'സൗമ്യ ദൃശ്യ മുഖ'മോ? അതെന്തു മുഖം ഐസക്കേ?

പ്രകാശ് ജാവേദ്കര്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രിയായി വാഴുന്ന കാലത്താണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസംഗം ദൂരദര്‍ശന്‍ ലൈവ് ടെലികാസ്റ്റു ചെയ്തത്. ഇത്രയും കാലം എന്തുകൊണ്ടാണ് ദൂരദര്‍ശന്‍ ആര്‍എസ്എസ് പരിപാടികളുടെ ലൈവു കൊടുക്കാതിരുന്നത് എന്നും കൂടി ചോദിക്കാനും അദ്ദേഹം മടിച്ചില്ല.

 'പ്രകാശ് ജാവേദ്കര്‍ ബി.ജെ. പി.യുടെ അറിയപ്പെടുന്ന സൗമ്യ ദൃശ്യ മുഖങ്ങളിലൊന്നാണ്'.  പറയുന്നത് തോമസ് ഐസക്കാണ്. അദ്ദേഹത്തിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയൊരു വാചകത്തിലാണ് ആരംഭിക്കുന്നത്.  അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ കൂടിയാണ് നമ്മുടെ ധനകാര്യമന്ത്രി.  സ്വാഭാവികമായും വാക്കുകളില്‍ ദാര്‍ശനികമായ ആഴം മുഴങ്ങും.  മുഖത്തും ശരീരഭാഷയിലുമൊക്കെ മിന്നിത്തുടിക്കുന്ന സൗമ്യതയ്ക്ക് രാഷ്ട്രീയ വ്യവഹാരത്തിലുളള പ്രസക്തി വ്യക്തമാക്കാന്‍ അദ്ദേഹത്തെപ്പോലുളള സൈദ്ധാന്തികര്‍ക്കേ കഴിയൂ...


പ്രകാശ് ജാവേദ്കര്‍ ബി.ജെ. പി.യുടെ അറിയ പ്പെടുന്ന സൗമ്യ ദൃശ്യ മുഖങ്ങളിലൊന്നാണ്. ഔദ്യോഗിക വക്താക്കളില്‍ ഒരാള്‍. ഇപ്പോള്‍ ...

Posted by Dr.T.M Thomas Isaac on 21 June 2016


എന്നാലും ഐസക്കേ, എന്താണീ 'സൗമ്യ ദൃശ്യ മുഖം'? എന്താണ് ആ പ്രയോഗം കൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത്? 'സൗമ്യമുഖം' എന്നുവെച്ചാല്‍ 'സൗമ്യമായ മുഖം' എന്നു വിഗ്രഹിക്കാം. 'സൗമ്യ ദൃശ്യ മുഖ'മെന്നു വെച്ചാല്‍ 'സൗമ്യമായി ദൃശ്യമാകുന്ന മുഖം' എന്നാണോ അര്‍ത്ഥം? മലയാളമറിയുന്നവര്‍ പറയട്ടെ.

ഏതായാലും സംഭവമിത്രയേ ഉള്ളൂ. സെക്രട്ടറിയേറ്റിലെ ലിഫ്റ്റിനു ചുവട്ടില്‍ ഐസക്കും ജാവേദ്കറും കണ്ടുമുട്ടി. പരിചയപ്പെട്ടു; പരസ്പരം ചിരിച്ചു, കുശലം പറഞ്ഞു. സംഗതി ഐസക്കിന് ഒരു ഫേസ് ബുക്ക് പോസ്റ്റിനുളള വിഷയവുമായി. അതിലൊന്നും അസ്വാഭാവികതയില്ല. പക്ഷേ, ആര്‍എസ്എസുകാരന്റെ 'സൗമ്യത'യുടെ ആരാധകനാകാന്‍ അറിയപ്പെടുന്ന ഒരു മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍  തറ്റുടുക്കുമ്പോള്‍ ആരുമൊന്നു നെറ്റി ചുളിച്ചുപോകുന്നതും സ്വാഭാവികം.

