ക്ഷേത്രവൽക്കരണ കാലത്തെ മലയാളി

കേരളംപോലെ മതപരമായി ഇത്രയും ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനം ഇന്ത്യയിൽ വേറെ ഇല്ലെന്ന് തന്നെ പറയാം. പക്ഷേ ഇവിടെ മതപരമായ അടികലശലുകൾ വർഗ്ഗീയ തീവ്രവാദം എന്നിവ പൊതുവെ കുറവായിരിക്കുന്നു. അതായത് ഒരു ടൈംബോംബിന് മുകളിൽ അതിനെ ഒരിയ്ക്കലും പൊട്ടാൻ അനുവദിക്കില്ല എന്ന ഉറപ്പോടെ കേരളത്തിന് ജീവിക്കാൻ കഴിയുന്നു. ജോണി എംഎൽ എഴുതുന്നു.

ക്ഷേത്രവൽക്കരണ കാലത്തെ മലയാളി

ജോണി എംഎൽ

മലയാളിയുടെ സമകാലീക സ്വത്വനിർണ്ണയത്തിൽ ക്ഷേത്രങ്ങൾ, പള്ളികൾ, നിസ്‌കാരപ്പള്ളികൾ, പൊതുവെ പറഞ്ഞാൽ ആരാധനാലയങ്ങൾ ഇന്ന് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരാധനാലയങ്ങൾ എക്കാലത്തും ഉണ്ടായിരുന്നെങ്കിലും കുടുംബക്ഷേത്രങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിൽ എത്തി നിൽക്കുകയാണ് സമകാലീന മലയാളിയുടെ സ്വത്വസമ്പൂർത്തി. ഈ ലേഖനത്തിൽ പരാമർശം നടത്താൻ ആഗ്രഹിക്കുന്നത് ഹിന്ദുക്ഷേത്രങ്ങളെക്കുറിച്ചാണ്. കാരണം മറ്റ് ക്ഷേത്രങ്ങളുടെ ആരാധനാലയങ്ങളുടെ അനുപാതം ഹിന്ദുക്ഷേത്രങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനയെ ആശ്രയിച്ചാണ് ഇരിയ്ക്കുന്നത്. ഇതിന് മറ്റൊരു വശംകൂടിയുണ്ട്. താരതമ്യേന സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഗ്രാമീണക്ഷേത്രങ്ങളും കുടുംബക്ഷേത്രങ്ങളും ഒക്കെ ക്ഷയോന്മുഖമായതിനെ കേരളത്തിന്റെ സാമൂഹിക സാമ്പത്തി- രാഷ്ട്രീയ- മത പരിപ്രേക്ഷ്യത്തിൽ പരിശോധിച്ചപ്പോൾ പലർക്കും കിട്ടിയ ഉത്തരമായിരുന്നു സമ്പന്നമായ പള്ളികളും നിസ്‌കാരപള്ളികളും. കേരളത്തിലെ ഇടത്തരം ഹിന്ദുകുടുംബങ്ങൾ സാമ്പത്തികമായി ഇതരമതസ്ഥരോടും ഉയർന്നപ്പോഴാണ് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും അതിലൂടെയുള്ള സ്വത്വ നിർമ്മിതിയും അവരുടെ സാമൂഹ്യ ജീവിതത്തിൽ പ്രധാനമായത്. ഈ മതങ്ങളുടെ ആരാധനാലയങ്ങളുടെ എണ്ണത്തിലെ വർദ്ധനവിനെ നമുക്ക് 'ആനപ്പാറ അച്ചാമ്മ സിൻഡ്രോം' എന്ന് വിളിക്കാം.


