പശ്ചാത്തപിച്ചു മടങ്ങാന്‍ മാത്രമല്ല മറ്റുള്ളവരോടു ക്ഷമിക്കാന്‍ കൂടിയാണ് റംസാന്റെ സന്ദേശം

വ്രതകാലത്തെ ദൈവം രൂപ കല്‍പന ചെയ്ത രീതിയെ മനുഷ്യരുടെ ജീവത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വായിക്കേണ്ടതുണ്ട്. ആദ്യത്തെ പത്തു ദിവസക്കാലം കാരുണ്യം, അനുഗ്രഹം, ദൈവത്തിന്റെ പരിഗണന എന്നിവ ലഭിക്കാനുള്ള പ്രാര്‍ഥനകളിലായിരുന്നു വിശ്വാസികള്‍. എന്നാല്‍ രണ്ടാമത്തെ പത്തു നാളുകള്‍ പാപമോചനത്തിനാണ്. വളരെ ചിന്താര്‍ഹമായ ഒരു ബന്ധം ഇവിടെയുണ്ട്.

പശ്ചാത്തപിച്ചു മടങ്ങാന്‍ മാത്രമല്ല മറ്റുള്ളവരോടു ക്ഷമിക്കാന്‍ കൂടിയാണ് റംസാന്റെ സന്ദേശം

വിശുദ്ധ റംസാന്‍ പാപമോചനത്തിന്റെ പത്തു ദിനരാത്രങ്ങളിലേക്കു കടന്നിരിക്കുകയാണ്. നമസ്‌കാരാനന്തരവും ജപമാലകള്‍ കയ്യിലെടുക്കുമ്പോഴുമൊക്കെ പാപമോചനത്തിന്റെ മധുരമന്ത്രങ്ങളാവും വിശ്വാസിയുടെ അധരങ്ങളില്‍ നിന്നും ഉയരുക. എന്തിനാണ് സൃഷ്ടാവ് റംസാനിന്റെ രണ്ടാമത്തെ പത്തു ദിവസക്കാലം പാപമോചനത്തിനായി കരുതിയത് ? പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് ഏക പരിഹാരമാര്‍ഗം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠര്‍. എല്ലാ ആദമിന്റെ പുത്രന്മാരും തെറ്റുചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഉത്തമന്മാരാവട്ടെ പശ്ചാത്തപിച്ചു മടങ്ങുന്നവരും.' തുര്‍മുദി ഇബ്നുമാജ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ  പ്രവാചക വചനം കാണാന്‍ കഴിയും.


വ്രതക്കാലത്തെ ദൈവം രൂപ കല്‍പന ചെയ്ത രീതിയെ മനുഷ്യരുടെ ജീവത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വായിക്കേണ്ടതുണ്ട്.  ആദ്യത്തെ പത്തു ദിവസക്കാലം കാരുണ്യം, അനുഗ്രഹം, ദൈവത്തിന്റെ പരിഗണന എന്നിവ ലഭിക്കാനുള്ള പ്രാര്‍ഥനകളിലായിരുന്നു വിശ്വാസികള്‍.എന്നാല്‍ രണ്ടാമത്തെ പത്തു നാളുകള്‍ പാപമോചനത്തിനാണ്. വളരെ ചിന്താര്‍ഹമായ ഒരു ബന്ധം ഇവിടെയുണ്ട്.

ഒരാള്‍ക്കു കൂടുതല്‍ അനുഗ്രഹം കിട്ടുമ്പോഴാണ് പല കാര്യങ്ങളിലും മതിമറക്കുകയും  ദൈവം തന്ന സമ്പല്‍ സമൃദ്ധിയില്‍ നിന്നും ഓരോരുത്തരും അശ്രദ്ധരാവുകയും ചെയ്യുക. ഇത്തരം അശ്രദ്ധകളാണ് പലപ്പോഴും പാപങ്ങളിലേക്കും അനാവശ്യ കാര്യങ്ങളിലേക്കും നമ്മെ നയിക്കാറുള്ളത്.  ഖുര്‍ആനില്‍ അല്ലാഹു ഇതിനെ വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ട്. 'നാം നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങളെ തൊട്ടു അശ്രദ്ധരാവുകയും നിങ്ങള്‍ മരണത്തെ മുഖാമുഖം കാണുന്നതുവരെ ആ അശ്രദ്ധ തുടരുകയും ചെയ്യും '