സിപിഐഎമ്മിനെയും ഇടതുരാഷ്ട്രീയത്തെയും സംബന്ധിച്ച് പ്രകാശ് ജാവേദ്കര്‍ ചില്ലറപ്പുളളിയല്ല.  അദ്ദേഹം വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രിയായി വാഴുന്ന കാലത്താണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസംഗം ദൂരദര്‍ശന്‍ ലൈവ് ടെലികാസ്റ്റു ചെയ്തത്.   സിപിഐഎമ്മും കോണ്‍ഗ്രസും ഇടതുപാര്‍ടികളും ഒരേസ്വരത്തില്‍ എതിര്‍പ്പുയര്‍ത്തി. ജാവേദ്കറുടെ കോലം കത്തിച്ചു. ഒരു ഫലവുമുണ്ടായില്ല. തീരുമാനത്തെ ശക്തമായി ന്യായീകരിച്ചു, ജാവേദ്കര്‍.   ഇത്രയും കാലം എന്തുകൊണ്ടാണ് ദൂരദര്‍ശന്‍ ആര്‍എസ്എസ് പരിപാടികളുടെ ലൈവു കൊടുക്കാതിരുന്നത് എന്നും കൂടി ചോദിക്കാനും  മടിച്ചില്ല.

കാര്‍ബണ്‍ ന്യൂട്രല്‍ വയനാടിന്റെ പദ്ധതി തയ്യാറായിക്കഴിഞ്ഞാല്‍ ജാവേദ്കറിന് അയച്ചുകൊടുക്കാന്‍ ഐസക് തീരുമാനിച്ചിട്ടുണ്ടത്രേ.  നല്ലതു തന്നെ. സംസ്ഥാനങ്ങളില്‍ ഇങ്ങനെ ചിലതൊക്കെ നടക്കുന്നുണ്ട് എന്ന് കേന്ദ്രമന്ത്രി അറിയണം.  പക്ഷേ, ജാവേദ്കറിന്റെ സൗമ്യതയ്ക്കു മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തുമ്പോള്‍ മറന്നുകൂടാത്ത ഒരു കാര്യമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ മൂന്നില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്ന  ബ്ലൂ ബുള്‍ അഥവാ നീല്‍ഗെ എന്ന ഒരിനം മാനിനെ ക്ഷുദ്രജീവിയായി പരിഗണിച്ച് കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ബീഹാര്‍ സര്‍ക്കാരിന് അനുമതി കൊടുത്ത പരിസ്ഥിതി മന്ത്രിയാണദ്ദേഹം. കാട്ടുപന്നിയുടെയും കുരങ്ങന്റെയൊമൊക്കെ ശല്യമൊഴിവാക്കാന്‍ അവയെ കൂട്ടത്തോടെ കൊന്നൊടുക്കുയാണ് വേണ്ടത് എന്ന 'ശാസ്ത്രീയസിദ്ധാന്ത'ത്തില്‍ വിശ്വസിക്കുന്ന ഒന്നാന്തരം പരിസ്ഥിതി സ്‌നേഹി.  ഈ 'സൗമ്യമുഖ'ത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക കൂടിയായ മേനകാ ഗാന്ധി അത്ഭുതം കൂറിയിട്ട് അധികകാലമായിട്ടില്ല.

പ്രകാശ് ജാവേദ്കറുടെ സംസാരം തനിക്കിഷ്ടമായി എന്ന് ഐസക് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സമയം കിട്ടുമ്പോള്‍ അദ്ദേഹം സിപിഐഎമ്മിന്റെ വെബ്‌സൈറ്റിലൊന്നു പോകണം. 2015 ആഗസ്റ്റ് 18ന് സിപിഐഎം എം പി ജിതേന്ദ്ര ചൗധരിയും പാര്‍ടി ആന്ധ്രാ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നരസിംഹറാവുവും വിശാഖപട്ടണം ജില്ലാ സെക്രട്ടറി കെ ലോകനാഥവും ചേര്‍ന്നു നടത്തി ഒരു പത്രസമ്മേളനത്തിന്റെ റിപ്പോര്‍ട്ട് അവിടെയുണ്ട്. ആന്ധ്രയിലെ പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കുത്തിക്കവരാന്‍ കൂട്ടുനില്‍ക്കുന്ന തെലുങ്കുദേശം സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരെയുളള കുറ്റപത്രമാണ് അവര്‍ ആ പത്ര സമ്മേളനത്തില്‍ വായിച്ചത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദിവാസികളുടെ വനാവകാശ നിയമങ്ങള്‍ കാറ്റില്‍പ്പറത്തുന്നതിന്റെ അനേകം ഉദാഹരണങ്ങള്‍ അവര്‍ ആ പത്രസമ്മേളനത്തില്‍ അക്കമിട്ടു നിരത്തി.  ഇതാ ഇങ്ങനെ :
i) The Maharashtra government has been implementing the Maharashtra Village Forest Rules, 2014, despite the fact that these illegally attempt to block the rights of tribals and other forest dwellers over non-timber forest produce - a vital part of their income. This is occurring despite repeated letters from the Ministry of Tribal Affairs that these are illegal. Despite this criminal violation of tribal rights, senior Ministers Prakash Javadekar and Nitin Gadkari have been supporting the Maharashtra Government's continued violation of rights.