എന്താണ് ആനപ്പാറ അച്ചാമ്മ സിൻഡ്രോം എന്ന് ബുദ്ധിശാലികളായ വായനക്കാർക്ക് ഇതിനകം മനസിലായിട്ടുണ്ടാകും. അഞ്ഞൂറാന്റെ വീട്ടിൽ ലക്ഷ്മി അഞ്ചു പെറ്റപ്പോൾ എതിരാളിയായ ആനപ്പാറ അച്ചാമ്മ അഞ്ചുപെറ്റു. എന്തിനും പോന്ന തടിയന്മാർ. കഥ സിദ്ധിഖ്-ലാലിന്റെ ഗോഡ്ഫാദർ. അവർക്ക് പള്ളിയാകാമെങ്കിൽ നമുക്കെന്തുകൊണ്ട് ക്ഷേത്രങ്ങളായിക്കൂടാ എന്നൊരു മത്സരബുദ്ധി പഴയ പ്രേംനസീർ-ഉമ്മർ ദ്വന്ദ്വം പോലെ കേരളത്തിൽ വന്നുചേർന്നു. ഹിന്ദുവും കൃസ്ത്യാനിയും ഒറ്റക്കെട്ടായാൽ തങ്ങൾ പിന്തള്ളപ്പെടരുത് എന്നു കരുതി കേരളത്തിൽ മുസ്ലീം പള്ളികളുടെ എണ്ണവും വർദ്ധിച്ചു. അവർ താടിയും തൊപ്പിയും കണങ്കാലെത്തുന്ന പൈജാമയും ബുർഖയും കൊണ്ട് കേരളത്തിന്റെ സാമൂഹ്യ പ്രത്യക്ഷങ്ങളിൽ സ്വയം അടയാളപ്പെടുത്തി. ചുരുക്കിപ്പറഞ്ഞാൽ ഈ മത്സരങ്ങൾക്കിടെ, അവയ്ക്ക് വേണ്ടത്ര സാംസ്‌കാരിക പ്രതിരോധം സൃഷ്ടിക്കേണ്ടിയിരുന്ന മാധ്യമങ്ങളും സിനിമയും മതങ്ങളുടെ മൊത്തക്കച്ചവടം ഏറ്റെടുത്തുകൊണ്ട് കേരള സമൂഹത്തിൽ ധ്രുവീകരണങ്ങൾ സൃഷ്ടിച്ചു. മനോരമ- മാതൃഭൂമി- മാധ്യമം തുടങ്ങിയ മ-കാര മാധ്യമങ്ങൾ മതപരമായ തങ്ങളുടെ ചായ്‌വിനെ കൃത്യമായി നിർവചിക്കുകയും എന്നാൽ മതനിരപേക്ഷതയുടെ മൂടുപടം പുരോഗമനത്തിന്റെ പേരിൽ എഴുത്തണിയുകയും ചെയ്തു. മമ്മൂട്ടിയ്ക്ക് മോഹൻലാലും, ദുൽഖറിന് ആസിഫ് അലിയും ഫഹദ് ഫാസിലിന് പൃഥിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരും ഉണ്ടായി. നസ്രാണി നായകന്മാരെ ഒരുപാട് സൃഷ്ടിച്ച ക്രിസ്ത്യൻ സമൂഹത്തിന് നിവിൻ പോളിയും സൂപ്പർ നായകനായി. ടെലിവിഷൻ ചാനലുകൾ പോലും ഈ മതചിഹ്നങ്ങളെ അകമഴിഞ്ഞ് സ്വീകരിച്ചു.

Temple_1മതപരമായി ഇത്രയും ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനം ഇന്ത്യയിൽ വേറെ ഇല്ലെന്ന് തന്നെ പറയാം. പക്ഷേ ഇവിടെ മതപരമായ അടികലശലുകൾ വർഗ്ഗീയ തീവ്രവാദം എന്നിവ പൊതുവെ കുറവായിരിക്കുന്നു. അതായത് ഒരു ടൈംബോംബിന് മുകളിൽ അതിനെ ഒരിയ്ക്കലും പൊട്ടാൻ അനുവദിക്കില്ല എന്ന ഉറപ്പോടെ കേരളത്തിന് ജീവിക്കാൻ കഴിയുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ പരിഗണനകളാണ്, ജനസംഖ്യപരമായ സന്തുലനത്തേക്കാൾ കേരളത്തെ വർഗ്ഗീയ കലാപങ്ങളിൽനിന്ന് സംരക്ഷിച്ച് നിറത്തുന്നത്. രാഷ്ട്രീയക്കാർക്ക് സർവ്വമതസ്ഥരുടെയും വോട്ട് വേണമെന്നുള്ളതിനാൽ അവർ മത സന്തുലനത്തിനായി ശ്രമിച്ച് കൊണ്ടേയിരിക്കുന്നു. പ്രതിലോമകതയിൽ ഉണ്ടാകാവുന്ന സാന്ദർഭിക പുരോഗമന ഫലമാണത്.