കൂടുതല്‍ സമ്പത്തു കിട്ടുമ്പോള്‍ മറ്റുള്ളവരോടു മത്സരിക്കാന്‍ ആരംഭിക്കുന്നു. മത്സരം വാശിയാവുന്നു.ആത്മാഭിമാനത്തിന്റേയും നിലനില്‍പ്പിന്റെയും കാര്യമായി മാറുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍ വിജയത്തിനു വേണ്ടി വഴിവിട്ട പലതിനെയും ആശ്രയിക്കുന്നു. അത് പാപമായി മാറുന്നു. ഒരാള്‍ സത്യവിശ്വാസി അല്ലെങ്കില്‍ അനുഗ്രഹങ്ങളെ തൊട്ടു അശ്രദ്ധരാവുകയും, ഇത്തരം അശ്രദ്ധകള്‍ പാപ പങ്കിലമായ ചുറ്റു പാടിലേക്കു പ്രവേശിക്കുകയും ചെയ്യാറുണ്ട്. അത്തരക്കാരോടുള്ള ഓര്‍മ്മപ്പെടുത്തലാണ് റംസാനിലെ പാപമോചനത്തിനു മാത്രം നീക്കി വെച്ച പത്തു ദിന രാത്രങ്ങള്‍.

എന്നാല്‍ പാപമോചനം നടത്തുക എന്നതിനെ കുറിച്ചും സാധാരണക്കാര്‍ക്കു വ്യക്തമായ ധാരണ ഇന്നും ഇല്ല. സ്വന്തം തെറ്റുകള്‍ പൊറുത്തു കിട്ടാന്‍ വേണ്ടി മാത്രം ദൈവത്തോടു ക്ഷമാപണം നടത്തുന്നതു മാത്രമല്ല പാപമോചനം. മറിച്ചു ജീവിതത്തിന്റെ വിവധ മേഖലകളില്‍ പലരും തന്നോടു ചെയ്ത അപരാധങ്ങളെ സുമനസ്സു കൊണ്ടു ക്ഷമിക്കുക കൂടെ വേണം. എന്നാല്‍ മാത്രമാണ് റംസാനിന്റെ രണ്ടാം പത്തിന്റെ പുണ്യം ലഭ്യമാവുകയുള്ളൂ.

റംസാന്‍ വന്നെത്തിയിട്ടും പാപം പൊറുപ്പിക്കാത്തവനെ ദൈവം സ്വര്‍ഗത്തില്‍ നിന്നും  വിദൂരത്താക്കട്ടെ എന്ന് ജിബ്്രീല്‍ ( ഗബ്രിയേല്‍ ) മാലാഖ പ്രാര്‍ഥിച്ചപ്പോള്‍ തിരുനബി ആമീന്‍ പറഞ്ഞിരുന്നു. അത്രയേറെ മാഹാത്മ്യമുണ്ട് റംസാനിലെ പാപമോചനത്തിന്റെ ദിനങ്ങള്‍ക്ക്.

അതോടൊപ്പം ഇനി ജീവതത്തില്‍ മനപ്പൂര്‍വ്വം തെറ്റുകള്‍ ആരംഭിക്കില്ല എന്ന പ്രതിജ്ഞകൂടെ എടുക്കേണ്ടതുണ്ട്. കേവലം ദൃഢനിശ്ചയം മാത്രമല്ല പ്രതിജ്ഞ. അതൊരു തിരച്ചറിവു കൂടിയാണ്.തെറ്റുകളിലേക്കു നമ്മെ വീഴ്ത്തുന്ന മടമ്പിലെ മര്‍മ സ്ഥാനം അറിയണം. ഏതു പ്രലോഭനമാണ് നമ്മെ അപരാധിയാക്കാനുതകുന്നതെന്നും  സ്വയം മനസ്സിലാക്കി അതിനെതിരെ ജാഗ്രതപ്പെടാന്‍ കഴിയണം. ആ ജാഗ്രത തെറ്റുകളെ തൊട്ടു അകാലനുള്ള പ്രാര്‍ഥന കൂടിയാവണം.'താന്‍ തന്നെ കാപ്പരോ കാവല്‍'എന്ന കവി വാക്യം ആവശ്യപ്പെടുന്നതു പോലെ തെറ്റുകളില്‍ നിന്നും  ആര്‍ജവത്തോടെയുള്ള ജാഗ്രതയാണ് നന്മ നിറഞ്ഞ  ജീവതത്തിനു അത്യാവശ്യം.

Story by
Read More >>