ആദിവാസികളുടെയും കാടിനെ ആശ്രയിച്ചു ജീവിക്കുന്ന മറ്റുളളവരുടെയും അവകാശങ്ങള്‍ ഹനിക്കുന്ന മഹാരാഷ്ട്രാ സര്‍ക്കാരിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന ആളാണ് സിപിഐഎമ്മിന്റെ ആന്ധ്രാഘടകത്തെ സംബന്ധിച്ച് പ്രകാശ് ജാവേദ്കര്‍. അവര്‍ക്കൊന്നും പ്രകാശ് ജാവേദ്കര്‍ ഒരു 'സൗമ്യദൃശ്യ മുഖ'മാകാന്‍ ഒരു സാധ്യതയുമില്ല.

ബി. ടി. വഴുതനയ്‌ക്കെതിരെയുളള സമരം ഐസക് മറന്നുകാണാന്‍ വഴിയില്ല. ജനിതക വ്യതിയാനം വരുത്തിയ വിത്തുകളും വിളകളും മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് വേണ്ടത്ര പഠനം നടന്നിട്ടില്ല എന്ന കാര്യം പറഞ്ഞാണ് സിപിഐഎം ബിടി വഴുതനയെ എതിര്‍ത്തത്. ഇതിന്റെ ഉപയോഗത്തിന് മുപ്പത് വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നു പാര്‍ട്ടി വാദിച്ചു.

ഈ വാദത്തിനു പുല്ലുവില കല്‍പ്പിക്കുന്നു, പ്രകാശ് ജാവേദ്കര്‍. '"There is no scientific evidence to prove that GM crops would harm soil, human health and environment" എന്ന അറുത്തു മുറിച്ച ഉത്തരമാണ് ഇതുസംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയായി  അദ്ദേഹം രാജ്യസഭയില്‍ രേഖാമൂലം നല്‍കിയത്.  വഴുതനയടക്കം ജനികതവ്യതിയാനം വരുത്തിയ 12 വിളകള്‍ക്ക് ഫീല്‍ഡ് ട്രയല്‍ നടത്താനുളള തീരുമാനം റദ്ദാക്കാന്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റെയും ഭാരതീയ കിസാന്‍ സംഘത്തിന്റെയും പ്രതിനിധികള്‍ നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടും ജാവേദ്കര്‍ വഴങ്ങിയില്ല എന്നറിയുമ്പോഴാണ് ആ സൗമ്യതയുടെ കോര്‍പറേറ്റ് മുഖം പൂര്‍ണമായും അനാവരണം ചെയ്യപ്പെടുന്നത്.

ഇനി കാണാനുളളത്, സിപിഐഎമ്മിലെ സൗമ്യതയുടെ തിളക്കമാണ് ഐസക്ക് എന്ന് ജാവേദ്കറുടെ മറു കുറിപ്പാണ്. അതും  ഉടനേ വരുമായിരിക്കും. പുറംചൊറിയലിനുമുണ്ടാവണമല്ലോ, ഒരു ലെനിനിസ്റ്റ് രീതി. അതിനു തെരഞ്ഞെടുത്ത ടൈമിംഗും കലക്കിയെന്നു തന്നെ പറയണം.  കെ കെ ശൈലജ ടീച്ചര്‍ കൊളുത്തി വിട്ട യോഗാ കീര്‍ത്തന വിവാദത്തെ തുടര്‍ന്ന് സംഘികളും സഖാക്കളും തമ്മില്‍ നവമാധ്യമങ്ങളില്‍ രൂക്ഷമായ ആശയസംഘര്‍ഷം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്  അതേക്കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാതെ, താനീ നാട്ടുകാരനല്ലേയെന്ന മട്ടില്‍ വലിയ സംഘിയ്ക്ക് സൗമ്യമുഖമുണ്ടെന്ന വാദവുമായി മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ എത്തിയത്. അപാരമല്ലേ, സമയബോധം!

കൈവിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് കണിമംഗലം ജഗന്നാഥന്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ആത്മരതിയുടെ ചതുപ്പില്‍ ഒരു സൈദ്ധാന്തിക മസ്തിഷ്‌കം ഈ വിധം പുതയുമ്പോള്‍ ചിരിക്കണോ കരയണോ എന്ന സന്ദേഹം ബാക്കി.

Read More >>