സാമ്പത്തിക പരിഗണനകളാകട്ടെ മതത്തെ ഒരുതരത്തിലും നേരിട്ട് അഭിസംബോധന ചെയ്യുന്നതേയില്ല. ക്രിസ്മസിന്റെയും ഓണത്തിന്റെയും റംസാന്റെയും മതപരമായ വ്യത്യാസങ്ങൾ കേരളത്തിൽ പ്രതിഫലിക്കാത്തത് സാമ്പത്തികമായ പരിഗണനകൾ ഒരു വ്യത്യാസങ്ങളെ സാമൂഹ്യപ്രത്യക്ഷങ്ങളിൽ നിന്നും ഒഴിവാക്കുന്നു എന്നതാണ്. കേരളത്തിലെ ഇടതുപക്ഷം മതേതരമായ ഒരു സംസ്‌കാരം സൃഷ്ടിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ അതേസമയം ജാതീയമായ ഘടന- അപചയങ്ങളെ ചെറുക്കാനോ ഇല്ലാതാക്കാനോ ശ്രമിക്കുന്നതിലും കഴിയുന്നതിലും ഇടതുപക്ഷം പരാജയപ്പെട്ടിട്ടുണ്ട്.

നമുക്ക് ക്ഷേത്രങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിലേക്ക് തിരിച്ചുവരാം. ഇന്ത്യയിൽ ഹിന്ദുത്വയുടെ ആക്രാമകമായ വരവോടെയാണ് ഹൈന്ദവ ചിഹ്നങ്ങൾക്ക്, അവയുടെ സാമൂഹിക അവതരണങ്ങൾക്ക് കൂടുതൽ പ്രസക്തിയും സാന്നിധ്യവും ലഭിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. അഭിമയായി കിടന്ന ഹിന്ദുസമൂഹത്തിന്റെ ഉണർച്ചയാണ് ക്ഷേത്രങ്ങളുടെ എണ്ണത്തിലെ വർദ്ധനവ് കാട്ടുന്നതെന്ന് പറയുമ്പോൾത്തന്നെ, ഹിന്ദുസമൂഹം, സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാലുദശകങ്ങളോളം, അതായത് 1992വരെ ആരുടെ അടിമയായി കിടന്നു എന്ന് ആരും വ്യക്തമാക്കുന്നില്ല. സോഷ്യലിസം പ്രത്യയശാസ്ത്രമായി എടുത്തിരുന്ന കോൺഗ്രസായിരുന്നു മുഖ്യശത്രു. എങ്കിൽ നവഭാരത ഹിന്ദുവിന് ചരിത്രത്തിന്റെ വെളിച്ചത്തിൽ നോക്കിയാൽ കോൺഗ്രസ് ഇന്നത്തെ ബിജെപിയേക്കാൾ ഏറെ ഹിന്ദുധ്രുവീകരണം നടത്തിയിട്ടുണ്ട് എന്ന് കാണാം. അപ്പോൾ കോൺഗ്രസ് അല്ല യഥാർത്ഥ ശത്രു. ആയിരുന്നെങ്കിൽ അതേ ഹിന്ദുസമൂഹം അടിയന്തിരാവസ്ഥ കഴിഞ്ഞ് ഉണ്ടായ ജനതാ പരീക്ഷണത്തിന് ശേഷം ഇന്ദിരാഗാന്ധിയെത്ത്‌നനെ തിരികെ അധികാരത്തിൽ എത്തിക്കില്ലായിരുന്നു.

Temple_3ക്ഷേത്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക വഴി, ശത്രു അഥവാ അപരൻ എന്ന സംശയത്തിന്റെ നിഴലിൽ നിന്നിരുന്ന ഇന്ത്യൻ മുസ്ലീമിനെ പ്രതിരോധത്തിലാക്കുകയാണ് സത്യത്തിൽ ഹിന്ദുത്വ ചെയ്തത്. ബാബ്‌റി മസ്ജിദിന്റെ തകർക്കൽ യഥാർത്ഥത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് മതേതര സമൂഹഗാത്രത്തിൽ അധികം പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ, സ്വാതന്ത്ര്യാനന്തര യാഥാർത്ഥ്യങ്ങളെ കണക്കിലെടുത്ത് ജീവിച്ചുപോന്ന മുസ്ലീങ്ങളെ ഒരു അപരസ്വത്വമായി പുനർ നിർമ്മിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു. അക്ഷർഥാമുകളുടെ നിർമ്മാണവും ഡൽഹിയിലെ ചത്തർപൂർ പോലുള്ള ആധുനിക മന്ദിരസമുച്ചയങ്ങളും ഒക്കെ ഇന്ത്യൻ മുസ്ലീമിനെ എടുത്ത് കാട്ടാനുള്ള ഒരു പശ്ചാത്തലമായാണ് കാണേണ്ടത്. പ്രതിരോധത്തിലായ ഇന്ത്യൻ മുസ്ലീം ഈയൊരു അവസ്ഥയോട് പ്രതികരിച്ചത് സ്വയം ധ്രുവീകരിച്ചുകൊണ്ടായിരുന്നു. അത് ഇന്ത്യയിൽ എല്ലായിടത്തും സംഭവിച്ചു. കേരളത്തിൽ പക്ഷേ ഈ സ്വത്വനിർമ്മാണവും അപരസ്വത്വ നിർമ്മാണവും സെക്കുലർ മുസ്ലീമിനെ ഖുറാൻ കൈയിലേന്തിയ ജിഹാദികളുടെ രൂപത്തിലേയ്ക്ക് പരിവർത്തിപ്പിച്ചു.

