ്യക്തമാക്കി.

Read More >>