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ അപര സ്വത്വ നിർമ്മിത ശക്തമാക്കുന്ന മോഹൻലാൽ സിനിമകൾ ഉണ്ടായി എന്ന് പൊതുവെ പറയുന്നുണ്ട്. പക്ഷേ സൂക്ഷ്മമായ വായനയിൽ ഈ സിനിമകളുടെ സംവിധായകർ മോഹൻലാലിന് കൊമ്പൻമീശയും വെള്ളപ്പട്ടും തുകൽചെരുപ്പും ഒക്കെ നൽകിയെങ്കിലും അയാളുടെ മുഖ്യ ശത്രുവായി പ്രതിഷ്ഠിച്ചത് ശേഖരന്മാരെയും കുളപ്പുള്ളി അപ്പന്മാരെയും ഒക്കെ ആയിരുന്നു. മലയാള സിനിമയുടെ പ്രതിച്ഛായ കാൽ വഴുക്കലിലും മുഖമടച്ച് വീഴാൻ കൂട്ടാക്കാത്ത സംവിധായകരുടെ തീവ്രശ്രമങ്ങളായിരുന്നു മുസ്ലീം അപരതത്വത്തെ ഹിന്ദുവിൽ നിന്ന് സംരക്ഷിച്ച് നിർത്തുക എന്നത്. പക്ഷേ ഇന്ത്യയുടെ മൊത്തം അവസ്ഥയിൽ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു.

മറുടാൻ മലയാളി കേരളത്തിന്റെ ഗൃഹാതുരത്വം പേറുന്നവരാണ്. യൂറോപ്പിലോ അമേരിക്കയിലോ കാനഡയിലോ പോയ മലയാളികൾ തിരികെ വരുന്നത് ക്രിസ്തുവിരുദ്ധരായല്ല. അവർ അവരുടെ ഹിന്ദുത്വം കൈവിടുന്നുമില്ല. പക്ഷേ മധ്യപൗരസ്തനാടുകളിൽ നിന്ന് തിരികെയെത്തുന്ന താഴ്ന്ന ഇടത്തരം വരുമാനക്കാരായ യുവാക്കൾ (ഉയർന്ന ഇടത്തരവും ഇതിൽപ്പെടും) വ്യക്തമായും മുസ്ലീം വിരുദ്ധതയുമായാണ് തിരികെ വരുന്നത്. ഇരുപതോ മുപ്പതോ വർഷം അവിടെ പണിയെടുത്ത് തിരികെ വരുന്ന ഒരു ഹിന്ദു, കേരളത്തിൽ തിരിച്ചെത്തിയാൽ മിക്കവാറും ക്ഷേത്രകാര്യങ്ങളിലാണ് ഇടപെടുന്നത്. ചെറുപ്പക്കാരാകട്ടെ, കൂട്ടുകാരുടെ ചില കഥകൾപോലും ശരിയെന്ന് വിശ്വസിച്ച് മുസ്ലീം വിരുദ്ധരായി തിരികെ എത്തുന്നു. ഇവരും ഒടുവിൽ ചെന്ന് പെടുന്നത് ക്ഷേത്രപരിസരങ്ങളിലാണ്. സാമ്പത്തികമായ സ്വത്വനിർമ്മിതി പൂർത്തികരിച്ചാൽ പിന്നീട് അവശേഷിക്കുന്നത് സാംസ്‌കാരികവും സാമൂഹികവുമായ സ്വത്വങ്ഹളാണ്. അവ നേടാൻ ഏറ്റവും എളുപ്പം ക്ഷേത്രകാര്യങ്ങളുമായി ബന്ധപ്പെടുക എന്നുള്ളത് തന്നെയാണ്. ഇതൊരു സാമൂഹിക അ(വ)ബോധമായി വളർന്നിരി്കകുന്നു. ഗൾഫിൽനിന്ന് തിരികെ എത്തിയവർ നിർമ്മി്ചച വീടുകൾക്കെല്ലാം ക്ഷേത്രവസ്തുക്കളുമായി ബന്ധപ്പെട്ട രൂപങ്ങൾ ആണുള്ളത്. എന്ന് മാത്രമല്ല കോളിംഗ് അമർത്തിയാൽ ഹിന്ദുവോ മുസ്ലീമോ എന്നും ഹിന്ദുവെങ്കിൽ ഏത് ജാതിയെന്നും തിരിച്ചറിയാവുന്ന വിധം അതിൽ നിന്നുയരുന്ന മണിയൊച്ചകൾ മാറിപ്പോയി. ഗായത്രിമന്ത്രം റിംഗ്‌ടോണും വീടിന്റെ കോളിംഗ് ബെല്ലും ആക്കുന്നത് ആത്മീയമായ ഉന്നതി മാത്രമല്ല ഒരു സ്വത്വത്തിന്റെ പ്രഖ്യാപനം കൂടിയാണ്.

Temple_2ക്ഷേത്രമെന്നത് ഭക്തിയാണ്. ഒപ്പം ഭീതിയും ഭീഷണിയും. ഒരുകാലത്ത് ക്ഷേത്രങ്ങൾ ജ്ഞാനത്തിന്റെയും കലയുടെയും ആത്മീതയുടെയും സംഗമസ്ഥാനങ്ങളായിരുന്നു. രാജസ്വത്തെ ബ്രാഹ്മസ്വവുമായി കൂട്ടിയിണക്കുന്ന സോഷ്യൽ എഞ്ചിനീയറിങ്ങാണ് ഇതിന് പിന്നിൽ. രാജാവിന് ദിവ്യശക്തി/ദൈവതുല്യം ഉണ്ടെന്ന് ഇത് പ്രതീകാത്മകമായി പ്രഖ്യാപിച്ചു. കണക്കില്ലാത്ത സ്വത്ത് ദൈവത്തിന്റെ അറയിൽ സൂക്ഷിക്കണമെന്ന് തിരുവിതാംകൂർ രാജാക്കന്മാർ നമ്മെ പഠിപ്പിച്ചു. ക്ഷേത്രങ്ങൾ ഭക്തിയ്‌ക്കൊപ്പം ഭീതിയും വളർത്തി. ക്ഷേത്രനിഷേധം രാജനിഷേധമായി. അതു രാജ്യനിഷേധവുമായി. ഇന്ന് ഇന്ത്യയിൽ രാജ്യദ്രോഹം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വാക്കായത് എന്തുകൊണ്ടാണെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ക്ഷേത്രം ഭീഷണിയും കൂടിയാണ്. അത് ആത്മീയത അടിച്ചേൽപ്പിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിത്തരുന്നു. ഇതിൽനിന്ന് മോചനം നേടണമെങ്കിൽ ഇതിനൊപ്പം സഞ്ചരിക്കുകയാണ് നല്ലതെന്ന പ്രായോഗികബുദ്ധിയിൽ നിന്നാണ് ക്ഷേത്ര പുനരുദ്ധാരണവും പ്രശ്‌നം വെയ്ക്കലും, കുടുംബക്ഷേത്രം അന്വേഷിക്കലും ഒക്കെ മലയാളിയുടെ ആകാംക്ഷകൾ ആകുന്നത്.

സാമൂഹിക പരിഷ്‌കർത്താക്കൾ ക്ഷേത്രങ്ങൾ സ്ഥാപിച്ചത് വൃത്തിയും വെടിപ്പും അക്ഷര- കലകളോട് ആഭിമുഖ്യവുമുള്ള ഒരു ജനതയെ സമൂഹത്തിന്റെ അധോതലത്തിൽനിന്ന് സൃഷ്ടിച്ചുയർത്താൻ വേണ്ടിയായിരുന്നു. അങ്ങനെയുണ്ടായ ക്ഷേത്രങ്ങളെല്ലാം ഇന്ന് ട്രസ്റ്റുകളും കുടുംബങ്ങളും ഭരിയ്ക്കുന്ന പണമിടപാട് സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. പ്രാകൃതചാരങ്ങൾ സംസ്‌കൃതപ്പെടുന്നു. നാമെല്ലാം ദ്വിജന്മാരാകാൻ വെമ്പൽകൊള്ളുന്നു. ഗുരുക്കന്മാർ കാട്ടിയ ക്ഷേത്രങ്ങളിലേക്ക് തിരികെ നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Read More >>